ADVERTISEMENT

‌‌‌‌ജന്മനക്ഷത്രം വച്ച് വാരഫലം നോക്കുന്നവർ ഏറെയുണ്ട്. ഓരോ നക്ഷത്രത്തിൽ ജനിച്ച ആളുകളുടെയും സ്വഭാവം വേറിട്ടുനിൽക്കുമെന്നാണ് വിശ്വാസങ്ങളിൽ പറയപ്പെടുന്നത്. അതിൽ ചിലർക്ക് ഓരോ നിയോഗങ്ങളും ഉണ്ടത്രേ. അങ്ങനെ ‘തിരുവാതിര’ നക്ഷത്രത്തിൽ ജനിച്ച ആർദ്രയുടെ കഥയാണ് ‘സ്റ്റാർ’ എന്ന ചിത്രം പറയുന്നത്. റോയ്–ആര്‍ദ്ര ദമ്പതികളുടെ കുടുംബത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സന്തോഷത്തോടെ അവരുെട ജീവിതം മുന്നോട്ടുപോകുന്നതിനിടെ പ്രപ​ഞ്ചത്തിൽ സംഭവിക്കുന്ന അപൂർവ പ്രതിഭാസം അതെല്ലാം മാറ്റിമറിക്കുന്നു. 

 

ആര്‍ദ്രയുടെ സ്വഭാവത്തില്‍ വരുന്ന മാറ്റം, അസ്വാഭാവികമായ പ്രവര്‍ത്തികള്‍ റോയിയെയും കുട്ടികളെയും അസ്വസ്ഥരാക്കുന്നു. ആ മാറ്റത്തിന് കാരണം കണ്ടുപിടിക്കാൻ റോയിക്കും ആകുന്നില്ല. ആര്‍ദ്രയുടെ ഉള്ളില്‍ ഇപ്പോഴും താന്‍ കടന്നുവന്ന ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും അവശേഷിപ്പുകളുണ്ട്. ആര്‍ദ്രയ്ക്കും വീടിനും അതിനോട് ചേര്‍ന്നുള്ള കാവിനും പറയുവാനും കഥകളേറെ. ഇതിൽ ഭീതിപ്പെടുത്തുന്ന കഥകളുമുണ്ട്. അങ്ങനെ ആര്‍ദ്രയെയും കൂട്ടി റോയിയും കുടുംബവും അവിടേയ്ക്കു പോകുന്നതും പിന്നീട് സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളിലൂടെയും ചിത്രം മുന്നോട്ടുപോകുന്നു.

star

 

ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ആർദ്ര തന്നെയാണ് യഥാർഥ ‘സ്റ്റാർ’. അത്യന്തം സങ്കീർണത നിറഞ്ഞ ആ കഥാപാത്രത്തെ മികവോടു കൂടി അവതരിപ്പിക്കാൻ ഷീലുവിനു കഴിഞ്ഞു. റോയ് ആയി എത്തിയ ജോജു ജോർജും തന്റെ വേഷം ഭംഗിയാക്കി. ‌പൃഥ്വിരാജിന്റെ അതിഥിവേഷം ചിത്രത്തിലെ മറ്റൊരു സർപ്രൈസ് എലമന്റാണ്. സിനിമയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പറയാനുദ്ദേശിച്ച പ്രധാന ആശയത്തേക്കുറിച്ചുള്ള ധാരണ പ്രേക്ഷകന് നല്‍കുന്നതില്‍ പൃഥ്വിയുടെ കഥാപാത്രത്തിന് വലിയൊരു പങ്കുണ്ട്. 

 

സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിന്‍ സോമശേഖരനാണ്. മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്യാത്ത ഒരു വിഷയത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു എന്ന പുതുമ ചിത്രത്തിനുണ്ട്. അറിവില്ലായ്മ കൊണ്ട് ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന വിഷയത്തിലേക്കാണ് സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷക ശ്രദ്ധ തിരിക്കുന്നത്.

 

തരുണ്‍ ഭാസ്‌കരിന്റെ ഛായാഗ്രഹണം സിനിമയുടെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. രഞ്ജിന്‍ രാജും എം. ജയചന്ദ്രനും വില്യം ഫ്രാന്‍സിസും സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം മികച്ചവയായിരുന്നു. വില്യം ഫ്രാന്‍സിസിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മുതൽക്കൂട്ടാണ്.

 

‘സ്റ്റാർ’ എന്ന കൊച്ചുചിത്രം മുന്നോട്ട് വയ്ക്കുന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഏവരും അറിഞ്ഞിരിക്കേണ്ടതുമാണ്. ഈ സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com