മരണമാണ് പ്രണയമെന്ന് സൂഫി പറഞ്ഞില്ല...; റിവ്യു

sufiyum-sujathayum-review
SHARE

റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്...(Her love for him made her the almighty) എന്ന ആരംഭിക്കുന്ന തലവാചകത്തിൽത്തന്നെ സംവിധായകൻ ചിത്രത്തിന്റെ ആത്മാവ് കുറിച്ചിടുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ ഇത് സൂഫിയുടെയും സുജാതയുടെയും കഥയാണ്. അവരുടെ അനശ്വര പ്രണയത്തിന്റെ കഥയാണ്. സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സൂഫിയും സുജാതയും കവിത പോലെ മനോഹരവും മരണം പോലെ ശക്തവുമാണ്. പ്രേക്ഷകർക്ക് മികച്ച ദൃശ്യ-ശ്രവ്യ അനുഭവം പകർന്നു നൽകുന്ന ചിത്രം ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ്.

ഉസ്താദിന്റെ ഖബറിടമുള്ള ജിന്ന് പള്ളിയിലേക്ക് അർധരാത്രിയിൽ കടന്നുവരുന്ന സൂഫിയിൽനിന്ന് ആരംഭിക്കുന്ന ചലച്ചിത്രം ആദ്യാവസാനം സൂഫിസത്തിന്റെ മിസ്റ്റിക് സ്വാഭാവം നിലനിർത്തുന്നുണ്ട്. കന്നഡ ഭാഷയുടെ സാന്നിധ്യത്തിൽനിന്ന് ചിത്രത്തിന്റെ ഭൂമിക കാസർകോടാണെന്ന് ഊഹിക്കാമെങ്കിലും ജിന്ന് പള്ളിയും മുല്ല ബസാറുമൊക്കെയുള്ള സാങ്കൽപിക ഭൂമികയിൽ സിനിമയെ കൊണ്ടുചെന്നെത്തിക്കുന്നതാകും നീതി. വർത്തമാനകാലത്തുനിന്ന് ഭൂതകാലത്തിലേക്കും ഭൂതകാലത്തിൽനിന്ന് വർത്തമാനത്തിലേക്കും സഞ്ചാരം നടത്തുന്ന ഷാനാവാസിന്റെ നോൺ-ലീനിയർ മേക്കിങ് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.

നവാഗതനായ ദേവ് മോഹനും ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരേപോലെ സാന്നിധ്യം അറിയിച്ച അദിതി റാവു ഹൈദരിയുമാണ് കേന്ദ്രകഥാപാത്രങ്ങളായ സൂഫിയെയും സുജാതയെയും അവതരിപ്പിക്കുന്നത്. പുതുമുഖമായ ദേവിലെ അഭിനേതാവിനെ ഫലപ്രദമായി പുറത്തുകൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തുടക്കക്കാരന്റെ പതർച്ചകളിലാതെ ദേവ് പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തുന്നു.

കണ്ണുകൾ കൊണ്ട് ഏറ്റവും മനോഹരമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അദിതി. ഊമയായ സുജാതയെന്ന കഥാപാത്രത്തെ കണ്ണുകളുടെ ചലനങ്ങൾകൊണ്ടും സൂക്ഷ്മ ഭാവങ്ങൾ കൊണ്ടും മികവാർന്നതാക്കി മാറ്റുന്നു അദിതി. മിഷ്കിന്റെ സൈക്കോയിലെ അഭിനയ മികവിനു തുടർച്ച കണ്ടെത്തുന്നു അദിതി. ദേവ് മോഹനെ പോലെയൊരു പുതുമുഖം കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ അൽപം പ്രതിനായക ഛായയുള്ള കഥാപാത്രം ചെയ്യാൻ ധീരമായി മുന്നോട്ടു വന്ന ജയസൂര്യ കയ്യടി അർഹിക്കുന്നുണ്ട്. ചെറുതെങ്കിലും ലഭിച്ച സ്ക്രീൻ സ്പേസ് നന്നായി വിനിയോഗിക്കുന്നുണ്ട് ജയസൂര്യ. സിദ്ധിഖ്, മണികണ്ഠൻ പട്ടാമ്പി, സ്വാമി ശൂന്യ, കലാരഞ്ജിനി, മാമുക്കോയ എന്നിവരുടെ പ്രകടനങ്ങളും മികച്ചു നിൽക്കുന്നു.

sufiyum-sujathayum-song

നായിക ഊമയായതിനാൽ സൂഫിയുടെയും സുജാതയുടെയും പ്രണയത്തെ സംഭാഷണങ്ങളുടെ ധാരാളിത്തമില്ലാതെ സംഗീതത്തിലൂടെ അനുഭവപ്പെടുത്താനാണ് സംവിധായകൻ ശ്രമിക്കുന്നത്. തനിക്ക് പരിചിതമല്ലാത്ത യോണറായിരുന്നിട്ടു കൂടി പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും ഒരു പോലെ മികവ് പുലർത്താനും സിനിമയുടെ ആത്മാവിനൊപ്പം സംഗീതത്തെ ലയിപ്പിക്കാനും എം. ജയചന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ബി.കെ. ഹരിനാരായണന്റെയും മനോജ് യാദവിന്റെയും വരികളും അതീവ ഹൃദ്യമാണെന്ന് പറയാതെ വയ്യാ.

അനു മുത്തേടത്തിന്റെ ക്യാമറക്കാഴ്ചകൾ സിനിമയെ സാങ്കേതികമായും കലാപരമായും മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. അനുവിന്റെ ഫ്രെയിമുകൾക്ക് എഡിറ്റിങ് ടേബിളിൽ ദീപു ജോസഫ് പൂർണ്ണത നൽകുന്നു. ഒടിടി ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ നിർബന്ധിതമാകുമ്പോൾ ഏറ്റവും നിരാശപ്പെടുത്തുന്നത് അനു മുത്തേടത്തിന്റെ ദൃശ്യങ്ങൾക്കു തിയറ്റർ അനുഭവം നിഷേധിക്കപ്പെടുന്നു എന്നത് തന്നെയാണ്.

sufiyum-sujathayum

തിരക്കഥയോട് നീതി പുലർത്തുന്ന ഒരു മികച്ച ചലച്ചിത്ര അനുഭവമായി മാറുമ്പോഴും ഭൂരിപക്ഷ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന മാസ് ഘടകങ്ങളൊന്നും സിനിമക്കില്ല. അതുകൊണ്ട് തന്നെ സൂഫിയും സുജാതയും ഈസ് നോട്ട് എവരി വൺസ് കപ്പ് ഓഫ് ടീ. മുടക്കു മുതൽ തിരിച്ചുപിടിക്കാൻ കഴിയുന്ന പക്ഷം ഒടിടി ഫ്ലാറ്റ്ഫോം മികച്ചൊരു സാധ്യതയായി മാറുമെന്നും ഭാവിയിൽ സുഫിയുടെയും സുജാതയുടെയും ചുവടു പിടിച്ച് കൂടുതൽ സിനിമകൾ ഓൺലൈൻ റിലീസിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും കരുതാം.

ആട് പോലെയുള്ള മാസ് മസാല എന്റർടെയ്ൻമെന്റ് സിനിമകൾക്കൊപ്പം കലാമൂല്യമുള്ള ഇത്തരം സിനിമകളും നിർമിക്കുകയും ഒടിടി റിലീസിലൂടെ മലയാള സിനിമയ്ക്കു പുതിയൊരു മാർക്കറ്റ് തുറന്നുകൊടുക്കുകയും ചെയ്ത ഫ്രൈഡേ ഫിലിംസും വിജയ് ബാബുവും അഭിനന്ദനം അർഹിക്കുന്നു. നിരൂപക പ്രശംസ നേടിയ കരിയെന്ന ആദ്യ ചിത്രത്തിന് ശേഷം സൂഫിയും സുജാതയിൽ എത്തിനിൽക്കുമ്പോൾ ഷാനാവാസ് നരണിപ്പുഴ സംവിധായകൻ എന്ന നിലയിൽ തന്റെ ഗ്രാഫ് ഉയർത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA