ADVERTISEMENT

നോർഡിക് ദ്വീപു രാജ്യമാണ് ഐസ്‌ലൻഡ്. പ്രക്ഷുബ്ധമായ പ്രകൃതി കൊണ്ടു വേറിട്ടുനിൽക്കുന്ന ആ രാജ്യത്തുനിന്നുള്ള സിനിമയാണിത്. ‘വൈറ്റ്, വൈറ്റ് ഡേ. ’ ആ പ്രായോഗത്തിന്റെ അർഥം,  ഭൂമിയും ആകാശവും മഞ്ഞു കൊണ്ടു കനക്കുമ്പോൾ അവ തമ്മിൽ കൂടിച്ചേരുന്നതു പുകമഞ്ഞിൽ അറിയാനാകാതെവരും. ഐസ്‌ലൻഡിൽ ഇത്തരത്തിൽ മഞ്ഞിനാൽ ആകാശവും ഭൂമിയും ലയിച്ചുചേരുന്ന ഈ പ്രതിഭാസം പലപ്പോഴും സംഭവിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കു മരിച്ചവരുമായി സംസാരിക്കാനാകുമെന്നാണു പറയുക.  ഹൈനൂർ പാംമസണിന്റെ  ഈ സിനിമ തുടങ്ങുന്നതു വൈറ്റ് വൈറ്റ് ഡേ എന്താണെന്നു വിശദീകരിച്ചുകൊണ്ടാണ്.  

 

A WHITE, WHITE DAY Trailer | TIFF 2019

അങ്ങനെ ആകാശവും ഭൂമിയും കൂടിക്കലർന്നുപോയ ഒരു ദിവസമാണു ഐസ്‌ലൻഡിലെ ഒരു ചെറു പട്ടണത്തിലെ പൊലീസ് മേധാവിയുടെ ഭാര്യ കാർ അപകടത്തിൽ മരിക്കുന്നത്. അത് അയാളെ മാനസ്സികമായി തകർത്തുകളഞ്ഞു. വിഷാദരോഗം അയാളുടെ മാനസികാരോഗ്യവും തകർത്തു.

 

ഐസ്‌ലൻഡിലെ പ്രമുഖ നടനായ ഇങ്‌വർ സിഗർദസൻ ആണു ഇങ്‍മന്ദർ എന്ന വിഷാദരോഗിയായ കേന്ദ്ര കഥാപാത്രത്തെ സാഷാത്കരിക്കുന്നത്. സിഗർദസണിന്റെ അഭിനയമികവു ഈ സിനിമയുടെ മുഖ്യആകർഷണമായി നിൽക്കുന്നു.

 

പല പ്രേക്ഷകർക്കും  വിരസമായി തീർന്നേക്കാവുന്ന ഒരു ആവിഷ്കാര ശൈലിയാണ് ആദ്യഭാഗത്തു സംവിധായകൻ സ്വീകരിക്കുന്നത്. രണ്ടാം ഭാഗത്ത് ഒരു ത്രില്ലറായി പരിഗണിക്കുന്ന കഥ അതീവ ജിജ്ഞാസ ഉണർത്തുന്നു. ഐസ്‍ലൻഡിലെ ദുഷ്കരമായ മലമ്പാതയിൽ അപകടസാധ്യതയേറെയാണ്. മഞ്ഞുകാലത്തു ആ വഴിയിലൂടെ യാത്ര സാധ്യമല്ല. കോടമഞ്ഞ് ഏതു നേരവും കാഴ്ച മുടക്കും. ചെങ്കുത്തായ മലകളിൽനിന്ന് അടർന്നു റോഡിലേക്കു വീഴുന്ന ഒരു വലിയ പാറക്കല്ലിന്റെ സ‍ഞ്ചാരം ഇതിലൊരിടത്ത് ചിത്രീകരിച്ചിട്ടുണ്ട്. 

 

ഭീമൻ കരിങ്കല്ലുകഷ്ണം റോഡിനു താഴേക്കു തള്ളുമ്പോൾ അതു മലഞ്ചെരിവിലൂടെ ഉരുണ്ടുരണ്ട്, ഒരിടത്തും തടയാതെ, പുഴയുടെ അടിത്തട്ടിലാണു ചെന്നുവീഴുന്നത്. ദീർഘമായ ആ ഷോട്ട് സംവിധായകന്റെ സൂചനകളേറെ പകരുന്ന ദൃശ്യസാഷാത്കാരത്തിന് ഉദാഹരണമാണ്– ഇതേ റോഡിൽ അപകടത്തിൽപ്പെട്ടു താഴേക്കു പോകുന്ന ഒരു വാഹനത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന സൂചനയാണ് അതിൽ പ്രബലം.

 

ഡാർക് കോമഡി എന്നോ സൈക്കോളജിക്കൽ ത്രില്ലർ എന്നോ വിശേഷിപ്പിക്കാവുന്ന സിനിമയിൽ, ഭാര്യയുടെ അപകട മരണത്തിനു കുറേ വർഷത്തിനുശേഷം ആ സ്ത്രീയുടെ ഒരു രഹസ്യം അറിയുന്ന ഭർത്താവ് അതിനു പിന്നാലെ സഞ്ചരിക്കുന്നതോടെയാണു കാര്യങ്ങൾ കുഴമറിയുന്നത്. ഭാര്യ തന്നെ വഞ്ചിച്ചിരുന്നുവെന്ന വിചാരം അയാളുടെ മനസ്സ് ഇരുണ്ടതാക്കുന്നു, അവിടെ കാറ്റും കോളും നിറയുന്നു.

 

2017 ലിറങ്ങിയ വിന്റർ ബ്രദേഴ്സ് ആണു പാംസണിന്റെആദ്യം സിനിമ. ദുഷ്കരമായ കാലാവസ്ഥയ്ക്കും പ്രകൃതിക്ഷോഭങ്ങൾക്കും നടുവിൽ കുടുംബബന്ധങ്ങളിലെ വൈരുദ്ധങ്ങൾ അനാവരണം ചെയ്യുന്നതാണ് ഈ സംവിധായകനു പ്രിയം. ഈ സിനിമയിൽ കേന്ദ്രകഥാപാത്രമായ ഇങ്‍മന്ദറിന്റെ കൊച്ചുമകളായ സൽക്കയാണു സിനിമയുടെ അന്ത്യത്തിൽ അതുവരെയുള്ള ഇരുണ്ട മൂഡ് മാറ്റിമറിക്കുന്നത്. സംവിധായകന്റെ സ്വന്തം മകളാണ് ഈ വേഷം ചെയ്തത്. ഭീതിദവും അസുഖകരവുമായ പ്രകൃതിയുടെ നോട്ടത്തിനു ബദലായി സൽക്കയുടെ കഥാപാത്രം പകരുന്ന സംഗീതാർദ്രമായ സഹാനുഭൂതി വളരെ വലുതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com