ADVERTISEMENT

ഇതിഹാസ തുല്യമായ ചലച്ചിത്ര ജീവിതം സത്യജിത് റായ് ആരംഭിക്കുന്നത് ബംഗാളി സാഹിത്യത്തിലെ ഒരു ക്ലാസിക് കൃതിക്ക് ദൃശ്യ ഭാഷ്യം ചമച്ചുകൊണ്ടാണ്. ‘പഥേര്‍ പാഞ്ചാലി’- ലോക സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നായി അത് മാറി. ബിഭൂതി ബൂഷന്‍ ബന്ദോപാധ്യായയുടെ നോവലിന്‍റെ തുടര്‍ച്ച ‘അപരാജിതോ’ ആയും ‘അപുര്‍ സന്‍സാര്‍’ ആയും തിരശ്ശീലയില്‍ പ്രത്യക്ഷമായി. 

 

പിന്നീട് രബീന്ദ്ര നാഥ ടാഗോറിന്‍റെ ‘നഷ്ട നീഡ്’ (ചാരുലത), ‘ഘരെബൈരെ’ എന്നീ കൃതികള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ റായ് ടാഗോറിന്‍റെ മൂന്നു കഥകളെ ഉപജീവിച്ച് ‘തീന്‍ കന്യ’ എന്ന ആന്തോളജി ചിത്രം കവിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ (1961) സംവിധാനം ചെയ്തു. തന്‍റെ ചലച്ചിത്ര ജീവിതത്തില്‍ നിരവധി തവണ മികച്ച സാഹിത്യ കൃതികള്‍ക്ക് ചലച്ചിത്ര ഭാഷ്യം ചമച്ച റായ്ക്കുള്ള സ്മരണാഞ്ജലിയാണ് അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വര്‍ഷത്തില്‍ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്ന റായിയുടെ ചെറുകഥകളെ ഉപജീവിച്ച് നിര്‍മിച്ച ‘റായ്’ എന്ന സീരീസ്. ഈ സീരീസിന് വേണ്ടി വയാകോം 18 സത്യജിത് റായിയുടെ 12 കഥകളുടെ അവകാശമാണ് നേടിയിരിക്കുന്നത്.  

ray-manoj

 

നാല് കഥകളുടെ ആന്തോളജിയായ ആദ്യ സീസണില്‍ ‘ഫൊര്‍ഗറ്റ് മി നോട്ട്’, ‘ബഹുരൂപിയ’, ‘ഹംഗാമ ഹേ ക്യോന്‍ ബര്‍പ’,’സ്പോട്ട്ലൈറ്റ്’ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറും സറ്റയറും സോഷ്യല്‍ സറ്റയറും ഉള്‍പ്പെടുന്ന ഴാനറുകളിലൂടെ സീസണ്‍ ഒന്ന് പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ തന്‍റെ സിനിമാലോചനകളുടെ വിദൂരമായ ചിന്തയില്‍ പോലുമുണ്ടാകാന്‍ സാധ്യതയില്ലാതിരുന്ന ഒടിടി സങ്കേതത്തില്‍ ഇടം പിടിക്കുകയാണ്  സത്യജിത് റായ് എന്ന മഹാപ്രതിഭ.  

 

ശ്രിജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത് ആഡ്അറ്റ്ടൈംസ് പ്രദര്‍ശിപ്പിക്കുന്ന ‘ഫെലൂദ ഫിറോറ്റ്’ (ചിന്നമാസ്റ്റര്‍ അഭിശപ്) എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് സത്യജിത് റായുടെ രചനയെ അടിസ്ഥാനമാക്കി നിർമിച്ച മറ്റൊരു വെബ് സീരീസ്. 

 

ഫൊര്‍ഗറ്റ് മി നോട്ട് 

ray-3

 

ആത്മാര്‍ത്ഥ പ്രണയത്തിന്‍റെയും പരസ്പരവിശ്വാസത്തിന്‍റെയും ഓര്‍മ്മയുടെയും പ്രതികമാണ് ഫൊര്‍ഗറ്റ് മി നോട്ട് (Forget-me-not)പൂക്കള്‍. കവിത തുളുമ്പുന്ന ഈ പേരിന്‍റെ പ്രതീകാത്മക സൌന്ദര്യം തന്നെയായിരിക്കാം റായ് സീരീസിലെ ആദ്യ എപിസോഡ് ആയ  ‘ഫൊര്‍ഗറ്റ് മി നോട്ടി’നെ ശ്രദ്ധേയമാക്കുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇപ്സിറ്റ് രാമ നായര്‍ എന്ന ആല്‍ഫ മെയിലിന്‍റെ സ്മൃതിനാശത്തിന്‍റെ കഥ പറയുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലറില്‍ ഫൊര്‍ഗറ്റ് മി നോട്ട് പൂക്കള്‍ക്ക് അത്രയേറെ പ്രാധാന്യമുണ്ട്.  ഇപ്സിറ്റിന്‍റെ ഓഫീസ് മുറിയിലെ മേശയെ സ്ഥിരമായി അലങ്കരിക്കുന്നത് അയാള്‍ക്ക് പ്രിയപ്പെട്ട ഫൊര്‍ഗറ്റ് മി നോട്ട് പൂക്കളാണ്. ഇതേ പൂക്കള്‍ കഥയിലെ മറ്റ് രണ്ട് സുപ്രധാന ദൃശ്യങ്ങളിലും കടന്നുവരുന്നത് കാണാം.

 

പ്രശസ്ത ബംഗാളി സംവിധായകനായ ശ്രീജിത്ത് മുഖര്‍ജിയാണ് 65 മിനുട്ടുള്ള ആദ്യ എപിസോഡിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. "നിനക്കവ ഡാറ്റ മാത്രമാണ്, എനിക്കു ഓര്‍മ്മകളും, ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റില്ല അവയെ" അയാളുടെ സ്കൂള്‍കാല സുഹൃത്ത് പാച്ചി എന്ന വട്ടപ്പേരുള്ള അനില്‍ ഇപ്സിറ്റിനോട് പറയുന്നതാണ് ഇത്. ‘ഫൊര്‍ഗറ്റ് മി നോട്ടി’ന്‍റെ കഥയെ ഒറ്റ വരിയായി വായിച്ചാല്‍ അതിനെ ഈ സംഭാഷണ ശകലത്തില്‍ ചുരുക്കാം.

 

കാമുകിയോട്, ഭാര്യയോട്, സുഹൃത്തുക്കളോട്, സ്വന്തം ഓര്‍മ്മകളോട് തന്നെയും നീതി പുലര്‍ത്താന്‍ സാധിക്കാത്ത റായിയുടെ നായകനെ വെര്‍ച്വല്‍  യുഗത്തിലെ പുതുതലമുറ ബിസിനസ് ഐക്കണ്‍ ആയി രൂപാന്തരപ്പെടുത്തുന്നതില്‍ ശ്രിജിത്ത് മുഖര്‍ജി വിജയിച്ചിട്ടുണ്ട്. സംവിധായകന്‍ ഏല്‍പ്പിച്ച അതേ ഉത്തരവാദിത്തത്തോടെ അലി ഫസല്‍ ഇപ്സിറ്റിന്‍റെ വേഷം കൈകാര്യം ചെയ്തു എന്നത് തന്നെയാണ് ‘ഫൊര്‍ഗറ്റ് മി നോട്ടി’നെ ആസ്വാദ്യകരമായ അനുഭവമാക്കുന്നത്.  

 

അപ്രതീക്ഷിതമായാണ് ഒരു ആഡംബര ബാറിന്‍റെ റൂഫ് ടോപ്പില്‍ വെച്ച് റിയ സരണ്‍ ഇപ്സിറ്റിന്‍റെ മുന്‍പിലെത്തുന്നത്. ഇപ്സിറ്റിന്‍റെ മുപ്പതാം ജന്മദിനത്തില്‍ അയാളുടെ ഒപ്പം അജന്താ ഗുഹ സന്ദര്‍ശിച്ചതും അവിടെ കൈലാസ് എന്ന ഹോട്ടലിലെ നീന്തല്‍ക്കുളത്തിലേക്ക് തുറക്കുന്ന 301-ആം നംബര്‍ മുറിയില്‍ നാല് ദിവസം ഒന്നിച്ചു കഴിഞ്ഞതും അര്‍ദ്ധരാത്രിയില്‍ കുളത്തില്‍ നീന്തിയതുമൊക്കെ റിയ വിവരിക്കുന്നു. എന്നാല്‍ താനിതുവരെ അജന്ത ഗുഹ സന്ദര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടു ഈ കഥകളെ ഇപ്സിറ്റ് നിഷേധിക്കുകയാണ്. തന്നെപ്പറ്റിയുള്ള കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്തെടുത്തതാവാം എന്നാണ് ഇപ്സിറ്റിന്‍റെ വാദം. തന്‍റെ പേര്‍ കേവ് ഗേള്‍ എന്നാണ് ഇപ്സിറ്റ് സേവ് ചെയ്തിരിക്കുന്നത് എന്നു റിയ പറയുകയും തുടര്‍ന്ന് നടന്ന വാഗ്വാദത്തിന് ശേഷം ഹോട്ടല്‍ ഇടനാഴിയില്‍ അവള്‍ അപ്രത്യക്ഷമായതിന് പിന്നാലെ കേവ് ഗേള്‍ എന്ന നമ്പറില്‍ നിന്നും ഒരു കോള്‍ ഇപ്സിറ്റിന്‍റെ ഫോണിലേക്ക് വരുകയും ചെയ്യുന്നു. 

 

‘കമ്പ്യൂട്ടര്‍ മനുഷ്യന്‍’ എന്നു ബിസിനസ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന 2019ലെ ഏറ്റവും മികച്ച ഡൈനാമിക് സംരംഭകനുള്ള അവാര്‍ഡ് ജേതാവായ ഇപ്സിറ്റിന്‍റെ ഓര്‍മ്മക്കേടുകള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. കാറില്‍ എണ്ണയടിക്കാന്‍ മറന്നു അയാള്‍ നഗര മധ്യത്തില്‍ ട്രാഫിക് ബ്ളോക്ക് സൃഷ്ടിക്കുന്നു. സഹപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുപ്രധാനമായ ഓഫീസ് മീറ്റിംഗുകള്‍ അയാള്‍ ആദ്യമായി മറക്കുന്നു. സ്വപ്നത്തിലാണെങ്കിലും അയാള്‍ തന്‍റെ കുഞ്ഞിനെ തിയറ്ററിനുള്ളില്‍ മറന്നു വെക്കുന്നു (അവര്‍ കാണുന്ന സിനിമ ഓര്‍മ്മയ്ക്കും കാഴ്ചയ്ക്കും ഏറെ പ്രാധാന്യമുള്ള ‘ദൃശ്യ’ത്തിന്‍റെ ഹിന്ദി പതിപ്പാണ് എന്നത് കൌതുകകരമാണ്). മുപ്പതാം ജന്മദിനത്തില്‍ തങ്ങള്‍ ഒന്നിച്ചായിരുന്നു എന്നും അന്നാണ് തന്‍റെ സെക്രട്ടറിയും മുന്‍ കാമുകിയുമായ മാഗി ഗര്‍ഭിണിയായത് എന്നുമുള്ള ഇപ്സിറ്റിന്‍റെ അവകാശവാദം അവള്‍ നിഷേധിച്ചതോടെ അയാള്‍ പൂര്‍ണ്ണമായും തകരുന്നു. കുടുംബവും താന്‍ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യവും ഇപ്സിറ്റിന്‍റെ കൈകളില്‍ നിന്നും വഴുതിപ്പോവുകയാണ്. 

 

എല്ലാം ഡാറ്റകളായി സ്റ്റോര്‍ ചെയ്യുന്ന, ആവശ്യമുള്ള ഡാറ്റകള്‍ മാത്രം സൂക്ഷിച്ചുവെക്കുന്ന പുതിയ കാലത്തിന്‍റെ സംഘര്‍ഷങ്ങളുടെ ആവിഷ്ക്കാരമാണ് ‘ഫൊര്‍ഗറ്റ് മി നോട്ട്’. വ്യവസായ വിപ്ലവ കാലത്ത് മനുഷ്യന്‍ യന്ത്രമായി തീരുന്നതിനെ കുറിച്ചാണ് കറുത്ത ഹാസ്യമായി ചാപ്ലിന്‍ ‘മോഡേണ്‍ ടൈംസി’ല്‍ അവതരിപ്പിച്ചതെങ്കില്‍ ഡാറ്റകളായി സൂക്ഷിക്കപ്പെടാതെ പോകുന്ന ഓര്‍മ്മകളുടെ വേട്ടയാടലില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നാണ് ‘ഫൊര്‍ഗറ്റ് മി നോട്ട്’ നമ്മളോട് പറയുന്നത്. പാച്ചി പറയുന്നതുപോലെ റിസൈക്കിള്‍ ബിന്നിലെങ്കിലും അതുണ്ടാകും തീര്‍ച്ച. 

 

മുംബയ് നഗരത്തിന്‍റെ രാത്രി ദൃശ്യങ്ങള്‍ക്കൊണ്ട് മനോഹരമായ ‘ഫൊര്‍ഗറ്റ് മി നോട്ടി’ന്‍റെ ക്യാമറ അതീവ ഹൃദ്യമാണ്. സ്വപ്നില്‍ സോനാവനെയാണ് ഛായാഗ്രാഹകന്‍. ഇപ്സിറ്റിന്‍റെ  ഭാര്യ അമലയായി മലയാളിയായ ശ്രുതി മേനോനാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്സിറ്റിന്‍റെ മുന്‍ കാമുകിയും സെക്രട്ടറിയുമായ മാഗിയായി ശ്വേത ബസു പ്രസാദ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.   

 

സത്യജിത് റായിയുടെ ‘ബിപിന്‍ ചൌധരിയുടെ സ്മൃതിഭ്രംശം’ എന്ന കഥയുടെ ദൃശ്യാഖ്യാനമാണ് ‘ഫൊര്‍ഗറ്റ് മി നോട്ട്’. 

 

ബഹുരൂപിയ 

 

സത്യജിത് റായിയുടെ ഇതേ പേരിലുള്ള കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ‘ബഹുരൂപിയ’. ‘ഫൊര്‍ഗെറ്റ് മി നോട്ട്’ പോലെ മറ്റൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള കഥ പറയുകയാണ് റായ് സീരീസിലെ ഈ രണ്ടാം എപ്പിസോഡിലൂടെ ശ്രിജിത്ത് മുഖര്‍ജി. 2019ല്‍ താന്‍ സംവിധാനം ചെയ്ത ‘വിന്‍സി ഡ’ എന്ന സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ മെയ്ക്ക്അപ്പ് ആര്‍ട്ടിസ്റ്റിന്‍റെ പ്രാഗ് രൂപത്തെ സത്യജിത് റായുടെ കഥാ പ്രപഞ്ചത്തില്‍ നിന്നും കണ്ടെടുക്കുകയാണ് ശ്രിജിത്ത് മുഖര്‍ജി. അതേസമയം പ്രസ്തുത സിനിമയിലെ സൈക്കോ കില്ലറായി ‘ബഹുരൂപിയ’യിലെ മെയ്ക്ക്അപ്പ് ആര്‍ട്ടിസ്റ്റ് മാറുന്നു.(കൊലപാതകങ്ങള്‍ നടത്തുന്നില്ലെങ്കിലും)

 

തന്‍റെ ജീവിതത്തിലെ ക്ലേശങ്ങള്‍ക്കും പതനങ്ങള്‍ക്കും കാരണമായവരോട് പ്രതികാരം ചെയ്യുന്ന ‘ജോക്കര്‍’ ടൈപ്പ് കഥാപാത്രമാണ് ഇന്ദ്രാശിഷ് സാഹ.  ഹോളിവുഡ് സ്റ്റുഡിയോകള്‍ക്ക് വേണ്ടി മെയ്ക്ക്അപ് വസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന മുത്തശ്ശിയുടെ മരണശേഷം ‘ബഹുരൂപിയ’ എന്ന മെയ്ക്ക്അപ് സംബന്ധമായ പുസ്തകവും 75 ലക്ഷം രൂപയും ഇന്ദ്രാശിഷിന് ഇഷ്ടദാനമായി കിട്ടുന്നു. മെയ്ക്ക്അപ്പിന്‍റെ സാധ്യത മുതലെടുത്ത് വ്യത്യസ്ഥ രൂപങ്ങളിലേക്ക് പരകായ പ്രവേശം നടത്തി തന്‍റെ പ്രണയത്തെ തള്ളിപ്പറഞ്ഞ നടിയോടും ഓഫീസ് മേധാവിയോടും പ്രതികാരം ചെയ്യുകയാണ് ഇന്ദ്രാശിഷ്. 40 വര്‍ഷം മുന്‍പ് ഇന്ദ്രാശിഷിന്‍റെ അച്ഛനും അമ്മയും ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചിരുന്നെങ്കില്‍ തനിക്ക് സമാധാനത്തോടെ കഴിയാമായിരുന്നു എന്നു പ്രാകുന്ന വീട്ടുടമയെയും അയാള്‍ കബളിപ്പിക്കുന്നുണ്ട്. 

 

"ഞാന്‍ ദൈവത്തെ പോലെയാണ്. ഞാന്‍ സൃഷ്ടാവാണ്. എന്‍റെ മുഖവും ശരീരവും വ്യക്തിത്വവും ഞാന്‍ തന്നെ സൃഷ്ടിക്കും." എന്ന് ഇന്ദ്രാശിഷ് പറയുന്നതില്‍ കഥയുടെ സാരാംശം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭാവി പ്രവചിക്കുന്ന ബാബയെ പറ്റിക്കാനുള്ള അയാളുടെ ശ്രമം കഥയെ മറ്റൊരു ടേണിംഗ് പോയിന്‍റില്‍ കൊണ്ടെത്തിക്കുകയാണ്. ദൈവത്തെയും വിശ്വാസത്തെയും മനുഷ്യ ജീവിതത്തെയും കുറിച്ചുള്ള മികച്ച അന്യാപദേശ കഥയാണ് ‘ബഹുരൂപിയ’. 

 

റായിയുടെ പ്രിയ നഗരമായ കല്‍ക്കത്തയിലെ പുരാതനമായ കെട്ടിടങ്ങളും തെരുവുകളും ഇടവഴികളും ട്രാമും ഒക്കെ ചേര്‍ന്ന് മനോഹരമായ ദൃശ്യാനുഭവമായി ‘ബഹുരൂപിയ’ മാറുന്നുണ്ട്. ഇന്ദ്രാശിഷ് സാഹയായി കെ. കെ. മേനോന്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ബാബയായി എത്തുന്ന ദിബ്യേന്ദു ഭട്ടാചാര്യ അസാധാരണമായ പുഞ്ചിരിയിലൂടെ ആ കഥാപാത്രത്തെ എക്കാലവും ഓര്‍മ്മിക്കുന്ന ഒന്നാക്കി മാറ്റി. 

 

എന്നാല്‍ മേയ്ക്ക്അപ്പ് പരീക്ഷണങ്ങള്‍ ഒരു ഫാന്‍സി ഡ്രെസ്സ് മത്സരം പോലെ തോന്നിച്ചു എന്നത് കല്ലുകടിയായി. പ്രത്യേകിച്ചും രാകേഷ് സിംഗ് എന്ന ബലാല്‍സംഗ കൊലപാതകിയുടെ രൂപം. 53 മിനിറ്റാണ് ഈ എപ്പിസോഡിന്‍റെ ദൈര്‍ഘ്യം. 

 

ഹംഗാമ ഹേ ക്യോന്‍ ബര്‍പ

 

‘ബാരിന്‍ ഭൌമിക്സ് എയില്‍മെന്‍റ്’ എന്ന കഥയെ അടിസ്ഥാനമാക്കി അഭിഷേക് ചൌബേ സംവിധാനം ചെയ്ത ‘ഹംഗാമ ഹേ ക്യോന്‍ ബര്‍പ’ ഹാസ്യപ്രധാനമായ ഒരു നാടോടിക്കഥയുടെ അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന മനോഹരമായ എപ്പിസോഡാണ്. റായിയുടെ ഇഷ്ട പ്രമേയ പരിസരമായ ട്രെയിന്‍ യാത്രയില്‍ നടക്കുന്ന വിചിത്രമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മനോജ് ബാജ്പേയ് അവതരിപ്പിക്കുന്ന മുസാഫര്‍ അലി എന്ന ഗസല്‍ ഗായകനും ഗജരാജ റാവുവിന്‍റെ ഗുസ്തിയില്‍ നിന്നും വിരമിച്ച് സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ആയി മാറിയ അസ്ലം ബെയ്ഗുമാണ് മുഖ്യ കഥാപാത്രങ്ങള്‍. 

 

ക്ലെപ്റ്റോമാനിയ (മോഷണഭ്രമം) രോഗമുള്ള മുസാഫിര്‍ അലി 10 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടെ അസ്ലം ബെയ്ഗിന്‍റെ സ്വര്‍ണ്ണ വാച്ച് മോഷ്ടിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ട്രെയിന്‍ യാത്രയില്‍ ഒരേ കൂപ്പയില്‍ ഇരുവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്നു. ആ യാത്രയില്‍ അവര്‍ നടത്തുന്ന രസകരമായ വെടിവട്ടവും മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന സൗഹൃദത്തിന്‍റെ ഇഴയടുപ്പവും അതില്‍ നിന്നുണ്ടാകുന്ന പശ്ചാത്താപവുമാണ് ഹംഗാമ ഹേ ക്യോന്‍ ബര്‍പ പറയുന്നത്. 

 

ഒരു ഫീല്‍ ഗുഡ് കഥ പറച്ചിലിന്‍റെ എല്ലാ രസവും പ്രേക്ഷകരെ അനുഭവിപ്പിക്കുന്നതില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് ബാജ്പേയിക്കും ഗജരാജ് റാവുവിനുമുള്ള പങ്ക് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒരു ഗസല്‍ ഗായകന്‍റെ കാല്‍പ്പനിക ഭാവവും കവിത്വവും നര്‍മ്മവുമൊക്കെ മനോഹരമായി പ്രതിഫലിപ്പിക്കാന്‍ മനോജ് ബാജ്പേയിക്ക് കഴിഞ്ഞിട്ടുണ്ട്. ട്രെയിന്‍ സീക്വന്‍സിന്‍റെ ഏകതാനതയെ വളരെ സമര്‍ത്ഥമായി അതിജീവിക്കുന്നുണ്ട് സംവിധായകന്‍ അഭിഷേക് ചൌബെ. കൂപ്പയിലും വാഷ് റൂമിലുമുള്ള കണ്ണാടികള്‍ മറ്റൊരു കാലത്തിലേക്കും ഇടത്തിലേക്കും പോകാനും തിരിച്ചുവരാനുമുള്ള ഉപാധിയാക്കുന്നുണ്ട് സംവിധായകന്‍. മറ്റൊരു അവസരത്തില്‍ മുകള്‍ നിലയിലെ മെഹഫിലില്‍ പാടിക്കൊണ്ടിരുന്ന മുസാഫിര്‍ അലി ഗോവണിയുടെ മദ്ധ്യഭാഗത്തെ സീറ്റില്‍ സ്ഥാപിച്ച ഹാര്‍മോണിയം വായിച്ചുകൊണ്ട് താഴെ നിലയിലെ കാണികള്‍ക്ക് മുന്‍പില്‍ പാടുന്നത് കാണാം. കഥ പറച്ചിലിനെ ലളിത സുന്ദരമായ അനുഭവമാക്കി മാറ്റി തീര്‍ക്കുന്നതില്‍ സംവിധായകന്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മിടുക്ക് തന്നെയാണ് ‘ഹംഗാമ ഹേ ക്യോന്‍ ബര്‍പ’യുടെ വിജയം. 

 

സത്യജിത് റായ് തന്‍റെ സിനിമ കാണണമെന്നാണ് ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ അഭിഷേക് ചൌബേ പറയുന്നുണ്ട്. "എന്നാല്‍ ഒരു നിബന്ധനയുണ്ട്. അദ്ദേഹത്തിന്‍റെ ഇരിപ്പിടം പുറത്തേക്കുള്ള വാതിലിന് തൊട്ടടുത്തായിരിക്കണം. അദ്ദേഹത്തിന് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ പറ്റുന്ന വിധം.." 

 

53 മിനിറ്റാണ് ‘ഹംഗാമ ഹേ ക്യോന്‍ ബര്‍പ’യുടെ ദൈര്‍ഘ്യം. ‘ഇഷ്ഖിയ’, ‘ഉഡ്ത പഞ്ചാബ്’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഭിഷേക് ചൌബേ. 

 

സ്പോട്ട്ലൈറ്റ് 

 

സത്യജിത് റായ്ക്കുള്ള യഥാര്‍ത്ഥ സ്മരണാഞ്ജലി ‘സ്പോട്ട്ലൈറ്റ്’ എന്ന അവസാന എപ്പിസോഡാണ്. ‘നായക്’, ‘ദേവി’, ‘മഹാപുരുഷ്’ തുടങ്ങിയ റായ് സിനിമകള്‍ പ്രതിധ്വനിക്കുന്നുണ്ട് ‘സ്പോട്ട്ലൈറ്റി’ല്‍. വസന്‍ ബാല സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ഹര്‍ഷ വര്‍ധന്‍ കപൂറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

വിക്രം അറോറ എന്ന ബോളിവുഡ് സൂപ്പര്‍ സ്റ്റാറായാണ് ഹര്‍ഷ വര്‍ധന്‍ കപൂര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടുന്നത്. പ്രത്യേക തരത്തിലുള്ള നോട്ടമാണ് താരത്തിന്റെ യു എസ് പി. അത് താന്‍ കണ്ടുപിടിച്ചതാണ് എന്നാണ് താരത്തിന്‍റെ അവകാശവാദം. ഏറ്റവും പുതിയ ചിത്രമായ ‘രുക്, രുക്, രുക്’ ബോക്സോഫീസില്‍ തകര്‍ത്തോടുമ്പോള്‍ ഒരു പരസ്യ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയതാണ് വിക്രം. അവിടെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഗായിക മഡോണ താമസിച്ച റൂം പ്രത്യേകം ആവശ്യപ്പെട്ട് താമസിക്കുകയാണ് വിക്രമും അയാളുടെ മാനേജര്‍ റോബിയും. എന്നാല്‍ വിക്രത്തിന്‍റെ താരപ്രഭയ്ക്ക് അവിടെ അധികം ആയുസ് ഉണ്ടായിരുന്നില്ല. ദീദി എന്നു ഭക്തര്‍ വിളിക്കുന്ന ആള്‍ദൈവം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആകുന്നതോടെ വിക്രത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. അയാളും ദീദിയുടെ ഭക്ത ജനങ്ങളും -അതില്‍ അയാളുടെ നിര്‍മ്മാതാവും ഗേള്‍ ഫ്രണ്ടും ഹോട്ടല്‍ മാനേജരും എല്ലാം ഉള്‍പ്പെടും-നിരന്തരം ഏറ്റുമുട്ടുന്നു.  

 

ആര്‍ക്കാണ് താരപ്പൊലിമ കൂടുതല്‍ എന്നതിനെ കുറിച്ച് വിക്രമിന്‍റെ മാനേജര്‍ റോബി നടത്തുന്ന വിശകലനം രസകരമാണ്. “സിനിമയുണ്ടായിട്ട് 100 വര്‍ഷമേ ആയിട്ടുള്ളൂ. മതം ഉണ്ടായിട്ട് 10,000ത്തില്‍ അധികം വര്‍ഷവും.” എന്നാണ് റോബി പറയുന്നത്. ഇനിയും ദീദിയെന്ന ആള്‍ദൈവത്തെ അപഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ അനുയായികള്‍ വിക്രമിനെ തല്ലിക്കൊല്ലുമെന്ന് റോബി മുന്നറിയിപ്പ് നല്‍കുന്നത് സമകാലീന ഇന്ത്യന്‍ അവസ്ഥയിലേക്ക് എത്ര സൂക്ഷ്മമായാണ് റായ് കഥയെ പറിച്ചുനട്ടിരിക്കുന്നത് എന്നതിന്‍റെ തെളിവാണ്. 

 

‘നായക്’ എന്ന ചിത്രത്തിലൂടെ റായ് അഭിസംബോധന ചെയ്ത വ്യക്തി/നടന്‍/താരം എന്ന വൈരുധ്യത്തെ രണ്ടു തരം ആരാധനയുടെ ലോകത്ത്-സിനിമയുടെയും മതത്തിന്‍റെയും-നിര്‍ത്തിക്കൊണ്ട് വിശകലനം ചെയ്യുകയാണ് ‘സ്പോട്ട്ലൈറ്റ്’ എന്ന ചിത്രം. അതുകൊണ്ടു തന്നെ നിരവധി തലങ്ങളില്‍ കാഴ്ചക്കാരനുമായി സംവദിക്കുന്നുണ്ട് ഈ ചിത്രം.  

 

റായിയുടെ കഥയില്‍ സംവിധായകന്‍ സ്വീകരിച്ച വന്യമായ സ്വാതന്ത്ര്യം കൊണ്ട് തന്നെ ‘റായ്’ സീസണ്‍ ഒന്നിലെ മികച്ച ദൃശ്യാനുഭവമാണ്  ‘സ്പോട്ട്ലൈറ്റ്’. "ദേര്‍ ഇസ് ആള്‍വേയ്സ് സം റൂം ഫോര്‍ ഇംപ്രൊവൈസേഷന്‍" എന്ന റായിയുടെ വാചകം എഴുതിക്കാണിച്ചുകൊണ്ടാണ് വസന്‍ ബാല സിനിമ ആരംഭിക്കുന്നത് തന്നെ. 

 

സത്യജിത് റായിയുടെ അതേ പേരിലുള്ള കഥയുടെ ദൃശ്യാഖ്യാനമാണ് ‘സ്പോട്ട്ലൈറ്റ്’. ‘ചാരുലത’യും ‘ദേവി’യും ‘ഘരെബൈരേ’യും ഉള്‍പ്പെടെയുള്ള റായ് സിനിമകളില്‍ നമ്മള്‍ കണ്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ തുടര്‍ച്ച രാധിക മദന്‍ അതിമനോഹരമായി അവതരിപ്പിച്ച ദീദി എന്ന കഥാപാത്രത്തില്‍ കാണാം. 

62 മിനുട്ടാണ് ഈ എപ്പിസോഡിന്‍റെ ദൈര്‍ഘ്യം. 2018ല്‍ പുറത്തിറങ്ങിയ ‘മര്‍ദ് കൊ ദര്‍ദ് നഹിന്‍ ഹോത്ത’ എന്ന സിനിമയുടെ സംവിധായകനാണ് വസന്‍ ബാല.

 

മൂലകഥകളോട് എത്രത്തോളം നീതി പുലര്‍ത്തി, റായ് സിനിമകളുടെ പെരുമയുമായുള്ള താരതമ്യം എന്നിവയൊക്കെ ഇനിയും   നടക്കാനിരിക്കുന്നതേയുള്ളൂ. എന്നിരിക്കലും സിനിമയുടെയും മറ്റ് ദൃശ്യരൂപങ്ങളുടെയും പുതിയ വിതരണ ശൃംഖലയായ ഒടിടി പ്ലാറ്റ്ഫോമിലൂടെ വരുന്ന റായ് സൃഷ്ടികള്‍ എന്ന നിലയില്‍ ഈ നെറ്റ്ഫ്ലിക്സ് സീരീസ് ചരിത്രത്തില്‍ ഇടംപിടിക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com