ADVERTISEMENT

കഷ്ടിച്ച് ഒരു മണിക്കൂർ മുതൽ നാലു മണിക്കൂറിലധികം നീളുന്ന സിനിമകളുള്ള രാജ്യാന്തര ചലച്ചിത്രമേളയിലെ ഏറ്റവും വിചിത്രമായ സിനിമകളിലൊന്ന് ലോക സിനിമാ വിഭാഗത്തിലാണ്. പേരിൽത്തന്നെ തുടങ്ങി പ്രമേയത്തിലും അവതരണത്തിലും വൈചിത്ര്യം പുലർത്തുന്ന സ്വീഡിഷ് സിനിമ- കോക്കോ ഡി കോക്കോ ഡാ. ജോനാസ് നിഹോം സംവിധാനത്തിനൊപ്പം നിർമാണവും തിരക്കഥയും എഡിറ്റിങ്ങും നിർവഹിക്കുന്ന 86 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരേസമയം പ്രേക്ഷകരെ വിചിത്രവും അതിശയകരവുമായ മാനസികാവസ്ഥയിലേക്കു കൂട്ടുക്കൊണ്ടുപോകുന്നു. 

 

Trailer de Koko-di Koko-da (HD)

ഒരൊറ്റ പ്രമേയത്തിന്റെ അഞ്ചു സാധ്യതകളാണ് കോക്കോ ഡി കോക്കാ ഡാ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. ഫീച്ചർ ഫിലിമിന്റെ സാധ്യതകൾക്കൊപ്പം ആനിമേഷൻ സാധ്യതകളും സമൃദ്ധമായി ഉപയോഗിച്ചാണ് ജോനാസ് നിഹോം ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു റോഡ് മൂവിയെന്നും കുറ്റാന്വേഷണ ചിത്രമെന്ന വിശേഷണവും ഇതേ ചിത്രത്തിനു തന്നെ നന്നായി ചേരും. 

 

ഒരു വിരുന്നിലാണ് കഥയുടെ തുടക്കം. എലിനും തോബിയാസും മകളും പങ്കടെക്കുന്ന വിരുന്ന്. ഷെൽഫിഷ് കഴിക്കുന്ന എലിന് ഭക്ഷ്യവിഷബാധയുണ്ടാകുന്നു. അവരെ ആശുപത്രിയിലാക്കി കാത്തിരിക്കുന്നതിനിടെ മകളുടെ ജൻമദിനത്തിൽ അപ്രതീക്ഷിതമായ ഒരു ദുരന്തം അവരെ വേട്ടയാടുന്നു. മകള്‍ എന്നെന്നേക്കുമായി ദമ്പതികൾക്ക്  നഷ്ടമാകുന്നു. അതോടെ അവരുടെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുകൾ വീഴുന്നു. ഈ സംഭവത്തിന് മൂന്നു വർഷങ്ങൾക്കു ശേഷമാണ് സിനിമ തുടങ്ങുന്നത്. വിവാഹ ബന്ധത്തിൽ നഷ്ടപ്പെട്ട ഊഷ്മളതയും അടുപ്പവും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ എലിനും തോബിയാസും ഒരു യാത്രപോകുകയാണ്. കാറിൽ വനപ്രദേശത്തേക്കാണ് അവരുടെ യാത്ര. കാട്ടിൽ രാത്രിയിൽ ഒരു വിജനപ്രദേശത്ത് ടെന്റ് കെട്ടി അവർ താമസം തുടങ്ങുന്നതോടെ കഥ വിചിത്ര ഭാഗങ്ങളിലേക്ക് കടക്കുന്നു. 

 

ഒരു നടനും അയാളുടെ സഹായികളുമാണ് വില്ലൻ വേഷത്തിലെത്തുന്നത്. ടെന്റിലെ താമസത്തിനിടെ എലിൻ രാത്രിയിൽ പ്രാഥമികാവശ്യം നിർവഹിക്കാൻ പുറത്തേക്കു പോകുന്നു. അവിടെവച്ച് നടനും സഹായികളും എലിനെ ആക്രമിക്കുന്നു. ശേഷം വേട്ടപ്പട്ടിയുമായി തോബിയാസിനെയും ആക്രമിക്കുന്നു. ഇതാണ് കോക്കോ ഡി കോക്കോ ഡാ എന്ന സിനിമയുടെ പ്രമേയം. പക്ഷേ, ഇതൊരു തുടക്കം മാത്രമേ ആകുന്നുള്ളൂ. ആക്രമണ സംഭവം എലിൻ കണ്ട പേടിസ്വപ്നമാണെന്നു തോന്നിക്കുമാറ് വിചിത്രമായ അഞ്ച് ആഖ്യാനങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി വരുന്നു. അഞ്ചു സംഭവങ്ങളും അഞ്ച് സാധ്യതകളാണ്. 

 

ഏതൊക്കെ രീതിയിൽ അക്രമം നടന്നേക്കാമെന്നതിന്റെ സാധ്യതകൾ. എലിനെ ആക്രമിച്ചു കീഴടക്കുകയും തോബിയാസിനെ ബന്ദിയാക്കി പിടിക്കുന്നതുമാണ് ഒരു സാധ്യതയെങ്കിൽ എലിൻ രക്ഷപ്പെടുകയും തോബിയാസ്  ആക്രമിക്കപ്പെടുന്നതുമാണ് മറ്റൊരു സാധ്യത. നടന്റെയും സഹായികളുടെയും ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ കാറിൽ പായുന്നതിനിടെ അപകടം സംഭവിക്കുന്ന രീതിയിലുള്ള ആഖ്യാനവുമുണ്ട്. ഓരോ സാധ്യതകളും യാഥാർഥ്യമാണോ സ്വപ്നമാണോ എന്ന സംശയം അവശേഷിപ്പിച്ചുകൊണ്ട് സിനിമ പൂർണമാകുമ്പോൾ പ്രേക്ഷകരും ആശയക്കുഴപ്പത്തിലാകുന്നു. പക്ഷേ, മറ്റു ചലച്ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി ഇവിടെ ഓരോ പ്രേക്ഷകർക്കും അവരവർക്ക് ഇഷ്ടപ്പെട്ട സാധ്യതകൾ സ്വീകരിക്കാൻ കഴിയുമെന്നതാണ് പുതുമ. 

 

മകൾ നഷ്ടപ്പെടുന്നതോടെ എലിന്റെയും തോബിയാസിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അകൽച്ചയിൽതന്നയാണു സിനിമയുടെ ഊന്നൽ. നിസ്സാര കാര്യങ്ങൾക്കുപോലും ദമ്പതികൾ തമ്മിൽ വഴക്ക് പതിവാകുന്നു. എലിൻ തോബിയാസിനെ സംശയിക്കുന്നു. തോബിയാസാകട്ടെ തന്റേതല്ലാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കുപ്പെടുന്നതിൽ നിസ്സഹായമായ ദുഃഖം അനുഭവിക്കുന്ന വ്യക്തിയും. 

 

എലിനും തോബിയാസും നടത്തുന്ന യാത്രയും അതിനിടയിൽ സംഭവിക്കുന്ന ആക്രമണവും യാഥാർഥ്യമല്ലെന്നും വെറും പേടി സ്വപ്നമാണെന്നും ന്യായീകരിക്കാനുള്ള വകയും ചിത്രം നൽകുന്നുണ്ട്. എതിരാളിയുടെ മേൽ വിജയം വരിക്കുമ്പോൾ വിജയി പാടുന്ന സ്വീഡിഷ് പാട്ടിലെ ആദ്യ വരികളാണ് കോക്കോ ഡി കോക്കോ ഡാ. അതേ വരികൾതന്നെ സിനിമയുടെയും ൈടറ്റിലാക്കുക വഴി ഭ്രമാത്മകതയുടെ ലോകത്തേക്കാണ് ജോനാസ് നിഹോം പ്രേക്ഷകരെ ക്ഷണിക്കുന്നത്. ചിത്രം കണ്ടു തീരുമ്പോഴും ഒരു പേടിസ്വപ്നം കണ്ട അതേ അനുഭൂതിയാണ് പ്രേക്ഷകർക്ക് ലഭിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com