ഇനിയൊരു മടങ്ങി വരവില്ലേ ബോണ്ടിന്?– ‘നോ ടൈം ടു ഡൈ’ റിവ്യൂ

james-bond
SHARE

സ്ക്രീനിൽ നിറഞ്ഞുകിടക്കുന്ന കറുപ്പിനു നടുവിലൂടെ കറങ്ങിത്തിരിഞ്ഞുവരുന്ന വെളുപ്പ്. പെട്ടന്നു ചാടിവീണ് കാണികൾക്കുനേരെ തോക്കുചൂണ്ടി വെടിയുതിർക്കുന്നു– ‘ബോണ്ട്...ദ് നെയിം ഈസ്... ജെയിംസ്ബോണ്ട്...’

ആറുമാസത്തെ ഇടവേള കഴിഞ്ഞ് കേരളത്തിന്റെ വെള്ളിത്തിരയിൽ ചില കളികൾ കാണാനും ചിലതു പഠിപ്പിക്കാനുമായി ആദ്യമെത്തിയത് ജെയിംസ്ബോണ്ട് സീരീസിലെ ഏറ്റവും പുതിയ സിനിമയായ ‘നോ ടൈം ടു ഡൈ’യാണ്. ബോണ്ട് സീരീസിൽനിന്ന് നായകൻ ഡാനിയൽ ക്രെയ്ഗിനു ഗംഭീര വിടവാങ്ങൽ വിരുന്നൊരുക്കിയാണ് ചിത്രം തീയറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാൽ രണ്ടേമുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം ജെയിംസ്ബോണ്ടിന്റെ കടുത്ത ആരാധകരെ എത്രമാത്രം തൃപ്തിപ്പെടുത്തുമെന്നത് സംശയാണ്.

james-bond

‘യു നോ വാട് ടൈം ഇറ്റ് ഈസ്? ടൈം ടു ഡൈ...’

2015ൽ ‘സ്പെക്ടർ’ പുറത്തിറങ്ങിയശേഷം ആറു വർഷങ്ങൾ കഴിഞ്ഞാണ് ‘നോ ടൈം ടു ഡൈ’ വരുന്നത്. സാം മെൻഡെസ് ഇനി ബോണ്ടിനു ആക്‌ഷനും കട്ടുംപറയാനില്ലെന്ന് വ്യക്തമാക്കിയതോടെ പുതിയ ചിത്രത്തിന് സംവിധായകനായി ആദ്യം ഡാനി ബോയലിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സിൻ നൊംബെർ പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാരി ജോജി ഫുക്കുനാഗയാണ് സംവിധായകനായെത്തിയത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആദ്യമായി വിതരണം ചെയ്യുന്ന ജെയിംസ്ബോണ്ട് ചിത്രവുമാണ് നോ ടൈം ടു ഡൈ. 

പുതിയ എഴുത്തുകാരുംപുതിയ സംവിധായകനും പുതിയ വിതരണക്കാരുമായെത്തിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചതിലുമധികം വലിച്ചുനീട്ടലും വൈകാരികതയും നിറച്ചതോടെ സ്ഥിരം ‘അടി–ഇടി–വെടി’ ബോണ്ട് ഫോർമുലയുടെ പുറത്തുനിൽക്കുന്ന ചിത്രമായി മാറുകയാണ്. ചിത്രത്തിന്റെ അവസാനരംഗങ്ങളിൽ നവോമി പറയുന്ന ആ ഡയലോഗ് ഡാനിയൽ ക്രെയിഗിന്റെ ‘ബോണ്ട് ജീവിത’ത്തിന്റെ അവസാനവരികളായി ആരാധകർ നെഞ്ചിലേറ്റും...‘യു നോ വാട് ടൈം ഇറ്റ് ഈസ്? ടൈം ടു ഡൈ...’

no-time-to-die

വോഡ്ക മാർടിനി ഷെയ്ക്കൺ, നോട്ട് സ്റ്റിർഡ്...

ചടുലമായ ആക്‌ഷൻ രംഗങ്ങളും കാർ ചെയ്സ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് നോ ടൈം ടു ഡൈ. എന്നാൽ പതിവുപോലെ ഹെവി ആക്ഷൻ രംഗങ്ങൾ കുറവാണ്. ജൈവായുധം തടയാനുള്ള പോരാട്ടമെന്ന കഥാതന്തു ഏറെ പുതുമയുള്ളതല്ല. എന്നാൽ ഇതിനെല്ലാം ഉപരിയായി ഡാനിയൽ ക്രെയ്ഗിന്റെ അഭിനയമികവു തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ‘ഇമോഷണൽ ഹത്യാചാറു’കൾ ഇല്ലാത്ത, വൈകാരികതയേക്കാൾ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പ്ലേ ബോയ് ആയ ബോണ്ടാണ് ഇതുവരെ കണ്ടതെങ്കിൽ ഇത്തവണ ആ റൂട്ടൊന്നു മാറ്റിപ്പിടിച്ചിട്ടുണ്ട്. 

നീലക്കണ്ണുള്ള ഒരു കുഞ്ഞു സുന്ദരിക്കുട്ടിയോട് അവളുടെ അച്ഛനായ ആ നീലക്കണ്ണുകാരൻ ബോണ്ടിനെക്കുറിച്ച് അമ്മ കഥ പറഞ്ഞു കൊടുക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്: ‘അയാം ഗോയിങ് ടു ടെൽ യു എ സ്റ്റോറി എബൗട്ട് എ മാൻ.. ഹിസ് നെയിം വാസ് ബോണ്ട്... ജെയിംസ് ബോണ്ട്...’ആ നിമിഷം പ്രേക്ഷകർ ഉള്ളുനിറഞ്ഞ് ഡാനിയൽ ക്രെയ്ഗിനു വിട നൽകും. ബോണ്ടായി ക്രെയ്ഗ്എത്തിയ ഈ അവസാനചിത്രമാണ് ബോണ്ട് സീരീസിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമെന്നും നിസ്സംശയം പറയാം.. ഡാനിയൽ ക്രെയ്ഗ് തന്റെ ‘ബോണ്ട് ജീവിതത്തിൽ’ അവസാനമായി ആ വാക്കുകളും ഉച്ചരിക്കുകയാണ്... ‘വോഡ്ക മാർടിനി ഷെയ്ക്കൺ, നോട്ട് സ്റ്റിർഡ്...’ബോണ്ട് ഗേൾ ആയെത്തിയ ലീ സെഡക്സിന് മറ്റു ബോണ്ട് ചിത്രങ്ങളേക്കാൾ കണ്ണീരും വേദനകളുമുണ്ട്. ‘ക്യൂ’ ആയി ബിൻ വിഷോയും ‘മണിപെന്നി’യായി നവോമി ഹാരിസും മികവുപുലർത്തുന്നുണ്ട്. വില്ലനാണെങ്കിലും നിയന്ത്രിതമായ  അഭിനയംകൊണ്ട് റമി മലെക് മികവു പുലർത്തി

no-time-to-die-1

‘ജെയിംസ്.. ഇറ്റ്സ് എ ഗുഡ് ലൈഫ്..ദിസ് വൺ..ദ് ബെസ്റ്റ് ’

ചിത്രത്തിൽ ആദ്യാവസാനം ഫുക്കുനാഗ സ്വീകരിച്ചിരിക്കുന്ന നിറവിന്യാസം ഏറെ ശ്രദ്ധേയമാണ്. ആക്‌ഷൻ രംഗങ്ങളിലെ പൂർണതയ്ക്കാണ് ഫുക്കുനാഗ കൈയടി നേടുന്നത്. ബില്ലി എയ്‌ലിഷിന് ഗ്രാമി അവാർഡ് ലഭിച്ച നോ ടൈം ടു ഡൈ എന്ന ഗാനം മനസ്സിൽ തങ്ങിനിൽക്കും. പതിവുപോലെ കാറുകളുടെ പെരുമഴയാണ് ചിത്രത്തിൽ. ലാൻഡ്റോവറുകൾ യഥേഷ്ടം വിഹരിക്കുന്ന റോഡുകളിലൂടെ ഓസ്റ്റിൻ മാർട്ടിന്റെ വി8 വാന്റേജ്, ഡിബി5, ഡിബിഎസ് സൂപ്പർലെഗ്ഗേറ, വൽഹാല തുടങ്ങിയ കിടിലോൽക്കിടിലൻ കാറുകളാണ് ബോണ്ട് തലങ്ങുംവിലങ്ങും ഓടിക്കുന്നത്. എന്നാൽ ട്രയംഫ് ടൈഗർ 900 ബൈക്കിൽ ചീറിപ്പാഞ്ഞ് കുതിച്ചുപൊന്തുന്ന ബോണ്ടിനല്ലേ ഒരൽപം മികവു കൂടുതൽ എന്ന് സംശയം തോന്നും. തോക്കുകൾക്കും കാറുകൾക്കും കാമുകിമാർക്കും വിട ചൊല്ലി ഡാനിയൽ‍ ക്രെയ്ഗ് കളം വിടുമ്പോൾ നിസ്സശയം പറയാവുന്നത് ചിത്രത്തിൽ ഫെലിക്സ് പറയുന്ന ആ ഡയലോഗാണ്... ‘ജെയിംസ്.. ഇറ്റ്സ് എ ഗുഡ് ലൈഫ്..ദിസ് വൺ..ദ് ബെസ്റ്റ്’

ആരാകും അടുത്ത ബോണ്ട്?

ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാണികൾ പരസ്പരം ചോദിക്കുന്ന ചോദ്യമിതാണ്. ഇദ്രിസ് എൽബയും ടോം ഹാർഡിയും ഹെൻറി കവില്ലുമടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആകാംക്ഷ നീളുകയാണ്. അടുത്ത ബോണ്ട് ആരായിരിക്കും?. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA