ADVERTISEMENT

നമ്മുടെ രാജ്യത്ത് അടുത്തിടെയായി നടന്ന സങ്കീർണവും സംഘർഷഭരിതവുമായ സമകാലിക പ്രശ്നങ്ങളുടെ നേർക്കു നീളുന്ന ചൂണ്ടുവിരലാണ് ‘വർത്തമാനം’ എന്ന പുതിയ ചിത്രം. ചോര പൊഴിക്കാതെയും സംഘട്ടനങ്ങൾ നടത്താതെയും സാമൂഹിക–രാഷ്ട്രീയ പ്രശ്നങ്ങളെ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ ആര്യാടൻ ഷൗക്കത്തിന്റെ തിരക്കഥയിൽ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സിനമയ്ക്ക് സാധിച്ചിരിക്കുന്നു.

 

കേരളത്തിൽ നിന്നും ഡൽഹിയിലെ സർവകലാശാലയിലേക്ക് ഗവേഷണ വിദ്യാർഥിയായി എത്തുന്ന ഫൈസ സൂഫിയ (പാർവതി തിരുവോത്ത്) എന്ന കഥാപാത്രത്തിലൂടെയാണ് വർത്തമാനം ആരംഭിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി അബ്ദുൾ റഹ്മാനാണ് ഗവേഷണ വിഷയം. ഗൈഡ് ആയ പ്രൊഫസർ സതീഷ് പൊതുവാൾ (സിദ്ദീഖ്) ഫൈസയ്ക്ക് ഹാർദ്ദമായ സ്വാഗതമാണ് നൽകുന്നത്. എന്നാൽ നിരവധി െവല്ലുവിളികളാണ് ഫൈസയെ ക്യാംപസില്‍ കാത്തിരുന്നത്.

 

ഗവേഷണമെന്ന സ്വപ്ന സാക്ഷാത്കാരമായിരുന്നു ഫൈസയുടെ ലക്ഷ്യം. സ്വതന്ത്രവും സർഗാത്മകവുമായ ഇടം എന്നു കരുതിയ യൂണിവേഴ്സിറ്റി പോലും അസഹിഷ്ണുതയുടെയും വിവേചനത്തിന്റെയും കേന്ദ്രമായിരിക്കുന്നു എന്ന തിരിച്ചറിവ് ഫൈസയെ അസ്വസ്ഥയാക്കുന്നു. ചുറ്റിലും നടക്കുന്ന അനീതികൾ അവളുടെ നിശബ്ദതയെ ഉടയ്ക്കുന്നു.  വിദ്യാർഥി സംഘടന നേതാക്കളുമായുള്ള സൗഹൃദം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിലേക്ക് ഫൈസയെ എത്തിക്കുന്നു. എന്നാൽ എതിർ ശബ്ദങ്ങൾ ദേശവിരുദ്ധതയായി വ്യാഖ്യാനിക്കുന്ന, മറുചോദ്യങ്ങളെ ഇല്ലാതാക്കാൻ വ്യവസ്ഥിതി ഏതു മാർഗവും സ്വീകരിക്കുന്ന അന്തരീക്ഷത്തിൽ ഫൈസയുടെ നിലനിൽപ് ഒരു ചോദ്യചിഹ്നമായി മാറുന്നു.

 

ദളിത്–ന്യൂനപക്ഷ പീഡനം, പശുവിന്റെ പേരിലുള്ള കൊലപാതം, ആൾക്കൂട്ട ആക്രമണങ്ങൾ, എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൊലപാതകം, നിയമങ്ങളുടെ ദുരുപയോഗം, വിദ്യാഭ്യാസ മേഖലയിലെ വിവേചനം, കലയും സർഗാത്മകതയും തടവിലാക്കാനും നിയന്ത്രിക്കാനും ഉള്ള ശ്രമങ്ങൾ എന്നിങ്ങനെ നീളുന്നു വർത്തമാനം ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾ. സമൂഹത്തിന്റെ നിശബ്ദതയെ ചോദ്യം ചെയ്താണ് സിനിമ അവസാനിക്കുന്നത്.

 

സിനിമയിലെ സംഘർഷങ്ങളുടെ ഇടയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ സിനിമ വിജയിക്കുന്നു. കഥാപാത്രങ്ങളുടെ ആത്മസംഘർഷത്തിന്റെയും വേദനയുടെയും ഭാഗമാക്കി പ്രേക്ഷകരെ ചേർത്തുനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ശക്തവും വ്യക്തവുമായ നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്യുന്നുമില്ല. ശക്തമായ തിരക്കഥ ഉണ്ടെങ്കിൽ മികച്ച സിനിമ ഒരുക്കാൻ പരിമിതികളില്ല എന്നു സിദ്ധാർഥ് ശിവ കാണിച്ചു തരുന്നു. 

അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ മികവും അഭിനന്ദനീയമാണ്. പാര്‍വതി, സിദ്ദീഖ്, റോഷൻ മാത്യു എന്നിവർക്കൊപ്പം സഞ്ജു ശിവറാം, നിർമൽ പാലാഴി, ഡെയ്ൻ ഡേവിസ്, സിനിമയിൽ തുൾസ, വൈഷ്ണവ്, രോഹൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ക്യാംപസും ഡൽഹിയും  ഉത്തരാഖണ്ഡും മനോഹരമായി ക്യാമറയിൽ പകർത്തിയ അഴകപ്പനും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com