ADVERTISEMENT

ജീവിതത്തിന്റെ കാഠിന്യത്തോട് പടവെട്ടുന്ന ഒരുപാട് പേർക്ക് ആശ്വാസവും ആനന്ദവും നൽകുന്ന വടംവലിയെന്ന കായിക ഇനത്തെ അതിന്റെ ആവേശം ഒട്ടും ചോരാതെ സ്ക്രീനിലേക്ക് എത്തിക്കാനുള്ള മികച്ച ശ്രമമാണ് നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ ‘ആഹാ’. മികച്ച ജനപിന്തുണയുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത വടംവലിയെ മുൻനിർത്തിയുള്ള ഈ സ്പോർട്സ് ഡ്രാമ മികച്ച തിയറ്റര്‍ എക്സ്പീരിയൻസിനുള്ള അവസരമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

ആഹാ നീലൂർ എന്ന വടംവലി ടീമിനെയും അതിലെ അംഗമായ കൊച്ചിനെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. കേരളത്തിൽ ഉടനീളം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള ടീമാണ് ആഹാ നീലൂർ. എന്നാൽ അപ്രതീക്ഷിതമായ ഒരു തോൽവി ടീമിനെയും ചില സംഭവങ്ങൾ കൊച്ചിനെയും തകർക്കുന്നു. 20 വർഷങ്ങൾക്ക് ശേഷമുള്ള സംഭവങ്ങളാണ് സിനിമയുടെ അടുത്ത ഘട്ടം. ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ട അനി എന്ന ചെറുപ്പക്കാരന്‍ കേരളത്തിലെ നമ്പർ വണ്‍ വടംവലി ടീം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു. കൂട്ടുകാരോടൊപ്പം ചേർന്ന് അതിനായി നടത്തുന്ന ശ്രമങ്ങൾ പരാജയമാകുന്നു. ഈ ഘട്ടത്തിൽ ഇവരുടെ കോച്ചായി കൊച്ച് എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അടുത്ത ഘട്ടം. വടംവലിയുടെ ആവേശം നിറയുമ്പോൾ തന്നെ വ്യക്തികളുടെ വൈകാരികതയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയതിനാൽ ഫാമിലി ഇമോഷനൽ ഡ്രാമയായും ആഹാ മാറുന്നുണ്ട്. സൗഹൃദം, പ്രണയം, വിരഹം, കുടുംബം എന്നിവയ്ക്കെല്ലാം സിനിമയിൽ സ്ഥാനമുണ്ട്.

കേന്ദ്ര കഥാപാത്രമായ കൊച്ചിനെ ഇന്ദ്രജിത്ത് സുകുമാരനാണ് അവതരിപ്പിച്ചത്. വിവിധ വൈകാരിക ഭാവങ്ങളിലൂടെയും രണ്ടു കാലഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന കൊച്ചിനെ പക്വതയോടെ അവതരിപ്പിക്കാൻ ഇന്ദ്രജിത്തിന് സാധിച്ചു. ആഹാ നീലൂരിന്റെ കോച്ച് ഗീവർഗീസ് ആശാനായുള്ള മനോജ് കെ. ജയന്റെ പ്രകടനം സമീപകാലത്തെ മികച്ചതിൽ ഒന്നാണെന്നു തീർച്ച. ആഹാ ടീമിലെ അംഗമായ ചെങ്കനെ അവതരിപ്പിച്ച അശ്വിന്‍ കുമാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. അശ്വിന്റെ കരുത്തുറ്റ പ്രകടനവും സ്ക്രീൻ പ്രസൻസും ചില ഘട്ടങ്ങളിൽ ആഹായ്ക്ക് ത്രില്ലർ ഫീൽ നൽകുന്നുണ്ട്. കൊച്ചിനെപ്പോലെ വൈകാരിക തലങ്ങളിലൂടെ കടന്നു പോകുന്ന അനിച്ചനായി അമിത് ചക്കാലയ്ക്കൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരിക്കുന്നു. ശാന്തി ബാലചന്ദ്രന്റെ മേരിയാണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം. കിട്ടിയ അവസരം തന്മയത്വത്തോടെ അവതരിപ്പിക്കാൻ ശാന്തിക്ക് ആയി.

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിൽ നിന്നുള്ള ആഹാ വടംവലി ടീമിൽനിന്നും അതിലെ അംഗമായ റോയി നീലൂർ എന്ന വ്യക്തിയിൽനിന്നും പ്രചോദനം ഉൾകൊണ്ട് ടോബിറ്റ് ചിറയത്ത് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സിനിമാറ്റിക് എലമന്റുകൾ കൃത്യമായി ചേർക്കാനും അച്ചടക്കത്തോടെ തിരക്കഥ ചിട്ടപ്പെടുത്താനും ടോബിറ്റിന് സാധിച്ചു. അണിയറ പ്രവർത്തകരുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് സിനിമയിലെ വടംവലിരംഗങ്ങൾ. വളരെ ഡീറ്റെയ്ൽ ആയും സാങ്കേതിക മികവോടെയുമാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. മുൻപ് വടംവലിയെ ചുറ്റിപ് പറ്റി ഏതാനും സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നില്ല.

aaha-movie

വടംവലിക്കുന്ന രംഗങ്ങള്‍, വനത്തിലെ പരിശീലനം എന്നിവ ക്യാമറാമാന്‍ രാഹുൽ ദീപ് ബാലചന്ദ്രന്റെ കഴിവിന്റെ സാക്ഷ്യപത്രങ്ങളാണ്. ആഹായെ ഒരു തിയറ്റർ എക്സ്പീരിയൻസ് ആക്കി മാറ്റുന്നതിലും വിഷ്വലുകളുടെ പങ്ക് വളരെ വലുതാണ്. ശബ്ദമിശ്രണവും എടുത്തു പറയേണ്ടതാണ്. സയനോര സംഗീത സംവിധായികയാകുന്ന മൂന്നാമത്തെ സിനിമയാണ് ആഹാ. സിനിമയോട് ചേർന്നു നിൽക്കുമ്പോള്‍ത്തന്നെ വ്യത്യസ്തമായ ശൈലി പിന്തുടരുന്നവയാണ് ഗാനങ്ങൾ.

Video | Teaser of Indrajith-starrer Aha promises a rustic action thriller

എഡിറ്ററായി ശ്രദ്ധ നേടിയ ബിബിൻ പോൾ സാമുവേല്‍ തന്റെ ആദ്യ സംവിധാന സംരംഭം തുടക്കക്കാരന്റെ പതർച്ചകളില്ലാതെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. വടംവലി ആരാധകരിൽ ആവേശം നിറയ്ക്കാനും കുടുംബപ്രേക്ഷകരെ സംതൃപ്തരാക്കാനുമുള്ള ഘടകങ്ങൾ സിനിമയിലുണ്ട്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും തിരഞ്ഞെടുത്തതിൽ പുലർത്തിയ മികവിന് ബിബിന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വടംവലി പോലൊരു സ്പോർട്സിനെ സ്ക്രീനിലെത്തിക്കാൻ മുന്നോട്ടു വന്ന പ്രേം എബ്രഹാം എന്ന നിർമാതാവിന്റെ ധൈര്യം അഭിനന്ദനീയമാണ്. മലയാള സിനിമയിൽ കൂടുതൽ മുന്നേറ്റങ്ങൾക്ക് ഇത് കരുത്താകും. സിനിമയെ സ്നേഹിക്കുന്ന, സ്പോർട്സ്മാൻ സ്പിരിറ്റുള്ള, ഫാമിലി ഡ്രാമ ഇഷ്ടപ്പെടുന്നവർ തിയറ്ററിൽ കാണേണ്ട സിനിമയാണ് ആഹാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com