ചിരിപ്പൂരമൊരുക്കി മറിയം വന്ന് വിളക്കൂതി; റിവ്യു

mariyam-vannu-vilakkoothi-review
SHARE

മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണരീതി അവലംബിച്ച് കൊണ്ട് പുതുമുഖ സംവിധായകൻ ജെനിത് കാച്ചപ്പിള്ളി അണിയിച്ചൊരുക്കിയ ഫുൾ ടൈം എന്റർടെയ്നറാണ് മറിയം വന്ന് വിളക്കൂതി. പ്രിയദർശൻ സാറിന്റെ കാലിൽ സാഷാടാംഗം നമിച്ചാണ് സംവിധായകൻ പടം ആരംഭിക്കുന്നത്. 

തുടക്കം മുതൽക്ക് തന്നെ സിനിമയുടെ അവതരണത്തിൽ മലയാളികൾ ഇതുവരെ കാണാത്ത ഒരു ഫ്രഷ്നെസ് നിലനിർത്താൻ സാധിക്കുന്നുണ്ട്. പ്രേമത്തിൽ നിവിനൊപ്പം ഒന്നിച്ച മിക്കവരും (ഷറഫുദ്ദീനില്ല) സിനിമയിലുണ്ട്. സ്കൂളിൽ ഒന്നിച്ച പഠിച്ച കൂട്ടുകാർ  കോർപ്പറേറ്റ് കമ്പനിയിൽ ഒന്നിച്ചെത്തുന്നു. ഒരു പിറന്നാൾ ആഘോഷത്തിനായി ഒത്തുചേരുന്നതും പിന്നീട് ആ രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് രണ്ട് മണിക്കൂർ എന്റർടെയ്നറായി പരിണമിക്കുന്നത്.

റോണി, അഡ്ഡു, ഉമ്മൻ, ബാലു, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് ഈ സുഹൃത്തുക്കൾ. ഇതിൽ റോണിയാണ് ഭീകരൻ. റോണി ഇവർക്കൊപ്പം എത്തിയാൽ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ താനെ ഉണ്ടാകും. മറ്റൊരു കമ്പനിയിൽ നിന്നും ട്രാൻസ്ഫർ കിട്ടി മറ്റ് കൂട്ടുകാർക്കൊപ്പം ചേരുന്നയാളാണ് റോണി. സൽഗുണ സമ്പന്നനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പിറന്നാൾ ആഘോഷത്തിനായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഇവർ ഒത്തുകൂടുന്നു. അവിടെയാണ് മദ്യത്തിന് ‘മന്ദാകിനി’യുമായി റോണിയുടെ വരവ്.

വിദേശ ലഹരി നുകർന്ന് സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ഒരു രാത്രിയിലെ കുറച്ച് മണിക്കൂറുകൾ കൊണ്ട് നടക്കുന്ന രസകരമായ സംഭവവികാസങ്ങളെ വ്യത്യസ്തമായ അവതരണത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കും. മന്ദാകിനിയുടെ പാർശ്വഫലം ഓരോരുത്തരിലുമുണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ ദൂഷ്യഫലങ്ങളും വളരെ രസകരമായാണ് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി അവതരിപ്പിച്ചിരിക്കുന്നത്.

സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം, എം എ ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പിസാ ഡെലിവറി ബോയ് ആയി എത്തുന്ന ബേസിൽ ജോസഫും തന്റെ ഭാഗം ഗംഭീരമാക്കി. റിട്ടേയ്ഡ് ടീച്ചറായ മറിയം എന്ന കഥാപാത്രം സേതുലക്ഷ്മിയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒന്നാണ്. കോർപ്പറേറ്റ് കമ്പനിയുടെ തലവനായി സിദ്ധാർഥ് ശിവയും പൊലീസ് ഇൻസ്പെക്ടറായി ബൈജുവും കസറി.

ഇതിഹാസ സിനിമയുടെ പിന്നണിക്കാരില്‍ നിന്നും പുറത്തുവരുന്ന ചിത്രത്തിൽ സിനോ‍ജ് പി. അയ്യപ്പന്റെ ഛായാഗ്രഹണവും വസിം, മുരളി എന്നിവരുടെ സംഗീതവും മികച്ചതാണ്. അപ്പു എൻ. ഭട്ടതിരിയുടെ എഡിറ്റിങ് പ്രത്യേക പ്രശംസ അർഹിക്കുന്നു.

ഉണ്ടായ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ പ്രയോഗിക്കുന്ന സൂത്രങ്ങൾ കൂടുതൽ കുരുക്കിലേക്ക് കൊണ്ടെത്തിക്കുന്ന തരത്തിലുള്ള കഥാതന്തുവാണ് ചിത്രത്തിന്റേത്. സ്റ്റോണർ മൂവി ടൈപ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം ലഹരിക്കെതിരെ ഒരു ഉപദേശം കൂടി പറഞ്ഞുവച്ചാണ് അവസാനിപ്പിക്കുന്നത്. "ബോധത്തിലുള്ള സന്തോഷത്തേക്കാൾ ഒട്ടും കൂടുതലല്ല ബോധമില്ലായ്മയിലുള്ള സന്തോഷം". രണ്ട് മണിക്കൂർ മന്ദാകിനിയുണ്ടാക്കുന്ന പൊല്ലാപ്പുകൾ പ്രേക്ഷകരുടെ പൊട്ടിച്ചിരികളാക്കി മാറ്റാൻ ജെനിത് കാച്ചപ്പിള്ളിക്ക് കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA