ADVERTISEMENT

മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത അവതരണശൈലിയും പ്രമേയവുമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ‘മിഷൻ സി’യുടെ പ്രത്യേകത. പൂർണമായും റോഡ് മൂവിയായി ചിത്രീകരിച്ചിരിക്കുന്ന ‘മിഷൻ സി’ സർവൈവൽ ത്രില്ലർ ആണ്. നാലു കൊടുംകുറ്റവാളികൾ മോഷണശ്രമത്തിനിടെ വിദ്യാർഥികളുള്ള ഒരു വിനോദയാത്രാ ബസ് ഹൈജാക്ക് ചെയ്യുന്നതും തുടർന്ന് ആ ബസിൽ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളുമാണ് ചിത്രം പറയുന്നത്.

തേനിയിലെ ബാങ്ക് മോഷണത്തിലാണ് സിനിമയുടെ തുടക്കം. ബാങ്കിലെ സെക്യൂരിറ്റിയെ വെടിവച്ചു കൊന്ന് കള്ളന്മാർ രക്ഷപ്പെടുന്നു. തമിഴ്‌നാട് പൊലീസ് അവരെ പിന്തുടര്‍ന്ന് കേരള അതിർത്തിയിലെത്തുന്നു. അവിടെവച്ച്, മൂന്നാറില്‍ വിനോദയാത്രയ്ക്കു വന്ന കോളജ് വിദ്യാർഥികളുടെ ബസ് കൊള്ളക്കാർ ഹൈജാക്ക് ചെയ്ത് വിദ്യാർഥികളെ ബന്ദികളാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബസ് വനമേഖലയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് വിദ്യാർഥികളെ രക്ഷപ്പെടുത്തി മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് കേരള–തമിഴ്നാട് പൊലീസ്.

ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്ന അവസ്ഥ വരുന്നതോടെ എൻഎസ്ജി കമാൻഡോ സംഘം ഈ ഓപ്പറേഷൻ ഏറ്റെടുക്കുകയാണ്. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ആകാംക്ഷാഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നു. ബസിലെ വിദ്യാർഥികളുടെ ആത്മസംഘർഷങ്ങളും ചെറുത്തുനിൽപ്പും അവർ നേരിടുന്ന പീഡനങ്ങളും മികവോടെതന്നെ അവതരിപ്പിക്കാൻ സംവിധായകനു കഴിഞ്ഞു.

സിനിമയിൽ ഉടനീളം ത്രില്ലർ മൂഡ് നിലനിർത്താനും സംവിധായകന് സാധിച്ചു. ലോക്ഡൗൺ സമയത്ത് പതിനേഴ് ദിവസം കൊണ്ടാണ് വിനോദ് ഗുരുവായൂരും സംഘവും ‘മിഷൻ സി’ പൂർത്തിയാക്കിയത്. ഒടിടിക്കു വേണ്ടി നിർമിച്ച ചിത്രം പിന്നീട് പല കാരണങ്ങളാൽ തിയറ്റർ റിലീസിലേക്ക് എത്തുകയായിരുന്നു.

mission-c-movie

സിനിമയില്‍ വഴിത്തിരിവാകുന്ന ക്യാപ്റ്റൻ അഭിനവ് എന്ന കഥാപാത്രത്തെ കൈലാഷ് മികച്ചതാക്കി. കമാന്‍ഡോയുടെ ശരീര ഭാഷയും ഭാവങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അപ്പാനി ശരത്, മേജർ രവി, മീനാക്ഷി ദിനേശ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഹണിയും പാർഥസാരഥിയും ഒരുക്കിയ രണ്ട് ഗാനങ്ങൾ മനോഹരമായിരുന്നു. ഫോര്‍ മ്യൂസിക്കിന്‍റെ പശ്ചാത്തല സംഗീതം സിനിമയുടെ കരുത്താണ്. സുശാന്ത് ശ്രീനിയുടെ ഛായാഗ്രഹണ വൈഭവവും എടുത്തുപറയേണ്ടതാണ്. അപകടസാധ്യതയേറിയ അനേകം രംഗങ്ങൾ അതിന്റെ ഗൗരവം ചോരാതെ സ്ക്രീനിലെത്തിക്കാൻ ഛായാഗ്രാഹകന് സാധിച്ചു.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ‘മിഷൻ സി’ ഒരുക്കിയിരിക്കുന്നത്. പുതുമയാർന്ന അവതരണശൈലിയും ചിത്രത്തെ വേറിട്ടുനിർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com