ADVERTISEMENT

test-23-ഗണേശ ചതുർത്ഥി ദിനത്തിൽ ആളൊഴിഞ്ഞ തിയറ്ററിൽ ഇരുന്നു തലൈവി എന്ന സിനിമ കണ്ടതിനുശേഷം, എന്റെ മനസ്സിൽ അലയടിച്ച ഒരേയൊരു ചോദ്യം ‘എന്തുകൊണ്ട് ഇപ്പോൾ ജയലളിതയുടെ ജീവചരിത്രം എടുത്തു’? എന്നുള്ളതാണ്.  ചുരുക്കം ചില വലതുപക്ഷ രാഷ്ട്രീയക്കാരല്ലാതെ ശശികല ഉൾപ്പടെയുള്ള ജയലളിതയുടെ പാർട്ടിക്കാരോ  ആരാധകരോ  "തലൈവി" എന്ന ചിത്രം ആഘോഷിക്കുമെന്നു തോന്നുന്നില്ല.

 

ജയലളിത തമിഴ്‌നാട് രാഷ്ട്രീയപ്രവർത്തകരുടെ ആരാധനാമൂർത്തി ആയിരുന്നു.  അറുപതുകളുടെ അവസാനത്തിൽ തമിഴ് സിനിമയിൽ നിറഞ്ഞാടിയ ജയലളിത അനേകമനേകം യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു.  തലൈവി എന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയത്തിലെ ആരാധനാമൂർത്തിയുടെ കഥയാണ് പറഞ്ഞതെങ്കിലും അവരുടെ രാഷ്ട്രീയമെന്തെന്നോ അവർ തമിഴ് ജനതയ്ക്ക് എന്തായിരുന്നെന്നോ പറയുന്നതിൽ പരാജയപ്പെട്ടു.

Thalaivi-Jayalalitha-Kangana

 

ജയലളിതയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ 1989 മാർച്ചിലെ ഒരു നിയമസഭ രംഗത്തോടെയാണ് തലൈവി ആരംഭിക്കുന്നത്, ജയലളിതയുടെ അന്തസ്സ് കെടുത്തിയ ദിനം കൂടിയായിരുന്നു അന്ന്.  കങ്കണ റണൗട്ട്  അവതരിപ്പിച്ച ജയലളിത എന്ന കഥാപാത്രം അസംബ്ലി ഹാളിൽ നിന്ന് പുറത്തുവന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി താൻ തിരിച്ചുവരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.  ജയയുടെ ജീവിതത്തിന്റെ ആദ്യനാളുകളായ 1965 -ലേക്ക് പോയ ചിത്രം പിന്നീട് പറയുന്നത് മടിച്ച് മടിച്ച് അഭിനയരംഗത്തേക്ക് വന്ന ജയ എന്ന പെൺകുട്ടിയെക്കുറിച്ചാണ്.  എംജിആറുമായുള്ള ഷൂട്ടിങിന്റെ ആദ്യ ദിവസം തന്നെ ജയലളിത  അദ്ദേഹത്തിന്  അർഹിക്കുന്ന ബഹുമാനം കൊടുക്കാൻ വിസമ്മതിച്ചിരുന്നു.  തലൈവിയിൽ അരവിന്ദ്സ്വാമിയാണ് എംജിആർ ആയി അഭിനയിച്ചത്.

kangana-ranaut-thalaivi
എ.എൽ. വിജയ്‌യും കങ്കണയും

 

എംജിആറിന്റെ സിനിമയിലെ നായികാസ്ഥാനം നഷ്ടപ്പെട്ടതിനു ജയ ഒരിക്കൽ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു.  മറ്റൊരിക്കൽ ശിവാജി ഗണേശനാണോ എംജിആർ ആണോ ഏറ്റവും നല്ല നടൻ എന്ന ചോദ്യത്തിന് ആവർ രണ്ടുമല്ല ഞാനാണ് ഏറ്റവും മികച്ച അഭിനേതാവ് എന്ന് ജയ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു.  അതായിരുന്നു ജയലളിത.  ഓരോ തോൽവിയും ചവിട്ടുപടിയാക്കി ജയിച്ചുകയറാനുള്ള അസാമാന്യ പാടവമുള്ള വ്യക്തി.  പക്ഷേ തലൈവി എന്ന സിനിമ  ജയലളിത എന്ന രാഷ്ട്രീയക്കാരിയെ അതിന്റെ പൂർണ്ണതയിൽ വരച്ചിടുന്നതിൽ അമ്പേ പരാജയപ്പെട്ടു.    

thalaivi-trailer

 

അമ്മുവിയിൽ നിന്ന് അമ്മയിലേക്കുള്ള ജയലളിതയുടെ പരിണാമത്തിന്റെ കഥ പറയുമ്പോൾ  സിനിമയ്ക്കും രാഷ്ട്രീയത്തിനും അതീതമായ ഒരു പ്രണയബന്ധം എംജിആറും ജയലളിതയും പങ്കുവച്ചതായി തലൈവി ചിത്രീകരിക്കുന്നു.  എംജിആറുമായുള്ള ജയലളിതയുടെ അടുപ്പവും അവരുടെ ജോഡി തമിഴ് സിനിമാലോകത്ത് ആഘോഷിക്കപ്പെട്ടതും, തമിഴകത്തിന്റെ പ്രിയപ്പെട്ട മക്കൾതിലകത്തിന്റെ പ്രണയിനിയായി അവർ മാറിയതെങ്ങനെയെന്നുമാണ് തലൈവി പറയാൻ ശ്രമിക്കുന്നത്.

 

സിനിമയുടെ ആദ്യ പകുതി മുഴുവൻ അവരുടെ ബന്ധത്തെക്കുറിച്ചും ജയയുടെ ഉയർച്ചയെക്കുറിച്ചും പറയുന്നു. രണ്ടാം പകുതിയിൽ ജയലളിത രാഷ്ട്രീയത്തിൽ എങ്ങനെ ഉന്നതിയിലെത്തി എന്ന് പറയാൻ ശ്രമിക്കുന്നുണ്ടെകിലും അത് വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നുവേണം പറയാൻ.  എംജിആറുമായുള്ള ജയയുടെ ബന്ധവും അവരുടെ രാഷ്ട്രീയപ്രവേശം എംജിആർ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ജയ ഒരു രാഷ്ട്രീയപ്രവർത്തകയാകാൻ വിമുഖത കാണിച്ചിരുന്നുവെന്നുമൊക്കെയാണ് തലൈവി പറയുന്നത്

 

ജയയുടെ കഥപറയാൻ പരാജയപ്പെട്ടതുപോലെതന്നെ തലൈവി, എം കരുണാനിധിയോടും ആർ.എം. വീരപ്പനോടും തികഞ്ഞ അനീതി കാണിച്ചു.  എംജിആറിന്റെ അടുത്ത സഹായികളിൽ ഒരാളായിരുന്ന ആർഎംവി എഐഎഡിഎംകെയുടെ വക്താവായി ജയലളിതയെ വാഴിക്കുന്നത് യഥാർഥത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നില്ല.  എന്നാൽ തലൈവിയിൽ  ആർഎംവി എതിരാളിയാണ്.  ആർഎംവിയായി സമുദ്രക്കനി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് അതേസമയം കരുണാനിധിയായി നാസറിന് വളരെ പരിമിതമായ സീനുകളേ ഉണ്ടായിരുന്നുള്ളൂ.  കങ്കണയുടെ മുഖാഭിനയത്തിന് മാറ്റുകൂട്ടുന്ന ജിവി പ്രകാശ്കുമാറിന്റെ ഡ്രം ബീറ്റുകളും ഈണവും എടുത്തുപറയേണ്ട ഒന്നാണ്.  കങ്കണയുടെ ഹിന്ദി ആരാധകരെ ജയലളിത രസിപ്പിച്ചേക്കാം എന്നാൽ ജയലളിതയെ തൊട്ടറിഞ്ഞ തമിഴ് മക്കൾക്ക് കങ്കണയുടെ തലൈവി അപരിചിതതന്നെയാണ്.

 

തലൈവി അവസാനിക്കുമ്പോൾ ജയലളിത മുഖ്യമന്ത്രിയായി 1991 -ൽ അധികാരത്തിലേറുകയാണ്.   നായികാനായകന്മാർ എല്ലാ തടസ്സങ്ങളേയും മറികടന്ന് ഒടുവിൽ അധികാരത്തിലേറുന്നത് എല്ലായെപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കണം എന്നില്ല.   സത്യത്തിൽ ജയലളിത ജീവിച്ചിരുന്നെങ്കിൽ സംവിധായകനോ എഴുത്തുകാരനോ അവരുടെ ജീവിതത്തെക്കുറിച്ച് ഒരു കഥ സിനിമയാക്കുന്നത് പോയിട്ട് ചിന്തിക്കുക കൂടി ചെയ്യുമായിരുന്നില്ല.  തലൈവിയിൽ പറയുന്നതുപോലെ ജയലളിതയ്ക്ക് എംജിആറിനോട് അതിരറ്റ സ്നേഹം ഉണ്ടായിന്നോ എന്ന് സംശയമാണ്.  എംജിആറിന്റെ നിഴലിൽ നിന്ന് പുറത്തുകടന്ന് പാർട്ടിയിൽ ഒരു അനിഷേധ്യ നേതാവായി മാറുക എന്നുള്ളതായിരുന്നു ജയലളിത എപ്പോഴും ആഗ്രഹിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com