ADVERTISEMENT

നായകനും നായികയ്ക്കും അവരുടെ അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും കൂട്ടികാർക്കും ഒരു പോലെ സ്പെയ്സുള്ള ഒരു സിനിമ കുറച്ചു കാലങ്ങൾക്കു ശേഷമാണ് മലയാളത്തിൽ എത്തുന്നത്. ഗൗതമന്റെ രഥം എന്ന കൊച്ചു ചിത്രം പറയുന്നതും ഇൗ കുടുംബബന്ധങ്ങളുടെ മൂല്യവും ഒപ്പം അതിനോട് ഇഴ ചേർന്നു കിടക്കുന്ന ഒരു കാറിന്റെ കഥയുമാണ്. 

 

സൈക്കിളിൽ മാത്രം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന പോസ്റ്റ് മാസ്റ്ററായ രാമചന്ദ്രൻ തന്റെ മകനായ ഗൗതമനു വേണ്ടി ഒരു കാർ വാങ്ങുന്നു. എന്നാൽ ഗൗതമൻ ആഗ്രഹിച്ച തരത്തിലുള്ള കാർ വാങ്ങാനുള്ള സാമ്പത്തികശേഷി അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒടുവിൽ അദ്ദേഹം മകനോടു പറയാതെ അവനു വേണ്ടി ഒരു നാനോ കാർ വാങ്ങി. ആ കാറിന് ഗൗതമന്റെ വീട്ടുകാർ നാണപ്പൻ എന്നൊരു പേരും ഇട്ടു. നാണപ്പനെ ഒരു കുടുംബാഗംത്തെ പോലെ ഗൗതമന്റെ മാതാപിതാക്കളും മുത്തശ്ശിയും സ്നേഹിച്ചപ്പോൾ ഗൗതമന് അവനോട് വെറുപ്പായിരുന്നു. ആ വെറുപ്പ് പിന്നീട് അവനോടുള്ള സ്നേഹമായി മാറുന്നതാണ് ഇൗ സിനിമ പറയുന്ന കഥ.

 

മനുഷ്യകുലത്തെ മാറ്റി മറിച്ച കണ്ടുപിടിത്തമായ ചക്രത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഗൗതമന്റെ കുട്ടിക്കാലത്തു നിന്ന് തുടങ്ങുന്ന സിനിമ അവന്റെ യൗവ്വനത്തിലേക്ക് പതിയെ ചുവടു മാറും. അപ്പോഴാണ് ടൈറ്റിൽ കഥാപാത്രമായ ‘രഥം’ സിനിമയിലേക്ക് എത്തുന്നത്. ഇൗ രഥവും ഗൗതമനും തമ്മിലുള്ള അടിയും വഴക്കുമാണ്  പിന്നീടങ്ങോട്ട് സിനിമ പറയുന്നത്. ഗൗതമന്റെ മാതാപിതാക്കളും മുത്തശ്ശിയും നാണപ്പൻ എന്ന നാനോ കാറിനെ ഒരുപാട് സ്നേഹിക്കുമ്പോൾ ഗൗതമനും കൂട്ടുകാരും അവനെ വെറുക്കുന്നു. 

 

രണ്ടാം പകുതിയിൽ സിനിമ കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്ക് കടക്കുന്നു. ഗൗതമന് മാതാപിതാക്കളോടുള്ള സ്നേഹവും മുത്തശ്ശിയോടുള്ള അടുപ്പവുമൊക്കെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഒപ്പം നാണപ്പൻ എന്ന കാർ അവരുടെ കുടുംബത്തിന്റെ ഭാഗമാകുന്നതെങ്ങനെയെന്നും സംവിധായകൻ കാട്ടിത്തരുന്നു.   

 

ഗൗതമനായി എത്തിയ നീരജ് മാധവ് ഇടവേളയ്ക്കു ശേഷമുള്ള തന്റെ വരവ് മനോഹരമാക്കി. രഞ്ജി പണിക്കർ, ദേവി അജിത്ത്, വൽസല മേനോൻ, ബേസിൽ ജോസഫ്, ബിജു സോപാനം തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. 23 വയസ് മാത്രമാണ് പ്രായമെങ്കിലും സംവിധായകൻ ആനന്ദ് സി മേനോൻ അതിനപ്പുറമുള്ള പക്വതയോടെ സിനിമയെ കൺസീവ് ചെയ്തിരിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ച വിഷ്ണു ശർമ, സംഗീതസംവിധായകനായ അങ്കിത് മേനോൻ, എഡിറ്റർ അപ്പു ഭട്ടതിരി എന്നിവർ സിനിമയ്ക്ക് യോജിച്ച രീതിയിൽ തങ്ങളുടെ ഭാഗങ്ങൾ നന്നായി തന്നെ ചെയ്തു. 

 

യമണ്ടൻ കഥയോ, ട്വിസ്റ്റുകളോ ഇല്ലാത്ത ചെറിയൊരു സിനിമയാണ് ഗൗതമന്റെ രഥം. എന്നാൽ തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്നതു കണക്കെ ‘നാനോ പോലെ സിംപിൾ, ടാറ്റാ പോലെ പവർഫുൾ’ സിനിമയാണിത്. നായകനെയോ നായികയെയോ മാത്രം ചുറ്റിപ്പറ്റി നിൽക്കാത്ത കുടുംബബന്ധങ്ങൾക്ക് ആവോളം സ്ഥാനം കൊടുത്തിരിക്കുന്ന ഇൗ സിനിമ നല്ലൊരു ആസ്വാദനാനുഭവമാകും പ്രേക്ഷകർക്കു നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com