ADVERTISEMENT

നവയുഗത്തിന്റെ പ്രതീകവും ഐടി നഗരവുമായ ബെംഗളൂരു പശ്ചാത്തലമാക്കി പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്‌ത ‘ലാൽബാഗ്’ ആധുനിക കുടുംബങ്ങളുടെ പശ്ചാത്തലത്തിൽനിന്നു പറയുന്ന കഥയാണ്. ആർഭാടത്തിലും പുറമേയുള്ള മോടിയിലും ജീവിതം ആസ്വാദ്യകരമാണെന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുമ്പോൾ, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് ആത്മാർഥമായ സ്നേഹമാണ് വലുതെന്ന തിരിച്ചറിവ് വിരളമാകുന്ന ഒരു സമൂഹം. ജീവിതത്തിൽ എല്ലാമുണ്ടായിട്ടും മറ്റു പലതിനെയും തിരയുന്ന മനസ്സുകൾ, അതിനായി തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ... ഇവ പച്ചയായി തുറന്നു കാട്ടുന്ന പ്രമേയമാണ് ലാൽബാഗിന്റേത്.

സാറ എന്ന നഴ്‌സ് ബെംഗളൂരുവിൽ ഭർത്താവ് ടോം, മകൾ ഏയ്ഞ്ചൽ എന്നിവരുടെ കൂടെ സുഖമായി ജീവിക്കുന്നു. ആ നല്ല ജീവിതത്തിൽ യാതൊരുവിധ ദുരനുഭവങ്ങളും ഉണ്ടാകരുതേയെന്ന പ്രാർഥനയാണ് സാറയുടേത്. എന്നാൽ ഒരു ദിവസം രാവിലെ ടോം മരിക്കുന്നു. അതിൽ സംശയം തോന്നിയ എസിപി ഹെഗ്‌ഡെ (രാഹുൽ ദേവ് ഷെട്ടി) തന്റെ പൊലീസ് നിഗമനത്തിൽ അതൊരു കൊലപാതകമായി കാണുന്നു. തുടർന്നുള്ള അന്വേഷണങ്ങളും രഹസ്യത്തിന്റെ ചുരുൾ നിവരുന്നതുമാണ് ലാൽ ബാഗിന്റെ ഇതിവൃത്തം.

തലേദിവസത്തെ പാർട്ടിയിൽ പങ്കെടുത്ത ടോമിന്റെയും സാറയുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരും പൊലീസ് നിരീക്ഷണത്തിലാണ്. ആരെയും സംശയിക്കാം. അവരിൽ പലർക്കും ടോമിനോട് വൈരാഗ്യം തോന്നാനുള്ള കാരണങ്ങൾ പലതുണ്ട്. സാധാരണ ഗതിയിൽ തുടങ്ങി ഒഴുക്കോടെ നീങ്ങി വന്ന കഥ രണ്ടാം പകുതിയിലെത്തുമ്പോൾ വഴി മാറി അതി ശീഘ്രം മുന്നേറുന്നു. ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പതിവു കോലാഹലങ്ങൾ ഇല്ലാതെയും എന്നാൽ സസ്‌പൻസ്‌ കൃത്യമായി നിലനിർത്തിയും കാണികളെ പിടിച്ചരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.

തന്റെ അഭിനയപാടവം പൂർണമായും പുറത്തെടുക്കാനുള്ള മുഹൂർത്തങ്ങൾ മമ്ത മോഹൻദാസ് നന്നായി വിനിയോഗിച്ചിരിക്കുന്നു. ടോമായി സിജോയ് വർഗീസും എസിപി ഹെഗ്‌ഡെ ആയി രാഹുൽ ദേവ് ഷെട്ടിയും തിളങ്ങുമ്പോൾ രാഹുൽ മാധവ്, നേഹ സക്‌സേന, അജിത് കോശി, നന്ദിനി റായ്, സുദീപ് കാരക്കാട്ട്, വി.കെ.പ്രകാശ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.

മിതത്വവും പക്വതയും വ്യത്യസ്‌തതയും ചിത്രത്തെ മലയാള സിനിമയിലെ വേറിട്ടൊരനുഭവമാക്കുന്നു. സൈക്കളോജിക്കൽ ത്രില്ലർ എന്നതിനുപരി കുടുംബ ബന്ധങ്ങളിലെ പരസ്യമായ ചില രഹസ്യങ്ങൾ തനതായ കഥാ ശൈലിയിലൂടെ തുറന്നു കാട്ടുന്നുമുണ്ട് ലാൽ ബാഗ്.

ആന്റണി ജോയുടെ മനോഹരമായ സിനിമാറ്റോഗ്രഫിയും രാഹുൽ രാജിന്റെ കഥയോടിഴുകിച്ചേർന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയെ അതിന്റെ ആസ്വാദന പാരമ്യത്തിലെത്തിക്കുന്നു. സുനീഷ് സെബാസ്റ്റ്യന്റെ എഡിറ്റിങും നീതിപുലർത്തി. കുടുംബ സമേതം തിയറ്ററിൽ കാണാവുന്ന മികച്ച ചിത്രമാണ് ലാൽ ബാഗ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com