ADVERTISEMENT

മാസ് മസാലാ സിനിമങ്ങളിലേക്ക് മാത്രം ഒതുങ്ങാത്തതാണ് സൂര്യ എന്ന നടനെ മറ്റു തമിഴ് സൂപ്പർ താരങ്ങളിൽ‌ നിന്ന് വ്യത്യസ്തനാക്കുന്നത്. ആക്‌ഷൻ‌ മാത്രം ഇഷ്പ്പെടുന്ന ആരാധകവൃന്ദങ്ങളെ അത്ര കണ്ട് ഗൗനിക്കാതെ, തീയറ്ററിലെ ആർപ്പുവിളികളെ മാത്രം ആശ്രയിക്കാതെ നല്ല സിനിമകൾക്കായി നില കൊള്ളുന്ന സൂര്യ എന്ന നടന്റെയും നിർമാതാവിന്റെയും വിജയമാണ് സൂരരൈ പോട്ര് എന്ന ചിത്രം. തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന പല സിനിമകളും ഇൗ കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പുറത്തിറങ്ങിയെങ്കിലും ആദ്യമായാണ് അതിലൊരു സിനിമ തീയറ്ററിൽ കാണാനാകാത്തതിന്റെ നഷ്ടബോധം തോന്നുന്നത്. 

 

നെടുമാരന് ഒറ്റ ലക്ഷ്യമേയുള്ളൂ. ഏതൊരു സാധാരണക്കാരനും തുച്ഛമായ നിരക്കിൽ വിമാനത്തിൽ യാത്ര ചെയ്യാനാകുന്ന ഒരു കമ്പനി രൂപീകരിക്കണം. മരണസമയത്ത് തന്റെ അച്ഛന്റെ അടുത്തുണ്ടാകാൻ സാധിക്കാതെ വന്നപ്പോഴാണ് അത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അയാൾ എത്തുന്നത്. അതിനായി അയാൾ ഒരുപാട് അലഞ്ഞു, കഷ്ടപ്പെട്ടു. പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. രത്തൻ ടാറ്റ വിചാരിച്ചിട്ടു തുടങ്ങാൻ സാധിക്കാതിരുന്ന (തുടങ്ങാൻ സമ്മതിക്കാഞ്ഞ) ഒരു ബിസിനസ്സ് മാരൻ എങ്ങനെ ആരംഭിക്കുമെന്നതാണ് സിനിമ പറയുന്ന കഥ.

 

ഭാഗികമായി ഒരു ബയോപിക് ആണെങ്കിലും റിയലിസ്റ്റിക്ക് മാത്രമായി പോകാതെ സിനിമാറ്റിക് എലമെന്റുകൾ കൂടി ചേർത്താണ് സംവിധായികയായ സുധ കൊങ്കര ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ എന്ന നടനെ വേണ്ട വിധം ഉപയോഗിക്കാൻ ആവർക്ക് നന്നായി കഴിഞ്ഞു എന്നതിലാണ് സിനിമയുടെ വിജയം. മസിൽ പെരുപ്പിച്ച് അടിയും ഇടിയും ശീലമാക്കിയ നായകനോ വില്ലനോ സിനിമയിൽ ഇല്ല എന്നതും ശ്രദ്ധേയം. അതേ സമയം ഒരു നോട്ടം കൊണ്ടു പോലും ഭയപ്പെടുത്തുന്ന വില്ലനിസം ചിത്രത്തിലെ പ്രതിനായകർ കാട്ടിത്തരികയും ചെയ്യുന്നുണ്ട്.

 

സൂര്യ എന്ന നടന്റെ പ്രകടനമാണ് ഇൗ ചിത്രത്തിൽ ഏടുത്തു പറയേണ്ട പ്രധാനപ്പെട്ട സവിശേഷത. നെടുമാരൻ എന്ന കഥാപാത്രത്തെ അതിമനോഹരമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. മാസ് സീനുകളെന്നു പറയാൻ അധികമൊന്നുമില്ലെങ്കിലും പ്രേക്ഷകന്റെ ഹൃദയത്തെ തൊടുന്ന കഥാപാത്രമായി മാരൻ മാറുന്നു. സൂര്യയ്ക്കൊപ്പമെത്തുന്ന അല്ലെങ്കിൽ അതിനെക്കാൾ ഒരു പടി മുന്നിലെത്തുന്ന പ്രകടനവുമായി രണ്ടു മലയാളി നടിമാർ സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു. ഉർവശിയും അപർ‌ണബാലമുരളിയും. പേച്ചി എന്ന മാരന്റെ അമ്മയുടെ വേഷത്തിൽ ഉർവശി മാസ്മരിക പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അച്ഛന്റെ മരണ രംഗങ്ങളിലും മറ്റും സൂര്യയും ഉർവശിയും ചേർന്ന നടത്തിയ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. മാരന്റെ ഭാര്യയായ ബൊമ്മിയായി അപർണ മിന്നും അഭിനയമാണ് കാഴ്ച വച്ചത്. ചില രംഗങ്ങളിലെങ്കിലും നായകനെ കടത്തി വെട്ടുന്ന പ്രകടനത്തോടെ അപർണ തിളങ്ങി. വില്ലാനായെത്തിയ പരേഷ് റാവലിന്റെ അഭിനയവും ഗംഭീരം. 

 

സുധ കൊങ്കര എന്ന സംവിധായികയുടെ മികവിന്റെ വലിയൊരു ഉദാഹരണമാണ് ഇൗ സിനിമ. തിരക്കഥയിൽ എഴുതി വച്ചതൊക്കെ ഒരുപാട് ബുദ്ധിമുട്ടി എന്നാൽ ഭംഗിയോടെ ഫ്രെയിമിലാക്കാൻ അവർക്ക് സാധിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം നൽകിയ ജി.വി പ്രകാശ്കുമാർ മികച്ച പാട്ടുകളും പശ്ചാത്തലസംഗീതവുമായി പ്രേക്ഷകനെ കയ്യിലെടുത്തു. വിമാനത്തിനകത്തെ സീനുകൾ, പുറത്തെ സീനുകൾ, ലാൻഡിങ് ഉൾപ്പടെയുള്ള രംഗങ്ങൾ എല്ലാം സാങ്കേതികത്തികവോടെ വെള്ളിത്തിരയിലെത്തിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിരിക്കുന്നു. 

 

തിരിച്ചടികൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുമ്പോഴാണ് ഒരു സിനിമയിലെ നായകൻ പ്രേക്ഷകനെ ഏറ്റവുമധികം രസിപ്പിക്കുക. അങ്ങനെ നോക്കിയാൽ സൂരരൈ പോട്രിന്റെ അവസാന ചില രംഗങ്ങളൊഴികെ ഒന്നും പ്രേക്ഷകന് അത്തരത്തിലൊരു കോരിത്തരിപ്പ് പ്രദാനം ചെയ്യുന്നതല്ല. ആദ്യം മുതലുള്ള തിരിച്ചടികളും ചതിവുകളും എണ്ണിത്തിട്ടപ്പെടുത്തി ഒടുക്കം കണക്കു തീർക്കുന്ന സ്ഥിരം ക്ലീഷേയിൽ നിന്ന് അണിയറപ്രവർത്തകർ ചിത്രത്തെ ഒഴിവാക്കിയതാകാനാണ് സാധ്യത. എന്നിരുന്നാലും ക്ലൈമാക്സിലെ കണ്ണു നിറയ്ക്കുന്ന രംഗങ്ങൾ മാത്രം മതി ഏതൊരു പ്രേക്ഷകന്റെയും മനസ്സും നിറയ്ക്കാൻ. 

 

"Praise the Brave" എന്നാണ് സൂരരൈ പോട്ര് എന്നതിനർഥം. അങ്ങനെ നോക്കിയാൽ സിനിമയ്ക്കൊപ്പം സൂര്യ എന്ന നടനും നിർമാതാവും ഒപ്പം അതിന്റെ അണിയറപ്രവർത്തകരും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. സൂര്യ എന്ന നടന്റെ ബോക്സ് ഒാഫിസിലെ ഗംഭീര തിരിച്ചുവരവിന് കാരണമാകേണ്ടിയിരുന്ന ചിത്രം പക്ഷേ കൈക്കുമ്പിളിലെ ചെറു സ്ക്രീനുകളിലേക്കൊതുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് ചെറുതല്ലാത്ത നഷ്ടബോധമാണ് അതു സമ്മാനിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com