ADVERTISEMENT

വളരെ വർഷങ്ങൾക്ക് മുൻപ് ആരുമറിയാതെ കുഴിച്ചു മൂടപ്പെട്ട ചില കുറ്റകൃത്യങ്ങളിലേക്ക് ആകസ്മികമായി നായകനും കൂട്ടരും നടത്തുന്ന യാത്രയാണ്  നിഴൽ എന്ന ചിത്രം. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്. മികച്ച എഡിറ്റര്‍ എന്ന നിലയില്‍ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ, അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നിഴല്‍. തിരക്കഥ ഒരുക്കിയത് സഞ്ജീവ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്.  സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.  ലവ് ആക്‌ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണിത്.

പ്രമേയം..

ജോൺ ബേബി, ഒരു സിവിൽ കോർട്ടിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ്. അവിവാഹിതൻ. നിലവിൽ അയാൾ ജീവിതത്തിലെ ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇതേസമയം അയാളുടെ സുഹൃത്തായ സൈക്കോളജിസ്റ്റ്, താൻ അറ്റൻഡ് ചെയ്ത ഒരു കുട്ടിയെ അയാൾക്ക് പരിചയപ്പെടുത്തുന്നു. വെറും ആറു വയസ്സുള്ള ആ കുട്ടിക്ക് വിചിത്രവും ദുരൂഹവുമായ ഒരു കഥ പറയാനുണ്ട്. ഒരു ജഡ്ജി എന്ന നിലയിൽ ആ കഥ അയാളിൽ കൗതുകം നിറയ്ക്കുന്നു. പക്ഷേ താമസിയാതെ ആ കഥയിൽ പേടിപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളുണ്ട് എന്നയാൾ തിരിച്ചറിയുന്നു. പതിയെ ജോൺ ആ  കുട്ടിയുമായും അതിന്റെ അമ്മയുമായും അടുക്കുന്നു. ആ കുട്ടി പറഞ്ഞ കഥയിലെ  നിഗൂഢതയുടെ ചുരുളഴിക്കാൻ അവരൊരുമിച്ച് നടത്തുന്ന അന്വേഷണവും യാത്രകളും തിരിച്ചറിവുകളുമാണ് നിഴൽ എന്ന സിനിമ പറയുന്നത്.

ചിത്രത്തിന്റെ ട്രെയിലറിലും പോസ്റ്ററുകളിലും നായകൻ ധരിച്ചിരിക്കുന്ന മുഖംമൂടി പ്രേക്ഷകരിൽ കൗതുകം നിറച്ചിരുന്നു. അതിന്റെ പിന്നിലെ കാരണം തുടക്കത്തിൽത്തന്നെ ചിത്രത്തിൽ വെളിവാകുന്നുണ്ട്.  ഒരു ഘട്ടത്തിൽ ഇത് കുറ്റാന്വേഷണ ചിത്രമാണോ അതോ അതീന്ദ്രിയ സിനിമയാണോ  എന്നൊരു സന്ദേഹത്തിലൂടെ പ്രേക്ഷകൻ കടന്നുപോകും. ഈ ആശയക്കുഴപ്പത്തിനു വിശ്വാസ്യകരമായ മറുപടി നൽകാൻ തുടർന്നുള്ള കഥാഗതിയിൽ ചിത്രത്തിനാകുന്നുണ്ട്. ആദ്യപകുതിയിൽ ഉദ്വേഗം നിറയുന്ന കഥാഗതിയിലൂടെയും വഴിത്തിരിവുകളിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നുണ്ട്. രണ്ടാം പകുതിയിൽ ഗതിവേഗം അൽപം കുറയുന്നുണ്ട്. 

അഭിനയം..

nizhal-nayanthara

ചോക്കലേറ്റ് ഇമേജിൽനിന്നും ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള പ്രതിച്ഛായാമാറ്റത്തിന്റെ വഴിയിലാണ് കുഞ്ചാക്കോ ബോബൻ. അഞ്ചാം പാതിരായ്ക്ക് ശേഷം ഇത്തരത്തിലുള്ള മറ്റൊരു കഥാപാത്രമാണ് നിഴലിലെ ജോൺ ബേബി. നയൻ‌താരയ്ക്ക് ഒരു പരിധിയിൽ കവിഞ്ഞു പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലില്ല, എങ്കിലും രണ്ടാംപകുതിയിലെ  തന്റെ സാന്നിധ്യം കൊണ്ട് നയൻസ് സ്‌കോർ ചെയ്യുന്നു. ഐസിൻ ഹാഷ് എന്ന ബാലനടനാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. ഐസിൻ തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. സൈജു കുറുപ്പ്, റോണി ഡേവിഡ് എന്നിവരും റോ ഭദ്രമാക്കി.

സാങ്കേതികവശങ്ങൾ...

nizhal-trailer

ഒരു നല്ല എഡിറ്റർ സംവിധായകൻ ആയതിന്റെ മിതത്വം ചിത്രത്തിലെ രംഗങ്ങളിലും, മൊത്തം ദൈർഘ്യത്തിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ഒരു ഘട്ടത്തിലും ചിത്രം വിരസതയിലേക്ക് വഴുതിവീഴുന്നില്ല. ചിത്രത്തെ ത്രില്ലിങ് അനുഭവമാക്കുന്നതിൽ മികച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും മികച്ച പിന്തുണ നൽകുന്നുണ്ട്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.   പ്രേക്ഷകനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന ചില രംഗങ്ങളിൽ, ചടുലമായ ഛായാഗ്രഹണവും തീഷ്ണമായ പശ്ചാത്തലസംഗീതം നൽകുന്ന പിന്തുണ വലുതാണ്.

രത്നച്ചുരുക്കം...

പ്രമേയപരമായി (മലയാളസിനിമയിൽ) ഒരു പുതുമയുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. പതിവു മർഡർ മിസ്റ്ററികളിൽ നിന്നും വഴിമാറിയുള്ള അവതരണം കയ്യടി അർഹിക്കുന്നതുതന്നെ. ഒരു തിയറ്റർ അനുഭവം തന്നെയാണ് നിഴൽ എന്ന സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com