ഇത് വന്ത് 'മാസ്റ്റർ' പൊങ്കൽ; ആരാധകർക്ക് ഡബിൾ ട്രീറ്റായി ‘വിജയ് പടം’: റിവ്യു

master-climax
SHARE

‘‘ലെട് മി ടെൽ എ കുട്ടി സ്റ്റോറി. പേ അറ്റൻഷൻ, ലിസൺ ടു മീ...’’ ഒരു കുട്ടിക്കഥയെ ആക്ഷനും മാസും ക്ലാസും ആഘോഷവും സ്റ്റൈലും ഒരുപോലെ കൂട്ടിയിണക്കി ഒരുക്കിയ ‘മാസ്റ്റർ’ ലോകേഷ് കനഗരാജിന്റെ ‘വിജയ് പടം’ ആണ്. സംവിധായകനായ ലോകേഷിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ 75% വിജയ്‌യുടെ ചിത്രവും 25% ലോകേഷിന്റെ ചിത്രവും. മുൻപ് രജനികാന്തിന് കാർത്തിക്ക് സുബ്ബരാജ് സമ്മാനിച്ച പേട്ട പോലെ ലോകേഷിന്റെ സൂപ്പർ സ്റ്റാർ ട്രിബൂട്ട് എന്ന് പറയാവുന്ന പക്കാ കൊമേഴ്സ്യൽ ആഘോഷസിനിമ തന്നെയാണ് മാസ്റ്ററും.

മരണമാസായ ഒരു വാത്തിയുടെയും (അധ്യാപകന്റെ) ചോര കണ്ട് അറപ്പുമാറിയ കൊടൂരമാസ് വില്ലന്റെയും പോരാട്ടമാണ് ‘മാസ്റ്റർ’. ദുർഗുണ പരിഹാര പാഠശാലയിൽ കുട്ടികളെ പരിശീലിപ്പിക്കാൻ എത്തുന്ന മദ്യപാനിയായ ജോൺ ദുരൈ എന്ന ജെഡിയും ദുർഗുണ പരിഹാര പാഠശാലയിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്ത് വലിയൊരു ഗുണ്ടാ സാമ്രാജ്യം കെട്ടിപ്പടുത്ത ഭവാനി എന്ന ക്രിമിനലും തമ്മിലുള്ള ഏറ്റുമുട്ടലും തിന്മയുടെ മേൽ നന്മനേടുന്ന വിജയവുമാണ് മാസ്റ്ററിന്റെ കഥ. എന്നാൽ കഥ പറഞ്ഞിരിക്കുന്ന സ്റ്റൈൽ മാസ്റ്ററിനെ മറ്റൊരു ലെവലിൽ എത്തിക്കുന്നു. 

മാനഗരം, കൈതി എന്നീ രണ്ടു ചിത്രങ്ങളിലൂടെ തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ ലോകേഷ് കനഗരാജ് വിജയുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു.  വിജയ്ക്ക് തട്ടുപൊളിപ്പൻ രക്ഷകൻ ചിത്രങ്ങളിൽ നിന്നൊരു മോചനം ആയാണ് മാസ്റ്ററിനെ വരവേറ്റത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും അത്രത്തോളും ആവേശത്തോടെയാണ് ഫാൻസും സിനിമാ പ്രേമികളും വരവേറ്റത്. ഒരു മാസം മുൻപ് റിലീസായ ടീസർ സകല യൂടൂബ് റെക്കോർഡുകളും തകർത്തു. 

കോവിഡ് സമയത്ത് വിജയ് ചിത്രത്തിനായി തമിഴ്നാട്ടിലെ തിയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതും വിവാദമായിരുന്നു. പിന്നീട് കോടതി ഇടപെട്ട് ഇത് 50 ശതമാനമായി കുറച്ചു. വിവാദങ്ങളും ഏറ്റവും ഒടുവിൽ റിലീസിന് ഒരു ദിവസം ശേഷിക്കെ പടത്തിലെ ഒരു മണിക്കൂറോളം വരുന്ന ദൃശ്യങ്ങൾ ചോർന്നതും ഒന്നും മാസ്റ്ററിന്റെ ആവേശം കുറച്ചില്ല. 

master-1
വിജയ് ചിത്രമായ മാസ്റ്ററിന്റെ പുല്ര‍ച്ചെ 5 മണിക്കുള്ള ആദ്യ ഷോ ആരംഭിച്ചപ്പോള്‍. മധുര സിനിപ്രിയ തീയറ്ററില്‍ നിന്നുള്ള കാഴ്ച. ചിത്രം: റെജു അര്‍നോള്‍ഡ്∙ മനോരമ

പടത്തിന്റെ തുടക്കത്തിൽ വിജയ്‌യുടെ സൂപ്പർ മാസ് എൻട്രി പ്രതീക്ഷിച്ചിരുന്നപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് വിജയ് സേതുപതി അവതരിപ്പിച്ച വില്ലൻ ഭവാനി എന്ന കഥാപാത്രത്തിന്റെ കഥയാണ്. ചെറുപ്പത്തിലെ ദുർഗുണ പരിഹാര പാഠശാലയിലെത്തുന്ന ഭവാനി അവിടെ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത് മുതൽ ദയയും കരുണയും ലവലേശമില്ലാത്ത വില്ലനിലേക്കുള്ള വളർച്ചയും ഞെട്ടലോടെ പ്രേക്ഷകനിലേക്ക് എത്തുന്നു. ഭവാനിയെന്ന കഥാപാത്രത്തിന്റെ ആകാശം മുട്ടുന്ന ഉയർച്ചയിൽ ഞെട്ടിയിരിക്കുന്ന കാണികളിലേക്ക് ആവേശവും ആഘോഷവും നിറച്ച് ഒരു ഉത്സവാന്തരീക്ഷത്തിലാണ് വിജയുടെ ജെഡി മാസ്റ്റർ എത്തുന്നത്. വാത്തി സോങ്ങും ആവിഷ്കാരവും അനിരുദ്ധിന്റെ കിടിലൻ ബീറ്റും തിയേറ്ററിൽ എഴുന്നേ‍ൽപ്പിച്ച് ഡാൻസ് കളിപ്പിക്കാൻ പ്രാപ്തം. പിന്നീടങ്ങോട്ട് ജെഡിയുടെ അഴിഞ്ഞാട്ടമാണ്. കോളജിലെ എല്ലാ സീനുകളും അത്രയ്ക്ക് മനോഹരമാണ്. പിന്നീട് ചില സാഹചര്യങ്ങൾ കാരണം ദുർഗുണ പരിഹാര പാഠശാലയിലെ അധ്യാപകനായി ജെഡിക്ക് പോകേണ്ടിവരുന്നതും ഭവാനിയെന്ന വില്ലനുമായുള്ള കൊമ്പുകോർക്കലുമാണ്. ഒരു മരണമാസ് ഇന്റർവെൽ പഞ്ചും സംവിധായകൻ ഒരുക്കി വച്ചിട്ടുണ്ട്.

വിജയ് ചിത്രമെന്ന ലേബലിൽ എത്തിയ പടം വിജയ് സേതുപതി എന്ന വില്ലന്റെ ഷോ ആകുന്ന കാഴ്ചയാണ് മാസ്റ്റർ. അയാൾ സ്ക്രീനിൽ വരുന്ന സീനുകളെല്ലാം തന്റെ പ്രകടനം കൊണ്ട് മക്കൾ സെൽവൻ തൂത്തുവാരി. ക്ലൈമാക്സിലെ സംഘട്ടനത്തിൽ നായകൻ ജയിക്കുമ്പോഴും സ്കോർ ചെയ്യുന്നത് വില്ലന്റെ പ്രകടനമാണ്. എന്തുകൊണ്ട് വില്ലൻ വേഷത്തിലേക്ക് വിജയ് സേതുപതിയെ കാസ്റ്റ് ചെയ്തു എന്നതിനുത്തരമാണ് ഭവാനി എന്ന കൊടൂരമാസ് വില്ലന്റെ അവതരണം. വിജയ് സേതുപതിക്ക് മാത്രം പറ്റുന്ന കഥാപാത്രം തമിഴ്സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു വില്ലൻകഥാപാത്രമാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും മനസ്സിലുണ്ടാകുക വില്ലൻ ഭവാനിയുടെ മാനറിസങ്ങളും സീനുകളും തന്നെയാവും.

വിജയ് എന്ന സൂപ്പർസ്റ്റാറിന്റെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രമാണ് ജെഡി. രണ്ട് ഗെറ്റപ്പുകളിലെത്തുന്ന വിജയ് പതിവുപോലെ തന്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് മുന്നിട്ടുനിൽക്കുന്നു. മദ്യപാനിയായി വിജയുടെ മാനറിസങ്ങളും കലക്കനാണ്. മികച്ച അഭിനയ മുഹൂർത്തങ്ങളും വിജയുടേതായി ചിത്രത്തിലുണ്ട്. ഗില്ലി സിനിമയെ ഓർമിപ്പിച്ച വിജയുടെ കബടി സീനുകൾ വൻ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 

കൈതിക്ക് ശേഷം അർജുൻദാസ് ഞെട്ടിച്ച പ്രകടനം പുറത്തെടുക്കുന്നു. ശബ്ദം കൊണ്ട് വേറിട്ടുനിന്ന വില്ലനായി അർജുൻ കസറി.

മാളവിക മോഹൻ,  ആൻഡ്രിയ, ഗൗരി കിഷൻ, ശാന്തനു ഭാഗ്യരാജ്, നാസർ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ടെങ്കിലും വലിയ രീതിയിലൊന്നും ചെയ്യാനില്ലാതെ ഇവരെല്ലാം വന്നുപോകുന്നു. മികച്ച രീതിയിലൊരുക്കിയ ത്രസിപ്പിക്കുന്ന ആറോളം ആക്ഷൻ സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഇന്റർവെൽ , ക്ലൈമാക്സ് ഫൈറ്റുകൾ അടുത്തിടെ ഇറങ്ങി ഏറ്റവും മികച്ചവയാണ്.

ചിത്രത്തിന്റെ ആത്മാവ് അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ത്രില്ലടിപ്പിക്കുന്നതിനും കയ്യടിപ്പിക്കുന്നതിനും അനിരുദ്ധിന് സാധിച്ചു. സത്യൻ സൂര്യന്റെ ക്യാമറ വളരെ മനോഹരമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കുമ്പോൾ ആക്ഷൻ സീനുകളും പ്രത്യേകിച്ച് രാത്രിയിലെ ലോറി ചെയ്സ് സീനുകളും ബെഞ്ച്മാർക്കായി മാറി.

സൂപ്പർസ്റ്റാറിന്റെ ചിത്രം ആകുമ്പോഴും പല സീനുകളിലും ലോഗേഷ് കനകരാജെന്ന സംവിധായകന്റെ ചിത്രമാകാൻ മാസ്റ്ററിനു കഴിയുന്നുണ്ട്. വിജയ് രണ്ടു സ്റ്റെപ് മുകളിലേക്ക് കയറുമ്പോൾ ലോഗേഷ് ഒരു സ്റ്റെപ് താഴേക്ക് ഇറങ്ങിയതായി ഫീലും ചിത്രം നൽകുന്നു. മുൻപ് കൈതിയിൽ ലഭിച്ച ഇടമുറിയാത്ത ത്രില്ലർ സ്വഭാവം മാസ്റ്ററിനില്ല എന്നത് പോരായ്മയായി തോന്നാം. എങ്കിലും വിജയ് എന്ന നടനേക്കാളും ദളപതി എന്ന താരത്തെ ഉപയോഗിച്ച പടം എന്ന രീതിയിൽ മാസ്റ്റർ മേക്കിങ്ങിലും അവതരണത്തിലും നീതി പുലർത്തുന്നു. ഇഴകീറി മുറിച്ച നിരീക്ഷണങ്ങൾക്ക് അപ്പുറം തിയേറ്ററുകളെ ഇളക്കി മറിക്കാൻ കെൽപ്പുള്ള 100% ഫെസ്റ്റിവൽ മൂവിയാണ് മാസ്റ്റർ. ഫാൻസിനാവട്ടെ ഡബിൾട്രീറ്റും!!!    

master-2
വിജയ് ചിത്രമായ മാസ്റ്ററിന്റെ ഫാന്‍ ഷോ കാണുവാനായി മധുര സിനിപ്രിയ തീയറ്ററിനു മുന്നില്‍ പുലര്‍ച്ചെ 4:30 ന് എത്തിയ ആരാധകരുടെ തിരക്ക്. ചിത്രം: റെജു അര്‍നോള്‍ഡ്∙ മനോരമ

തമിഴ്നാട് ഉറങ്ങാത്ത രാത്രി

രാത്രി ഉറങ്ങാതെ തിയേറ്ററിനു മുന്നിലെ കാത്തിരുപ്പ്, പടക്കം പൊട്ടിച്ചും കട്ടൗട്ടുകൾ വച്ചും ദളപതിക്ക് ജയ്‌ വിളിച്ചും നീളുന്ന കാത്തിരുപ്പ്. ഒടുവിൽ സ്ക്രീനിൽ വെള്ളിവെളിച്ചം വീഴുമ്പോൾ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പൊങ്കൽ ഒരു ദിവസം നേരത്തെ എത്തിയ പ്രതീതി. പിന്നീടങ്ങോട്ട് രണ്ടേമുക്കാൽ മണിക്കൂർ ആവേശക്കടലായി മാറി തിയറ്ററിനകം. ദളപതിക്കും മക്കൾസെൽവനും സ്ക്രീനിൽ പൂണ്ടുവിളയാട്ടം തന്നെ നടത്തി. അനിരുദ്ധിന്റെ ആവേശമുയർത്തുന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കിക്കും പാട്ടുകളും മാസ്റ്ററിനെ പൊങ്കൽ മാസ്റ്റർപീസ് ആക്കി ഉയർത്തുന്നു.

മഴയിൽ മുങ്ങിനിന്ന പ്രഭാതത്തിൽ രാവിലെ 4 മണിക്ക് ആരംഭിച്ച ആദ്യ പ്രദർശനത്തിൽ ആരാധകരുടെ ആവേശം അണപൊട്ടി. ഒരു വർഷത്തോളം നീണ്ട കാത്തിരുപ്പാണ് മാസ്റ്ററിനായി ഫാൻസ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് മൂലം നീണ്ടുപോയി ഒടുവിൽ ഇന്ന് പുലർച്ചെ മാസ്റ്റർ ക്ലാസ് തുടങ്ങുയപ്പോൾ കൂടെ ഉണർന്നത് സിനിമാ വ്യവസായമെന്ന വലിയൊരു വിഭാഗം കൂടിയാണ്. പൊങ്കലിനു ഒരു ദിവസം മുൻപേ മറ്റൊരു പൊങ്കലിനുള്ള ഒരുക്കമായിരുന്നു തമിഴ്നാട്ടിലെ തിയേറ്ററുകളിൽ. വഴിനീളെ കട്ടൗട്ടുകളും പോസ്റ്ററുകളും നിരന്നിട്ടുണ്ട്. ആദ്യ ഷോയുടെ ടിക്കറ്റിന് രണ്ടായിരം രൂപവരെയായിരുന്നു ചാർജ്. 50 ശതമാനം ഒക്യുപെൻസി എന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ഷോയ്ക്ക് 150 ശതമാനമായിരുന്നു ഒക്യുപെൻസി. സ്റ്റെപ്പിലും തറയിലും ഇരുന്നും വശങ്ങളിൽ നിന്നും ഫാൻസ് ദളപതി ദർശനം നടത്തി. പടം കഴിഞ്ഞിറങ്ങുമ്പോഴേക്കും തിയേറ്റർ മുറ്റമാകെ തൃശൂർ പൂരം പേലെ നിറഞ്ഞിരുന്നു. ഏങ്ങും ഉറക്കെ കേൾക്കുന്നത് ഒരു കാര്യം മാത്രം– ഇത് വന്ത് മാസ്റ്റർ പൊങ്കൽ! 

English Summary: Vijay Master movie review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA