ADVERTISEMENT

'ഒരു ഫീൽ ഗുഡ് സിനിമ കണ്ടു മനസു തുറന്നു ചിരിച്ചിട്ട് കാലമെത്രയായി?' ഈ കോവിഡ് ലോക്ഡൗൺ കാലത്ത് മലയാളി പ്രേക്ഷകർ പലയാവർത്തി ഇങ്ങനെ പറഞ്ഞു കാണും. എന്നാൽ, ആ ചോദ്യത്തിന് ഏറ്റവും ഉചിതമായ മറുപടിയാണ് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച #ഹോം എന്ന സിനിമ. നായകൻ ഇന്ദ്രൻസ്! കഴിഞ്ഞ നാൽപ്പതുവർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രൻസ് എന്ന നടനെ വേറൊരു കളറിൽ ഈ സിനിമയിൽ കാണാം! സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ അവശേഷിക്കുന്നതും ഇന്ദ്രൻസിന്റെ ഒരു പുഞ്ചിരിയാണ്. ഇന്ദ്രൻസിന് മാത്രം സാധ്യമാകുന്ന ആ ചിരിയിലുണ്ട് ഹോം എന്ന സിനിമ പങ്കുവയ്ക്കുന്നതെല്ലാം

 

home-movie-2

ഒലിവർ ട്വിസ്റ്റ്– ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേരിൽ തന്നെയുണ്ട് ഒരു കൗതുകം. നാൽപ്പതുകളിലും അൻപതുകളിലും ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്ന പല എഴുത്തുകാരുടെയും ടൈപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇന്ദ്രൻസിന്റെ അപ്പച്ചൻ. ആ കാലത്തെ ന്യൂജെൻ ആയിരുന്ന അപ്പച്ചന്റെ മകനും എൺപതുകളിലെ ന്യൂജെൻ വഴി തന്നെ തിരഞ്ഞെടുത്തു. വിഡിയോ കാസറ്റ് ലൈബ്രറി നടത്തിപ്പുകാരനായിരുന്നു ഒലിവർ ട്വിസ്റ്റ്. മൂന്നാം തലമുറയിലെത്തുമ്പോഴും ന്യൂജെൻ വഴി തന്നെയാണ് ഒലിവറിന്റെ മക്കളും തിരഞ്ഞെടുക്കുന്നത്. മൂത്തമകൻ ആന്റണി സംവിധായകനും രണ്ടാമത്തെ മകൻ ചാൾസ് യുട്യൂബറും. ഓരോ തലമുറയ്ക്കും അതിനു തൊട്ടു മുൻപിലെ തലമുറ 'പഴഞ്ചൻ' ആണെന്നു തോന്നുന്നത് സ്വാഭാവികം! എന്നാൽ ആ തോന്നൽ പഴയ തലമുറയ്ക്ക് സ്വയം തോന്നുമ്പോൾ അവരും അൽപം പതുക്കെയാകും. അവർക്കു മുൻപിലൂടെ ലോകം ഓടിപ്പോകും. ഇവിടെയാണ് 'ഹോം' എന്ന സിനിമയുടെ കഥ ആരംഭിക്കുന്നത്. 

 

home-movie-1

പ്രേക്ഷകർക്ക് പരിചിതമായ കഥാപരിസരങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. സ്മാർട്ട്ഫോണും ഇന്റർനെറ്റും തുറന്നിട്ട വിവരവിസ്ഫോടനത്തിന്റെ ഒഴുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന മക്കളുടെ വേഗതയിലേക്ക് എത്തിപ്പെടാൻ ഒലിവർ ട്വിസ്റ്റ് നടത്തുന്ന പരിശ്രമങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കും... ഇടയ്ക്ക് കണ്ണു നനയിക്കും! പ്രത്യേകിച്ച് എടുത്തു പറയാൻ തക്കവിധ നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്ന തിരിച്ചറിവ് ഒരു പ്രത്യേക സാഹചര്യത്തിൽ ഒലിവറിനെ നിരാശനാക്കുന്നുണ്ട്. മകനോട് പറയാൻ ഒരു 'എക്സ്ട്രാ ഓർഡിനറി മൊമന്റ്' പോലും തന്റെ ജീവിതത്തിൽ ഇല്ലേയെന്ന അന്വേഷണം പഴയൊരു സംഭവത്തിലേക്കാണ് ഒലിവറിനെ എത്തിക്കുന്നത്. ഒരു കെട്ടുകഥ പോലെ തോന്നിക്കുന്ന ആ സംഭവമാണ്, ഒലിവറിന്റെ കുടുംബത്തിലേക്ക് വീണ്ടും പുഞ്ചിരികളും വർത്തമാനങ്ങളും തിരികെ എത്തിക്കുന്നതിന് നിമിത്തമാകുന്നതും. 

 

home-movie-trailer

പല കഥാപാത്രങ്ങളായി ഇന്ദ്രൻസ് മലയാളികളെ രസിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരു വാണിജ്യ സിനിമയിൽ നായകനായി വന്ന് കയ്യടി നേടുന്നത് ഇതാദ്യമാകും. തിയറ്ററിലാണ് ഈ ചിത്രം റിലീസ് ചെയ്തിരുന്നതെങ്കിൽ തീർച്ചയായും കാണികൾ എണീറ്റു നിന്നു ഇന്ദ്രൻസിനു വേണ്ടി കയ്യടിക്കുമായിരുന്നു. അത്രമേൽ സ്വാഭാവികവും ഹൃദയസ്പർശിയുമാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. ഒലിവറിന്റെ ആത്മമിത്രമായെത്തിയ ജോണി ആന്റണിയും പതിവു പോലെ ഗംഭീരമാക്കി. ആവർത്തിച്ചു കാണാവുന്ന രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ഇന്ദ്രൻസിന്റെയും ജോണി ആന്റണിയുടെയും കോംബോ സീനുകൾ. ഇന്ദ്രൻസിന്റെ മക്കളുടെ വേഷങ്ങളിലാണ് ശ്രീനാഥ് ഭാസിയും ലെസ്ലിനും എത്തുന്നത്. തഗ് ഡയലോഗുകൾ അടിച്ച് ലെസ്ലിൻ സ്കോർ ചെയ്യുമ്പോൾ തന്റെ പതിവുശൈലിയിൽ തന്നെ ശ്രീനാഥ് ഭാസ് ഒരു നവാഗത സംവിധായകന്റെ ആശങ്കകളും പ്രതിസന്ധിയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. 

 

ഒലിവറിന്റെ ഭാര്യ കുട്ടിയമ്മയായി എത്തുന്നത് മഞ്ജു പിള്ളയാണ്. അമ്മ–മക്കൾ കോമ്പിനേഷൻ രംഗങ്ങളായാലും ഇന്ദ്രൻസുമായുള്ള രംഗങ്ങളായാലും അതിഭാവുകത്വമില്ലാതെ മഞ്ജു പിള്ള അവതരിപ്പിച്ചിരിക്കുന്നു. നർമമുഹൂർത്തങ്ങളിലും വൈകാരിക രംഗങ്ങളിലും അവർ പ്രകടിപ്പിക്കുന്ന കയ്യടക്കം ഗംഭീരമാണ്. ഈ.മ.യൗവിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കൈനകരി തങ്കച്ചനാണ് ഒലിവറിന്റെ അപ്പച്ചന്റെ വേഷം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിഷ്ടം തോന്നുന്ന 'അപ്പച്ചൻ ബ്രോ' തന്നെയാണ് കൈനകരി തങ്കച്ചൻ. അതുപോലെ രസിപ്പിക്കുന്ന കഥാപാത്രമാണ് വിജയ് ബാബു അവതരിപ്പിച്ച സൈക്കോളജിസ്റ്റ്. ശ്രീകാന്ത് മുരളി, ആശ അരവിന്ദ്, ദീപ തോമസ്, കെ.പി.എ.സി ലളിത, പ്രിയങ്ക എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ഹോമിൽ അവതരിപ്പിക്കുന്നു. 

 

ഇത്രയേറെ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് ഒരു കണക്ട് ഉണ്ടാക്കുന്നതിൽ സിനിമയുടെ തിരക്കഥ പോലെ തന്നെ പശ്ചാത്തലസംഗീതവും ക്യാമറയും വഹിച്ച പങ്ക് ചെറുതല്ല. രാഹുൽ സുബ്രഹ്മണ്യന്റെ സംഗീതം സിനിമയുടെ പശ്ചാത്തലത്തോട് അത്രയധികം ഇഴുകിച്ചേർന്നിരിക്കുന്നു. വീടിന് അകത്തെ കാഴ്ചകളാണ് ഹോമിൽ അധികവുമുള്ളത്. എന്നാൽ, ആവർത്തനവിരസതയുണ്ടാക്കാതെ ഛായാഗ്രാഹകൻ നീൽ ഡി കുഞ്ഞ ഒരുക്കിയ ദൃശ്യങ്ങൾ നിറവുള്ള കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഒലിവർ ട്വിസ്റ്റിന്റെ കുഞ്ഞുവീടിനെ അതിമനോഹരമായി സെറ്റ് ചെയ്ത് ആർട് വിഭാഗവും അഭിനന്ദനം അർഹിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്ക് കൃത്യമായ വ്യക്തിത്വം നൽകുന്നതിൽ കോസ്റ്റ്യൂം വിഭാഗവും മേക്കപ്പ് ഡിപ്പാർട്മെന്റും വഹിച്ച പങ്ക് അഭിനന്ദനീയമാണ്. ഓരോ കഥാപാത്രത്തിനോടും ഒരിഷ്ടം തോന്നുന്ന ലുക്കുകളാണ് സിനിമയിൽ. 

 

ഓരോ വീടിനും ഒരു കഥ പറയാനുണ്ട്. ഹോം എന്ന സിനിമ ഒലിവർ ട്വിസ്റ്റിന്റെ വീടിന്റെ കഥയാണ്. 'ഞോണ്ടി ഞോണ്ടി വിളിക്കണ' ഒരു ഫോൺ ആ കഥയിലേക്കുള്ള നിമിത്തമാകുന്നുവെന്ന് മാത്രം. എല്ലാം സമൂഹമാധ്യമങ്ങളിൽ 'സ്റ്റോറികളും' പോസ്റ്റുകളും ആകുന്ന കാലത്ത് വീടിന്റെ അകത്തളങ്ങളിലെ മനസു തുറക്കലുകൾക്കും ചേർത്തു പിടിക്കലുകൾക്കും അൽപം സമയം മാറ്റി വയ്ക്കണമെന്ന ഓർമപ്പെടുത്തലും ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നു. ഒന്നുറപ്പാണ്, ഈ സിനിമ കണ്ടു തീരുമ്പോൾ സ്മാർട്ട്ഫോണിൽ നിന്ന് മുഖമുയർത്തി നിങ്ങൾ നേരിൽ മിണ്ടാനും ഒന്നു കെട്ടിപ്പിടിക്കാനും ആഗ്രഹിക്കുന്നത് നിങ്ങളുടെ അച്ഛനെയും അമ്മയേയും ആയിരിക്കും. കാരണം, ഒരു വീട് വീടാക്കുന്നത് യഥാർത്ഥത്തിൽ അവരല്ലേ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com