ADVERTISEMENT

തൂശനിലയിൽ വിളമ്പിവച്ച സദ്യ കഴിക്കുന്ന അനുഭവമാണ് മണിരത്നത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 'നവരസ' എന്ന വെബ് സീരീസ് സമ്മാനിക്കുന്നത്. ഒൻപതു ഭാവങ്ങളുടെ കാഴ്ചവെട്ടത്തിലൂടെ സഞ്ചരിക്കുന്ന ഒൻപതു കൊച്ചുസിനിമകൾ! അവയിൽ ചിലതു പ്രേക്ഷകരെ രസിപ്പിക്കുന്നു... ചിലത് അമ്പരപ്പിക്കുന്നു... ചിലതെങ്കിലും നിരാശരാക്കുന്നു.  പ്രമേയത്തിലോ അവതരണത്തിലോ കൂട്ടിയിണക്കുന്ന പൊതുവായൊരു രസച്ചരട് ഇല്ലാതിരുന്നിട്ടും ഓരോ കഥകളിൽ നിന്നും അടുത്തതിലേക്ക് അനായാസമായൊരു യാത്ര സാധ്യമാക്കുന്നത്, ഈ തിരക്കാഴ്ചയുടെ മുന്നിലും പിന്നിലുമുള്ള ചലച്ചിത്രപ്രതിഭകളുടെ മികവ് തന്നെയാണ്. 

 

വിസ്മയിപ്പിക്കുന്ന 'എതിരി'

edhiri-navarasa-1

 

ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത എതിരി. കരുണയെന്ന ഭാവത്തെ അതിസൂക്ഷ്മമായി കഥാപാത്രസൃഷ്ടിയിലൂടെ സംവിധായകൻ ആവിഷ്കരിക്കുമ്പോൾ ഗോവിന്ദ് വസന്തയുടെ പശ്ചാത്തലസംഗീതം ആ ആത്മസംഘർഷത്തിലേക്ക് പ്രേക്ഷകരെ അനായാസം കൂട്ടിക്കൊണ്ടു പോകുന്നു. ഒരു കൊലപാതകം... അതിനു സാക്ഷിയാകേണ്ടി വരുന്ന സ്ത്രീയും അതു ചെയ്യുന്ന പ്രതിയും തമ്മിലുള്ള അസാധാരണമായ വാദപ്രതിവാദങ്ങൾ വിജയ് സേതുപതി, രേവതി, പ്രകാശ് രാജ് എന്നീ പ്രതിഭകളുടെ പകർന്നാട്ടത്തിലൂടെ അതിമനോഹരമായ ചലച്ചിത്രാവിഷ്കാരമായി മാറുകയാണ് എതിരിയിൽ. രേവതിയുടെയും വിജയ് സേതുപതിയുടെയും പ്രകടനം തന്നെയാണ് ഈ സിനിമയെ ഗംഭീരമാക്കുന്നതും. ചില രംഗങ്ങളിൽ രേവതി കണ്ണുകൾ കൊണ്ടു നടത്തുന്ന റിയാക്ഷനുകളുടെ ഡീറ്റെയ്‍ലിങ് അവരിലെ പ്രതിഭയെ ഒരിക്കൽക്കൂടി പ്രേക്ഷകർക്കു മുമ്പിൽ അനാവൃതമാക്കുന്നു. 

summer92-navarasa-1

 

പ്രിയദർശന്റെ ക്ലാസിക് ചിരി

project-agni-navarasa-1

 

'ഹാസ്യം' എന്ന ഭാവത്തെ വേറിട്ട രീതിയിൽ സംവിധായകൻ പ്രിയദർശൻ അവതരിപ്പിച്ച ചിത്രമാണ് സമ്മർ ഓഫ് '92. ഇന്നസെന്റിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രിയദർശൻ തന്നെ ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. ഇന്ത്യൻ സിനിമയിൽ വാണിജ്യവിജയം നേടിയ ഒട്ടേറെ കോമഡി സിനിമകളുടെ സംവിധായകനായ പ്രിയദർശന്റെ ഒരു വേറിട്ട സമീപനമാണ് നവരസയിലെ ഹാസ്യത്തിൽ കാണാനാവുക. ചില പൊട്ടിച്ചിരികളുടെ പിന്നിലുള്ള നിസഹായാവസ്ഥകളും ദൈന്യതയും കൃത്യമായി വരച്ചിടുന്നുണ്ട് സമ്മർ ഓഫ് '92. യോഗി ബാബുവിനൊപ്പം നെടുമുടി വേണു, രമ്യ നമ്പീശൻ, മണിക്കുട്ടൻ എന്നിവരുടെയും രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ കരുത്ത്. കാഞ്ചീവരത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച പ്രിയദർശൻ എന്ന മാസ്റ്റർ സംവിധായകന്റെ മറ്റൊരു മുഖം ഈ സിനിമ പരിചയപ്പെടുത്തുന്നു. 

 

അദ്ഭുതപ്പെടുത്തുന്ന പ്രൊജക്ട് അഗ്നി

thunintha-pin-navarasa-1

 

നവരസയിൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തുന്ന സിനിമയാണ് കാർത്തിക് നരേൻ സംവിധാനം ചെയ്ത പ്രൊജക്ട് അഗ്നി. വെറും മുപ്പതു മിനിറ്റിനുള്ളിൽ ഒരു സയൻസ് ഫിക്ഷൻ ആവശ്യപ്പെടുന്ന എല്ലാ ഉദ്വേഗനിമിഷങ്ങളും സമ്മാനിച്ച് അതിഗംഭീരമായി അവതരിപ്പിച്ചതിൽ തീർച്ചയായും കാർത്തിക് നരേൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. പ്രേക്ഷകരുടെ യുക്തിചിന്തകളെ സിനിമ ആവശ്യപ്പെടുന്ന ഹ്രസ്വനേരത്തേക്കെങ്കിലും മാറ്റി നിറുത്തി സിനിമയുടെ ശരികളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ പുലർത്തിയ ബ്രില്യൻസാണ് പ്രോജക്ട് അഗ്നിയെ മികച്ചതാക്കുന്നത്. അരവിന്ദ് സ്വാമിയുടെ വിശ്വസനീയമായ പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. ഒരു മുഴുസിനിമയായി കാണണം എന്നാഗ്രഹിക്കുന്ന പ്രമേയമാണ് പ്രൊജക്ട് അഗ്നി. ചെറുതെങ്കിലും ഷംന കാസിമിന്റെ അതിഥിവേഷം സിനിമയുടെ ഇമോഷണൽ രംഗങ്ങൾക്കു നൽകുന്ന പൂർണത മനോഹരമാണ്. 

inmai-navarasa-1

 

സംവിധായകനായി അരവിന്ദ് സ്വാമി

guitar-kambi-mele-nindru-navarasa-2

 

നടനെന്ന നിലയിൽ പ്രതിഭ തെളിയിച്ച അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഈ വെബ്സീരിസിലുണ്ട്. രൗദ്രം എന്നു പേരിട്ടിരിക്കുന്ന സിനിമ പൂർണമായും സംവിധായകന്റെ സിനിമയെന്നു തന്നെ വിശേഷിപ്പിക്കാം. പ്രമുഖതാരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും 'രൗദ്ര'ത്തിലെ കാഴ്ചകൾ പ്രേക്ഷകരുടെ മനസുലയ്ക്കുന്നുണ്ട്. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതമാണ് ആ സിനിമയുടെ കാഴ്ചകളിലേക്ക് പ്രേക്ഷകരുടെ ചിന്തകളെ ചേർത്തുവയ്ക്കുന്നത്. രൗദ്രത്തിന്റെ യഥാർഥ നായകന്മാർ അരവിന്ദ് സ്വാമിയും എ.ആർ റഹ്മാനുമാണെന്നു പറയുന്നതിൽ തെറ്റില്ല. ഒരു കാലത്ത് റഹ്മാന്റെ ക്ലാസിക് ഹിറ്റുകളുടെ മുഖമായിരുന്നു അരവിന്ദ് സ്വാമി. അരവിന്ദ് സ്വാമിയുടെ സംവിധാനത്തിൽ ഒരു സിനിമ ഇറങ്ങുമ്പോൾ അതിന്റെ പശ്ചാത്തലത്തിൽ റഹ്മാൻ സംഗീതം കേൾക്കുന്നതിലെ കൗതുകവും തീർച്ചയായും ഈ സിനിമയിലേക്ക് ആകർഷിക്കുന്ന ഘടകമാണ്.  

 

ശരാശരിയിൽ ഒതുങ്ങിയ പായസം, പീസ്, തുനിന്ത പിൻ

 

അതിഗംഭീര താരനിരയുണ്ടായിട്ടും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമാണ് നവരസയിലെ പായസം. കാഴ്ചയിലും മണത്തിലും അതിരുചികരമെന്ന് തോന്നിപ്പിക്കുകയും എന്നാൽ രുചിക്കുമ്പോൾ നിരാശരാക്കുകയും ചെയ്യുന്ന പായസം പോലെ തന്നെയായിരുന്നു നവരസയിലെ പായസവും. രോഹിണി, ഡൽഹി ഗണേശ് എന്നിവർ ഗംഭീര പ്രകടനത്തിലൂടെ നിർമിച്ചെടുക്കുന്ന ചലച്ചിത്രാനുഭവം തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയിൽ തകർന്നുപോകുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തും. കാർത്തിക് സുബ്ബരാജിന്റെ പീസ് എന്ന സിനിമയും സർജുൻ സംവിധാനം ചെയ്ത തുനിന്ത പിൻ എന്ന ചിത്രവും ശരാശരി നിലവാരം മാത്രമാണ് പുലർത്തിയത്. മികച്ച അഭിനേതാക്കൾ അണിനിരന്നിട്ടും പ്രേക്ഷകരുമായി 'കണക്ട്' ഉണ്ടാക്കുന്നതിൽ ഈ സിനിമകൾ കാര്യമായി വിജയിച്ചില്ലെന്നു വേണം വിലയിരുത്താൻ.  

 

ഗ്രേ ഷെയ്ഡിൽ പാർവതി തിരുവോത്ത്

 

ഭയാനകം എന്ന രസത്തെ സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്ന് മോചിപ്പിച്ച ചെറുചിത്രമാണ് സീരീസിലെ ഇൻമൈ. രതീന്ദ്രൻ ആ പ്രസാദ് സംവിധാനം ചെയ്ത ചിത്രം അടിമുടിയൊരു ക്രൈം ത്രില്ലറാണ്. കഥാപാത്രങ്ങൾക്ക് ഗ്രേ ഷെയ്ഡുണ്ടെങ്കിലും കഥപറച്ചിലിനു പ്രസാദാത്മകമായ നിറങ്ങൾ കൂട്ടുപിടിക്കുന്ന രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. അതു തന്നെ ഒരു ഫ്രഷ്നസ് പ്രേക്ഷകർക്ക് നൽകുന്നു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ ബ്രില്യന്റ് ആയി പാർവതി തിരുവോത്ത് അവതരിപ്പിച്ചിരിക്കുന്നു. പ്രകടനപരമാകുന്ന കരച്ചിലുകളും കൗശലത നിറഞ്ഞ ഏറ്റുപറച്ചിലുകളും പാർവതി ഗംഭീരമാക്കി. പാർവതിയുടെ ചെറുപ്പകാലം അവതരിപ്പിച്ച അമ്മു അഭിരാമിയും മികവാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. സിദ്ധാർഥും പാർവതിയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ക്ലാസ് ആണ്. ജമ്പ് കട്ടുകളോ അലർച്ചകളോ ഇല്ലാതെ ഭയം ജനിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് ഈ ചിത്രം.  

 

ചോദ്യങ്ങൾ അവശേഷിപ്പിച്ച് ഗൗതം വാസുദേവ്

 

ഗൗതം വാസുദേവ് സംവിധാനം ചെയ്ത 'ഗിറ്റാർ കമ്പി മേലെ നിൻട്ര്' എന്ന ചിത്രം സീരീസിൽ ഒടുവിലായാണ് എത്തുന്നത്. പ്രേക്ഷകർ ഒരു പക്ഷേ, ഏറ്റവും കാത്തിരുന്ന സിനിമയും ഇതു തന്നെയാകണം. ഗൗതം വാസുദേവിന്റെ സംവിധാനത്തിൽ നായകനായി സൂര്യ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാകുന്നതിൽ അതിശയിക്കേണ്ടതില്ല. റൊമാന്റിക് ഹീറോ പരിവേഷത്തിൽ സൂര്യ ഗംഭീരപ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. നായികയായി മലയാളി പ്രയാഗ മാർട്ടിനും. ഗൗതം വാസുദേവ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ മുൻചിത്രങ്ങളുടെ അതേ ചേരുവകൾ പലപ്പോഴും ആവർത്തിക്കപ്പെടുന്നതായി അനുഭവപ്പെടുന്നതാണ് ചിത്രത്തിന്റെ പോരായ്മ. അപ്രതീക്ഷിതമായി അവസാനിച്ചു പോകുന്ന സിനിമ പ്രേക്ഷകരുടെ മനസിൽ അവശേഷിപ്പിക്കുന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമാണ്.  

 

മാതൃകയാണ് ഈ ചലച്ചിത്ര പരീക്ഷണം

 

വിമർശനങ്ങളും വിയോജിപ്പുകളുമുണ്ടെങ്കിലും നവരസയുടെ കഥാലോകം ഏറെ വിസ്മയിപ്പിക്കുന്നുണ്ട്. ആത്മസംഘർഷത്തിന്റെ ഏറെ സ്വകാര്യമായ നെടുവീർപ്പുകൾ മുതൽ കാലവും രാഷ്ട്രീയവും യുദ്ധവും അതിജീവനവും പ്രണയവും കാത്തിരിപ്പും വരെ പല കഥകളായി, പല ഭാവങ്ങളായി തിരശീലയിൽ വന്നുപോകുമ്പോൾ 'നവരസ' ഈ കാലഘട്ടത്തിന്റെ സിനിമ ആകുകയാണ്. ഭാഷ തമിഴാണെങ്കിലും മലയാളത്തിന്റെ പ്രിയതാരങ്ങളും ഈ കാഴ്ചപ്പൂരത്തിന്റെ ഭാഗമായെത്തുന്നത് മലയാളി പ്രേക്ഷകർക്ക് ചെറുതല്ലാത്ത അഭിമാന നിമിഷങ്ങൾ സമ്മാനിക്കുന്നു. സംവിധായകൻ പ്രിയദർശനും രേവതി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, നെടുമുടി വേണു, മണിക്കുട്ടൻ, പ്രയാഗ മാർട്ടിൻ, ഷംന കാസിം തുടങ്ങിയ താരങ്ങളും നവരസയിലെത്തുന്നത് മറ്റൊരു 'കളറി'ലാണ്. ഈ സിനിമ എന്തുകൊണ്ട് കാണണം എന്ന ചോദ്യത്തിന് ഉത്തരം മേൽപ്പറഞ്ഞ പേരുകൾക്കൊപ്പം വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഡൽഹി ഗണേശ്, സൂര്യ എന്നിവരുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com