ADVERTISEMENT

എന്താണ് ട്രാൻസ് ? ഇൗ സിനിമയുടെ ആദ്യ ഷോ കഴിയുന്നതു വരെ ‌ഇൗ ‌ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് മിക്ക പ്രേക്ഷകർക്കും ധാരണയില്ലായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അൻവർ റഷീദ് എന്ന സംവിധായകൻ തങ്ങൾക്കായി ഒരുക്കുന്ന രുചിക്കൂട്ട് എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സിനിമാസ്നേഹികൾ. പ്രതീക്ഷകൾ ഒട്ടും തെറ്റിയിട്ടില്ല എന്നാണ് ട്രാൻസിന്റെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

 

വിജു പ്രസാദ് എന്ന സർവസാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ട്രാൻസ്. ജീവിതത്തിൽ ഒരുപാട് തിരിച്ചടികളേറ്റു വാങ്ങിയിട്ടും ആത്മവിശ്വാസം കൈ വിടാതെ ഉയരങ്ങളിലേക്ക് എത്താൻ കൊതിക്കുന്ന വിജു. കന്യാകുമാരിയിലെ ഒറ്റ മുറിയിൽ നിന്ന് കോടിക്കണക്കിന് ആളുകളുടെ ആശ്രയമായി വിജു മാറുന്നു. ജോഷ്വാ കാൽട്ടൺ എന്ന പുതിയ പേരിൽ സാമ്രാജ്യങ്ങൾ‌ വെട്ടിപ്പിടിച്ചു മുന്നേറുന്ന വിജുവിന് പിന്നീട് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. 

 

ചിത്രത്തിന്റെ ആദ്യ പകുതിയെ ഗംഭീരമെന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. സിനിമ ആരംഭിച്ച് മുപ്പതു മിനിറ്റുകൾ പിന്നിടുമ്പോഴാണ് ടൈറ്റിൽ കാർഡ് എത്തുന്നത്. എല്ലാം കിറുകൃത്യമായി ചേർത്തിരിക്കുന്ന ആദ്യ ഭാഗം പ്രേക്ഷകരെ പിടിച്ചിരുത്തും. കൈവിട്ടു പോയേക്കാവുന്ന പല രംഗങ്ങളും സംവിധായകന്റെയും അഭിനേതാക്കളുടെയും കയ്യടക്കത്തിൽ മികവോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒപ്പം ഫഹദ് എല്ലാ ശക്തിയുമെടുത്ത് പരകായപ്രവേശം നടത്തുന്ന രംഗങ്ങളൊക്കെ വളരെ മികച്ചത്. 

fahadh-trance

 

trance-still

മികച്ച ഇന്റർവെൽ പഞ്ചോടെ അവസാനിക്കുന്ന ചിത്രം രണ്ടാം പകുതിയിലും അതേ ട്രാക്ക് പിന്തുടരുന്നു. എന്നാൽ ആദ്യ പകുതിയോട് മത്സരിക്കുമ്പോൾ രണ്ടാം പകുതി രണ്ടാം സ്ഥാനത്തു തന്നെയാണ് എത്തുന്നത്. ക്ലൈമാക്സ് രംഗങ്ങളും ഫ്ലാഷ്ബാക്ക് രംഗങ്ങളും ഗംഭീരം തന്നെ. എന്തു കൊണ്ട് ഇൗ സിനിമ ഇത്ര സമയമെടുത്തു ഷൂട്ട് ചെയ്തു എന്നു ചോദിച്ചാൽ ഉത്തരം ഫഹദിന്റെ പ്രകടനം തന്നെയായിരിക്കും. പലപ്പോഴും കാഴ്ചക്കാരുടെ വരെ കണ്ഠങ്ങൾ ഇടറിപ്പോകുമാറാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. 

 

ഫഹദ് ഫാസിൽ എന്ന നടന്റെ അതിഗംഭീരമായ പ്രകടനം തന്നെയാണ് ട്രാൻസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മിതത്വം വേണ്ടയിടത്ത് അങ്ങനെയും അതിഭാവുകത്വം വേണ്ടിടത്ത് അതും അമാനുഷികതയും അതിവൈകാരികതയും വേണ്ടിടത്ത് അവയും കൂട്ടിച്ചേർത്തുള്ള പ്രകടനം. ഗൗതം വാസുദേവമേനോൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, നസ്രിയ, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ജിനു എബ്രഹാം എന്നിങ്ങനെ നീണ്ടു കിടക്കുന്ന താരനിരയും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. 

 

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാന സംരംഭവുമായെത്തിയ അൻവർ റഷീദ് കാത്തിരിപ്പു വെറുതെയായില്ല എന്നു തെളിയിക്കുന്നു. കെവിട്ടു പോയേക്കാവുന്ന ഒരുപാട് രംഗങ്ങൾ തന്റെ സംവിധാനമികവു കൊണ്ട് അദ്ദേഹം മികച്ചതാക്കി. അമൽ നീരദിന്റെ ഛായാഗ്രഹണത്തെക്കുറിച്ച് കൂടുതൽ എഴുതേണ്ടതില്ല, മലയാളികൾ അതു പല വട്ടം കണ്ടറിഞ്ഞിട്ടുള്ളതാണ്. സിനിമയെ മുഴുവൻ ഒരു താളത്തിൽ ലയിപ്പിച്ചു കൊണ്ടു പോകുവാൻ പശ്ചാത്തല സംഗീതം ഒരുക്കിയ സുഷിൻ ശ്യാം – ജാക്സൺ വിജൻ കൂട്ടുകെട്ടിനായി. അത്രമേൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലായിരുന്നവെങ്കിൽ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്താവുന്ന വിഷയമാണ് ട്രാൻസ് കൈകാര്യം ചെയ്യുന്നത്. അതു മനോഹരമായി എഴുതിയ വിൻസന്റ് വടക്കനും അഭിനന്ദനം അർഹിക്കുന്നു. 

 

തീയറ്റർ എക്സ്പീരിയൻ ഉറപ്പായും ആവശ്യരപ്പെടുന്ന ചിത്രമാണ് ട്രാൻസ് എന്നു നിസ്സംശയം പറയാം. ഫഹദ് ഫാസിൽ എന്ന നടന്റെ പ്രകടനം തന്നെ മുടക്കുന്ന കാശിന് മുതലാണ്. ഒപ്പം അൻവർ റഷീദിന്റെ സംവിധാനമികവും അമൽ നീരദിന്റെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ഇൗ ‘ഡെഡ്‌‍ലി കോംബോ’ പ്രേക്ഷകന് മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com