ഫോർമുലകളിൽ നിന്ന് മാറി ഫോറൻസിക്: റിവ്യു

forensic-review
SHARE

കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധികൂർമതയെയും കായികമികവിനെയുമൊക്കെ ഗ്ലോറിഫൈ ചെയ്യുന്ന ക്രൈം ത്രില്ലർ സിനിമകളിൽ സാധാരണയായി ഫൊറൻസിക് വിഭാഗത്തിന്റെ റോൾ ഒരു ഫിംഗർ പ്രിന്റ് കണ്ടെത്തലിൽ ഒതുങ്ങാറാണ് പതിവ്. എന്നാൽ പതിവിൽനിന്നു വ്യത്യസ്തമായി ഫൊറൻസിക് സയൻസും ആ ‍ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനും നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഫോറൻസിക് എന്ന സയൻസ് സസ്പെൻ‌സ് ത്രില്ലർ.

സ്കൂൾ വിദ്യാർഥിനികളുടെ കൊലപാതക പരമ്പരയുടെ കഥയാണ് തമിഴ് സിനിമയായ രാക്ഷസ്സൻ പറഞ്ഞത്. എന്നാൽ അ​ഞ്ചും ആറും വയസ്സുള്ള പെൺകുഞ്ഞുങ്ങളുടെ കൊലപാതകങ്ങളാണ് ഫോറൻസിക് എന്ന സിനിമയുടെ പ്രമേയം. 2020–ലെ ആദ്യ ഹിറ്റായ അഞ്ചാം പാതിരയിൽ അന്വേഷണത്തിനു ചുക്കാൻ പിടിച്ചത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും സൈക്കോളജിസ്റ്റുമാണെങ്കിൽ ഇവിടെ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു കൂട്ടായി എത്തുന്നത് ഫൊറൻസിക് വിദഗ്ധനാണ്. അവരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും ട്വിസ്റ്റുകളുടെയും ടേണുകളുടെയും സഹായത്തോടെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഫ്ലാഷ് ബാക്ക് സീനുകളിൽ നിന്നാണ് സിനിമയുടെ ആരംഭം. ഒരു സീരിയൽ കില്ലറുടെ മനസ്സ് എങ്ങനെയാണ് അത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കു പാകപ്പെടുന്നതെന്ന് ആ രംഗങ്ങൾ വ്യക്തമാക്കുന്നു. പിന്നീട് ഒരു നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളിലേക്ക് സിനിമ കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. കഥയിലേക്ക് റിഥികയും സാമുവലും ഒപ്പം വില്ലനും കൂടി എത്തുന്നതോടെ സിനിമ കൂടുതൽ ഭീതിജനകമാകുന്നു. കണ്ടു മടുത്ത നെഗറ്റീവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്ത രൂപവും ഭാവവുമുള്ള വില്ലനിലേക്കെത്തുന്നിടത്താണ് ആദ്യ പകുതി അവസാനിക്കുന്നത്.

പ്രേക്ഷകനു ചിന്തിക്കാൻ ഒരുപാട് സമസ്യകൾ സമ്മാനിക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ഒരു വില്ലനിൽനിന്ന് കുറ്റകൃത്യങ്ങളുടെ പിന്നിലുള്ള ഒരുപാട് ആളുകളിലേക്ക് രണ്ടാം പകുതിയിൽ സിനിമ എത്തും. ക്രൈം ത്രില്ലറുകളിൽ സർവസാധാരണ ക്ലീഷെയായ ട്വിസ്റ്റ് ഫോറൻസിക്കിലും ഉണ്ടെങ്കിലും അത് സിനിമയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതല്ല.

സാമുവൽ കാട്ടൂർക്കാരനായി ടൊവിനോ തോമസ് മികച്ചു നിന്നു. റിഥികയുടെ റോളിൽ മംമ്തയും ശിഖയുടെ റോളിൽ റെബ മോണിക്കയും നല്ല പ്രകടനം നടത്തി. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. തിരക്കഥയും സംവിധാനവും നിർവഹിച്ച അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ആദ്യ ചിത്രം മോശമാക്കിയില്ല. ഇരുവരുടെയും തിരക്കഥയ്ക്ക് മാർക്ക് കൂടുതൽ നൽകേണ്ടി വരും.

ഒരു സാധാരണ കുറ്റാന്വേഷണ സിനിമയുടെ ഫോർമുലയിൽനിന്ന് വ്യതിചലിച്ചു നിൽക്കുന്നതാണ് ഫോറൻസിക്. സിസിടിവിയും മൊബൈൽ ഫോൺ ടവറും മാത്രമല്ല സാങ്കേതിക തെളിവുകൾ ലഭിക്കാനുള്ള മാർഗങ്ങളെന്നും ശാസ്ത്രീയമായ ഇത്തരം കണ്ടെത്തലുകൾ എത്രത്തോളം ഒരു കേസന്വേഷണത്തിൽ പ്രധാനമാണെന്നും സിനിമ സാധാരണക്കാരന് മനസ്സിലാക്കിത്തരും. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA