രജനിയുടെ അണ്ണൻ വിളയാട്ടം; ‘അണ്ണാത്തെ’ റിവ്യു

annaatthe-review
SHARE

അണ്ണാത്തെ ! പേരുപോലെ തന്നെ അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്‌ഷൻ എന്റർടെയ്നർ. സിരുത്തൈ ശിവയുടെ സ്ഥിരം ശൈലി അതുപോലെ തന്നെ പിന്തുടരുന്ന ചിത്രം രജനി ആരാധകർക്ക് ആഘോഷകാഴ്ചകളൊരുക്കും. തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഫോർമുലയാണ് അണ്ണൻ–തങ്കച്ചി കഥകള്‍. കൂട്ടുകുടുംബവും, ഗ്രാമവും, തിരുവിഴായും, നായകന്റെ മാസും, പാട്ടും, ആക്‌ഷനും തുടങ്ങി പറഞ്ഞുപഴകിയ എല്ലാ ചേരുവകളും  നിറഞ്ഞ ‘അണ്ണാത്തെ’യിൽ ആ ‘പഴയ’ രജനിയുടെ അഴിഞ്ഞാട്ടം കാണാം.

സൂരക്കൊട്ടൈ ഗ്രാമത്തിലെ പ്രമാണിയായ കാളിയന് തന്റെ സഹോദരിയെന്നാൽ ജീവനാണ്. ചെറുപ്പത്തിലെ തന്നെ മാതാപിതാക്കളെ നഷ്ടമായ തങ്ക മീനാക്ഷിക്ക് അച്ഛനും അമ്മയുമൊക്കെ ചേട്ടൻ കാളിയനും. സ്വന്തം ഗ്രാമത്തിലെ തന്നെ മിടുക്കനായ ഒരാളെ കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്നാണ് കാളിയന്റെ ആഗ്രഹം. അങ്ങനെ ആ കുടുംബത്തിന് ചേർന്നൊരു വിവാഹാലോചന വരുകയും അനിയത്തിയുടെ സമ്മതത്തോടെ തന്നെ കാളിയൻ കല്യാണം ഉറപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ വിവാഹദിവസം നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾ കാളിയന്റെയും മീനാക്ഷിയുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. സഹോദരിക്കായി സ്വന്തം ജീവൻ കൊടുക്കാൻപോലും തയാറായിരുന്ന കാളിയനെ സംബന്ധിച്ചടത്തോളം ആ സംഭവം താങ്ങാവന്നതിലും അപ്പുറമായിരുന്നു.

കാളിയനായി എത്തുന്ന രജിനിയുടെയും മീനാക്ഷിയായി എത്തുന്ന കീർത്തി സുരേഷിന്റെയും കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ആദ്യ പകുതിയെ മനോഹരമാക്കുന്നത്. സെന്റിമെന്റ്സും പ്രണയവും ആക്‌ഷനും കോമഡിയും അത്യുഗ്രൻ ഇന്റർവൽ പഞ്ചും ചേർന്നതാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ട്രാക്ക് പാടെ മാറുകയാണ്. സിനിമയുടെ ആദ്യ ഭാഗങ്ങളിലെ ഇമോഷനൽ എലമന്റ്സ് രണ്ടാം പകുതിയിലും കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കാൻ സംവിധായകന് കഴിയുമായിരുന്നു. ഇടവേളയ്ക്കു ശേഷം രജനി ആരാധകർക്കായുളള ‘അമാനുഷിക’ നിമിഷങ്ങളാണ് സിനിമയിൽ ഒരുക്കിവച്ചിരിക്കുന്നത്.

rajini-annaatthe

സൂരി, സതീഷ്, സത്യൻ എന്നിവരുടെ കോമഡി നമ്പറുകള്‍ പ്രേക്ഷകരെ രസിപ്പിക്കും. രജനിയുടെ ആദ്യകാല നായികമാരായ ഖുഷ്ബു, മീന എന്നിവരുടെ അതിഥിവേഷങ്ങൾ ചിത്രത്തിനു ഗുണം ചെയ്തില്ല. നായികയായ നയൻതാര തന്റെ വേഷം ഭംഗിയാക്കി. നായികയേക്കാൾ ഉപരി കീർത്തിയുടെ സഹോദരി വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാളിയന്റെ തങ്ക മീനാക്ഷിയായി കീർത്തി സുരേഷ് തിളങ്ങുന്നു. 

കുളപ്പുള്ളി ലീല അവതരിപ്പിച്ച മുത്തശ്ശി കഥാപാത്രവും ശ്രദ്ധേമായി. രജനി സിനിമയിലെ വില്ലനമാരുടെ കാര്യം പിന്നെ പറയേണ്ടതില്ല. പ്രകാശ് രാജ്, അഭിമന്യു സിങ്, ജഗപതി ബാബു തുടങ്ങിയ വമ്പൻ അഭിനേതാക്കളാണ് വില്ലൻ റോളിലെത്തുന്നതെങ്കിലും ആർക്കും കാര്യമായി ഒന്നും ചെയ്യാനില്ല. 

ആക്‌ഷനേക്കാൾ ഉപരി ‘അണ്ണാത്തെ’ ഇമോഷനൽ ഡ്രാമയാണ്. അനിയത്തി–ചേട്ടൻ ബന്ധങ്ങളിലെ നന്മയും സ്നേഹവും സത്യസന്ധമായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന നല്ല നിമിഷങ്ങൾ ഒരുപാടുണ്ട് സിനിമയിൽ. പ്രമേയത്തിലെ ആവർത്തന വിരസത മാത്രമാണ് കല്ലുകടിയായി നിൽക്കുന്നത്. ശിവയുടെ മുൻ സിനിമകളായ വീരത്തിലും വേതാളത്തിലും കണ്ട അതേ സഹോദര സ്നേഹത്തിന്റെ ‘ചില’ കാഴ്ചകൾ അണ്ണാത്തെ’യിലും കാണാനാകും.

annaatthe-movie

രജനിയുടെ അപാര സ്ക്രീൻ പ്രസൻസും എനർജി ലെവലും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. ഡി. ഇമ്മന്റെ സംഗീതവും വെട്രിയുടെ ഛായാഗ്രഹണവും റൂബന്റെ എഡിറ്റിങും നീതിപുലർത്തി. രണ്ട് മണിക്കൂർ നാൽപത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഊഹിക്കാവുന്ന കഥാഗതിയും ക്ഷമപരീക്ഷിക്കുന്ന വൈകാരിക രംഗങ്ങളും രണ്ടാം പകുതിയിലെ പോരായ്മയായി. എന്നിരുന്നാലും രജനി ആരാധകരെയും കുടുംബപ്രേക്ഷകരെയും ‘അണ്ണാത്തെ’ പൂർണമായും തൃപ്തിപ്പെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA