ADVERTISEMENT

ഒരു മികച്ച സിനിമയെടുക്കുന്നതിനെക്കാളും ശ്രമകരമാണ് അതിനൊരു രണ്ടാം പതിപ്പൊരുക്കുക എന്നത്. പ്രമുഖരായ പലരും അക്കാര്യത്തിൽ പരാജയപ്പെട്ടത് പ്രേക്ഷകർക്ക് മുൻപിലുണ്ട്. എന്നാൽ ദൃശ്യവും സംവിധായകൻ ജീത്തു ജോസഫും അക്കാര്യത്തിൽ ഒരു അപവാദമാണെന്ന് തെളിയിക്കുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം. പ്രേക്ഷകർക്ക് മനഃപാഠമായ കഥാപരിസരങ്ങളെയും കഥയെയും വീണ്ടുമൊരു സസ്പെൻസിന്റെ ചരടിലേക്ക് പിടിച്ചു കെട്ടാൻ ജീത്തു ജോസഫ് കാണിച്ച ബില്ല്യൻസാണ് ദൃശ്യം 2 നൽകുന്ന സിനിമാറ്റിക് കിക്ക്. അതിനൊപ്പം ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ സ്വാഭാവിക വളർച്ചയെ അതിഗംഭീരമായി അവതരിപ്പിച്ച് മോഹൻലാലും പ്രേക്ഷകർക്കു മുൻപിൽ വിസ്മയമാകുന്നു. സത്യൻ അന്തിക്കാടിന്റെ വരികൾ കടമെടുത്തു പറഞ്ഞാൽ, ദൃശ്യം 2ന്റെ നായകൻ തിരക്കഥയാണെങ്കിലും നല്ല നടൻ ഇപ്പോഴും മോഹൻലാലിന്റെ ജോർജ്ജുകുട്ടി തന്നെയാണ്. 

drishyam-2-movie

പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ആ ഓഗസ്റ്റ് നാലിന് പുലർച്ചെ നടന്ന ഒരു സംഭവം കാണിച്ചുകൊണ്ടാണ് ദൃശ്യം 2–വിന്റെ കാഴ്ചകൾ തുടങ്ങുന്നത്. സ്വന്തം ഭാര്യയോടു പോലും പങ്കുവയ്ക്കാൻ കഴിയാത്ത ആ രഹസ്യം മനസിലൊളിപ്പിച്ച് ജോർജ്ജുകുട്ടി എങ്ങനെയാകും ഈ വർഷങ്ങൾ ജീവിച്ചിരിക്കുക? ആ സംഭവത്തിന്റെ ആഘാതം എങ്ങനെയാകും അയാളുടെ ഭാര്യയും മക്കളും നേരിട്ടു കാണുക? സ്വന്തം വീടിന്റെ ചുവരിനു പോലും ചെവികളുള്ള ഈ കാലത്തെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടാണ് ജീത്തു ജോസഫ് ജോർജ്ജുകുട്ടിയുടെ ആറു വർഷങ്ങൾക്കു ശേഷമുള്ള ജീവിതം പറഞ്ഞു തുടങ്ങുന്നത്. 

കാഴ്ചയിൽ മാത്രമല്ല, സ്വഭാവത്തിലും ജോർജ്ജുകുട്ടി ആളാകെ മാറിയിട്ടുണ്ട്. രണ്ടേക്കർ സ്ഥലം വിറ്റ് ആ പണം കൊണ്ട് റാണിയുടെ പേരിൽ തിയറ്റർ തുടങ്ങുകയും സിനിമ പിടിക്കാൻ നടക്കുകയും ചെയ്യുന്ന ജോർജ്ജുകുട്ടിക്ക് ചില പുതിയ ശീലങ്ങളും തുടങ്ങിയിട്ടുണ്ട്, മദ്യപാനം. ജോർജ്ജുകുട്ടിയുടെ സാമ്പത്തിക വളർച്ചയിൽ സ്വാഭാവികമായും അസ്വസ്ഥരായ നാട്ടുകാർക്ക് അയാളോടുള്ള സഹതാപത്തിന് മാറ്റം വന്നിരിക്കുന്നു. ജോർജ്ജുകുട്ടി തന്നെയാണ് വരുണിനെ കൊന്നതെന്ന കാര്യം നാട്ടുചർച്ചകളിൽ ഇപ്പോഴും സജീവം. അപ്പോഴും ആ ചോദ്യം ബാക്കി. വരുണിന്റെ മൃതദേഹം എവിടെ? പ്രേക്ഷകർക്ക് അറിയാവുന്ന ആ 'രഹസ്യം' സിനിമയിലെ കഥാപാത്രങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ചങ്കിടിപ്പാണ് ചിത്രത്തിന്റെ ആദ്യമണിക്കൂറിനെ മുന്നോട്ടു കൊണ്ടു പോകുന്നത്. 

drishyam-2-still

നാട്ടുകാർ മാത്രമല്ല പൊലീസും ഈ കേസിന്റെ പിന്നിലാണെന്ന കാര്യം സിനിമയുടെ സ്വാഭാവിക പരിണതിയിൽ വെളിപ്പെടുന്നതോടെ സിനിമയുടെ അതിശയകരമായ തുടർച്ചയ്ക്ക് തുടക്കമാവുകയാണ്. പിന്നീടങ്ങോട്ടുള്ള സിനിമയുടെ പോക്ക് പെട്ടെന്നൊന്നും പ്രേക്ഷകർക്ക് പിടി തരുന്നതല്ല. ഓഗസ്റ്റ് 2ന് ജോർജ്ജു കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയ കാര്യം നാട്ടുകാരുടെ മനസിലേക്ക് ഒരു ദൃശ്യമായി ഉറപ്പിച്ചെടുത്തതു സിനിമയുടെ ആദ്യ ഭാഗത്തിൽ നിർണായകമായതുപോലെയല്ല രണ്ടാം ഭാഗത്തെത്തുമ്പോൾ സംഭവിക്കുന്നത്. ജോർജ്ജുകുട്ടിയെ കുടുക്കാൻ പൊലീസ് നടത്തുന്ന ഇടപെടലുകളും അതിന്റെ തുടർച്ചയായി അയാളുടെ കുടുംബം കൂടുതൽ പ്രതിരോധത്തിൽ ആകുകയും ചെയ്യുന്നിടത്തു നിന്ന് പുതിയ സസ്പെൻസുകളിലേക്ക് സിനിമയുടെ ഗതി മാറും. അതിശയിപ്പിക്കുന്ന ക്ലൈമാക്സിലേക്കാണ് അത് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. 

തീർച്ചയായും ജീത്തു ജോസഫിന്റെ ബ്രില്യന്റ് തിരക്കഥ തന്നെയാണ് ദൃശ്യം 2ന്റെ നട്ടെല്ല്. പരിമിതമായ സൗകര്യങ്ങളും ആർടിസ്റ്റുകളെയും വച്ച് കോവിഡുകാലത്ത് അതിഗംഭീര സിനിമ ഒരുക്കുക എന്നത് തീർച്ചയായും കയ്യടി അർഹിക്കുന്ന കാര്യമാണ്. അതിൽ ചലച്ചിത്രകാരൻ എന്ന നിലയിൽ പ്രതിഭയുടെ കയ്യൊപ്പു കൂടി പതിപ്പിച്ചാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ പ്രേക്ഷകരിലേക്ക് ജീത്തു ജോസഫ് എത്തിക്കുന്നത്. ഒരു കൊലപാതകമോ രക്തച്ചൊരിച്ചലോ സംഘട്ടനമോ ഇല്ലാതെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയൊരുക്കാൻ അസാമാന്യ പ്രതിഭ തന്നെ വേണം. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ആ പ്രതിഭ തന്നിലുണ്ടെന്ന് ജീത്തു ജോസഫ് ഒരിക്കൽക്കൂടി തെളിയിച്ചു. 

ഈ ചിത്രത്തിലൂടെ ജോർജ്ജുകുട്ടി എന്ന സാധാരണക്കാരനെ മലയാള സിനിമയിലെ ഒരു ക്ലാസിക് കഥാപാത്രമായി രൂപാന്തരപ്പെടുത്തുകയാണ് മോഹൻലാൽ എന്ന മഹാനടൻ. സൂപ്പർതാരത്തിന്റെ അംഗവിക്ഷേപങ്ങളില്ലാതെ സൂക്ഷ്മമായ ചലനങ്ങളിലൂടെ ആ ക്ലാസ് അദ്ദേഹം പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടിന് പാറേപ്പള്ളിയിൽ ധ്യാനത്തിനു പോയ കഥ വീണ്ടും ചോദ്യം ചെയ്യലിനെത്തുന്ന ജോർജ്ജുകുട്ടി ആവർത്തിക്കുമ്പോൾ മുഖമടിച്ചൊന്നു കൊടുക്കുന്നുണ്ട് ആശാ ശരത് അവതരിപ്പിച്ച മുൻ ഐജി ഗീത പ്രഭാകറിന്റെ കഥാപാത്രം. ആ കരണത്തടിക്ക് നിന്നു കൊടുക്കാൻ മോഹൻലാലിലെ സൂപ്പർതാരം മടിക്കുന്നില്ല. അതുകൊണ്ടു കൂടിയാണ് ജോർജ്ജുകുട്ടി ക്ലാസ് ആകുന്നതും റിയലിസ്റ്റിക് ആകുന്നതും. 

സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പ്രത്യേക്ഷപ്പെടുന്ന ഒരു കഥാപാത്രം പോലും അനാവശ്യമായി വന്നു പോകുന്നവരല്ല. എല്ലാവർക്കും വ്യക്തമായ റോളുകൾ കഥാഗതിയിലുണ്ട്. അവരെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കൊലപാതകത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് തിരിച്ചെത്തുന്ന ജോസ് (അജിത്ത് കൂത്താട്ടുകുളം), സായ്കുമാറിന്റെ വിനയചന്ദ്രൻ എന്ന തിരക്കഥാകൃത്ത്, ജോർജ്ജുകുട്ടിയുടെ അയൽക്കാരായി എത്തുന്ന സരിതയും (അഞ്ജലി നായർ) സാബുവും (സുമേഷ് ചന്ദ്രൻ) വരുണിന്റെ അച്ഛൻ പ്രഭാകർ ആയെത്തിയ സിദ്ദിഖ്, അന്വേഷണ ഉദ്യോഗസ്ഥരായെത്തുന്ന മുരളി ഗോപി, ഗണേഷ് കുമാർ എന്നിങ്ങനെ ഒരോരുത്തരും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. എന്നാൽ കലാഭാവൻ ഷാജോണിന്റെ കോൺസ്റ്റബിൾ സഹദേവനെ പ്രേക്ഷകർക്ക് മിസ് ചെയ്തെന്ന കാര്യത്തിൽ തർക്കമില്ല. 

സിനിമയുടെ സാങ്കേതിവിഭാഗത്തിന്റെ മികവും എടുത്തു പറയേണ്ടതാണ്. കഥ പറച്ചിലിലേക്ക് പ്രേക്ഷകരെ പിടിച്ചിരിത്തും വിധമാണ് ക്യാമറയും എഡിറ്റിങ്ങും. ആദ്യ ഭാഗത്തിന്റെ ഒഴുക്ക് അതുപോലെ അനുഭവിപ്പിക്കാൻ ക്യാമറ ചെയ്ത് സതീഷ് കുറിപ്പിനും എഡിറ്റിങ് നിർവഹിച്ച വി.എസ് വിനായകിനും കഴിഞ്ഞിട്ടുണ്ട്. കഥ പറച്ചിലിലെ ലാളിത്യത്തെയും കഥയിലെ സങ്കീർണതയെയും ഒഴുക്കോടെ പകർത്തിയിട്ടുണ്ട് സതീഷ് കുറുപ്പിന്റെ ക്യാമറ. സംവിധായകന്റെ മനസെത്തുന്നിടത്ത് ദൃശ്യങ്ങളെ കൃത്യമായി ചേർത്തു വച്ച വിനായകിന്റെ കട്ടുകൾ സിനിമയുടെ സസ്പെൻസിലേക്ക് പ്രേക്ഷകരുടെ ഹൃദയമിടിപ്പേറ്റുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അനിൽ ജോൺസൺന്റെ പശ്ചാത്തല സംഗീതം സിനിമയിൽ നിന്ന് ഒരു നിമിഷം പോലും വേറിട്ടു നിന്നില്ല. അതുപോലെ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ. കൃത്യമായി കഥയെ മുന്നോട്ടു കൊണ്ടുപോകുന്നിടത്തു വന്ന പാട്ടുകൾ ജോർജ്ജുകുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥകളെ അതിന്റെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. 

സിനിമയുടെ ഒരു നിർണായക ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ ചേംബറിൽ വിളിച്ചു വരുത്തി ജഡ്ജ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്തൊരു മനുഷ്യനാണ് ഈ ജോർജ്ജുകുട്ടി എന്ന്! സിനിമ കണ്ടു കഴിയുമ്പോൾ ഏകദേശം സമാനമായ ഫീലിങ് ആകും പ്രേക്ഷകരുടെ മനസിലും അവശേഷിക്കുക. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ജോർജ്ജുകുട്ടി ഒരുക്കിയ തിരക്കഥയിൽ ഇനിയും പഴുതുകളുണ്ടാകുമോ? ജോർജ്ജുകുട്ടി പറയുന്നതു പോലെ ഭാഗ്യവും ദൈവാനുഗ്രഹവും നായകനെ തുണയ്ക്കുമോ? ആ ചാൻസ് ആണ് സിനിമയിൽ ജോർജ്ജുകുട്ടി എടുക്കുന്നത്. എന്നാൽ, അതിലെ പഴുതുകളിലേക്ക് അന്വേഷിച്ചു ചെല്ലാനുള്ള ഒരു കൗതുകം സിനിമയുടെ ക്ലൈമാക്സ് ബാക്കിയാക്കുന്നുണ്ട്.  പ്രേക്ഷകരുടെ അത്തരം അന്വേഷണങ്ങൾ ഒരു പക്ഷേ, ജോർജ്ജുകുട്ടിയെ വീണ്ടും അവർക്കു മുൻപിൽ എത്തിച്ചേക്കാം, അതിശയിപ്പിക്കുന്ന മറ്റൊരു വഴിത്തിരിവുമായി! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com