ADVERTISEMENT

കോവിഡ് കാലത്ത്, നിയന്ത്രണങ്ങൾക്ക് വിധേയമായി കാലിഫോർണിയയിൽ ചിത്രീകരിച്ച ഇംഗ്ലീഷ് ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രാമയാണ് മാൽക്കം ആൻഡ് മെറി. അമേരിക്കൻ സംവിധായകൻ സാം ലെവിൻസൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രണ്ടു കഥാപാത്രങ്ങൾ മാത്രമേയുള്ളു, മാൽക്കവും മെറിയും. മാൽക്കമായി ജോൺ ഡേവിഡ് വാഷിങ്ടണും മെറിയായി സെൻഡയയും എത്തുന്നു. ചിത്രം 5ന് നെറ്റ്ഫ്ലിക്സിൽ റിലീസായി. കോവിഡ് കാലത്ത് സിനിമാ ചിത്രീകരണം നിലച്ചുപോയ സമയത്ത് വളരെ തുച്ഛമായ ചെലവിൽ ഒരു വീടിനുള്ളിൽ മാത്രമായി, രണ്ടാഴ്ചകൊണ്ട് ചിത്രീകരിച്ച സിനിമയാണ് മാൽക്കം ആൻഡ് മെറി. 

സിനിമ തുടങ്ങുന്നത് പാതിയിലാണ്, അവസാനിക്കുന്നതും. മാൽക്കം എന്ന സംവിധായകൻ തന്റെ ‘ഇമാനി’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം കാമുകിയായ മെറിയോടൊപ്പം വീട്ടിലെത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. എല്ലാവരും മികച്ചത് എന്ന് അഭിനന്ദിച്ച ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ മാൽക്കം പക്ഷേ കാമുകിക്ക് നന്ദി പറയാൻ മറന്നുപോയി. ഒരു രാത്രി നീണ്ട കുറ്റപ്പെടുത്തലിന്റെ, നെടുനീളൻ ഡയലോഗുകളുടെ, വിഴുപ്പലക്കലിന്റെ ആകെത്തുകയാണ് ചിത്രം. രണ്ട് അഭിനേതാക്കളും മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടുണ്ടെങ്കിലും കഥയിലെ കഥയില്ലായ്മയും, ഡയലോഗുകളിലെ അതി നാടകീയതയും ചിത്രത്തെ കൊന്നുകളഞ്ഞു. കടുത്ത വംശജനായ സംവിധായകനായിട്ട് മാത്രമാണ് തന്നെ വിമർശകർ കാണുന്നതെന്നും എല്ലാത്തിലും പൊളിറ്റിക്സ് കാണുന്നത് എന്തിനെന്നും ചോദിക്കുന്ന മാൽക്കം, സാം ലെവിൻസണിന്റെ തന്നെ അഭിപ്രായങ്ങൾ ചിത്രത്തിലുടനീളം ശ്വാസമടക്കാതെ പറഞ്ഞു തീർക്കുന്നതായി കാണികൾക്കു തോന്നുന്നത് യാദൃച്ഛികമല്ല. 

ചിത്രത്തിന്റെ കഥയ്ക്ക് പല ലെയറുകളുണ്ട്. അഗാധമായ പ്രണയത്തിനിടെയിൽ പങ്കാളി തനിക്ക് വിലതരുന്നില്ലെന്നും, തന്നെ ആസ്പദമാക്കി എടുത്ത ചിത്രത്തിൽ തനിക്ക് നന്ദി പറയാൻ മറന്നത് യഥാർഥത്തിൽ വെറും മറവിയല്ലെന്നും വിലപിക്കുന്ന മെറി പക്ഷേ ഇടയ്ക്കിടയ്ക്ക് പ്രണയത്തിലേക്കും ദേഷ്യത്തിലേക്കും സങ്കടത്തിലേക്കും വഴുതി വീഴുന്നുണ്ട്. ഒരാൾ പ്രണയിക്കുന്നു എന്നറിഞ്ഞാൽ പിന്നെ അയാളെ നഷ്ടപ്പെടുന്ന നിമിഷം വരെ തിരിഞ്ഞു നോക്കാത്തതാണ് മനുഷ്യരുടെ സ്വഭാവമെന്ന് മെറി പറയുന്നു. 

mery

മാൽക്കം തന്റെ സിനിമയുടെ വിജയം തീർത്ത മായികലഹരിയിൽ മുങ്ങി നിൽക്കുകയായിരുന്നു. അവിടെനിന്ന് ദുഃഖത്തിലേക്കും പ്രണയത്തിലേക്കും പൊട്ടിക്കരച്ചിലിലേക്കും ചുരുങ്ങുന്നതും അതിനിടയിൽ അവ്യക്തമായ കഥപറച്ചിലും കാണാം. വെളുത്ത വംശജയായ വിമർശക തന്റെ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം എഴുതിയപ്പോഴും എന്തിനാണ് അവർ‌ തന്നെ കറുത്ത വർഗക്കാരനായ സംവിധായകനായി കാണുന്നത് എന്നു ചോദിക്കുന്ന മാൽക്കം അവരെക്കുറിച്ച് വളരെ മോശമായ ഭാഷയിൽ സംസാരിക്കുന്നുണ്ട്. ഇത്തരത്തിൽ പലകാര്യങ്ങൾ പലയിടത്തായി സിനിമയിൽ പറയുന്നുണ്ടെങ്കിലും സിനിമ ഒന്നുമല്ലാത്തിടത്താണ് അവസാനിക്കുന്നത്. 

സിനിമ ബ്ലാക്ക് ആൽഡ് വൈറ്റ് ആണ്. എന്നാൽ അതുകൊണ്ടുണ്ടായ മെച്ചമെന്തെന്ന് വ്യക്തമല്ല. കഥയ്ക്കോ സിനിമയ്ക്കോ അതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടായതായി തോന്നുന്നില്ല. ചിത്രത്തിലെ ജാസ് സംഗീതവും ഗാനങ്ങളും മികച്ചത് തന്നെയാണ്. 1966ൽ പുറത്തിറങ്ങിയ ‘ഹു ഇസ് അഫ്റൈഡ് ഓഫ് വെർജീനിയ വൂൾഫ്’ പോലൊരു ഡാർക്ക് കോമഡി എടുക്കാനാണ് സംവിധായകൻ ശ്രമിച്ചതെന്ന് തോന്നുന്നു പക്ഷേ ചിത്രം നാടകീയ ഡയലോഗുകളുടെ അതിപ്രസരത്തിൽ ഒന്നുമല്ലാതായി പോകുകയാണ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com