മിടുമിടുക്കിയാണ് സാറ; ‘സാറാസ്’ റിവ്യു

saras-review
SHARE

കുട്ടികളെ ഇഷ്ടമല്ലാത്ത, പ്രസവിക്കാൻ ആഗ്രഹമില്ലാത്ത ഒരു പെൺകുട്ടി. കേൾക്കുന്നവർ നെറ്റി ചുളിച്ചേക്കാവുന്ന ഇൗ പ്രമേയമാണ് ‘സാറാസ്’ എന്ന ജൂഡ് ആന്റണി ചിത്രത്തിന്റേത്. ഇങ്ങനെയും പെൺകുട്ടികളുണ്ടോ ?, കല്യാണം കഴിച്ചാൽ‌ പ്രസവിക്കേണ്ടെ ?, ഇതൊക്കെ നാട്ടിൽ നടപ്പുള്ള കാര്യമാണോ ? തുടങ്ങി പല സംശയങ്ങൾ പലർക്കും ഉണ്ടായേക്കാം. എന്നാൽ അത്തരത്തിലുള്ള ആശങ്കകൾക്കെല്ലാം രണ്ടു മണിക്കൂറിൽ മറുപടി കൊടുക്കുന്ന മനോഹരമായ സിനിമയാണ് ‘സാറാസ്’. 

അന്ന ബെൻ അവതരിപ്പിക്കുന്ന ‘സാറ’ എന്ന ടൈറ്റിൽ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൃദയം. രൂപത്തിലും ഭാവത്തിലും കുട്ടിത്തമുള്ള എന്നാൽ കുട്ടികളെ ഇഷ്ടമല്ലാത്ത സാറ. പ്രസവിക്കാൻ ഒട്ടുമേയിഷ്ടമില്ലാത്ത സാറ. സിനിമയിൽ സഹസംവിധായികയായി ജോലി ചെയ്യുന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വതന്ത്ര സംവിധായിക ആകുക എന്നതാണ്. അങ്ങനെയിരിക്കെ‌ അവളെ പോലെ തന്നെ കുട്ടികളെ ഇഷ്ടമില്ലാത്ത ജീവനെ സാറ കണ്ടുമുട്ടുന്നു. തന്റെ കാഴ്ചപ്പാടുകളുമായി ഒത്തു പോകുന്ന ജീവനെ അവൾ വിവാഹം ചെയ്യുന്നു. തുടർന്ന് സാറയുടെ ജീവിതത്തിലും ജോലിയിലും ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

രണ്ടു മണിക്കൂർ കൊണ്ട് തീർത്തും അപരിചിതവും അനുചിതമെന്ന് തോന്നിപ്പിക്കുന്നതുമായ പ്രമേയത്തെ ഒരു മനോഹര സിനിമയാക്കി നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ജൂഡ് ആന്റണി‌. ക്ലീഷെ ഫീൽഗുഡ് കഥകളിൽ നിന്നു ‌മാറി പൊളിറ്റിക്കൽ കറക്റ്റ്നെസ്സുള്ള ആരുടെയും മനസ്സലിയിക്കുന്ന ഫീൽ ഗുഡ് ചിത്രമാക്കി ജൂഡ് സാറാസ് ഒരുക്കിയിട്ടുണ്ട്. ചിത്രം മുന്നോട്ടു ‌വയ്ക്കുന്ന പ്രമേയത്തോട് ഒട്ടും ഐക്യദാർ‌ഢ്യം പുലർത്താൻ ആഗ്രഹമില്ലാത്തവർ പോലും സിനിമയുടെ ഒടുക്കം സാറ എന്ന കഥാപാത്രത്തോടും അവളുടെ കാഴ്ചപ്പാടുകളോടും താദാത്മ്യം പ്രാപിക്കും. 

saras-trailer

ഒാം ശാന്തി ഒാശാന എന്ന ചിത്രത്തിലേതു പോലെ തന്നെ നർമം കലർത്തിയാണ് ജൂഡ് സാറാസിലും കഥ പറയുന്നത്. എന്നാൽ അനാവശ്യമായും അരോചകമായും ഹാസ്യരംഗങ്ങൾ തിരുകി കയറ്റിയിട്ടുമില്ല. സിനിമയിലും പുറത്തും നടന്ന ചില സമീപകാല സംഭവങ്ങളെയും ചെറുതായി ‘കൊട്ടുന്നുണ്ട്’ ചിത്രത്തിൽ. നർമത്തിനൊപ്പം വൈകാരിക രംഗങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ട്. സാറ തന്റെ അച്ഛന് ഫോൺ ചെയ്യുന്ന രംഗവും മറ്റും മലയാള സിനിമകളിലെ സ്ഥിരം അച്ഛൻ–മകൾ സംഭാഷണങ്ങളിലെ ക്ലീഷെ പൊളിച്ചെഴുതുന്നതാണ്. 

കരിയറിലെ നാലാം സിനിമയിലും അന്ന ബെൻ മികച്ചു നിൽ‌ക്കുന്നുവെന്ന് മാത്രമല്ല തിരക്കഥകളുടെ തിരഞ്ഞെടുപ്പിലും അതീവ ശ്രദ്ധ പുലർത്തുന്നുവെന്നത് ശ്രദ്ധേയം. ജീവൻ എന്ന കഥാപാത്രമായി സണ്ണി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോൾ ജീവന്റെ അമ്മയുടെയും സഹോദരിയുടെയും വേഷത്തിലെത്തിയ മല്ലിക സുകുമാരനും, ധന്യ വർമയും ഗംഭീരമായി. സ്വന്തം മകളുടെ അച്ഛൻ വേഷത്തിൽ തന്നെ ക്യാമറയുടെ മുന്നിലേക്ക് ആദ്യമായെത്തിയ ബെന്നി പി. നായരമ്പലം, സിദ്ദിഖ്, സിജു വിൽസൺ, കലക്ടർ ബ്രോ പ്രശാന്ത് നായർ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. 

anna-ben-saras

അക്ഷയ് ഹരീഷ് എന്ന പുതുമുഖ രചയിതാവിന്റെ ആദ്യ തിരക്കഥ തന്നെ അദ്ദേഹത്തിന്റെ സിനിമയിലെ ഭാവി ശോഭനമാകുമെന്ന് സൂചിപ്പിക്കുന്നതാണ്. ആ തിരക്കഥയെ മനോഹരമായി വെള്ളിത്തിരയിലെത്തിച്ചുവെന്ന് മാത്രമല്ല, കൈവിട്ടു പോകാമായിരുന്ന ഒരു പ്രമേയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാനും സംവിധായകൻ ജൂഡിന് സാധിച്ചു. ഷാൻ റഹ്മാന്റെ ഇൗണങ്ങളും നിമിഷ് രവിയുടെ ഫ്രെയിമുകളും സിനിമയുടെ മനോഹാരിത കൂട്ടി. റിയാസ് കെ. ബാദറിന്റെ എഡിറ്റിങും ചിത്രത്തിനു യോജിച്ചതായി. 

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതും നാമറിയാതെ പാലിച്ചു പോകുന്നതുമായ ചില ‘ആചാരങ്ങൾ‌ക്കു’ നേരെയുള്ള ചൂണ്ടുവിരലാണ് സാറാസ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ എപ്പോഴും വാചാലരാകുന്നവർക്കു പോലും ഇടയ്ക്ക് സ്വന്തം ജീവിതത്തിലെ സ്ത്രീവിരുദ്ധത അളക്കാനുള്ള അവസരം സാറാസ് ഉണ്ടാക്കുന്നു. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഏതു കാര്യത്തിലും അഭിപ്രായമുണ്ടാകുമെന്ന് മാത്രമല്ല അവർക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൂടിയുണ്ടെന്ന് ഇൗ ചിത്രം നമ്മെ ഒാർമപ്പെടുത്തുന്നു. ഗൗരവമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും കുടുംബവുമൊന്നിച്ച് ഒന്നിച്ചിരുന്നു രസകരമായി കണ്ടു തീർക്കാവുന്ന ഒരു മനോഹര സിനിമയാണ് സാറാസ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA