ADVERTISEMENT

ടൊവീനോയെ നായകനാക്കി ഒരുക്കിയ ‘കള’ എന്ന ചിത്രം വേറിട്ട ഒരു പരീക്ഷണാത്മക ആക്‌ഷൻ ത്രില്ലറാണ്. ‘ഫീൽ ബാഡ് ഫിലിം ഓഫ്  ദ് ഇയർ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇതിനെ സാധൂകരിക്കുംവിധം മനുഷ്യന്റെ ഉള്ളിലെ വന്യതകളുടെ തീക്ഷ്ണമായ ആവിഷ്ക്കാരമാണ് ചിത്രം. ഒറ്റവാക്കിൽ നല്ല നാടൻ അടിയുടെ തൃശൂർ പൂരം. ജോൺ വിക്ക് എന്ന ഹോളിവുഡ് ആക്‌ഷൻ ത്രില്ലറിന്റെ കഥാതന്തുവുമായി ചെറിയ സാമ്യമുള്ളതാണ് കളയുടെ കഥ.

kala-review-2

 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കള'.  റിയലിസ്റ്റിക് ആയി ഒരുക്കിയ സംഘട്ടനരംഗങ്ങളും രക്തച്ചൊരിച്ചിലും  പച്ചയായ സംഭാഷണങ്ങളും മൂലം ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 

 

രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ടൊവിനോ, ലാൽ, ദിവ്യ പിള്ള, ആരിഷ്, 18ആം പടി താരം സുമേഷ് മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കള’ ടൊവിനോയുടെ അത്യുഗ്രൻ ആക്‌ഷൻ ചിത്രങ്ങളിലൊന്നാകും എന്നുറപ്പ് . കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സാഹസികമായ സംഘട്ടന രംഗങ്ങളിൽ പോലും ഡ്യൂപ്പില്ലാതെയാണ് ടോവിനോ അഭിനയിച്ചത്. ചിത്രീകരണത്തിനിടെ താരത്തിന് പരുക്കേറ്റത് വാർത്തയായിരുന്നു. 

kala-review-1

 

എന്താണ് കള ? 

 

ധാരാളം കൃഷിയും ഭൂസ്വത്തുമുള്ള കുടുംബമാണ് ഷാജിയുടേത്.  ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയുടെ വീട്ടിൽ ഒരുദിവസം നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഷാജിയുടെ പറമ്പിൽ പണിയെടുക്കാൻ കുറച്ചു തൊഴിലാളികൾ വരുന്നു. അവരിൽ ഒരാൾക്ക് മറ്റൊരു ഉദ്ദേശ്യവുമുണ്ട്. അതെന്താണെന്നും അതിനുള്ള കാരണം  എന്താണെന്നും പിന്നീട് വെളിവാകുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഒരു പ്രതികാരത്തിനുള്ള അരങ്ങ് വീട്ടിലും പറമ്പിലും ഒരുങ്ങുന്നു. ആ ഗോദയിലെ പോരാട്ടമാണ് പിന്നീടുള്ള മുഴുവൻ കഥയും. അയാളുടെ ഉദ്ദേശ്യം നടക്കുമോ ഇല്ലയോ എന്നിടത്ത് ചിത്രം പരിസമാപ്തിയിൽ എത്തുന്നു. മനുഷ്യനും മൃഗവും തമ്മിലുളള ആത്മബന്ധവും, നഷ്ടപ്പെടൽ ഉണ്ടാക്കുന്ന മുറിവുകളും, അതുണക്കാൻ ഏതറ്റം  വരെയും പോകുന്ന  മനുഷ്യമനസ്സിന്റെ സങ്കീർണതകളും ചിത്രം അവതരിപ്പിക്കുന്നു.

 

താരപ്രകടനങ്ങൾ

 

നായകനെയും പ്രതിനായകനെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം മത്സരിച്ച് അഭിനയിക്കുകയായിരുന്നു  ടൊവിനോയും സുമേഷ് മൂറും. ഇരുവരും ചിത്രത്തിനായി എടുത്ത ശാരീരിക അധ്വാനത്തെ കയ്യടിക്കാതെവയ്യ. ചില ഘട്ടങ്ങളിൽ ടോവിനോയെ കവച്ചുവയ്ക്കുന്ന പ്രകടനവും മൂറിൽ കാണാം. സങ്കീർണമായ മനോവ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ അത്ര റിയലിസ്റ്റിക്കായാണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത നിമിഷം എന്തുസംഭവിക്കും എന്നറിയാത്തവിധം,  ആകാംക്ഷാഭരിതമായ ഒരു ഗുസ്തിമത്സരം പോലെയുള്ള സംഘട്ടനമാണ് പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നത്. ലാല്‍, ദിവ്യ പിള്ള തുടങ്ങി മറ്റു അഭിനേതാക്കൾക്ക് വലിയ സ്‌ക്രീൻ സ്‌പേസ് ഇല്ലെങ്കിലും അവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ട്.

 

സാങ്കേതികവശങ്ങൾ

 

സംവിധാനം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, എഡിറ്റിങ് തുടങ്ങിയവയിലെ മികവാണ് ചിത്രത്തിനെ മികച്ച ദൃശ്യാനുഭവമാക്കുന്നത്.  അഖിൽ ജോർജിന്റെ ഛായാഗ്രഹണം,  ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തല സംഗീതം, ചമന്‍ ചാക്കോയുടെ എഡിറ്റിങ് എന്നിവ പ്രത്യേക കയ്യടി അർഹിക്കുന്നുണ്ട്.

 

വാൽക്കഷ്ണം

 

അവതരണത്തിലും മെയ്ക്കിങ്ങിലും പുതുമ പുലർത്തുന്ന ഒരു പരീക്ഷണചിത്രമാണ് കള. വ്യത്യസ്ത സിനിമാനുഭവങ്ങൾ തേടുന്ന പ്രേക്ഷകർക്ക് ധൈര്യമായി പോയിക്കാണാവുന്ന ഒന്ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com