ADVERTISEMENT

70-ാം വയസ്സിലും ചലച്ചിത്ര പ്രതിഭയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് വിഖ്യാത സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമഡോവർ തെളിയിക്കുന്ന സിനിമയാണ് പെയ്ൻ ആൻഡ് ഗ്ലോറി. ആംകാംക്ഷയോടെയും ആവേശത്തോടെയും പ്രേക്ഷകർ കാത്തിരുന്ന ലോകസിനിമ. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം അന്റോണിയോ ബെൻഡാറസിനു നേടിക്കൊടുത്തു എന്ന പ്രത്യേകത കൂടിയുണ്ട് പെയ്ൻ ആന്ഡ് ഗ്ലോറിക്ക്. ഒപ്പം പെനിലോപ് ക്രൂസ് എന്ന പ്രശസ്ത ഹോളിവുഡ് നടിയുടെ സാന്നിധ്യവും. പ്രതീക്ഷ കാത്തതിനൊപ്പം അൽമഡോവറിനെ വീണ്ടും പ്രേക്ഷക മനസ്സിൽ ഉടയാത്ത വിഗ്രഹമായി പ്രതിഷ്ഠിക്കുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ പുതിയ സിനിമ. 

PAIN AND GLORY | Official Trailer HD (2019)

 

സാൽവഡോർ മല്ലോ എന്ന സംവിധായകന്റെ വാർധക്യമാണ് സിനിമയുടെ പ്രമേയം. എഴുത്തുകാരൻ കൂടിയാണദ്ദേഹം. ഒരുകാലത്ത് മികച്ച തിരക്കഥകളിലൂടെ തിയറ്ററുകളെ തീ പിടിപ്പിക്കുകയും വെട്ടിത്തുറന്ന അഭിപ്രായങ്ങളിലൂടെ വിവാദം സൃഷ്ടിക്കുകയും ചെയ്ത ഫയർ ബ്രാൻഡ്. വാർധക്യത്തിൽ ഏകാന്തതയിൽ ഒറ്റയ്ക്കൊരു വീട്ടിൽ ഓർമകളെ ഊന്നുവടിയാക്കിയാണ് സാൽവഡോർ ജീവിക്കുന്നത്. സിനിമയാണ് തന്റെ ജീവൻ എന്നയാൾക്കറിയാം. എന്നാൽ ഇനിയും ഒരു സിനിമയ്ക്കുള്ള ആയുസ്സ് തനിക്കില്ലെന്ന ഉറച്ച ബോധ്യത്തിൽ എല്ലാവരിൽനിന്നും എല്ലാറ്റിൽനിന്നും അകന്ന് നിശ്ശബ്ദമായി ജീവിക്കുകയും. 

 

അപ്രതീക്ഷിതമായി ഒരു മുൻകാല നടിയെ കാണുന്നതോടെ അയാളുടെ ജീവിതം മാറിമറിയുന്നു. അവർ 30 വർഷം മുമ്പ് സാൽവഡോർ മല്ലോയ്ക്കൊപ്പം പ്രവർത്തിച്ച ചിലരുടെ ഫോൺ നമ്പരുകൾ കൈമാറുന്നു. അവരും സാൽവഡോർ ഇപ്പോൾ ജീവിക്കുന്ന മാഡ്രിഡിൽ ഉണ്ടെന്നും അറിയിക്കുന്നു. 

 

അറുപതുകളിൽ മികച്ച ജീവിതം പ്രതീക്ഷിച്ച് വലൻസിയിലേക്ക് കുടിയേറിയവരാണ് സാൽവഡോറിന്റെ കുടുംബം. അച്ഛനും അമ്മയ്ക്കുമൊപ്പം കൊച്ചു കുട്ടിയായിരിക്കെ വായിക്കാനും എഴുതാനും മോഹിച്ച് ജീവിതത്തെ പ്രതീക്ഷയോടെ കണ്ട കാലം സാൽവഡോറിന്റെ മനസ്സിൽ ഇടയ്ക്കിടെ കയറിവരും. മരുന്നുകളുടെ മയക്കത്തിൽ കണ്ണടയ്ക്കുമ്പേഴേക്കും ഓർമകൾ വരികയായി. എൺപതുകളിൽ പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കെ തീവ്രമായി പ്രണയിച്ചതിനെക്കുറിച്ച്. പ്രണയം കത്തിനിൽക്കുമ്പോൾ‌ തന്നെ വേർപിരിഞ്ഞതിനെക്കുറിച്ച്. നടൻമാരുമായും മറ്റ് സംവിധായകരുമായും നടത്തിയ യുദ്ധങ്ങളെക്കുറിച്ച്. ആവേശവും ആസക്തിയും ഒരുപോലെ നിറഞ്ഞുനിന്ന ജീവിതത്തിന്റെ കയ്പും ചവർപ്പും നിറഞ്ഞ ഓർ‌മകൾ. 

 

മുൻകാല നടിയിൽനിന്ന് കിട്ടുന്ന ഫോൺ നമ്പരിലൂടെ സാൽവഡോർ 32 വർഷം മുമ്പ് താൻ‌ സംവിധാനം ചെയ്ത ഒരു സിനിമയിൽ അഭിനയിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത ഒരു നടനെ കണ്ടെത്തുന്നു. അയാളും ഇപ്പോൾ ഒറ്റപ്പെട്ട ജീവിതം തന്നെയാണ് നയിക്കുന്നത്. പക്ഷേ അയാൾക്കു കൂട്ടിനു ലഹരിയുണ്ട്. ലഹരിയുടെ പുകവലയങ്ങൾക്കുള്ളിൽ സ്വയം നഷ്ടപ്പെടുന്ന ജീവിതം. ആ സൗഹൃദം വൈകിയവേളയിൽ സാൽവഡോറിനെയും ലഹരിയുടെ കാണാക്കയങ്ങളിൽ എത്തിക്കുന്നു. അയാളുടെ ആരോഗ്യം വഷളാകുന്നു. ഏതു നിമിഷവും കിതച്ചുവീണേക്കാവുന്ന അനാരോഗ്യത്തിലേക്കും അസ്വസ്ഥയിലേക്കും അയാൾ നയിക്കപ്പെടുന്നു. 

 

ഓർമകളിൽ അയാൾ കൊച്ചുകുട്ടിയാണ്. നിഷ്കളങ്കനായ കുട്ടി. പുസ്തകങ്ങളായിരുന്നു അവന്റെ ആശ്രയം. അക്ഷരങ്ങളിലൂടെയാണ് ആ കുട്ടി വളർന്നതും. അമ്മയുടെ വാത്സല്യത്തണലിൽ ജീവിച്ച കാലം. പക്ഷേ, അമ്മയുടെ അവസാനകാലത്ത് അവരുടെ അന്ത്യാഭിലേഷം നിറവേറ്റാൻ കഴിഞ്ഞില്ലെന്ന തിരിച്ചറിവ് സാൽവഡോറിനെ പീഡിപ്പിക്കുന്നു. ജനിച്ചുവളർന്ന ഗ്രാമത്തിന്റെ ശാന്തതയിൽ ഒരില കൊഴിയുന്നതുപോലെ മരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഗ്രാമത്തിൽ കൊണ്ടുപോകാമെന്ന് സാൽവഡോർ അമ്മയ്ക്കു വാക്കുകൊടുത്തതുമാണ്. എന്നാൽ അയാൾ വ്ഗാദാനം പാലിക്കുന്നില്ല. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അനാഥയായി, നിറവേറപ്പെടാത്ത ആഗ്രഹത്തിന്റെ കയ്പുനീർ കുടിച്ച് അമ്മ യാത്രയായി. വേദനയിൽ, വാർധക്യത്തിൽ, നിസ്സഹായതയിൽ സാൽവഡോർ തിരിച്ചറിയുന്നു; സ്നേഹിക്കുന്നയാളെ രക്ഷപ്പെടുത്താൻ സ്നേഹം മാത്രം മതിയാകില്ല. 

 

സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സർവോപരി ജീവിതത്തെക്കുറിച്ചും സൃഷ്ടിക്കുന്ന തിരിച്ചറിവുകളുടെയും ആത്യന്തികമായ നൻമയുടെയും കഥയാണ് വേദനയും കീർത്തിയും. അവ രണ്ടും ജീവിതത്തിന്റെ ഭാഗങ്ങളാണെന്നും ഏതു വേണമെന്ന് തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്നും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com