ADVERTISEMENT

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ നടനാണ് വിജയ് ദേവാരകൊണ്ട. അല്ലു അർജുന്  ശേഷം താരത്തിന്റെ ചിത്രങ്ങള്‍ക്കും  കേരളത്തിൽ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.  വാലന്റൈൻസ് ദിനത്തിൽ 'വേൾഡ് ഫേമസ് ലവർ' എന്ന റൊമാന്റിക് ഡ്രാമയുമായി വീണ്ടും എത്തിയിരിക്കുകയാണ് താരം. മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ നടക്കുന്ന നാലു പ്രണയകഥകൾ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചിത്രം പറയുന്നത്. 

 

ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.  ഗീതാ ഗോവിന്ദത്തിന് പിന്നാലെ ഗോപി സുന്ദര്‍ ഇത്തവണയും ദേവരകൊണ്ട ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

 

പ്രമേയം..  

world-famous-lover-new-trailer

 

ഗൗതവും യാമിനിയും പ്രണയികളാണ്. ഇരുവരും ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഇരുവരും  ലിവിങ് ടുഗതർ ആയി ജീവിക്കുന്നു. അറിയപ്പെടുന്ന എഴുത്തുകാരനാകണം എന്നതാണ് ഗൗതമിന്റെ ജീവിതലക്ഷ്യം. അതിനായി ജോലി രാജി വച്ചെങ്കിലും എഴുത്തിൽ മുന്നേറാൻ കഴിയുന്നില്ല.  താമസിയാതെ  ഇരുവരുടെയും ബന്ധം തകരുന്നു. ആ വേർപിരിയലിന്റെ വേദന ഗൗതമിന്റെ ചിന്തകളെ ഉത്തേജിപ്പിച്ച് പ്രശസ്തനായ എഴുത്തുകാരനാക്കി മാറ്റുന്നത് എങ്ങനെയെന്നാണ് ചിത്രം പറയുന്നത്. അവൻ എഴുതുന്നത് അവരുടെ ജീവിതത്തിൽ സംഭവിച്ച കഥ കൂടിയാണ്. അതിനൊപ്പം തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിൽ അരങ്ങേറുന്ന രണ്ടു പ്രണയങ്ങളും കൂടി ചിത്രം  സമാന്തരമായി അവതരിപ്പിക്കുന്നു.

 

ലിവിങ് ടുഗെദർ, ഭാര്യാ -ഭർതൃ  ബന്ധം, അതിരുകൾ കടക്കുന്ന സ്ത്രീപുരുഷ സൗഹൃദം, അവിഹിതം തുടങ്ങി പ്രണയത്തിന്റെ മിക്ക അവസ്ഥകളിലൂടെയും ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നു.ലോകത്തിന്റെ ഏത് കോണിൽ ഉള്ളവരായാലും മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നത് പ്രണയത്തിന്റെ സാർവലൗകിക ഭാഷയാണെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. 

 

അഭിനയം..

 

ചിത്രത്തിൽ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് വിജയ് ദേവാരകൊണ്ട അവതരിപ്പിക്കുന്നത്. പ്രണയം, കാമം, വിരഹം, ഉയിർത്തെഴുന്നേൽപ്പ് തുടങ്ങി ജീവിതത്തിന്റെ വിവിധ തലങ്ങളിൽ കൂടി കടന്നുപോകുന്ന വ്യക്തികളെ വിജയ് ഭംഗിയായി വിനിമയം ചെയ്തിട്ടുണ്ട്. മൂന്നു പ്രധാന നായികമാരും മത്സരിച്ച്  അഭിനയിച്ചിട്ടുണ്ട്. റാഷി ഖന്നയാണ് പ്രധാന നായികാകഥാപാത്രമായി എത്തുന്നത്.  ഒരിക്കൽ പൂത്തുലഞ്ഞ പ്രണയം വറ്റിവരണ്ടു നിർജീവമാകുന്ന അവസ്ഥകൾ ഭംഗിയായി അവർ അവതരിപ്പിക്കുന്നു. ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ഐശ്വര്യ രാജേഷ് ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നു. മറ്റു അഭിനേതാക്കളും വേഷം ഭദ്രമാക്കിയിട്ടുണ്ട്.

 

സാങ്കേതികവശങ്ങൾ..

 

നോൺ-ലീനിയർ ശൈലിയിലുള്ള തിരക്കഥയും അവതരണവും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. നാലു പ്രണയകഥകൾ ഇഴയിണക്കത്തോടെ കോർത്തെടുക്കാനും തിരക്കഥാകൃത്തായ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മനോഹരമായ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. തനി നാട്ടിൻപുറക്കാഴ്ചകൾ മുതൽ പാരീസിന്റെ അഭൗമമായ സൗന്ദര്യം വരെ ക്യാമറ ഒപ്പിയെടുത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ റൊമാന്റിക് മൂഡ് നിലനിർത്തുന്നതിൽ നിർണായകമാകുന്നു .

 

പോരായ്മകൾ..

 

അന്യഭാഷാ ചിത്രങ്ങൾ മൊഴിമാറ്റുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ പോരായ്മ ഡബ്ബിങ്ങിലെ കല്ലുകടി തന്നെയാണ്. അത് ഇവിടെയും തുടരുന്നുണ്ട്. രണ്ടു മണിക്കൂർ 36 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഇതുമൂലം കഥാഗതി ചിലയവസരങ്ങളിൽ ഇഴയുന്നത് വിരസത ജനിപ്പിക്കുന്നുണ്ട്. കഥയുടെ ചില ഘട്ടങ്ങളിൽ ഫാന്റസിയും മെലോഡ്രാമയും അമിതമാകുന്നത് കല്ലുകടിയാകുന്നു.

 

രത്നച്ചുരുക്കം..

 

ശക്തമായ ജീവിതാനുഭവങ്ങൾ നല്ലൊരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ചിത്രം അടിവരയിടുന്നു. വാലന്റൈൻസ് ദിനത്തിൽ പ്രണയിക്കുന്നവർക്കും പ്രണയം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാകും വേൾഡ് ഫേമസ് ലവർ. കഴിയുമെങ്കിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തന്നെ കാണാൻ ശ്രമിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com