ADVERTISEMENT

അപരിചിതരായ വ്യക്തികളുടെ മന:പൂർവമോ അല്ലാത്തതോ ആയ സ്പർശനം നമ്മിൽ പലർക്കും പലപ്പോഴും അരോചകമായി തോന്നുക സ്വാഭാവികം. അപ്പോൾ ഒരു പുരുഷൻ ഒരു പരിചയവുമില്ലാത്തെ സ്ത്രീയെ ഒട്ടും നല്ലതല്ലാത്ത ഉദ്ദേശത്തോടെ മന:പൂർവം സ്പർശിച്ചാലോ ? ചില സ്ത്രീകൾ പേടികൊണ്ടു കണ്ണടയ്ക്കും, ചിലർ പ്രതികരിക്കും. അത്തരത്തിൽ തന്നെ തൊട്ട ഒരു ‘പൂവൻ കോഴിയെ’ ഒാടിച്ചിട്ട് പിടിക്കുന്ന ‘പിടക്കോഴിയുടെ’ കഥയാണ് പ്രതി പൂവൻകോഴി എന്ന ചിത്രം പറയുന്നത്. 

 

Prathi Poovankozhi | Official Trailer | Manju Warrier | Rosshan Andrrews | Gokulam Gopalan

ഒരു തുണിക്കടയിലെ സെയിൽസ് ഗേളാണ് മാധുരി. ജോലിയും ഒപ്പം അത്യാവശ്യം തയ്യലുമൊക്കെ ചെയ്താണ് അവളും അമ്മയും കഴിയുന്നത്. അവളും സുഹൃത്തായ റോസും ഒന്നിച്ചാണ് ജോലിക്കു പോകുന്നതും വരുന്നതും. അങ്ങനെയൊരു ദിവസം ബസ്സിൽ വച്ച് മാധുരിയെ ഒരന്യപുരുഷൻ മോശമായ രീതിയിൽ സ്പർശിക്കുന്നു. പെട്ടെന്നു പകച്ചു പോയെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് അവൾ അയാളെ തേടിയിറങ്ങുന്നു. പിന്നിലൂടെ വന്ന് ഭീരുവിനെപ്പോലെ തന്നെ സ്പർശിച്ച അയാളെ നേരെ നിന്നു തല്ലണമെന്ന വാശിയായി മാധുരിക്ക്. പക്ഷേ അയാൾ കോട്ടയം ചന്തയെ വിറപ്പിക്കുന്ന ആന്റപ്പനെന്ന ഗുണ്ടയാണെന്ന് മാധുരി മനസ്സിലാക്കുന്നു. എന്നാൽ പ്രതികാരം ചെയ്യാതെ അടങ്ങാൻ അവൾക്കാകുന്നുമില്ല. ഇതാണ് സിനിമയുടെ പ്രമേയം. 

 

മാധുരിയുടെ വീക്ഷണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അവളും അവളുടെ ഗ്രാമവും ചുറ്റുപാടുമൊക്കെ പ്രേക്ഷകർക്ക് കാട്ടിത്തന്ന് സിനിമ ഒട്ടും വൈകാതെ അതിന്റെ ശരിക്കുള്ള ട്രാക്കിലേക്ക് കയറുന്നു. ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ എന്ന് കാഴ്ചക്കാർ ചിന്തിച്ചു തുടങ്ങുന്നിടത്ത് എന്തു കൊണ്ടാണ് ഇതൊക്കെ വലിയ പ്രശ്നങ്ങളാകുന്നത് എന്ന് സിനിമ മനസ്സിലാക്കി തരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രേക്ഷകൻ ആകാംക്ഷയുടെ മുൾമുനയിലാകും നിൽക്കുക. രണ്ടാം പകുതിയിലും അതേ താളത്തിൽ പോകുന്ന സിനിമ നല്ലരീതിയിൽ അവസാനിക്കുകയും ചെയ്യുന്നു. 

 

മാധുരിയായി എത്തിയ മഞ്ജു വാര്യർ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ തന്നിൽ ഭദ്രമാണെന്ന വിശ്വാസത്തെ ഉൗട്ടിയുറപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. നടനായി അപ്രതീക്ഷിത അരങ്ങേറ്റം കുറിച്ച റോഷൻ‌ ആൻഡ്രൂസ് വില്ലൻ ടച്ചുള്ള കഥാപാത്രത്തെ മികച്ചതാക്കി. സൈജു കുറുപ്പ്, അനുശ്രീ, അലൻസിയർ, ഗ്രേസ് ആന്റണി തുടങ്ങിയ അഭിനേതാക്കളും പ്രതീക്ഷയ്ക്കൊത്ത പ്രകടനം തന്നെ കാഴ്ച വച്ചു. 

 

കായംകുളം കൊച്ചുണ്ണി എന്ന ബിഗ്ബജറ്റ് ചിത്രത്തിനു ശേഷം ചെറിയ ക്യാൻവാസിൽ കാലിക പ്രസക്തമായ വിഷയം പറയാനാണ് റോഷൻ ആൻഡ്രൂസ് ശ്രമിച്ചിരിക്കുന്നത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു. ഉണ്ണി ആർ. തിരക്കഥകളിൽ സാധാരണ കണ്ടു വരാറുള്ള തരം ‘വരമൊഴി’ സംഭാഷണങ്ങൾക്ക് പകരം ‘വാമൊഴി’ രീതിയിൽ ലളിതമായ വാചകങ്ങളാണ് ഇൗ സിനിമയിലെ കഥാപത്രങ്ങൾ സംസാരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ഗോപി സുന്ദറും, ചെറിയ സിനിമയെ ആറ്റുക്കുറുക്കി എഡിറ്റ് ചെയ്ത ശ്രീകർ പ്രസാദും അഭിനന്ദനം അർഹിക്കുന്നു. 

 

മലയാളത്തിൽ അടുത്തിടെ ഒരുപാട് സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയെങ്കിലും അവയിൽ നിന്നെല്ലാം പ്രതി പൂവൻകോഴിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രമേയം തന്നെയാണ്. മറ്റു പല പ്രശ്നങ്ങളും ഒഴിവാക്കുന്നതിനായി സ്ത്രീകൾ കണ്ടില്ലെന്നു നടിക്കുന്ന സ്പർശനങ്ങൾ അവളുടെ ആത്മാഭിമാനത്തെ എത്ര കണ്ട് മുറിപ്പെടുത്തുന്നതാണെന്ന് സിനിമ പറയുന്നു. മാധുരിയെ പെണ്ണു കാണാൻ വന്ന പുരുഷൻ ‘ഒരു തോണ്ടൽ അല്ലെ, മറ്റു വല്ലതുമാണോ എന്നോർത്ത് പേടിച്ചു പോയി’ എന്ന് പറയുമ്പോൾ അത് അയാളുടെ മാത്രം ചിന്താഗതിയല്ല മറിച്ച് പൊതുബോധമാണെന്ന് സിനിമ തെളിയിക്കുന്നു. 

 

പ്രതി പൂവൻകോഴി എന്ന ചിത്രത്തെ ഒരു ത്രില്ലറെന്നോ എന്റർടെയിനറെന്നോ കുടുംബസിനിമയെന്നോ മാത്രം വിശേഷിപ്പിക്കാനാകില്ല. എന്നാൽ ഇൗ ചിത്രത്തിൽ മേൽപ്പറഞ്ഞ എല്ലാമുണ്ട് താനും. മഞ്ജു വാര്യർ എന്ന നടിയെ ഇഷ്ടപ്പെടുന്നവർക്ക്, റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനെയും ഉണ്ണി ആ.ർ എന്ന എഴുത്തുകാരനെയും അറിയാവുന്നവർക്ക് ധൈര്യമായി ഇൗ ചിത്രത്തിന് ടിക്കറ്റെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com