ADVERTISEMENT

ചെറുപ്പക്കാരായ പ്രവാസി മലയാളികളുടെ ജീവിതസമസ്യകളാണ് അൽമല്ലു എന്ന ചിത്രം പറയുന്നത്. ബോബന്‍ സാമുവല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  നമിത പ്രമോദാണ്  പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാരിസ് എന്ന പുതുമുഖനടൻ നായകനായി എത്തുന്നു. പൂര്‍ണമായും ദുബായ്-അബുദാബി കേന്ദ്രീകരിച്ച ചിത്രം സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.  ഐടി ഫീല്‍ഡില്‍ ജോലി  ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മെഹ്ഫിൽ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധിഖ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനൂപ്,  സിനില്‍ സൈനുദ്ദീന്‍, ലാൽ, ഷീലു ഏബ്രഹാം, വരദ,  മിയ, ജെന്നിഫര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

പ്രമേയം...

Al Mallu Trailer | Boban Samuel | Namitha Pramod | Miya | Ranjin Raj | Fariz Majeed | Abaam N'Joy

 

നാടും വീടും ഉപേക്ഷിച്ച് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയാണ് നയന. അവൾക്ക് ഒരു യുവാവിൽ നിന്നും പ്രണയാഭ്യർത്ഥന ലഭിക്കുന്നു. പക്ഷേ അപ്രതീക്ഷിതമായ ദുരനുഭവമാണ് അയാളിൽ നിന്നും അവൾക്കുണ്ടാകുന്നത്. അതോടെ ബന്ധം മുറിയുന്നു. പിന്നീട് നയനയുടെ സുഹൃത്തിനും സമാനമായ ദുരനുഭവം ഉണ്ടാകുന്നതോടെ അയാളുടെ മുഖംമൂടി പറിച്ചുമാറ്റാൻ നയന തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.  

 

നയനയുടെ ഓഫിസിൽ പുതുതായെത്തിയ ശ്രീകുമാർ അന്തർമുഖനായ ചെറുപ്പക്കാരനാണ്. പ്രത്യേകിച്ച് സ്ത്രീകളോട് ഇടപഴകാൻ അയാൾക്ക് പേടിയാണ് (അയാളുടെ മാനസിക വൈകല്യത്തിന്റെ കാരണം പിന്നീട് കഥാഗതിയിൽ വെളിവാകുന്നുണ്ട്). പക്ഷേ അയാൾക്ക് നയനയോട് പ്രണയം തോന്നുന്നു. അത് നയന തിരിച്ചറിയുമോ എന്നതിനുള്ള ഉത്തരത്തിലാണ് ചിത്രം പരിസമാപ്തിയിലെത്തുന്നത്. ഇതിനു സമാന്തരമായി പ്രവാസികളുടെ കറയറ്റ സൗഹൃദവും ഉപജീവനത്തിനായി പ്രവാസികളാകുന്ന പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അതിജീവനശ്രമങ്ങളും ചില ജീവിതങ്ങളിലൂടെ ചിത്രം മേമ്പൊടിയായി പറഞ്ഞുവയ്ക്കുന്നു. 

 

അഭിനയം...

 

അൽ മല്ലു നായികാകേന്ദ്രീകൃതമായ ഒരു ചിത്രമാണ്. ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് നമിത പ്രമോദിന്റെ അഭിനയമാണ്. മുൻപ് ചെയ്ത ഫീൽ ഗുഡ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഗൗരവം നിറഞ്ഞ കഥാപാത്രത്തോട് നമിത നീതിപുലർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ അവസാന പത്തുമിനിറ്റിലാണ് മിയയുടെ രംഗപ്രവേശം. ട്രെയിലറിൽ കണ്ടപ്പോൾ നെഗറ്റീവ് ഷെയ്ഡ് തോന്നിപ്പിക്കുന്ന കഥാപാത്രം പക്ഷേ പ്രേക്ഷകരുടെ മുൻവിധികൾ തകർക്കുന്നുണ്ട്. നായകകഥാപാത്രത്തെ അവതരിപ്പിച്ച ഫാരിസ്, പുതുമുഖം എന്ന നിലയിൽ തൃപ്തികരമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അനൂപും വേഷം മികച്ചതാക്കി. മിഥുൻ രമേശും വരദയും വേഷം ഭംഗിയാക്കി. മിഥുനിന്റെ കഥാപാത്രത്തിന് പതിവില്ലാതെ ഇമോഷണൽ ഷെയ്ഡ് നൽകാനും ചിത്രത്തിൽ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

 

സാങ്കേതികവശങ്ങൾ...

 

തിരക്കഥ, സംവിധാനം എന്നിവയിലെ മികവ് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്. ഗൾഫിന്റെ സൗന്ദര്യവും ചടുലമായ ജീവിതവും ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. രഞ്ജിന്‍  രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മെലഡിയും ചടുലതയും നിറഞ്ഞ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നു.

 

രത്നച്ചുരുക്കം

 

സദാചാരത്തിന്റെ കാര്യം വരുമ്പോൾ പുരുഷൻ നായകനും സ്ത്രീ പിഴച്ചവളുമാകുന്ന സാമൂഹിക വിധിയെഴുത്തിനെതിരെ സന്ദേശം നൽകിക്കൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്. നാട്ടിലായാലും ഗൾഫിലായാലും സ്ത്രീസുരക്ഷ ചോദ്യചിഹ്നമായി മാറുന്ന കാലത്ത് പറയാൻ പ്രസക്തമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് 'അൽ മല്ലു' എന്ന ചിത്രം വിജയമാകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com