ADVERTISEMENT

‘വെള്ളമടിച്ചാൽ വയറ്റില്‍ കിടക്കണം’ പൊതുവെ മദ്യപാനികൾക്ക് കൊടുക്കാറുള്ളൊരു ഉപദേശമാണിത്. വെള്ളമടിച്ചാൽ ‘വയറ്റത്ത്’ മാത്രമല്ല പാടത്തും പറമ്പിലും എന്നുവേണ്ട എവിടെ വേണമെങ്കിലും കയറികിടക്കുന്നയാളാണ് മുരളി. മദ്യപിച്ചാൽ നാട്ടുകാർക്കും വീട്ടുകാർക്കും ‘വലിയ’ ഉപദ്രവുമൊന്നും ചെയ്യാത്ത, സ്വന്തം ജീവിതം നശിപ്പിച്ചു മുന്നോട്ടുപോകുന്ന ഇൗ യുവാവിന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘വെള്ളം’ പറയുന്നത്. 

 

എല്ലാ ദിവസം ‘വെള്ള’ത്തിലാണെങ്കിലും മുരളി ആളൊരു ഉപദ്രവകാരിയുമൊന്നുമല്ല, നാട്ടുകാർക്ക് എന്തു സഹായത്തിനും മുരളി മുന്നിൽ കാണും. എന്നാൽ നാളുകൾ ചെല്ലുന്തോറും മദ്യം മുരളിയുടെ ശരീരത്തെ മാത്രമല്ല മനോനിലയെയും കാർന്നു തുടങ്ങി. ഒരിറ്റു മദ്യത്തിനു വേണ്ടി സ്വന്തം മകള്‍ പഠിക്കുന്ന മേശ തന്നെ വിൽക്കുന്ന അവസ്ഥയിലേക്ക് മുരളി എത്തി. അവസാനം മുരളിയെ പേടിച്ച് വീട്ടിലെ മേശയ്ക്കു വരെ പൂട്ടിടേണ്ട സ്ഥിതിയിലെത്തി കാര്യങ്ങൾ. 

 

vellam-movie-review-2

പതിയെ പതിയെ മുരളിയെ ബന്ധുക്കൾക്കും നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവനായി മാറി. പിന്നീട് മുരളിക്കു നേരിടേണ്ടി വരുന്നത് ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളുമാണ്. മദ്യം തന്നെ നാശത്തിലെത്തിക്കുമെന്ന് മുരളി തിരിച്ചറിയുന്നുണ്ടെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ അയാൾക്കാകുന്നില്ല. ജീവിതത്തിൽ മുരളി രക്ഷപ്പെടുമോ? അതോ അയാൾ ജീവിതം വെറുത്ത് ആത്മഹത്യ ചെയ്യുമോ ? ആ ഉത്തരങ്ങളടങ്ങിയ യാത്രയാണ് ‘വെള്ളം’.

vellam-movie-review-3

 

മദ്യപാനികളുടെ ജീവിതം പല കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ കണ്ടവരാണ് മലയാളി പ്രേക്ഷകർ. എന്നാൽ ജീവിതത്തോട് ഇത്ര അടുത്ത് നിൽക്കുന്ന കാഴ്ചക്കാരന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ സത്യസന്ധമായി ആവിഷ്കരിക്കപ്പെട്ട ഒരു കുടിയന്‍ കഥാപാത്രം ഇതാദ്യമാകും. അത്രമേൽ പ്രേക്ഷകമനസ്സുകളെ മുരളി സ്വാധീനിക്കും. നമുക്കിടയിലൊരാളായി മുരളി രണ്ടു മണിക്കൂറിൽ മാറും. 

 

ജയസൂര്യ, സംയുക്ത മേനോൻ, സിദ്ദിഖ്, ബാബു അന്നൂര്‍, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിര്‍മല്‍ പാലാഴി, ഇന്ദ്രന്‍സ്, ഉണ്ണിരാജ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അഭിനേതാക്കളുടെ പ്രകടനം തന്നൊണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബിജിപാലിന്റെ സംഗീതം ചിത്രത്തോട് ചേർന്നുനിൽക്കുന്നു. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണവും സിനിമയോടു നീതി പുലർത്തി. ബിജിത് ബാലയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. 

 

ഒരു യഥാർഥ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകനെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്. 300 ദിവസത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രം ഒരു തരത്തിലും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നതല്ല. മലയാള സിനിമയുടെ മികവിന്റെ മറ്റൊരു പര്യായമായി വിലയിരുത്താവുന്ന ചിത്രം ജനപ്രീതിയിലും മുന്നിലെത്താനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com