ADVERTISEMENT

മുഖ്യധാരാ സിനിമ ഊട്ടിയുറപ്പിച്ച കാഴ്ചാ ശീലങ്ങളിൽ നിന്ന് കുതറി മാറാനുള്ള ശ്രമം എക്കാലവും സ്വതന്ത്ര/സമാന്തര സിനിമ നടത്തിയിട്ടുണ്ട്. ചിലപ്പോഴെങ്കിലും ദൃശ്യഭാഷയിലെ ഇത്തരം പരീക്ഷണങ്ങൾ പ്രേക്ഷകരോട് സംവദിക്കാതെ പോകുകയും ചെയ്യാറുണ്ട്. എന്നാൽ രാഹുൽ റിജി നായരുടെ പുതിയ ചിത്രമായ 'കള്ളനോട്ടം' സാമ്പ്രദായിക ഛായാഗ്രഹണത്തിന്റെ വ്യാകരണത്തെ പൊളിച്ചെഴുതുമ്പോഴും അങ്ങേയറ്റം ആസ്വാദ്യമായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു. 

 

kallanottam-movie-review-1

കുട്ടികളുടെ ചിത്രമെന്ന മട്ടിൽ ആരംഭിക്കുന്ന സിനിമ ഒരു ഘട്ടത്തിൽ മുതിർന്നവരുടെ ലോകത്തേക്ക് പ്രവേശിക്കുകയും സദാചാര ഗുണ്ടായിസം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ ഗൗരവമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. അപ്പോഴൊക്കെയും ചിത്രത്തിന്റെ രസച്ചരട് സംവിധായകന്റെ കൈയിൽ ഭദ്രമായിരിക്കുകയും ചെയ്യുന്നു. 

 

വിൻസെന്റിന് പത്തോ പതിനൊന്നോ വയസുണ്ടാകും. നാട്ടിലെ ഒരു കടയിൽ നിന്നും അവൻ ഒരു ക്യാമറ മോഷ്ടിക്കുന്നു.  കിഷോറിനെയും റോസിയെയും കൂട്ടി ഒരു സിനിമയെടുക്കലാണ് അവന്റെ ലക്‌ഷ്യം. അത് കഴിഞ്ഞാൽ ക്യാമറ തിരിച്ചുകൊടുക്കും. കിഷോർ 'ഹീറോ'യും റോസി 'ഹീറോയിനു'മായുള്ള ഷൂട്ടിംഗ് സംവിധായകൻ വിൻസെന്റിന്‌ തലവേദനയാണെങ്കിലും പ്രേക്ഷകർക്ക് നിഷ്കളങ്കതയുടെ ആഘോഷമായി തീരുന്നു. പ്രധാന നടീനടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷിനെ തുടർന്ന് വിൻസെന്റിന്‌ ഷൂട്ടിങ് ഉപേക്ഷിക്കേണ്ടി വരുന്നു. കിഷോറും റോസിയും ഇറങ്ങിപ്പോയ രംഗത്തേക്ക് ഒരുകൂട്ടം ചെറുപ്പക്കാർ കടന്നുവരുന്നതോടെ 'കള്ളനോട്ടം' മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. അതുവരെ നിറഞ്ഞാടിയ നിഷ്കളങ്കത രംഗം വിടുകയും 'മുതിർന്ന' ലോകത്തിന്റെ കാലുഷ്യങ്ങളിലേക്ക് ക്യാമറ തിരിയുകയും ചെയ്യുന്നു. 

 

പൂർണമായും ഗോ പ്രൊ ക്യാമറയിൽ ചിത്രീകരിച്ച സിനിമയാണ് 'കള്ളനോട്ടം'. റൈഡർമാരും ട്രാവൽ വ്‌ളോഗറുമാരുമൊക്കെ സാധാരണ ഉപയോഗിക്കുന്ന അത്തരമൊരു ആക്ഷൻ ക്യാമറയിൽ ഒരു മുഴുനീള സിനിമ പകർത്തുകയെന്നത് സാഹസം തന്നെയാണ്. സംവിധായകൻ രാഹുലും ഛായാഗ്രാഹകൻ ടോബിൻ തോമസും എഡിറ്റർ അപ്പു ഭട്ടതിരിയും ചേർന്ന് ആ സാഹസത്തെ യാഥാർഥ്യമാക്കുകയും കണ്ണിനെ ബുദ്ധിമുട്ടിക്കാത്ത ദൃശ്യാനുഭവം ഒരുക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. വിൻസെന്റ് തട്ടിയെടുക്കുന്ന ഗോ പ്രൊ ക്യാമറയുടെ കണ്ണിലൂടെയാണ് സിനിമ നമ്മൾ കാണുന്നത്. കഥ പറച്ചിലുകാരനേക്കാൾ ഒരു കഥാപാത്രം തന്നെയായി മാറുന്നു ഈ ക്യാമറ. 

 

രാഷ്ട്രീയശരിയുടെ കട്ടിക്കണ്ണടയിലൂടെ കാണുന്നവർക്ക് ചിത്രത്തിന്റെ കേന്ദ്രപ്രമേയം ഒരു തർക്ക വിഷയമായി തീർന്നേക്കാം. കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ നീനു എന്ന പെൺകുട്ടിയുടെ പെരുമാറ്റവും ചിത്രം പങ്കു വെക്കുന്ന പ്രണയത്തെ പറ്റിയുള്ള കാഴ്ചപ്പാടുമൊക്കെ ശക്തമായ ആശയ സംവാദത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അപ്പോഴും താൻ പറയാനുദ്ദേശിച്ച കഥ വ്യക്തമായും അനാവശ്യ സങ്കീർണതകളില്ലാതെയും പറഞ്ഞു ഫലിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നുവെന്നതിൽ തർക്കമുണ്ടാകില്ല. 

 

വിനീത കോശിയുടെ അഭിനയ നാൾവഴിയിലെ ഒരു സുപ്രധാന വേഷമായിരിക്കും 'നീനു'. ബാലതാരങ്ങളായ വാസുദേവ് സജീഷ് മാരാരും സൂര്യദേവ സജീഷ് മാരാരും അൻസു മരിയയും  അങ്ങേയറ്റം കയ്യടക്കത്തോടെ തങ്ങളുടെ വേഷങ്ങൾ ചെയ്തിരിക്കുന്നു. തങ്ങളുടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുടെ പരിണാമങ്ങൾ പ്രേക്ഷകരെ അനുഭവിപ്പിക്കുന്നതിൽ അവർ പൂർണമായും വിജയിച്ചിട്ടുണ്ട്. 

 

കുട്ടികളുടെ പെരുമാറ്റത്തിലും മുതിർന്നവരുടെ സംഭാഷണത്തിലുമൊക്കെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ നർമത്തിന്റെ നുറുങ്ങുകൾ നിറച്ചു വെച്ചിരിക്കുന്നു. ഒരു നടുക്കം ബാക്കി വെക്കുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ 'കള്ളനോട്ടം' ഒരു മണിക്കൂർ 12 മിനുറ്റിൽ ഗൗരവമുള്ള ഒരു കൊച്ചു സിനിമയായിത്തീരുന്നു. 

 

(ചിത്രത്തിന്റെ ആദ്യ പ്രദർശനം ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നടന്നു).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com