മുഴങ്ങുന്നത് ശബ്ദമില്ലാത്തവരുടെ വേദന; ജയ് ഭീം ഹൃദയം തൊടുന്നു; റിവ്യു

jai-bhim-review
SHARE

‘‘പോരാട്ടം നടത്തുന്നതിന് നിയമം എനിക്കൊരു ആയുധമാണ്. കോടതിയിൽ നീതി കിട്ടിയില്ലെങ്കിൽ തെരുവിൽ ഇറങ്ങി പോരാടും’’ – മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം’ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടം.

സൂര്യ വക്കീൽ ചന്ദ്രുവായി എത്തുമ്പോഴും ചിത്രത്തിന്റെ കേന്ദ്രം അതിന്റെ പ്രമേയം തന്നെയാണ്. വെട്രിമാരന്റെ ദേശീയ അവാർഡ് ചിത്രം ‘വിസാരണയ്ക്കും’ മാരി സെൽവരാജിന്റെ ‘കർണനും’ ശേഷം ജാതി വിവേചനം പ്രധാന വിഷയമായി വരുന്ന ജയ്ഭീം പക്ഷേ, കയ്യടി അർഹിക്കുന്നത് കഥ പറഞ്ഞ രീതിയിലാണ്. ആദിവാസി വിഭാഗത്തിൽ പെട്ട ഒരു ഗോത്രത്തിനെതിരായി രാഷ്ട്രീയവും പൊലീസും നടത്തുന്ന അനീതികളെ കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കയറ്റി ചോദ്യം ചെയ്യുകയാണ് ‘ജയ് ഭീം’ എന്ന സിനിമ. ദലിത് രാഷ്ട്രീയത്തിനും ദ്രാവിഡ രാഷ്ട്രീയത്തിനും ശേഷം ശക്തമായ ഇടതു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട് ജയ്ഭീം. ഫീസ് വാങ്ങാതെ മനുഷ്യാവകാശ കേസുകളിൽ പോരാടുന്ന ചന്ദ്രു എന്ന വക്കീലായി ഗംഭീര പ്രകടനം ആണ് സൂര്യ നടത്തിയത്. 

1995 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. തമിഴ്നാട്ടിലെ ഉൾപ്രദേശത്തെ ഒരു ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ഒരു കൂട്ടം ആളുകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവരെ കാത്ത് രണ്ടു വിഭാഗം ആളുകൾ പുറത്തുണ്ട്. ഒന്ന് അവരുടെ കുടുംബക്കാരും മറ്റൊന്ന് മഫ്തിയിലെത്തിയ രണ്ടു സംഘം പൊലീസുകാരും. ജയിലിന് പുറത്തിറങ്ങുന്ന ആളുകളെ തടഞ്ഞുനിർത്തി ജയിൽ ഉദ്യോഗസ്ഥൻ അവരുടെ ജാതിയെക്കുറിച്ച് ചോദിക്കുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടവരെ മാറ്റി നിർത്തുന്നു. പിന്നീട് നടക്കുന്നത് ജയിൽ ഉദ്യോഗസ്ഥനും പുറത്തുനിന്നെത്തിയ പൊലീസുകാരും തമ്മിലുള്ള വിലപേശലാണ്. 

jai-bhim-review-2

സ്റ്റേഷനിൽ ഒരുപാട് കേസുകൾ പെ‍ൻഡിങ് ഉണ്ടെന്നും ആറുപേരെയെങ്കിലും തരണമെന്നും ഒരു കൂട്ടർ. ഇൻസ്പെക്ടർക്ക് പ്രമോഷൻ ആണെന്നും കേസുകൾ അവസാനിപ്പിക്കാൻ പത്തുപേരെ തങ്ങൾക്ക് വേണമെന്നും മറ്റൊരു കൂട്ടർ. ആകെ 12 പേർ മാത്രമേ ഇവിടുള്ളു എന്നും ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ കേസ് വയ്ക്കാൻ പാടില്ല എന്ന നിയമമൊന്നും ഇല്ലല്ലോ എന്നും ചോദിച്ച് കുറേ നോട്ടുകൾ വാങ്ങി, മാറ്റിനിർത്തിയ അളുകളെ പൊലീസിനു വിട്ടുകൊടുക്കുകയാണ് യൂണിഫോമിട്ട ഉദ്യോഗസ്ഥൻ. താഴ്ന്ന ജാതിയിൽ പെട്ടവരും പണമില്ലാത്തവരും അവരെ സംബന്ധിച്ചിടത്തോളം അനാഥരാണ്. ഒരു ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടനെ മറ്റൊരു ജയിലിലേക്കുള്ള അവരുടെ യാത്രയിലാണ് സിനിമയുടെ തുടക്കം. അവിടെ മുതൽ തുടങ്ങുന്നത് യാഥാർഥ്യത്തിന്റെയും ഇന്നും തുടരുന്ന അരാജകത്വത്തിന്റെയും നേർചിത്രത്തിലേക്കുള്ള യാത്രയാണ്. 

jai-bhim-lijomol-manikandan

ഇരുളർ ഗോത്രത്തിൽപ്പെട്ട വേട്ടക്കാരായ ദമ്പതികളായ സെൻഗെന്നി (ലിജോമോൾ) രാജകണ്ണു (മണികണ്ഠൻ) എന്നിവരുടെ ജീവിതത്തിലൂടെയാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണ്. ഒരു മോഷണക്കുറ്റത്തിൽ കള്ളക്കേസു ചുമത്തി രാജകണ്ണിനെയും ബന്ധുക്കളെയും ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതോടെ ഭരണകൂടത്തിന്റെ മർദന യന്ത്രമായ പൊലീസിന്റെ ഭീകരമുഖം കാണിച്ചുതരുന്നു. വിസാരണയിലും കർണനിലും കണ്ടുമരവിച്ച ലോക്കപ്പ് മർദനങ്ങളുടെ ഭീകരമായ മുഖം തന്നെയാണ് ജയ്ഭീമിലും പ്രേക്ഷകനെ കൊത്തിവലിക്കുന്നത്. 

പൊലീസ് കസ്റ്റഡിയിൽ നിന്ന് രാജാകണ്ണിനെയും മറ്റ് രണ്ടുപേരെയും കാണാതാവുന്നതോടെ ചിത്രത്തിന് ത്രില്ലർ സ്വഭാവം വന്നുചേരുന്നു. പൊലീസ് കസ്റ്റഡിയിൽ കാണാതായ രാജാകണ്ണിനെ കണ്ടുപിടിക്കാനായി പൂർണഗർഭിണിയായ സെൻഗെന്നി അഭിഭാഷകനായ ചന്ദ്രുവിന്റെ സഹായം തേടുന്നതോടെ പൂർണമായും ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം മാറുന്നു. കസ്റ്റഡിയിൽ കാണാതായ 3 പേർ എവിടെ? പൊലീസിന്റെ ക്രൂരത എങ്ങനെ കോടതിമുറിയിൽ ചന്ദ്രു തുറന്നു കാട്ടുന്നു, സെൻഗെനിക്ക് നീതി കിട്ടാനായുള്ള ചന്ദ്രുവിന്റെ യാത്രകൾ തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്. 

jai-bhim-review-suriya

രാജാക്കണ്ണിനെ കാണാനില്ലെന്ന ഹേബിയസ് കോർപ്പസ് കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് വാദിക്കുമ്പോൾ ഉദാഹരണമാകുന്നത് കേരളത്തിലെ രാജൻ കേസാണ്. ഏറ്റവും റിയലിസ്റ്റിക് രീതിയിൽ കോടതിമുറി ചിത്രീകരിച്ചു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സൂര്യ വളരെ പക്വതയോടെയുള്ള അഭിഭാഷകന്റെ വേഷം പതിവുപോലെ മികച്ചതാക്കി. രജിഷ വിജയൻ, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിരയും മികച്ച പ്രകടനം പുറത്തെടുത്തു. 

ഹൃദയം നുറുങ്ങുന്ന പ്രകടനത്തിലൂടെ അമ്പരപ്പിച്ചത് മണികണ്ഠന്റെ കഥാപാത്രമാണ്. അദ്ദേഹം തന്റെ കഥാപാത്രത്തിന്റെ നിസ്സഹായത നന്നായി പുറത്തുകൊണ്ടുവന്നു. തമിഴ് സിനിമയിലെ സമീപകാലത്തെ ഏറ്റവും മികച്ച കാസ്റ്റിങ് തിരഞ്ഞെടുപ്പുകളിലൊന്നാണ് ലിജോമോളുടേത്. ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാവുന്ന കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ ലിജോമോൾ ചെയ്തു. ഭാവിയിൽ ഏറ്റവും അഭിനന്ദനങ്ങൾ കിട്ടാൻ സാധ്യതയുള്ള കഥാപാത്രമാണ് സെൻഗെന്നിയുടേത്. ഷോൺ റോൾഡൻ മികച്ച ഗാനങ്ങളൊരുക്കി ചിത്രത്തിന് ഒഴുക്ക് നൽകുന്നുണ്ട്. മികച്ച ഛായാഗ്രഹണവും എഡിറ്റിങ്ങും 2.45 മണിക്കൂറെന്ന ദൈർഘ്യത്തെ ലാഗ് ഒട്ടും അനുഭവപ്പെടാതെ മുന്നോട്ട് നയിക്കുന്നു. 

എന്നാൽ എല്ലാ ഭാഗവും മികച്ച നിൽക്കുന്ന ഒരു സിനിമ അല്ലതാനും ‘ജയ്ഭീം’. സപ്പോർട്ടിങ് ക്യാരക്ടറുകളെ വേണ്ടവിധത്തിൽ ഉപയോഗിക്കാത്തതും കോടതിമുറിയിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന കഥാപാത്രമായി എതിർവിഭാഗം വക്കീലുമാരെ അവതരിപ്പിച്ചതും എഴുത്തിലെ പോരായ്മയാണ്. ശക്തമല്ലാത്ത എതിർ വിഭാഗം സത്യത്തിലേക്കുള്ള നായകന്റെ യാത്ര വളരെ എളുപ്പമാണെന്ന് തോന്നിപ്പിക്കും. ക്ലൈമാക്സ് എന്താണെന്ന് ഊഹിച്ചെടുക്കാനും സോഷ്യൽ മെസേജിനപ്പുറം ഒരു ഇംപാക്ട് ഉണ്ടാക്കാനും ചിത്രത്തിന് സാധിക്കാതെ പോയി. എന്നാൽ ഈ നെഗറ്റീവുകളെ എല്ലാം മികച്ച അവതരണത്തിലൂടെ മറച്ചുപിടിക്കാനും മാസ്റ്റർക്ലാസ് എന്നു വിശേഷിപ്പിക്കുന്ന തലത്തിലേക്ക് ചിത്രത്തെ എത്തിക്കാനും സംവിധായകൻ ജ്ഞാനവേലിന് സാധിച്ചു. 

suriya-jai-bhim

‘ജയ് ഭീം’ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയായി മാറുന്നത് ഈ കഥ യഥാർഥത്തിൽ നടന്നതാണ് എന്നറിയുമ്പോഴാണ്. അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന വളരെ ശക്തമായി , റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് കയ്യടി നേടുന്നുണ്ട് ജയ്ഭീം. ചുരുക്കത്തിൽ തമിഴ് സിനിമയ്ക്ക് അഭിമാനിക്കാനും നാട്ടിലെ രാഷ്ട്രീയ സംവിധാനങ്ങൾക്ക് സ്വയം പരിശോധന നടത്താനും വഴിയൊരുക്കുന്ന ഹൃദയം തൊടുന്നൊരു നല്ല സിനിമയാണ് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ജയ്ഭീം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS