ADVERTISEMENT

മൂന്നക്ഷരങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന ഒരു സമസ്യയാണ് ‘കുരുതി’. ആരുടെ പക്ഷത്താണ് ന്യായം, ആരുടെ ഭാഗത്താണ് അന്യായം, ആരു പറയുന്നതാണ് ശരി, ആരുടെ കയ്യിലാണ് തെറ്റ്, ആരാണ് നന്മ, ഏതാണ് തിന്മ എന്നൊക്കെ കാഴ്ചക്കാർക്ക് ഒറ്റയടിക്ക് തീർപ്പ് കൽപ്പിക്കാനാവാത്ത സിനിമ. മലയാളത്തിൽ ത്രില്ലർ ചിത്രങ്ങളുടെ പെരുമഴയാണെന്ന് പ്രേക്ഷകർ പരാതിപ്പെടുന്ന കാലത്ത് എത്തുന്ന ‘കുരുതി’ പക്ഷേ വെറുമൊരു ത്രില്ലർ എന്നതിനപ്പുറം വിവിധ മാനങ്ങളുള്ള സിനിമയാണ്. 

 

ഒരു കാട്, അതിനുള്ളിലുള്ള ഒറ്റപ്പെട്ട വീട്. ആ വീട്ടിലേക്ക് ഒരു രാത്രി ക്ഷണിക്കപ്പെടാത്ത അതിഥികളായി പുറത്തു നിന്ന് കുറച്ച് ആളുകൾ എത്തുന്നു. പിന്നീട് അവിടെ നടക്കുന്ന ചില സംഭവങ്ങളും സംഘർ‌ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വെറുപ്പെന്ന വികാരം മനുഷ്യരെ ഭ്രാന്തരാക്കുന്ന കാഴ്ച. എന്തിനെന്നറിയാതെ തമ്മിൽ പോരടിച്ച് മനുഷ്യർ വീണു പോകുന്ന അവസ്ഥ.   

 

ആദ്യാവസാനം ഡാർക്ക് മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇബ്രു (റോഷൻ മാത്യു) എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. ആദ്യ 15 മിനിറ്റിൽ തന്നെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന രീതിയിലേക്ക് കഥ പറച്ചിൽ ശൈലി മാറുന്നു. ആദ്യമൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് ആ വീട്ടിലുള്ളവരെ പോലെ പ്രേക്ഷകർക്കും മനസ്സിലാകില്ല. പോകെപ്പോകെ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രത അനാവരണം ചെയ്യപ്പെടുന്നു.

 

kuruthi-movie-1

പിന്നീട് അരങ്ങേറുന്ന സംഭവങ്ങളിൽ ഒരു പക്ഷം പിടിക്കാനാകാത്ത നിസ്സഹായാവസ്ഥയിലാകും ആ വീട്ടിലുള്ളവരെ പോലെ പ്രേക്ഷകരും. ആ വീട്ടുകാർ മറ്റു വഴികളില്ലാതെ അവർക്കു ശരിയെന്നു തോന്നുന്ന പാത തിരഞ്ഞെടുക്കുമ്പോഴും പ്രേക്ഷകൻ എവിടെ നിൽക്കണമെന്നറിയാതെ കുഴങ്ങും. അഥവാ ഒരു പക്ഷേ പക്ഷം പിടിച്ചാലും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാനാകാത്ത അവസ്ഥയുണ്ടാകുന്നു കാഴ്ചക്കാരന്. ആക്ഷനും വയലൻസും ഒത്തു ചേരുന്ന രംഗങ്ങൾ വൈകാരിക തീവ്രമാകുക കൂടി ചെയ്യുന്നതോടെ സിനിമ കൂടുതൽ ആസ്വാദ്യകരമാകുന്നു. 

 

വർഗീതയതയെന്ന അതിവൈകാരികമായതും കാലിക പ്രസക്തിയുള്ളതുമായ വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചിരിക്കുന്നുണ്ട് കുരുതിയിൽ.  സിനിമകളുടെ മികവ് ചർച്ചയാകുന്നതിനേക്കാൾ അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ അതിവായനകൾ വിവാദമാകുന്ന കാലമാണിത്. കുരുതി എന്ന ചിത്രവും വരും ദിവസങ്ങളിൽ ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇൗ സിനിമയും അതിലെ രംഗങ്ങളും ഏതൊക്കെ തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടാലും ആത്യന്തികമായി ചിത്രം നൽകുന്ന സന്ദേശത്തെ സംബന്ധിച്ച് ആർക്കും രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. 

 

കുരുതിയിലെ എല്ലാ കഥാപാത്രങ്ങൾക്കും പൊതുവിൽ ഒരു ഗ്രേ ഷെയ്ഡാണുള്ളത്. പൃഥ്വിരാജ് സുകുമാരൻ, റോഷൻ മാത്യു, മുരളി ഗോപി എന്നിവർ മികവോടെ തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തപ്പോൾ ഞെട്ടിച്ചത് മാമുക്കോയയും സ്രിന്ദയുമാണ്. ഇരുവർക്കും ലഭിച്ചത് മുൻ സിനിമകളിൽ നിന്നു വ്യത്യസ്തമായ തരത്തിലുള്ള കഥാപാത്രങ്ങൾ. നസ്ലിൻ, ഷൈൻ ടോം ചാക്കോ, മണികണ്ഛൻ ആചാരി തുടങ്ങിയ താരങ്ങളും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. 

 

തിരക്കഥയൊരുക്കിയ അനീഷ് പള്ളിയാൽ വൈകാരികമായ പ്രമേയത്തെ ഇരു പക്ഷത്തിനും പരതിയുണ്ടാകാനിടയില്ലാത്ത വിധം ബാലൻസ് ചെയ്തു അവതരിപ്പിച്ചു. ആ തുല്യത കൈമോശം വരാതെ സൂക്ഷ്മതയോടെ അവതരിപ്പിക്കാൻ ആദ്യ സംവിധാന സംരംഭത്തിലൂടെ മനു വാര്യർക്കും സാധിച്ചു. അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തെ കൂടുതൽ‌ മിഴിവുറ്റതാക്കി. 

 

കുരുതി എന്നത് വെറുമൊരു ത്രില്ലർ സിനിമയല്ല. മറിച്ച് കാലിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന, നമുക്ക് ചുറ്റുമുള്ള സമൂഹത്തെ സൂക്ഷമാർഥത്തിലുള്ള പോസ്റ്റമാർട്ടത്തിന് വിധേയമാക്കുന്ന ചിത്രം കൂടിയാണ്. അതു കൊണ്ടു തന്നെ കുരുതിക്കു നേരെ നമുക്ക് കണ്ണടയ്ക്കാനാവില്ല, പകരം അതു കണ്ടു തന്നെ അറിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com