പ്രണയമല്ല, പോരാട്ടവും അതിജീവനവും; കപ്പേള റിവ്യു

kappela-movie-review
SHARE

നമ്മൾ പ്രതീക്ഷിക്കുന്നതു പോലെയല്ല ജീവിതം മുന്നോട്ടു പോവുക. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അഴിഞ്ഞു വീഴുന്ന മുഖമൂടികളും ജീവിതത്തെ സങ്കീർണമാക്കും. അതിനെ മറികടന്നാല്‍ കൂടുതൽ കരുത്തോടെയും പ്രതീക്ഷയോടെയും വീണ്ടും മുന്നോട്ടു പോകാം. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്ന സിനിമ പറയുന്നത് ഇതാണ്. നമുക്ക് അറിയാവുന്ന, ചർച്ച ചെയ്തിട്ടുള്ള പ്രമേയത്തെ കൂടുതൽ തീവ്രതയോടെ അവതരിപ്പിക്കുകയാണ് കപ്പേള. പ്രണയമല്ല, പോരാട്ടവും അതിജീവനവുമാണ് കപ്പേള പറയുന്നത്. 

പൂവർമല എന്ന മലയോരഗ്രാമത്തിലാണ് ജെസിയുടെ (അന്ന ബെൻ) വീട്. ചാച്ചനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ജീവിക്കുന്ന ഒരു നാട്ടിൻ പുറത്തുകാരി. നമ്പർ തെറ്റി പോകുന്ന ഒരു ഫോൺ കോൾ ഓട്ടോറിക്ഷ ഡ്രൈവറായ ‌വിഷ്ണുവിലേക്ക് (റോഷൻ മാത്യു) അവളെ അടുപ്പിക്കുന്നു. നേരിട്ടു കാണാതെ ഇരുവരും പ്രണയിക്കുന്നു. ഇതിനിടയിൽ ജെസിക്ക് ഗ്രാമത്തിലെ സമ്പന്നനായ ബെന്നിയുടെ വിവാഹാലോചന വരുന്നു. തന്റെ സമ്മതം പോലുമില്ലാതെ വിവാഹം നടക്കുമെന്ന് ജെസി ഭയപ്പെടുന്നു. വിഷ്ണുവിനെ കാണാനായി അവൾ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്നു.

‌വിഷ്ണുവിന്റെയും ജെസിയുടേയും ആദ്യ കാഴ്ചയുടെ ഇടയിലേക്കാണ് അപ്രതീക്ഷിതമായി റോയ് (ശ്രീനാഥ് ഭാസി) എന്ന െചറുപ്പക്കാരൻ കടന്നു വരുന്നത്. സങ്കീർണതയും ആകാംക്ഷയും നിറയുന്ന തലത്തിലേക്ക് സിനിമ ഇവിടെ ഗതി മാറ്റുന്നു. സംഘർഷങ്ങളിലൂടെയും സങ്കീർണതകളിലൂടെയും സിനിമ കടന്നു പോകുമ്പോൾ പ്രേക്ഷകന്റെ നെഞ്ചിടിപ്പു വർധിപ്പിക്കുകയും ആശയക്കുഴപ്പം അനുഭവപ്പെടുകയും ചെയ്യും.

അഭിനയരംഗത്തു നിന്നു സംവിധാനരംഗത്തേയ്ക്ക് എത്തുമ്പോൾ മുഹമ്മദ് മുസ്തഫ പ്രകടിപ്പിക്കുന്ന മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നവാഗതന്റെ പതർച്ചകളില്ലാതെ സിനിമയെ ഗംഭീരമായി സമീപിച്ചിരിക്കുന്നു. മൂന്നു സാഹചര്യങ്ങളിൽ നിന്നുള്ളവരെ ഒരിടത്തേയ്ക്ക് എത്തിക്കുന്ന മേക്കിങ് രീതി പ്രശംസനീയമാണ്.

സിനിമയെ മുന്നിൽ നിന്നു നയിക്കുന്ന മറ്റൊരു പ്രധാന ഘടകം അന്ന ബെന്നിന്റെ പ്രകടനമാണ്. നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരി ജെസിയെ അന്ന മികച്ചതാക്കി.  സിനിമയിലെ സങ്കീർണമായ കഥാപാത്രമാണ് വിഷ്ണു. റോഷൻ ആ വേഷം ശ്രദ്ധേയോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസിയുടെ റോയ് പരുക്കനാണ്. തല്ലാനും കൊല്ലാനും മടിയില്ലാത്തവൻ. കെട്ടഴിഞ്ഞ ജീവിതം നയിക്കുന്നയാൾ. റോയ് ആരാണ് എന്ന് പെരുമാറ്റമോ, ജീവിതരീതിയോ മുൻനിർത്തി തീരുമാനിക്കാനാവില്ല. അതിനുള്ള അവസരം റോയ് നൽകുന്നില്ല എന്നത് ശ്രീനാഥ് ഭാസിയുടെ ഗംഭീര പ്രകടനത്തിന്റെ ഫലമാണ്. സുധി കോപ്പ, നിഷ സാരംഗ്, മുസ്തഫ, ജെയിംസ്, തൻവി എന്നിവരും തന്മയത്വത്തോടെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

ജിംഷി ഖാലിദിന്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഗ്രാമീണ ജീവിതവും സൗന്ദര്യവും ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ പലതും തീയറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും. കഥാഗതിയോടു ചേർന്നുള്ള സുഷിൻ ശ്യാമിന്റെ സംഗീതവും ശ്രദ്ധേയമാണ്.

ഒരുപാട് ജെസിമാർക്കു വേണ്ടിയുള്ളതാണ് ഈ സിനിമ. നമുക്കൊപ്പം ജെസിമാരുണ്ടാകും. ഒരിക്കലെങ്കിലും കടൽ കാണണമെന്ന് ആഗ്രഹിക്കുന്ന, ഇഷ്ടങ്ങൾ തുറന്നു പറയാനാകാതെ പോകുന്ന, നേരിൽ കാണാതെ പ്രണയിക്കുന്ന ജെസിമാർ. സ്വയം തിരിച്ചറിയാനും ലോകത്തിന്റെ ഒരു മുഖം അറിയാനുമുള്ള വാതിൽ തുറന്നിടുന്ന ‘കപ്പേള’ തീർച്ചയായും കുടുംബത്തോടൊപ്പം കാണേണ്ട സിനിമയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA