ADVERTISEMENT

ആഭ്യന്തര സംഘർഷം രൂക്ഷമായ അൾജീരിയയുടെ തെരുവുകളിലൂടെ രാത്രിയിലെ നിഴലുകൾ പോലെ നീങ്ങുന്ന രണ്ടു യുവതികളിലൂടെയാണ് പാപ്പിച്ച എന്ന സിനിമ തുടങ്ങുന്നത്. നജ്മയും വസീലയും. രണ്ടു പേരുടെയും ചുണ്ടുകളിൽ എരിയുന്ന സിഗരറ്റുണ്ട്. പുരുഷൻമാർ പോലും പുറത്തിറങ്ങാൻ മടിക്കുന്ന ഇരട്ടിലേക്ക് അവർ ഇറങ്ങിത്തിരിക്കുകയാണ്. സ്വാതന്ത്ര്യം തേടി. വിലക്കുകളില്ലാത്ത ജീവിതം തേടി. സന്തോഷവും ആഘോഷവും തേടി. 

 

Papicha (2019) - Trailer (English Subs)

സ്വന്തം വീട്ടിലുൾപ്പെടെ എവിടെയും വിലക്കുകളുടെ നടുവിലാണ് ആ യുവതികൾ. പക്ഷേ അവരുടെ മനസ്സിൽ കത്തിക്കാളുന്നത് സ്വാതന്ത്ര്യത്തിനുള്ള മോഹം. ഭൂരിപക്ഷത്തെയും പോലെ നിശ്ശബ്ദരാകാനും നിശ്ചലരാകാനും അവർ തയാറാകുന്നില്ല. ജീവിതത്തിന്റെ ഗതി തങ്ങൾ തന്നെ നിയന്ത്രിക്കുമെന്ന ദൃഡനിശ്ചയത്തോടെ അവർ നടത്തുന്ന സാഹസിക സഞ്ചാരങ്ങളുടെ കഥയാണ് മോനിയ മെഡോർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാപ്പിച്ച പറയുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിച്ച് പ്രശംസ നേടിയ ചിത്രം പറയുന്നത് പെൺ പോരാട്ടങ്ങളെക്കുറിച്ചാണ്. സ്വാതന്ത്യത്തിനുള്ള മോഹവും വിപ്ലവ വാഞ്ഛയും പുരുഷൻമാരുടെ മാത്രം കുത്തകയല്ലെന്നും. 

 

നജ്മ ഫാഷൻ ഡിസൈനറാണ്. സമൂഹം അടിച്ചേൽപിച്ച വസ്ത്രങ്ങളുടെ വിലക്കുകളിൽനിന്ന് എന്നും കുതറിമാറാൻ കിണഞ്ഞുപരിശ്രമിക്കുന്നവൾ. കൂട്ടിനു വസീലയുണ്ട്. ഓരോ പകലും രാത്രിയും അവർ ആഘോഷമാക്കുകയാണ്. രാജ്യത്തെ തകർക്കുന്ന ആഭ്യന്തര സംഘർഷത്തിന് അവരുടെ കയ്യിൽ പരിഹാരമില്ല. സ്വന്തം സ്വാതന്ത്ര്യത്തിലാണവർ വിശ്വസിക്കുന്നത്. ആ വഴിയിലൂടെ അൾജീരിയയ്ക്ക് പുതിയ നൂറ്റാണ്ടിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷയാണ് പാപ്പിച്ചയുടെ പിന്നണിയിലുള്ളവർ പങ്കുവയ്ക്കുന്നത്. 

പല രാത്രികളിലും നജ്മയും വസീലയും സുരക്ഷാ ഭടൻമാരുടെ പിടിയിലാകുന്നുണ്ട്. 

 

ആധുനിക വസ്ത്രങ്ങളുടെ പകിട്ടിൽനിന്ന് പെട്ടെന്നവർ യാഥാസ്ഥിതിക സമൂഹം അടിച്ചേൽപിച്ച വേഷത്തിലേക്കു മാറും. കണ്ണുകളൊഴികെ ശരീരം മുഴുവൻ മൂടൂം. സിഗററ്റ് ഒളിപ്പിക്കും. ലിപ്സ്റ്റിക് തേച്ചു മനോഹരമാക്കിയ ചുണ്ടുകൾ പോലും. അതുവരെ ആർത്തലച്ചു ബഹളം വച്ച ഇരുവരും പെട്ടെന്ന് ആട്ടിൻകുട്ടികളെപ്പോലെ അനുസരണയുള്ളവരായി മാറും. വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്നും മറ്റും കള്ളം പറഞ്ഞ് അവർ രക്ഷപ്പെടും. അധികാരവും അടിമത്വവും ശീലമാക്കിയ ഭരണാധികാളികളെ ഇങ്ങനെ കബളിപ്പിച്ച് ജീവിക്കുന്നതിൽ അവർ അതിയായ സന്തോഷം കണ്ടെത്തുന്നു. പെണ്ണുങ്ങൾ സ്വയം സൃഷ്ടിക്കുന്ന സന്തോഷങ്ങൾ തന്നെയാണ് പാപ്പിച്ചയുടെ കരുത്ത്. 

 

യാഥാസ്ഥികിത സമൂഹം കൂടുതൽ നിരോധനങ്ങൾ അടിച്ചേൽപിക്കുന്നതോടെ കൂടുതൽ ശക്തമായ ചെറുത്തുനിൽപിനാണ് നജ്മയുടെ ശ്രമം. അതിന്റെ ഭാഗമായി ഒരു ഫാഷൻ ഷോ നടത്താൻ അവർ തീരുമാനിക്കുന്നു. സമാനമനസ്കരായ കുറച്ചു യുവതികൾ കൂടി ചേരുന്നതോടെ നജമയുടെയും വസീലയുടെയും ആവേശം ഇരട്ടിരിക്കുകയാണ്. രഹസ്യമായി അവർ പദ്ധതികൾ ഓരോന്നായി തയാറാക്കുന്നു. വേദി തീരുമാനിക്കുന്നു. മത്സരാർഥികൾ ഒരുങ്ങുന്നു. അവർ അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തയാക്കുന്നു. 

 

ഫാഷൻ ഷോയാണ് പാപ്പിച്ചയുടെ ക്ലൈമാക്സ്. അതാകട്ടെ വലിയൊരു ദുരന്തത്തിലാണു കലാശിക്കുന്നതും. മുന്നേറ്റങ്ങൾ‌ അടിച്ചമർത്തപ്പെട്ടാലും പുതിയ പരിശ്രമങ്ങൾ കൂടുതൽ ശക്തിയോടെ, കൂടുതൽ കരുത്തോടെ, എല്ലാ പഴുതുകളുമടച്ച് പൊട്ടിപ്പുറപ്പെടുകതന്നെ ചെയ്യുമെന്ന നിശ്ശബ്ദമായ ആഹ്വാനത്തിൽ പാപ്പിച്ച തിരുവനന്തപുരത്തെ പ്രേക്ഷകരുടെയും കയ്യടി നേടുന്നു. 

 

അൾജീരിയയിൽ ഒരുക്കം തുടങ്ങിയിരുന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ നാന്ദി കൂടിയാണ് 1990-കളുടെ പശ്ചാത്തലത്തിലുള്ള ചിത്രം പറയുന്നത്. വ്യക്തമായി രാഷ്ട്രീയം സംസാരിക്കുന്നതിനൊപ്പം ലോകമാകെ കത്തിപ്പടരാൻ കാത്തിരിക്കുന്ന പെൺമുന്നേറ്റങ്ങളെയും കലാപരമായി ആവിഷ്കരിക്കാൻ പാപ്പിച്ചയ്ക്ക് കഴിയുന്നുണ്ട്. ഒട്ടും മറയില്ലാതെ ആവിഷ്ക്കരിക്കുന്ന പെൺ മോഹങ്ങൾ ചിത്രത്തെ ആവേശകരമായ അനുഭവമാക്കി മാറ്റുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com