‘കാവലായി’ സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; റിവ്യു

kaaval-review
SHARE

‘റമ്മി കളി എനിക്കിഷ്ടമാ, അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിന്റെ സ്ലാബിന് മുകളിലിരുന്ന് കളിക്കാൻ’, ‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കണ്ട, കനൽ കെട്ടില്ലെങ്കിൽ പൊള്ളും... ഞാൻ വന്നത് കാവലിനാണ് ആരാച്ചാർ ആക്കരുത് എന്നെ...’ കുടിപ്പകയുടെയും പകവീട്ടലുകളുടെയും എണ്ണിയാലൊടുങ്ങാത്ത കഥകൾ നിരവധി വന്നിട്ടുണ്ടെങ്കിലും ‘കാവലിനെ’ വ്യത്യസ്തമാക്കുന്നത് സുരേഷ് ഗോപിയുടെ ഒറ്റയാൻ പ്രകടനമാണ്. തമ്പാനായി കഥയിലുടനീളം താരം നിറഞ്ഞാടുന്നു. മലയാള സിനിമയുടെ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ആക്‌ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമായ ‘കാവൽ’ ഒരു പ്രതികാരകഥയാണ് പറയുന്നത്.

ഹൈറേഞ്ചിൽ ഒരുകാലത്തെ നിയമവും നീതിയുമൊക്കെ നടത്തിപ്പോന്നിരുന്നത് ആന്റണിയും തമ്പാനുമാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തം തമ്പാനെ ആന്റണിയില്‍ നിന്നകറ്റുന്നു. ഇന്ന്, ആന്റണിക്ക് ആരും തുണയില്ല. ഒന്നരക്കാലനും കടക്കാരനുമായി മാറിയ ആന്റണിക്ക് സ്വന്തം മക്കളെപ്പോലും ശത്രുക്കളിൽനിന്നും സംരക്ഷിക്കാനാകുന്നില്ല. കഴിഞ്ഞകാലത്ത് ചെയ്തുകൂട്ടിയ പ്രവര്‍ത്തികളുടെ അനന്തരഫലങ്ങൾ ആന്റണിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 

ആ കുടുംബം ഒന്നൊന്നായി ശിഥിലമായി കൊണ്ടിരിക്കുമ്പോഴാണ് കാവലായി അയാൾ വരുന്നത്. തമ്പാൻ ! ഒരുകാലത്ത് പാവപ്പെട്ടവർക്കായി ആന്റണി നടത്തിയ പോരാട്ടത്തിൽ കരുത്തായി കൂടെ നിന്നവൻ. കൂടെപ്പിറപ്പുകളുമായി ആരുമില്ലാത്ത തമ്പാൻ അവരുടെ കാവലാൾ ആകുന്നിടത്താണ് ‘കാവലിന്റെ’ കനൽ തീപ്പൊരിയായി മാറുന്നത്.

kaval-trailer

പ്രതികാരകഥയിലുപരി ‘കാവൽ’ ഇമോഷനൽ ഡ്രാമയാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു. പ്രത്യേകിച്ചും ഇന്റർവല്‍ പഞ്ചിലെ മാസ് രംഗം ഇതിനൊരുദാഹരണമാണ്.

സുരേഷ്ഗോപി എന്ന നടന്റെ ഉജ്വല തിരിച്ചുവരവ് കൂടിയാണ് ‘കാവൽ’. കത്തിപ്പടരുന്ന ഡയലോഗ് ഡെലിവറിയും അസാമാന്യമായ ഭാവപ്പകർച്ചകളും ആക്‌ഷൻ രംഗങ്ങളിലെ എനർജിയും ഇത് വെളിവാക്കുന്നു. ആന്റണിയായി എത്തുന്ന രൺജി പണിക്കറിന്റെ അഭിനയവും കയ്യടിനേടുന്നു. വൈകാരികമായ രംഗങ്ങൾ അതിഭാവുകത്വങ്ങളില്ലാതെ അദ്ദേഹം മികച്ചതാക്കി. റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, മുത്തുമണി, സുരേഷ് കൃഷ്ണ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലാസ്,പോളി വൽസൻ, ശ്രീജിത്ത് രവി, പത്മരാജ് രതീഷ്, രാജേഷ് ശർമ, അഞ്ജലി നായർ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

kaval-one

നിഥിൻ രൺജി പണിക്കരുടേതു തന്നെയാണ് തിരക്കഥ. രണ്ട് കാലഘട്ടങ്ങളിലെ കാഴ്ചകള്‍ കൃത്യമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ നിഥിനു കഴിഞ്ഞു. നിഖിൽ എസ്. പ്രവീണിന്റെ ഛായാഗ്രഹണവും രഞ്ജിൻ രാജിന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ മുതൽക്കൂട്ടാണ്. പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നു. സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി എന്നിവരുടെ ആക്‌ഷൻ കൊറിയോഗ്രഫിയും അത്യുഗ്രൻ.

വാൽക്കഷ്ണം: തൊണ്ണൂറുകളില്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ച മാസ് ആക്‌ഷൻ ഹീറോയിലെ കനല്‍ ഒരുതരിപോലും കെട്ടിട്ടില്ല എന്ന് ‘കാവല്‍’ ഓര്‍മിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA