എന്തിനാണ് ഒരുപാട് പേർ, ഇങ്ങനെ ഒരൊറ്റ ‘സണ്ണി’ പോരെ ? റിവ്യൂ

sunny-movie-review
SHARE

പരിമിതികളെല്ലാം അവസരങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത രഞ്ജിത് ശങ്കര്‍ ചിത്രം സണ്ണി. ജയസൂര്യയുടെ നൂറാമത്തെ സിനിമ, ഒരൊറ്റ കഥാപാത്രം മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമ... അങ്ങനെ ആമുഖമായി പറയാന്‍ നിരവധി വിശേഷണങ്ങളുണ്ട്. എന്നാല്‍ സിനിമ കണ്ടുതീരുമ്പോള്‍ മനസ്സില്‍ അവശേഷിക്കുക ഇതൊന്നുമാകില്ല... യു വില്‍ ഫീല്‍ ഗുഡ്! ഒരു ഹോട്ടല്‍ മുറിയിലേക്ക് പ്രേക്ഷകരുടെ കാഴ്ചയെ പരിമിതപ്പെടുത്തുന്നില്ല സണ്ണി. അവിടെയാണ് തിരക്കഥയുടെ ബ്രില്യന്‍സും ക്യാമറയുടെ മികവും തിരിച്ചറിയുക. അതിലേക്ക് കൃത്യമായി ജയസൂര്യ എന്ന നടന്‍ തന്റെ ഗംഭീര പ്രകടനവും ചേര്‍ത്തുവയ്ക്കുന്നു. ഈ കോവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്ത മറ്റൊരു ബ്രില്യന്റ് സിനിമയാണ് സണ്ണി എന്ന് നിസ്സംശയം പറയാം. 

ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീന്‍ ദിവസങ്ങള്‍ ചെലവഴിക്കാനെത്തുന്ന ബിസിനസുകാരനാണ് സണ്ണി വര്‍ക്കി. ഇഷ്ടം സംഗീതമായിരുന്നെങ്കിലും കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി ബിസിനസിലേക്കു തിരിയുന്ന അയാള്‍ക്ക് അവിടെ ചതിവു പറ്റുന്നു. നില്‍ക്കക്കള്ളിയില്ലാതെയാണ് നാട്ടിലേക്കുള്ള സണ്ണിയുടെ മടക്കം. അയാള്‍ക്ക് പ്രതീക്ഷയില്ല... ജീവിക്കാന്‍ ധൈര്യവുമില്ല. അങ്ങനെയൊരാള്‍ ഒറ്റയ്ക്കൊരു മുറിയില്‍ ഏഴു ദിവസങ്ങള്‍ ചെലവഴിക്കുമ്പോള്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. സംഭവം ഡാര്‍ക്കല്ലേ എന്നു പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും തോന്നാം. എന്നാല്‍ ആ കണക്കുക്കൂട്ടലുകളെയാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത് ശങ്കറും ഛായാഗ്രാഹകന്‍ മധു നീലകണ്ഠനും സംഗീതസംവിധായകന്‍ ശങ്കര്‍ ശര്‍മയും പൊളിക്കുന്നത്. അത്രയും ബ്രില്യന്റ് ആണ് ഈ കഥയുടെ സിനിമാറ്റിക് അവതരണം.   

കൃത്യമായി പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന സംഭാഷണങ്ങള്‍... സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ശക്തമായ സാന്നിധ്യമാകുന്ന കഥാപാത്രങ്ങള്‍... അതിലൂടെ സണ്ണി വര്‍ക്കിയുടെ ജീവിതം അനാവൃതമാകുന്നു. കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് സണ്ണി വര്‍ക്കിയേയും എഴുതി ചേര്‍ത്താണ് ജയസൂര്യ തന്റെ നൂറാമത്തെ സിനിമ പ്രേക്ഷകര്‍ക്കു സമ്മാനിച്ചിരിക്കുന്നത്. ജീവിതത്തില്‍ തോറ്റു പോയ ഒരാള്‍... അയാളുടെ ജീവിതസംഘര്‍ഷങ്ങളെ ഭാവതീവ്രമായി ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നു. ഏതു കഥാപാത്രമായി മാറുമ്പോഴും ജയസൂര്യ പുലര്‍ത്തുന്ന സൂക്ഷ്മത സണ്ണി വര്‍ക്കിയിലും കാണാം. ‍പൊലീസുകാരനോട് ഒരു കുപ്പി സംഘടിപ്പിച്ചു തരുമോ എന്നു ചോദിക്കുന്ന, അപരിചിതയായ യുവതിയോടു സൗഹൃദം സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്ന, ഡോക്ടറോട് പ്രതീക്ഷയറ്റ് സംസാരിക്കുന്ന സണ്ണിയുടെ വാശികളും കാട്ടിക്കൂട്ടലുകളും ആത്മഭാഷണങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നുണ്ട്. അതുകൊണ്ടാണ്, അയാള്‍ കരയുമ്പോള്‍ പ്രേക്ഷകര്‍ക്കും ചങ്കു പിടയ്ക്കുന്നത്. 

ഈ സിനിമയുടെ ക്രൗഡ് പുള്ളര്‍ ജയസൂര്യയാണെങ്കില്‍ സ്വഭാവ നടനുള്ള ക്രെഡിറ്റ് തീര്‍ച്ചയായും ഇന്നസെന്റിനാണ്. ഡോ. ഈരാളി എന്ന കഥാപാത്രം ശബ്ദമായിട്ടാണ് സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, അതൊരു കുറവായി ഒരിക്കലും അനുഭവപ്പെടില്ല. നല്ല നടന് തന്റെ സാന്നിധ്യം അനുഭവിപ്പിക്കാന്‍ ശബ്ദം തന്നെ ധാരാളം എന്നതിന് തെളിവാണ് ഡോ. ഈരാളി. അതൊരു ഗംഭീര കാസ്റ്റിങ് ആയിരുന്നെന്ന് പറയാതെ വയ്യ. ഈയടുത്ത കാലത്ത് ഇന്നസെന്റ് ചെയ്ത കഥാപാത്രങ്ങളില്‍ മികച്ചതാണ് ശബ്ദം കൊണ്ടു മാത്രം വന്നു പോയ ഡോ.ഈരാളി. അതുപോലെ, അജു വര്‍ഗീസിന്റെ കോഴി രാജേഷും ശ്രിത ശിവദാസിന്റെ അതിഥിയും വിജയരാഘവന്റെ പൊലീസ് വേഷവും സിദ്ദിഖിന്റെ പലിശക്കാരനും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടാണ് സിനിമയിലുടനീളം നിറഞ്ഞു നിന്നത്.  

നല്ലൊരു സംവിധായകന്‍ മാത്രമല്ല, നല്ലൊരു തിരക്കഥാകൃത്ത് കൂടിയാണ് താനെന്ന് ഒരിക്കല്‍ക്കൂടി രഞ്ജിത് ശങ്കര്‍ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. കാരണം, ഒരു കഥാപാത്രത്തെ മാത്രം മുമ്പില്‍ നിർത്തി ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്രയും വൈകാരിക മുഹൂര്‍ത്തങ്ങളുള്ള കഥ പറയുക എന്നത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയാണ്. ശക്തമായ തിരക്കഥ ഒരുക്കിയാണ് രഞ്ജിത് ശങ്കര്‍ ഈ പരിമിതികളെ അപ്രസക്തമാക്കിയത്. ഒപ്പം പരിചയസമ്പന്നരായ സാങ്കേതികപ്രവര്‍ത്തകരെയും കൂടെ കൂട്ടി. അതിലെടുത്തു പറയേണ്ടത് ചിത്രത്തിന്റെ ക്യാമറയാണ്. 

മികച്ചൊരു ഛായാഗ്രാഹകന് കഥ പറയാനുള്ള ഫ്രെയിമുകള്‍ കണ്ടെത്താന്‍ വലിയ ലാന്‍ഡ്സ്കേപ്പിന്റെ ആവശ്യമൊന്നുമില്ലെന്ന് സണ്ണിയിലെ മധു നീലകണ്ഠന്റെ ക്യാമറ വര്‍ക്ക് കണ്ടാല്‍ ആരും സമ്മതിക്കും. അതുപോലെ ഹൃദയസ്പര്‍ശിയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. സണ്ണിയുടെ വൈകാരിക സംഘര്‍ഷങ്ങള്‍ തീവ്രമായി പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനുള്ള കയ്യടി പശ്ചാത്തലസംഗീതം നിര്‍വഹിച്ച ശങ്കര്‍ ശര്‍മയ്ക്കും സൗണ്ട് ഡിസൈന്‍ ചെയ്ത സിനോയ് ജോസഫിനുമാണ്. സണ്ണിയുടെ ഹോട്ടല്‍ മുറിയിലെ ഏകാന്തവാസത്തെ മടുപ്പില്ലാത്ത ചടുലമായ കാഴ്ചാനുഭവമാക്കുന്നതില്‍ എഡിറ്റര്‍ ഷമീര്‍ മുഹമ്മദും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.  

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രം തീര്‍ച്ചയായും ഈ കാലഘട്ടത്തിന്റെ സിനിമയാണ്. കാലികമാണ് സണ്ണി എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും. സണ്ണിയെപ്പോലെ ചിലപ്പോള്‍ ഡോ.ഈരാളിയുടെ ടെക്നിക്കുകള്‍ പ്രേക്ഷകരുടെ ജീവിതത്തേയും സ്പര്‍ശിച്ചേക്കാം. കാരണം, സണ്ണിയെപ്പോലെ ഒരാള്‍ നമ്മുടെ ഉള്ളിലുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS