ADVERTISEMENT

വിവാദമായ യഥാർഥ സംഭവത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നത് പുലിവാല് പിടിച്ച പണിയാണ്. ‘കുറുപ്പി’ന്റെ അണിയറപ്രവർത്തകർക്കും സമാന അനുഭവമുണ്ടായി. അതിനാൽ യഥാർഥ കഥയിൽ സിനിമാറ്റിക്കായ സംഭവങ്ങളും കൂട്ടിച്ചേർത്ത കഥയാണ് വെള്ളിത്തിരയിലെ ‘കുറുപ്പ്’ പറയുന്നത്. പേരുകളിലും മാറ്റമുണ്ട്. കേസിലെ ഇരയായ കൊല്ലപ്പെട്ട വ്യക്തിയെ അവതരിപ്പിക്കുന്നത് മലയാളത്തിലെ മറ്റൊരു മുൻനിര നായകനടനാണ് എന്നതാണ് മറ്റൊരു സസ്പെൻസ്.

 

യഥാർഥ കഥ...

 

സുകുമാരക്കുറുപ്പ് കേസ് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ചാക്കോ വധക്കേസിനെ കുറിച്ച് 'ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ'  എന്ന പുസ്തകത്തിൽ യശഃശരീരനായ ഡോ. ബി. ഉമാദത്തൻ വിവരിക്കുന്നുണ്ട്. കേരളത്തിലെ കുറ്റകൃത്യചരിത്രത്തിൽ അന്നോളം സമാനതകൾ ഇല്ലാത്ത സംഭവമായിരുന്നു അത്.   ചിത്രത്തിന്റെ സസ്പെൻസ് പോകാതെതന്നെ അതൊന്ന് ചുരുക്കമായി പറയാം.

 

1984 ജനുവരി 22 ന് മാവേലിക്കരയ്ക്കടുത്ത് കുന്നം എന്ന സ്ഥലത്തുള്ള വയലിൽ കത്തിക്കരിഞ്ഞ കാറിനകത്ത് ഒരു മൃതദേഹം കാണപ്പെടുന്നു. ആ കാർ പ്രവാസിയായ സുകുമാരക്കുറുപ്പിന്റേതാണെന്ന് തിരിച്ചറിയുകയും മരിച്ചത് കുറുപ്പാണെന്ന് ഏവരും ധരിക്കുകയും ചെയ്യുന്നു. എന്നാൽ പോലീസിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും സംയുക്തമായ അന്വേഷണത്തിൽ മരിച്ചത് കുറുപ്പല്ലെന്ന് തെളിയുന്നു. ഒരു പ്രവാസിയുടെ ദാരുണമായ അപകടമരണമെന്ന് അടഞ്ഞുപോകുമായിരുന്ന കേസാണ്   അവിശ്വസനീയമായ വഴിത്തിരിവുകളിലേക്ക് മാറിയത്. കുറുപ്പിന് 50 ലക്ഷത്തിൽപ്പരം രൂപയുടെ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും ഈ തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തിയ നാടകമാണ് ക്രൂരമായ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിനൊടുവിൽ വെളിപ്പെടുന്നു. പിടിക്കപ്പെട്ടുമെന്ന് ഉറപ്പായപ്പോൾ അപ്രത്യക്ഷനായ സുകുമാരക്കുറുപ്പിനെ പിടിക്കാൻ പിന്നെ പൊലീസിന് കഴിഞ്ഞില്ല. സംഘത്തിലെ മറ്റുള്ളവർ പിടിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌തെങ്കിലും സൂത്രധാരനായ സുകുമാരക്കുറുപ്പ് ഇന്നും പിടികിട്ടാപ്പുള്ളിയായി അവശേഷിക്കുന്നു.

 

ഒരു നാട്ടിൻപുറത്ത് നടന്ന ഈ കഥയെ വിശാലമായ ക്യാൻവാസിലേക്ക് മാറ്റി വിപുലമായ മാനങ്ങൾ നൽകി പുനരവതരിപ്പിക്കുകയാണ് കുറുപ്പ് എന്ന ചിത്രം.

kurup-teaser

 

അഭിനയം...

 

വളരെ എനർജറ്റിക്കായ അഭിനയമാണ് ചിത്രത്തിൽ ദുൽഖർ കാഴ്ചവയ്ക്കുന്നത്. ഇത്രയും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റെടുത്ത റിസ്ക് സമ്മതിച്ചു കൊടുക്കണം. കുറുപ്പിന്റെ ജീവിതം പറയുന്ന വിവിധ കാലയളവുകളിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ആദ്യ ചിത്രം സെക്കൻഡ് ഷോ മുതൽ തുടങ്ങിയ ദുൽഖർ- സണ്ണി വെയ്ൻ കെമിസ്ട്രി കുറുപ്പിലും വർക്ക്ഔട്ടാകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയെ സജീവമാക്കുന്നതും ഇതാണ്. ഷൈൻ ടോം ചാക്കോയും ക്രൂരനായ തനിനാടൻ കഥാപാത്രത്തെ മികവുറ്റതാക്കുന്നു. ഇന്ദ്രജിത് അവതരിപ്പിച്ച പൊലീസ് കഥാപാത്രവും വളരെ മികച്ചു നിൽക്കുന്നുണ്ട്. ആദ്യം മുതൽ ഇരുത്തംവന്ന പ്രകടനമാണ് ഇന്ദ്രജിത്തിന്റെ കൃഷ്ണദാസ് എന്ന പൊലീസ് ഓഫിസർ കാഴ്ചവയ്ക്കുന്നത്. ചിത്രം അവസാനത്തോട് അടുക്കുമ്പോൾ ഈ കഥാപാത്രത്തിന്റെ വകയായി ഒരു സർപ്രൈസും സംവിധായകൻ കാത്തുവച്ചിട്ടുണ്ട്. 

 

സാങ്കേതികവശങ്ങൾ...

 

കഴിവുള്ള ഒരുകൂട്ടം സാങ്കേതികപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഔട്പുട്ട് എന്നുവേണമെങ്കിൽ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.  കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.

 

പ്രേക്ഷകനെ പിടിച്ചിരുത്തുംവിധം കഥയെ അവതരിപ്പിക്കാനും സംവിധായകൻ കഴിഞ്ഞിട്ടുണ്ട്. കഥ നടക്കുന്ന കാലഘട്ടങ്ങളെ ഭംഗിയായി മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചുള്ള കഥപറച്ചിൽ ആസ്വാദനത്തിൽ മുഖ്യപങ്കു വഹിക്കുന്നു. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. മാവേലിക്കരയ്ക്കടുത്ത് ചെറിയനാട്, മദ്രാസ്, മുംബൈ, അന്നത്തെ പേർഷ്യ എന്നിവിടങ്ങളിലായാണ് കുറുപ്പിന്റെ കഥ അരങ്ങേറുന്നത്. കഥ നടന്ന 1970- 80 കാലഘട്ടവും സ്ഥലങ്ങളും ഭംഗിയായി ചിത്രത്തിൽ പുനർസൃഷ്ടിച്ചിട്ടുണ്ട്. 

 

രത്നച്ചുരുക്കം..

 

ഡോ. ഉമാദത്തൻ, തന്റെ പുസ്തകത്തിൽ സുകുമാരക്കുറുപ്പ് കേസ് വിവരണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അബുദാബിയിൽ ഉയർന്ന ശമ്പളം വാങ്ങി സുഖജീവിതം നയിച്ചിരുന്ന കുറുപ്പിന്റെ അത്യാഗ്രഹം, തകർത്തത് ഒരു പാവപ്പെട്ട കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. ഒപ്പം അയാളുടെ കുടുംബവും ശിഥിലമായി. ആലപ്പുഴ വണ്ടാനത്തെത്തുമ്പോൾ സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് ഇന്നുകാണാം. അത്യാഗ്രഹത്തിന്റെ മൂകപ്രതീകമായി അതവിടെ നിൽക്കുന്നു'... 

 

ദുൽഖറിനെ പോലെ താരമൂല്യമുള്ള നടൻ, കുറുപ്പിനെ അവതരിപ്പിക്കുമ്പോൾ, ആ കഥാപാത്രത്തിന് ഒരു നായകപരിവേഷം ഇതിനോടകം ലഭിച്ചിട്ടുണ്ട്. സിനിമയിൽ താരം രംഗപ്രവേശം ചെയ്യുമ്പോഴൊക്കെയുള്ള തിയറ്ററുകളിലെ  കയ്യടികളും ആർപ്പുവിളികളും അതിനുദാഹരണമാണ്. പ്രേക്ഷകർ മനസിലാക്കേണ്ടത് കുറുപ്പ് എന്ന സിനിമ ആഘോഷമാക്കുന്നതിൽ തെറ്റില്ല, പക്ഷേ സുകുമാരക്കുറുപ്പ് എന്ന വ്യക്തിയും അയാളുടെ ചെയ്തികളും ഒരിക്കലും ആഘോഷപ്പെടേണ്ടതല്ല.. ചുരുക്കത്തിൽ ‘കുറുപ്പ്’ എന്ന സിനിമ, മികച്ച അവതരണത്തിന്റെ ഒരു മോഡലാണ്. പക്ഷേ കുറുപ്പ് എന്ന മനുഷ്യൻ ഒരിക്കലും റോൾമോഡലാകാൻപാടില്ല ...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com