കൺഫെഷൻസ് ഓഫ് എ കുക്കൂ: റിവ്യൂ

cuckoo
SHARE

പ്രമേയത്തിലെ പുതുമയോ അവതരണത്തിലെ ചടുലതയോ അല്ല കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തെ ഒരു വ്യത്യസ്ത സിനിമയാക്കുന്നത്. മറിച്ച് ഓരോ ദിവസവും ആവർത്തിച്ചു കണ്ടിട്ടും നിർവികാരതയോടെ വായിച്ചു പോകുന്ന വാർത്താതലക്കെട്ടുകൾക്കുള്ളിലുള്ള ജീവിതങ്ങളുടെ യാഥാർത്ഥ്യം അൽപമെങ്കിലും ഉൾക്കൊള്ളാൻ ഈ ചിത്രം സഹായിക്കും എന്നതുകൊണ്ടാണ്. സിനിമയിലെ സംഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ, 'ഇത് കഴിഞ്ഞ ദിവസം ഇവിടെ നടന്നതല്ലേ' എന്നൊരു തോന്നൽ പ്രേക്ഷകരിലുണ്ടാകും. അതു തന്നെയാണ് ഈ സിനിമയിലേക്ക് കാഴ്ചക്കാരെ ആകർഷിക്കുന്നതും. 

നവാഗതനായ ജയ് ജിതിൻ പ്രകാശ് സംവിധാനം ചെയ്ത 'കൺഫെഷൻസ് ഓഫ് എ കുക്കൂ' എന്ന ചിത്രം പ്രൈം റീൽസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വിമാനം, പ്രേതം 2, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുർഗയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ചിത്രത്തിലെ ഷെറിൻ. ബാലപീഡനത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ ശ്രമിക്കുന്ന ഷെറിൻ സിനിമയിൽ സാധാരണ കാണാറുള്ള മാധ്യമപ്രവർത്തക എന്ന വാർപ്പുമാതൃകയിൽ ഒതുങ്ങുന്നതല്ല. വാർത്തയ്ക്കൊപ്പമുള്ള സഞ്ചാരങ്ങളിൽ അവൾ തകർന്നു പോകുന്നുണ്ട്. സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തു നിന്നുകൊണ്ട് ഒച്ചപ്പാടുകളില്ലാതെ ഷെറിൻ നടത്തുന്ന അന്വേഷണം വാർത്തയ്ക്കപ്പുറം സ്വന്തം ജീവിതത്തിലേക്ക് തന്നെയുള്ള തിരിച്ചു നടത്തമാവുകയാണ്.

സിനിമയുടെ ആദ്യ അരമണിക്കൂറിൽ തന്നെ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സങ്കീർണതയിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നുണ്ട് തിരക്കഥാകൃത്ത്. പ്രായപൂർത്തി പോലും ആകാത്ത കുട്ടികൾ ചെയ്യുന്ന ലൈംഗിക വൈകൃതത്തോട് യാതൊരു ദാക്ഷിണ്യവും  ഇല്ലാത്ത നിലപാട് സ്വീകരിക്കുമ്പോൾ തന്നെ അതൊരു പ്രത്യേക ക്ലാസിന്റെയോ ജൻഡറിന്റെയോ മാത്രം പ്രശ്നമായി ഒതുക്കുന്നില്ല. കുട്ടികൾ ചെയ്യുന്ന അതിക്രമങ്ങളുടെയും കുട്ടികളോട് ചെയ്യുന്ന അനീതികളുടെയും വേരുകൾ എത്തി നിൽക്കുന്നത് നമ്മുടെ തന്നെ ജീവിതങ്ങളിലാണെന്നു സിനിമ ചൂണ്ടിക്കാട്ടുന്നു. അവിടെ സിനിമയുടെ രാഷ്ട്രീയം വ്യക്തമാണ്. ചിലർ ചെയ്ത തെറ്റുകളെ അതിജീവിക്കേണ്ടത് സ്വയം ഒടുക്കിയല്ല, അവയോടു മുഖാമുഖം നിന്നു കൊണ്ടാകണമെന്ന് ദുർഗ്ഗയുടെ ഷെറിൻ എന്ന കഥാപാത്രം അടയാളപ്പെടുത്തുന്നു. ഇരുണ്ട ഭൂതകാലം ഉണ്ടായിപ്പോയതിന്റെ പേരിൽ ആജീവനാന്തം 'ഇര'യുടെ മുഖപടത്തിനുള്ളിൽ കഴിയേണ്ടതില്ലെന്നും ഷെറിൻ പറഞ്ഞു വയ്ക്കുന്നു. 

ദുർഗ കൃഷ്ണയ്ക്കൊപ്പം ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പെൺകുട്ടികളും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അന്നയായി എത്തിയ പ്രാർത്ഥന സന്ദീപും നസീമയെ അവതരിപ്പിച്ച  നഹരിൻ നവാസും അതിവൈകാരിക നിമിഷങ്ങളെ കയ്യടക്കത്തോടെ പകർന്നാടി. തീക്ഷ്ണമായ രംഗങ്ങളിൽ അതിസ്വാഭാവികമായിരുന്നു ഇരുവരുടെയും പ്രകടനം. കഥയുടെ പശചാതലത്തോട് ചേർന്നു നിൽക്കുന്നതായിരുന്നു സംഗീതവും. സിനിമ കഴിഞ്ഞിട്ടും അതിലെ താരാട്ട് പ്രേക്ഷകരെ വിടാതെ പിന്തുടരുന്നുണ്ട്. ആന്റണി ജോയും രാജ്കുമാറും ചേർന്ന് നിർവഹിച്ചിരിക്കുന്ന ഛായാഗ്രഹണവും സിനിമെ മനോഹരമാക്കുന്നു. 

ചില കുറ്റകൃത്യങ്ങളുടെ വേരുകൾ തേടിയുള്ള അന്വേഷണം ആണ് സിനിമയെങ്കിലും ഒരു ത്രില്ലർ സ്വഭാവം അല്ല ചിത്രത്തിനുള്ളത്. അങ്ങനെ ഒരു പ്രതീക്ഷയോടെ വരുന്നവർ നിരാശരായേക്കും. എന്നാൽ കാലികമായ വിഷയം കാര്യമാത്രപ്രസക്തമായി കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പേരുകൾ മാത്രം മാറുകയും സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന പീഡന കേസുകളുടെ ഞെട്ടിപ്പിക്കുന്ന സാമ്യത ബ്രില്യന്റ് ആയി ചലച്ചിത്രഭാഷയിൽ ആവിഷ്കരിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. അതു തന്നെയാണ് ഈ സിനിമ നൽകുന്ന ത്രില്ലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA