‘കട്ട്സ്’ ഇല്ലാത്ത കാഴ്ച, ‘ബീപ്’ ഇല്ലാത്ത കേൾവി: ചുരുളി റിവ്യു

churuli-review
SHARE

പച്ചയ്ക്കൊരു സിനിമയെടുക്കുക; ചുരുളി എന്ന സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തിരിക്കുന്നത് അതാണ്. സിനിമാസ്വാദനത്തിന്റെ പതിവു കാഴ്ചകളെയും കേൾവികളെയും അതിസുന്ദരമായി പൊളിച്ചെഴുതുന്ന ‘ചുരുളി’ പ്രേക്ഷകരെ അൽപമൊന്നു വട്ടം ചുറ്റിക്കും. സിനിമയുടെ തുടക്കത്തിലും ട്രെയിലറിലും കേൾക്കുന്ന കഥയിലെ പെരുമാടൻ, അതിനെ പിടിക്കാൻ വരുന്ന തിരുമേനിയെ കാട്ടിൽ നട്ടംതിരിച്ച പോലെ, ചുരുളിയുടെ കഥാപരിസരവും കഥാപാത്രങ്ങളും പ്രേക്ഷകരുടെ ബോധമണ്ഡലത്തെയും ആശയക്കുഴപ്പത്തിലാക്കും. കണ്ടതിൽ കഥയെത്ര, പതിരെത്ര എന്ന ചോദിച്ചാൽ, ഒടുവിൽ പെരുമാടന്റെ കഥയിലേക്കുതന്നെ വട്ടംകറങ്ങിയെത്തേണ്ടി വരും! അവിടെയാണ് സിനിമയുടെ സൗന്ദര്യവും രഹസ്യാത്മകതയും!

ചുരുളിയിലെ ഒരു കാഴ്ചയും ഏകമാനമല്ല. കാക്കത്തൊള്ളായിരം അടരുകളുള്ള ചുരുൾ പോലെ അനന്തതയിലേക്ക് ചുരുണ്ടു കിടക്കുകയാണ് ചുരുളി എന്ന സാങ്കൽപികഗ്രാമവും അതിലെ വിചിത്ര സ്വഭാവങ്ങളുള്ള ഗ്രാമവാസികളും. ഇവിടേക്ക് മയിലാടുപറമ്പിൽ ജോയ് എന്ന ക്രിമിനലിനെ അന്വേഷിച്ചു മഫ്തിയിൽ രണ്ടു പൊലീസുകാരെത്തുന്നു– ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന ആന്റണിയും വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ഷാജീവനും. ചുരുളിയിലെത്തുന്ന ഇവർ കണ്ടു മുട്ടുന്ന ഒരു കൂട്ടം മനുഷ്യരും അവിടെ ഇവർക്കു നേരിടേണ്ടി വരുന്ന വിചിത്രാനുഭവങ്ങളുമാണ് സിനിമ പങ്കുവയ്ക്കുന്നത്. ഇത് ലിജോ പെല്ലിശ്ശേരി എന്ന സംവിധായകന്റെ ക്രാഫ്റ്റിലൂടെ കടന്നുപോകുമ്പോൾ ഈ ഗ്രാമവും അതിലെ മനുഷ്യരും അവരുടെ പെരുമാറ്റവും അവിടെ നടക്കുന്ന സംഭവങ്ങളും പുതിയ മാനങ്ങളിലേക്ക് ഉയർത്തപ്പെടുകയാണ്. കഥയല്ല, കാഴ്ചയാണ് ചുരുളിയെ ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാക്കുന്നത്.

കാടാണ് ചുരുളിക്കു പശ്ചാത്തലമാകുന്നത്. അവിടെ നടക്കുന്ന സംഭവങ്ങൾക്ക് കാട് വെറും സാക്ഷിയല്ല. കണ്ണിറുക്കിയും കണ്ണുകെട്ടിയും പേടിപ്പിച്ചും കാട് സിനിമയിലുടനീളം അങ്ങനെ ചുരുണ്ടു കിടപ്പുണ്ട്. കാടിന്റെ ഈ ജീവനെയും ചലനങ്ങളെയും അതുപോലെ അനുഭവിപ്പിക്കുന്നുണ്ട് മധു നീലകണ്ഠന്റെ ക്യാമറ. വൈഡ് ഫ്രെയിമുകളുടെ വന്യതയും സൗന്ദര്യവും ചുരുളിയുടെ കാഴ്ചകളിൽ പ്രേക്ഷകരെ കൊരുത്തിടും. അതിനൊപ്പം നിൽക്കും സിനിമയുടെ പശ്ചാത്തലസംഗീതം! സംഗീതം എന്നു പറയുന്നതിനേക്കാൾ ‘ചുരുളിയുടെ ശബ്ദം’ എന്നു പറയുന്നതാകും കൂടുതൽ അനുയോജ്യം. വെറുമൊരു കാട്ടിൽ കേൾക്കുന്ന ശബ്ദങ്ങളല്ല, ചുരുളിയിലൂടെ നാം കേൾക്കുക. ചുരുളി എന്ന സിനിമയുടെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൃത്യമായി പിടിച്ചിടുന്ന ശബ്ദങ്ങളാണ് അവ. പശ്ചാത്തല സംഗീതമൊരുക്കിയ ശ്രീരാഗ് സജി, സൗണ്ട് ഡിസൈൻ ചെയ്ത രംഗനാഥ് രവി, മിക്സിങ് നിർവഹിച്ച ഫസൽ എ ബക്കർ–ഈ മൂവർ സംഘത്തിനാണ് ചുരുളിയുടെ ശബ്ദത്തിന്റെ ക്രെഡിറ്റ്.

പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി എസ്.ഹരീഷാണ് ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പച്ചയ്ക്ക് എഴുതി വച്ചിരിക്കുന്നു’ എന്ന പറഞ്ഞാലേ ചുരുളിയുടെ 'ഫീൽ' പൂർണാവുകയുള്ളൂ. ട്രെയിലറിൽ കേട്ട തെറി ഒരു സാംപിൾ വെടിക്കെട്ട് പോലുമായിരുന്നില്ലെന്ന് സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകർ തിരിച്ചറിയും. ഒടിടിയിൽ ആയതിനാൽ ബീപ് ശബ്ദത്തിന്റെ ‘അലോസരം’ ഇല്ല (കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് കാണണമോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം). അതിൽ സ്കോർ ചെയ്തത് ജാഫർ ഇടുക്കിയാണ്. കള്ളുഷാപ്പു മുതലാളിയായ കറിയാച്ചനായി ജാഫർ ഇടുക്കി കാഴ്ച വച്ചത് അതിഗംഭീരപ്രകടനമായിരുന്നു. റിയലിസ്റ്റിക് അഭിനയത്തിൽ തുടങ്ങി 'സറിയൽ' (surreal) തലത്തിലേക്ക് ജാഫർ ഇടുക്കിയുടെ കറിയാച്ചൻ നടത്തുന്ന പകർന്നാട്ടം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും. അത്തരമൊരു വളർച്ചയും രഹസ്യാത്മകതയും വിനയ് ഫോർട്ടിന്റെ ഷാജീവനുമുണ്ട്. സൂക്ഷ്മമാണ് വിനയ് ഫോർട്ടിന്റെ കഥാപാത്രത്തിന്റെ പരിവർത്തനം. ചെമ്പൻ വിനോദ് തന്റെ പതിവുശൈലിയിൽ ആന്റണി എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു.

ഗീതി സംഗീതയാണ് ചുരുളിയിൽ അദ്ഭുതപ്പെടുത്തിയ മറ്റൊരു താരം. സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരെ ഈ കഥയിലേക്ക് വലിച്ചിടുന്നത് ഗീതി സംഗീതയുടെ ശബ്ദമാണ്. രാത്രി പന്നിയെ വെടിവയ്ക്കാൻ പോകുന്ന ആന്റണി, നടു വെട്ടി ചികിത്സക്കായി എത്തിപ്പെടുന്നത് ഇവരുടെ അടുത്തേക്കാണ്. വന്യവും ശക്തവുമായ സാന്നിധ്യമാണ് സിനിമയിൽ ഗീതി സംഗീതയുടെ കഥാപാത്രം. ലുക്ക്മാൻ, സുർജിത്, സന്ധ്യ ബിജു, അനിലമ്മ, ഭദ്ര തുടങ്ങിയവരും ചുരുളിയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു. ഇത്തരം എണ്ണമറ്റ കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് ജോജുവിന്റെയും സൗബിന്റെയും എൻട്രി. ചുരുളി ആദ്യാവസാനം വരെ രസിപ്പിക്കുന്ന അനുഭവമാകുന്നത് ഈ അഭിനേതാക്കളുടെ പ്രകടനവും അതിനു പശ്ചാത്തലമാകുന്ന സംവിധായകന്റെ ക്രാഫ്റ്റുമാണ്.

യഥാർഥ കാഴ്ചകളിൽനിന്ന് ഭ്രമിപ്പിക്കുന്ന ചിന്തകളുടെ ഉൾക്കാഴ്ചകളിലേക്ക് സിനിമ വഴിതിരിയുന്നത് എവിടെ വച്ചാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്തത്ര സ്വാഭാവികമായാണ് എഡിറ്റർ ദീപു ജോസഫ് അവ കൂട്ടിയണക്കിയിരിക്കുന്നത്. ആനിമേഷൻ ഡയറക്ടർ ബലറാം ജെ., ആർട് ഡയറക്ടർ ഗോകുൽദാസ് എന്നിവരാണ് ചുരുളിയുടെ ഈ മിസ്റ്റിക് കാഴ്ചകൾക്ക് മിഴിവേകിയത്. പെയിന്റിങ്ങും ഗ്രാഫിക്സും യഥാർഥ ഫൂട്ടേജും മാറി മാറി വരുന്നുണ്ടെങ്കിലും അതൊരു സിനിമാറ്റിക് അനുഭവമാക്കുകയാണ് സംവിധായകൻ.

ആത്യന്തികമായി സിനിമ സംസാരിക്കുന്നത് ഓരോ പ്രേക്ഷകനോടുമാണ്. ആ സംവാദനം തീർത്തും വൈയക്തികമാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ചുറ്റുപാടിൽ, പുറമേ അണിഞ്ഞിരിക്കുന്ന സംസ്കാരത്തിന്റെ കുപ്പായം അഴിച്ചു വയ്ക്കാൻ ആരും ഒരു മടിയും കാണിക്കില്ലെന്ന് ചുരുളിയിലെ കഥാപാത്രങ്ങൾ കാണിച്ചു തരുന്നുണ്ട്. കൊല്ലാനും തല്ലാനും ഒരു മടിയും കാണിക്കാത്ത ആ 'വന്യഭാവ'ത്തിന്റെ ചുരുളഴിക്കുകയാണ് സിനിമ. തെറിപ്പാട്ടു പാടുന്ന കള്ളുഷാപ്പായി മാറാനും തിരുനാമകീർത്തനം ആലപിക്കുന്ന സങ്കീർത്തിയായി മാറാനും കറിയാച്ചന്റെ ഇടത്തിന് ഏതാനും മണിക്കൂറുകളുടെ ഇടവേളയേ ആവശ്യമായി വരുന്നുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം ആദ്യ കാഴ്ചയിൽ ഒരു കടങ്കഥയായി തോന്നാം. പണ്ടെങ്ങോ പറഞ്ഞു കേട്ട കടങ്കഥയുടെ മറന്നുപോയ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന അസ്വസ്ഥതയോടെ ആവർത്തിച്ചു കാണേണ്ടി വരും ചുരുളി. കാരണം, ചുരുളിയിലെ ആ പെരുമാടൻ അത്ര പെട്ടെന്ന് കൊട്ടയിൽ കയറുന്നവനല്ല, ഇരുട്ടു കൊണ്ട് കണ്ണുകെട്ടി പല വഴിയിലൂടെ വട്ടംകറക്കുന്ന ഭയങ്കരനാണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA