ADVERTISEMENT

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ റൊമാൻസും ഹൈടെക് മോഷണവും ട്വിസ്റ്റും  ഇടകലർത്തിയ എന്റർടെയ്നറാണ്. മോഷണം പ്രമേയമായ ചിത്രങ്ങൾ നിരവധിയുണ്ടെങ്കിലും ഹൈടെക് മോഷണത്തിൽ പുതുമയുള്ള ചില കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദുല്‍ഖറിന്റെ 25-ാമത് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. നവാഗതനായ ദേസിങ് പെരിയ സാമിയാണ് രചനയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്പനിയും വയാകോമും ചേർന്നാണ് നിർമാണം.

 

റിതു വര്‍മയാണ് നായിക. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

 

പ്രമേയം..

 

kannum-kannum-kollaiyadithal-trailer

സിദ്ധാർഥും കല്ലിസും അടുത്ത സുഹൃത്തുക്കളാണ്. തകർന്ന കുടുംബ പശ്ചാത്തലമുള്ള ഇരുവരും ചെന്നൈയിൽ ഒരുമിച്ചാണ് താമസം. ചെറിയ ഐടി ജോലികൾ ഫ്രീലാൻസ് ചെയ്യുകയാണ് പണി. ആഡംബരജീവിതം ഇഷ്ടമുള്ള ഇരുവരും സൈഡായിട്ട് അൽപം ടെക്‌നോളജി ഉഡായിപ്പുകളും ചെയ്ത് പണമുണ്ടാക്കുന്നുണ്ട്. ഒരു ദിവസം ഇരുവരുടെയും ജീവിതത്തിലേക്ക് സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ കടന്നു വരുന്നു, പ്രണയം മൊട്ടിടുന്നു. അതുവരെ സമ്പാദിച്ച പണം കൊണ്ട് ഒരു സെറ്റിൽഡ് ലൈഫ് തുടങ്ങാൻ അവർ തീരുമാനിക്കുന്നു. പക്ഷേ അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് തുടർന്ന് സംഭവിക്കുന്നത്. ട്വിസ്റ്റ്- ഹൈടെക് മോഷണം- പൊലീസ് അന്വേഷണം- പ്രതികാരം തുടങ്ങിയ വഴിത്തിരിവുകളിലൂടെ ചിത്രം പരിസമാപ്തിയിലെത്തുന്നു.

 

അഭിനയം..

 

ഹൈടെക് ഫ്രോഡിന്റെ കഥാപാത്രം ദുൽഖർ ഗംഭീരമാക്കിയിട്ടുണ്ട്. സുഹൃത്തായി എത്തിയ രക്ഷൻ എന്ന നടനും കട്ടയ്ക്ക് സ്‌കോർ ചെയ്യുന്നു. നായികമാരായി എത്തിയ റിതു വർമയും നിരഞ്ജനിയുമാണ് ട്വിസ്റ്റുകളിലൂടെ പ്രേക്ഷകർക്ക് ആദ്യ ഷോക് ട്രീറ്റ്‌മെന്റ് നൽകുന്നത്. ഗൗതം മേനോൻ തന്റെ പോലീസ്  വേഷം ഭദ്രമാക്കിയിട്ടുണ്ട്. ആദ്യ പകുതിയിൽ പൊലീസ്  കഥാപാത്രത്തിനു ലഭിക്കുന്ന പ്രാധാന്യം രണ്ടാം പകുതിയിൽ കുറഞ്ഞുപോകുന്നു എന്നൊരു പോരായ്മയുമുണ്ട്.

 

സാങ്കേതികവശങ്ങൾ.

 

ഈ ചിത്രത്തിന്റെ പ്രധാന ക്രെഡിറ്റ് തീർച്ചയായും രചനയും സംവിധാനവും ഒരുക്കിയ ദേസിങ് പെരിയസാമിക്കാണ്. നവാഗതനെന്ന നിലയിൽ  ഏറെ ഗൃഹപാഠം ചെയ്താണ് സിനിമയുടെ തിരക്കഥയും സംവിധാനവും അദ്ദേഹം ഒരുക്കിയതെന്ന് ഉറപ്പാണ്. ഹൈടെക് മോഷണരീതികളിലെ പുതുമകൾ വിശ്വാസയോഗ്യമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ പാർട്ടി മൂഡ് നിലനിർത്തുന്നതിൽ ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവയും പിന്തുണയ്‌ക്കുന്നുണ്ട്‌.

 

രത്നച്ചുരുക്കം..

 

ഇന്റർവെല്ലിനു തൊട്ടുമുൻപുള്ള ട്വിസ്റ്റിലൂടെ പ്രേക്ഷകന്റെ മുൻവിധിയെ ആദ്യപകുതിയിൽത്തന്നെ വഴിതെറ്റിക്കാൻ കഴിയുന്നു എന്നതാണ് ചിത്രത്തിൽ ഏറ്റവും ഇഷ്ടമായ കാര്യം. ആദ്യ പകുതിയിലെ ചടുലത രണ്ടാം പകുതിയിലും നിലനിർത്താൻ സംവിധായകന് കഴിയുന്നു.

 

ഒടുവിലാൻ- ദൃശ്യം എന്ന സിനിമ ഇറങ്ങിയ ശേഷം ‘ദൃശ്യം മോഡൽ’ കൊലപാതകങ്ങൾ ഉണ്ടായതുപോലെ ഈ ചിത്രം കണ്ടശേഷം ഇതിലെ മോഷണ ആശയങ്ങൾ ആരും അനുകരിക്കാതിരുന്നാൽ മതിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com