ADVERTISEMENT

സിനിമയെടുക്കുക എന്നത് ഒട്ടും എളുപ്പമല്ലാത്ത ഇക്കാലത്ത്, സിനിമയെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥ പോലും പലർക്കും നഷ്ടപ്പെട്ട സമയത്ത്, ഒരു മഹാമാരിയുടെ പിടിയിൽ സമൂഹമൊന്നാകെ ഞെരിഞ്ഞമരുമ്പോൾ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രകാശഗോപുരമായി ഇൗ കെട്ട  കാലത്തെ പ്രതിരോധത്തിന്റെ അടയാളമായി എല്ലാ അർഥത്തിലും ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ചിത്രമായിരിക്കും സീ യു സൂൺ. കമ്പ്യൂട്ടർ സ്ക്രീൻ  ബേസ്ഡ് സിനിമ എന്ന കൺസെപ്റ്റിൽ ഒരുക്കിയ ചിത്രം അതിന്റെ പ്രമേയത്തിലെ ആഴം കൊണ്ടും മെയ്ക്കിങ്ങിലെ പുതുമ കൊണ്ടും മികച്ചു നിൽക്കുന്നു. ലോക്ഡൗൺ കാലത്ത് എന്തെങ്കിലും ഒന്നു ചെയ്യാൻ വേണ്ടി ചെയ്ത തട്ടിക്കൂട്ടു ചിത്രമല്ല മറിച്ച്, ലോക്ഡൗൺ അല്ലെങ്കിലും ഇൗ ചിത്രം ഇങ്ങനെയേ ചെയ്യാനാകുമായിരുന്നുള്ളൂ എന്ന അണിയറക്കാരുടെ വാദത്തെ ശരി വയ്ക്കുന്നതാണ് സീ യു സൂൺ.

ഒരു വിഡിയോ കോൾ ചെയ്യുന്നതു  പോലെ ഒരു സിനിമ മുഴുവനായി കാണുക. കേൾക്കുമ്പോൾ തന്നെ വിചിത്രമെന്നു തോന്നിയേക്കാവുന്ന ഇൗ രീതിയിലാണ് ഒന്നരമണിക്കൂർ‍ ദൈർഘ്യമുള്ള ഇൗ ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷരാർഥത്തിൽ ഒരു ‘സ്മോൾ സ്ക്രീൻ ഒടിടി’ സിനിമ. അതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, വൈകാരികതകളുണ്ട്, ത്രില്ലുണ്ട് അങ്ങനെ ഒരു കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ടതെല്ലാമുണ്ട്. സിനിമ മുന്നോട്ടു വയ്ക്കുന്ന അത്ര പുതുമയില്ലാത്ത പ്രമേയത്തെ നൂതനവിദ്യകളിലൂടെ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള അത്മാർഥ ശ്രമവും അണിയറക്കാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ സിനിമയാകെ ഒരു വിഡിയോ കോൾ, സ്ക്രീൻ ഗ്രാബ് ഫോർമാറ്റിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അതൊട്ടും പ്രേക്ഷകനെ അലോസരപ്പെടുത്തുന്നുമില്ല. എല്ലാ സീനും അങ്ങനെയേ ചെയ്യാൻ പാടുള്ളൂ എന്ന ‘നിർബന്ധബുദ്ധി’ കൊണ്ടുളള ഒരു കല്ലുകടിയും ചിത്രത്തിലില്ലെന്നു സാരം. 

ജിമ്മിയും കെവിനും കസിൻസാണ്. ജിമ്മി ദുബായിൽ ജോലി ചെയ്യുന്നു കെവിൻ നാട്ടിലും. ടിൻഡർ വഴി അനു എന്ന പെൺകുട്ടിയുമായി ജിമ്മി പരിചയത്തിലാകുന്നു പിന്നീട് പ്രണയത്തിലുമാകുന്നു. ജിമ്മി തന്റെ അമ്മയോടും ബാക്കി ബന്ധുക്കളോടുമൊക്കെ അനുവിന്റെ കാര്യം സംസാരിച്ചെങ്കിലും അനുവിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നു മാത്രം പ്രതികരണമുണ്ടായില്ല. പിന്നീട് ജിമ്മിക്ക് നേരിടേണ്ടി വരുന്നത് അയാൾ ഒരിക്കലും ചിന്തിക്കാത്ത വെല്ലുവിളികളായിരുന്നു. അയാള്‍ക്ക് സഹായമായി ഉണ്ടായിരുന്നത് കെവിൻ മാത്രവും. ജിമ്മിയുടെയും അനുവിന്റെും ബന്ധത്തിന് പിന്നീടെന്താണ് സംഭവിക്കുന്നതെന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്.  

c-u-soon-trailer

തന്റെ കരിയറിലെ  അദ്യ മുഴുനീള നായികാവേഷം ദർശന രാജേന്ദ്രൻ മനോഹരമായി അവതരിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും അഭിനയസാധ്യത ഏറെയുള്ള വേഷത്തെ നടി ഭംഗിയാക്കി. കരിയറിൽ മിന്നുന്ന പ്രകനടവുമായി മുന്നേറുന്ന റോഷൻ മാത്യുവിനും ഒപ്പം മാലാ പാർവതി, സൈജു കുറുപ്പ്, കോട്ടയം രമേശ് തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. 

ഫഹദ് ഫാസിൽ എന്ന നടനെ സംബന്ധിച്ച് കെവിൻ എന്ന കഥാപാത്രം ഒരു വെല്ലുവിളിയെ അല്ലായിരുന്നു. പക്ഷേ ഫഹദ് എന്ന നിർമാതാവിനെ സംബന്ധിച്ച് സീ യു സൂൺ എന്ന ചിത്രം ഒരു വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി നിസാരമായി ഫഹദ് മറികടന്നുവെന്നാണ് ചിത്രത്തിന്റെ ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. സിനിമയെടുക്കാനാവാതെ, അല്ലെങ്കിൽ അങ്ങനെയൊരു ശ്രമത്തിനു മുതിരാൻ ഭയന്ന്, കോവിഡൊഴിയാൻ കാത്തു നിൽക്കുന്ന തന്റെ സഹപ്രവർത്തകർക്ക് ഫഹദ് എന്ന അധികം സംസാരിക്കാത്ത വ്യക്തി പ്രവർത്തിയിലൂടെ കാണിച്ചു കൊടുത്ത ഉത്തമ ഉദാഹരമാണ് ഇൗ ചിത്രം. വാക്കിലല്ല പ്രവർത്തിയിലാണ് കാര്യം എന്ന ഫഹദ് തെളിയിക്കുമ്പോൾ അദ്ദേഹമെന്ന നടനിൽ മലയാളി പ്രതീക്ഷിക്കുന്ന മിനിമം ഗ്യാരണ്ടി  ഇനി മുതൽ അദ്ദേഹമെന്ന നിർമാതാവിൽ നിന്നും പ്രതീക്ഷിക്കാം.

മഹേഷ് നാരായണൻ എന്ന സംവിധായകൻ എത്രമാത്രം മികച്ച ഒരു ടെക്നീഷ്യൻ  കൂടിയാണെന്ന് അടയാളപ്പെടുത്തുന്നതാണ് ഇൗ ചിത്രം. എഴുത്തിലും സംവിധാനത്തിലും ഒപ്പം എഡിറ്റിങ്ങിലും അദ്ദേഹം മത്സരിച്ച് മികവു തെളി‌യിക്കുന്നു ഇൗ ചിത്രത്തിലൂടെ. ഐഫോൺ മുതൽ  കാറിന്റെ റിവേഴ്സ് ക്യാമറ വരെ വച്ച് ഷൂട്ട് ചെയ്ത വിഷ്വലുകൾ എത്ര മനോഹരമായി ഒരു വ്യത്യാസവും പ്രേക്ഷകനു അറിയാത്തവിധം അദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നു.  മാലിക്ക് എന്ന ഫഹദ്–മഹേഷ് സിനിമയ്ക്കായുള്ള പ്രതീക്ഷയുടെ ആക്കം കൂട്ടുന്നതിനൊപ്പം കാലത്തിനൊത്തു മാറുന്ന സാങ്കേതികതയെ അനുനിമിഷം പിന്തുടർന്ന് അതിന്റെ സാധ്യതകൾ മനസ്സിലാക്കി പുതിയ സിനിമകളിൽ അതുൾക്കൊള്ളിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമവും ശ്ലാഘനീയമാണ്. 

സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമൊക്കെ സിനിമയെ കൂടുതൽ  മനോഹരമാക്കുന്നതായി. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചും ഇത്രയേറെ മികച്ച ഒരു സിനിമ നിർമിക്കാനായി എന്നത് സീ യു സൂണിനു പിന്നിൽ പ്രവർത്തിച്ച ഒാരോ വ്യക്തിക്കും അഭിമ‌ാനിക്കാനാകുന്ന നേട്ടമാണ്. ഇൗ കാലഘട്ടത്തോട് പൊരുതി ഒരുക്കിയ സിനിമ എന്നതു സീ യു സൂണിനു യോജിക്കുന്ന രണ്ടാമത്തെ വിശേഷണമായിരിക്കും എന്ന സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് മനസ്സിലാകും, കാരണം കാലത്തിനെ അതിജീവിക്കുന്ന സൃഷ്‌ടിയാണ് സീ യ‌ു സൂൺ എന്നതു കൊണ്ടു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com