എകെ vs എകെ (അനുരാഗ് കശ്യപ് vs അനിൽ കപൂർ)

akvsak
SHARE

ഇന്ത്യൻ സിനിമ, പ്രത്യേകിച്ച് ഹിന്ദി സിനിമ സ്ഥിരമായി കറങ്ങിത്തിരിയുന്ന വഴികളിൽ നിന്ന് തെറ്റിത്തെന്നി, ബോളിവുഡിന്റെ വ്യവസ്ഥാപിത ജാഡകളെ, സ്ഥിരം ആക്‌ഷൻ–കോമഡി–പാട്ട് കോമ്പോയെ പരിഹസിച്ച്, ആക്ഷേപഹാസ്യമായി, മെറ്റാഫിക്‌ഷനായി അവതരിച്ചിരിക്കുകയാണ് വിക്രമാദിത്യ മോത്വാനി ചിത്രം എകെ vs എകെ. (അനുരാഗ് കശ്യപ് vs അനിൽ കപൂർ). എകെ vs എകെയുടെ വ്യത്യസ്തത അതിന്റെ പേരിൽ നിന്നു തന്നെ തുടങ്ങുന്നു. അനിൽ കപൂർ vs അനുരാഗ് കശ്യപ്. എതെങ്കിലും സാങ്കൽപിക കഥാപാത്രങ്ങളല്ല. ഇന്ത്യൻ സിനിമയിലെ പേരെടുത്ത രണ്ടുപേർ. 

അവർ ഇതിൽ കഥാപാത്രങ്ങൾ മാത്രമല്ല. സ്വകാര്യ ജീവിതം സിനിമയിലേക്കും സിനിമ സ്വകാര്യ ജീവിതത്തിലേക്കും കടന്നുവരുന്നു. ഈ സിനിമയെ വ്യവസ്ഥാപിത ഇന്ത്യൻ സിനിമാ സങ്കൽപത്തിൽ നിന്നു വേർതിരിച്ചു നിർത്തുന്നതും അതു തന്നെയാണ്. അഭിനേതാവിന്റെ സ്വകാര്യ ജീവിതം കൂടി സിനിമ ചർച്ചയ്‌ക്കെടുക്കുന്നു. സൂപ്പർ താരങ്ങളുടെ കഥാപാത്ര തിരഞ്ഞെടുപ്പിനെ വിമർശിക്കുന്നവരെ പോലും വ്യക്തിപരമായി ആക്ഷേപിക്കുന്ന കാലത്താണ്, സൂപ്പർ താരങ്ങൾ സിനിമയ്ക്കു മുകളിൽ ദൈവങ്ങളായി അവതരിക്കുന്ന കാലത്താണ് ഈ സിനിമ പ്രസക്തമാകുന്നത്. വ്യക്തി ജീവിതത്തിൽ താനൊരു പരാജയമാണെന്നു സമ്മതിച്ചു കൊണ്ടുതന്നെ അനിൽ കപൂർ താനിപ്പോഴും ഹിറ്റുകൾ നൽകാൻ കഴിയുന്ന നായകനാണെന്നു തെളിയിക്കുന്നു. നിന്നെ സംവിധായകനാക്കിയത് ഞാനല്ലേ എന്ന് അനുരാഗ് കശ്യപിനോട് ചോദിക്കുന്നു. സംവിധായകനല്ല, താരമാണ് സിനിമയുടെ ഉടയോനെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. 

നീ നിന്റെ മുഖം വച്ച് പോസ്റ്റർ അടിച്ചാൽ സിനിമ ഓടുമോ എന്നും, നിന്റെ അനിയൻ ഒറ്റ സിനിമ കൊണ്ട് നേടിയ വിജയം നിനക്കിത്ര കാലം കൊണ്ട് നേടാനായോ എന്നും അനുരാഗിനോട് ചോദിക്കുന്നു. ബോണി കപൂർ അനുരാഗിനോട് പറയുന്നതും സമാനമാണ്. നിന്റെ എല്ലാ ചിത്രവും പരാജയമാണ്. നല്ലൊരു ചിത്രമെടുത്തില്ലെങ്കിൽ നിന്റെ കാര്യം പോക്കാണ് എന്ന്. ഹർഷവർദ്ധൻ കപൂർ അനുരാഗിനോട് പറയുന്നു എന്റെ വീട്ടിൽ ആർക്കും നിങ്ങളെ ഇഷ്ടമില്ല എന്ന്. പണ്ടു വലിയ താരമായിരുന്നിരിക്കാം, ഇപ്പോൾ വലിയ പരാജയമാണ് നീ എന്ന് തിരിച്ച് അനുരാഗ് കശ്യപ് അനിൽ കപൂറിനോട് പറയുന്നുണ്ട്. സിനിമയുടെ ആദിമധ്യാന്തം വ്യക്തി ജീവിതത്തിലെ പാകപ്പിഴകളും പരാജയങ്ങളും വലിച്ചിഴക്കപ്പെടുന്നു. 

സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ എന്തും ഡിസ്പ്ലേ ചെയ്യപ്പെടുന്ന കാലത്ത് അഭിനേതാവും കഥാപാത്രവും രണ്ടാകുന്നതിലെ ഔചിത്യമില്ലായ്മയെയാണ് യാതൊരു ഒളിവും മറവുമില്ലാതെ എകെ vs എകെ നമുക്കു മുന്നിലിട്ടു തരുന്നത്. വിദേശങ്ങളിൽ ബഹുമാനിക്കപ്പെടുന്നത് സംവിധായകനാണെന്നും അത്തരം ബഹുമാനവും ഓസ്കർ വരെ നേടാവുന്ന മികവിലൊരു ചിത്രവുമാണ് തനിക്കു വേണ്ടതെന്നും പറയുന്നുണ്ട് അനുരാഗ്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അനുരാഗ് കശ്യപ് തന്നെ സമ്മതിക്കുന്നു സംവിധായകനെന്ന നിലയിൽ പരാജയമാണ്, സിനിമളൊക്കെ ബോക്സ് ഓഫിസിൽ തകർന്നു. എനിക്കൊരു മകളുണ്ട്, പ്രായമായ മാതാപിതാക്കളുണ്ട്.  അവരെ നോക്കണം, അതിനാണ് കഷ്ടപ്പെടുന്നത്. തിരിച്ച് അനിൽ കപൂർ പറയുന്നു എനിക്ക് മക്കൾ മൂന്നാണ്, അതു നോക്കണ്ടേ എന്ന്. ഇത്തരത്തിൽ സ്വകാര്യ ജീവിതത്തിലെ ആകുല വ്യാകുലകളുടെ കെട്ടഴിക്കുന്നുണ്ട് ഇരുവരും. താരപ്രമാദിത്വങ്ങളില്ലാത്ത പച്ചയായ മനുഷ്യർ. സംവിധായകനും നായകനും എന്ന ദ്വന്തയുദ്ധത്തിനപ്പുറം, സിനിമയ്ക്ക് മറ്റൊരു കഥ തന്നെയുണ്ട്. അതിൽ കഥാപാത്രങ്ങളും അഭിനേതാവും ഒന്നാകുന്നു. 

കഥ

വർഷങ്ങളായി സിനിമയിലുള്ള നായകനും സംവിധായകനും. സംവിധായകൻ നായകന്റെ മകളെ തട്ടിക്കൊണ്ടു പോകുന്നു. നേരംപുലരും മുൻപേ നായകൻ മകളെ തിരഞ്ഞ് കണ്ടെത്തണം. ആ തിരച്ചിൽ ക്യാമറയിൽ പകർത്തും. യഥാർഥ വികാരപ്രകടനങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറ എപ്പോഴും ഒപ്പമുണ്ടാകും. കഥ ലളിതമാണ്, ചെറുതാണ്. യാഥാർഥ്യമാണു കൂടുതൽ. ബോളിവുഡിലെ താരജാഡകൾ, ഒളിച്ചുപിടിക്കപ്പെടുന്ന നെപ്പോട്ടിസം, കുടുംബജീവിതമെന്ന പേരിൽ അരങ്ങേറുന്ന നാടകങ്ങൾ എല്ലാത്തിനെയും കളിയാക്കുന്നുണ്ട്. പറയുന്നത് അനിൽ കപൂറാകുമ്പോൾ തിരസ്ക്കരിക്കാനാകില്ല. പൃഥ്വിരാജ് കപൂർ തൊട്ട് ഇങ്ങോട്ട് അനിൽ കപൂറും ബോണി കപൂറും സോനം കപൂറുമടക്കം കപൂർ കുടുംബം വളർന്നതും തളർന്നതും ബോളിവുഡിലാണ്. 

ക്യാമറ

1 മണിക്കൂർ 48 മിനിറ്റ് നീളത്തിൽ താരവും സംവിധായകനും സഞ്ചരിക്കുന്ന വഴികളിൽ ക്യാമറയും ക്യാമറയ്ക്കു പിന്നിലെ ക്യാമറാ വുമണായി സഹ സംവിധായിക യോഗിത ബിഹാനിയുമുണ്ട്. ഒളിഞ്ഞല്ല, തെളിഞ്ഞ് തന്നെ. ക്യാമറയെ ഒരിടത്തും മറയ്ക്കുന്നില്ല, കാഴ്ച്ചക്കാരൻ ക്യാമറ കണ്ണിലൂടെ മാത്രമായി കാണുന്നുമില്ല. ഇടയ്ക്ക് ക്യാമറ നിലത്തു വീഴുന്നുണ്ട്, മാറ്റിപ്പിടിക്കാൻ അനിൽ കപൂർ ആക്രേശിക്കുമ്പോൾ മാറുന്നുണ്ട്, ഓഫ് ചെയ്യുന്നില്ല. മകളെത്തേടി പോകുന്ന വഴികളിൽ ആളുകൾ പിന്നാലെ കൂടുന്നു, ചിത്രമെടുക്കണം. മകളെ തട്ടികൊണ്ടുപോയ സംഘത്തിലെ ഡ്രൈവറെ തേടിയുള്ള അലച്ചിലിനിടെ പലവട്ടം വീഴുന്നു, ചോരപുരണ്ട വസ്ത്രവുമായി സ്റ്റേജിൽ കയറി അനിൽ കപൂർ ഭ്രാന്തനെപ്പോലെ നൃത്തം ചെയ്യുന്നു. 

എകെ vs എകെയിൽ രണ്ടാമത്തെ എകെ അനുരാഗ് കശ്യപ് ഇന്ത്യൻ സിനിമയുടെ പിന്നാമ്പുറത്ത് പേരുമാത്രമായി ഇല്ലാതാകുന്ന സംവിധായകനെ പ്രതിനിധാനം ചെയ്യുന്നു. യാത്രയിലുടനീളം അയാളുണ്ടെങ്കിലും, അയാൾ ഒന്നുമല്ലെന്നും നായകൻ തീരുമാനിക്കുന്നതാണ് ഇന്ത്യൻ സിനിമയെന്നും എകെ vs എകെ പറയുന്നു. ചിത്രം അനിൽ കപൂർ എന്ന നടന്റേതു മാത്രമാണ്. വിദേശ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ സിനിമ എപ്പോഴും നായകനു ചുറ്റുമാണ് കറങ്ങുന്നത്. സംവിധായകനെന്നത് പേരു മാത്രമായി പോകുന്ന സന്ദർഭങ്ങൾ ഒട്ടേറെ. അതിനെ പരിഹസിക്കുക കൂടിയാണ് ചിത്രം ചെയ്യുന്നത്. യോഗിത ബിഹാനിയെന്ന സഹസംവിധായികയും അനുരാഗ് കശ്യപും തമ്മിലുള്ള ബന്ധം പ്രഫഷനൽ മാത്രമല്ല ചിത്രത്തിൽ. സംവിധായനൊപ്പം ബെഡ് റൂമിലിരുന്ന് ബിഹാനിയാണ്, ഇങ്ങനെയൊരു ചിത്രം ചെയ്താലോ എന്ന് അനുരാഗിനോട് ചോദിക്കുന്നത്. ഓസ്കർ നേടാൻ കഴിവുള്ള വ്യത്യസ്തചിത്രത്തിനു പിന്നാലെ പായുന്ന അനുരാഗിനെ എല്ലാവരും ചേർന്നു കുടുക്കുന്നു. സംവിധായകന്റേതു മാത്രമായ ചിത്രമെടുക്കാനിറങ്ങിയ അനുരാഗ് ഒടുവിൽ ഭ്രാന്തനെപ്പോലെയാകുന്നു. ചിത്രത്തിൽ നായകൻ തന്നെ വിജയിക്കുന്നു.

അനിൽ കപൂറെന്ന നടന്റെ അസാധ്യ പെർഫോമൻസ് വാഴ്ത്തപ്പെടുമ്പോൾ, അത്യധ്വാനിയായ സംവിധായകൻ ഭ്രാന്തനാകുന്നു. നീ മാർട്ടിൻ സ്കോർസെസിയോ ഗൊദാർദോ അല്ലെന്ന് പലയിടത്തായി അനിൽ കപൂർ തന്നെ അനുരാഗിനെ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ ഭാവിയും ഭൂതവും വർത്തമാനവും നായകനാണ്. നായകകേന്ദ്രീകൃത സിനിമയും സിനിമയ്ക്കു പിന്നിലെ രാഷ്ട്രീയവും തുറന്നു കാണിക്കുന്നത് അനിൽ കപൂർ തന്നെയാകുമ്പോൾ അത് ചരിത്രം. രണ്ടാം പകുതിയിലെ ട്വിസ്റ്റ് വരെ ചിത്രത്തിൽ നമ്മളും നായകന്റെ വേദനയിൽ പങ്കാളിയാകുന്നുണ്ട്. എന്നാൽ സംവിധാകന്റെ മാതാപിതാക്കളെക്കൂടി തട്ടിക്കൊണ്ടു പോകുന്നതോടെ കഥ മാറുന്നു. നായകന്റെ ‘റിയൽ ഇമോഷ’നു വേണ്ടി ക്യാമറയുമായി ഇറങ്ങുന്ന അനുരാഗിനു മേൽ വിജയം നേടി അനിൽ കപൂർ വിജയിയായി ഇറങ്ങി വരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. സിനിമയെന്തെന്ന് തീരുമാനിക്കുന്നത് നായകൻ തന്നെ. 

അനിൽ കപൂറിന്റേത് അസാധ്യ അഭിനയം തന്നെയെന്ന് മനസ്സിലാകുന്നത് ചിത്രം അവസാനിക്കുമ്പോഴാണ്, ആദ്യാവസാനം അയാൾ അഭിനയിക്കുകയായിരുന്നല്ലോ. മകളും മകനും പൊലീസും വീട്ടുകാരും ക്യാമറയുമായി പിന്നാലെ ഓടിയ യോഗിത ബിഹാനിയും വരെ നായകനൊപ്പമാണ് നിന്നത്. അയാൾ പറയുന്നതനുസരിച്ചാണ് അഭിനയം മുന്നേറിയത്. സംവിധായകന്റെ കഥ പറയുമ്പോൾ അനിൽ കപൂറാണ് വില്ലൻ. എന്നാൽ അനിൽ കപൂറിന്റെ കഥയിൽ വില്ലൻ അനുരാഗാണ്. മകളെത്തട്ടിക്കൊണ്ടു പോയി കണ്ടെത്താൻ പറയുന്ന സംവിധായകൻ. മാനുഷിക പരിഗണന പോലും അയാൾ തരുന്നില്ല. ക്യാമറയുമായി പിന്നാലെ കൂടുന്നു. അനിൽ കപൂറാകട്ടെ അഭിനയമികവുകൊണ്ട് അതിശയിപ്പിക്കുന്നു. ഓട്ടത്തിനിടയിൽ വീണ് മുറിവേൽക്കുന്ന അനിൽകപൂറിനെ നോക്കാതെ ബിഹാനിയോട് അനുരാഗ് ചോദിക്കുന്നത് നല്ല ഷോട്ട് കിട്ടിയോ എന്നു മാത്രമാണ്. 

മകളുടെ ആദ്യ പിറന്നാളിനു പോലും താൻ അഭിനയിക്കുകയായിരുന്നു എന്ന് അനിൽ കപൂർ വിലപിക്കുന്നു. 40 വർഷം നീണ്ട താരത്തിളക്കത്തിനും 2 നാഷനൽ അവാർഡും 6 ഫിലിം ഫെയർ അവാർഡുമടക്കം നേടിയ അഭിനയജീവിതത്തിനും ശേഷം അനിൽ കപൂർ എകെ vs എകെയിൽ പറയുന്നു ‘1986ൽ ഒന്നിനു പിറകെ ഒന്നായി 13 ഹിറ്റ് സിനിമകളുണ്ടായിരുന്നു എന്റേതായി, എങ്കിലും ഞാനൊരു തികഞ്ഞ പരാജയമാണ്’... ആ നിമിഷം അയാൾ അനിൽ കപൂർ മാത്രമാകുന്നു. ഒരു പച്ചയായ മനുഷ്യൻ. ഓസ്കർ നേടാനിറങ്ങിയ സംവിധായകനാണ് അനുരാഗ് കശ്യപ്. ക്യാമറയിലൂടെ മാത്രം ലോകത്തെ കണ്ടയാൾ. രണ്ടു വിവാഹ ബന്ധങ്ങൾ വേർപെട്ടുപോയ, പ്രായമായ മാതാപിതാക്കളും, കൗമാരക്കാരിയായ മകളുമുള്ള, തിരക്കരണങ്ങളിൽ ഉഴലുന്ന വ്യക്തി. സിനിമയിലൂടെ സഞ്ചരിക്കുമ്പോഴാകട്ടെ മിഡ്‌ ലൈഫ് ക്രൈസിസിൽ പെട്ട് ദിശതെറ്റി അലയുന്ന രണ്ടു പേർ മാത്രമാണ് അവർ. പരാജയപ്പെട്ട സംവിധായകനും പ്രായാധിക്യത്തിൽ പുറന്തളപ്പെട്ട നായകനും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA