ADVERTISEMENT

ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് 'ഭീമന്റെ വഴി'. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി.  എന്നാൽ 'എന്റെ ഒരുതരി മണ്ണുപോലും വിട്ടുതരില്ല' എന്ന ലൈനിലുള്ള ദുർവാശി മൂലം വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് ചെറിയ 'വഴിപ്രശ്നം' ചെന്നെത്താറുണ്ട്. ഇതുമൂലം കേരളത്തിനുള്ളിൽതന്നെ എത്ര അയൽക്കാർ ശത്രുക്കളായി ജീവിക്കുന്നു. വർഷങ്ങളായി കോടതി കയറിയിറങ്ങുന്നു. ഒരു ഗ്രാമത്തിന്റെ ക്യാൻവാസിൽ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലൂടെ നർമത്തിലൂന്നിയാണ് 'ഭീമന്റെ വഴി' തുറക്കുന്നത്. ചിരിയിൽ ഒളിപ്പിച്ച ചിന്തകളിലൂടെ രണ്ടുമണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമതന്നെയാണ് ‘ഭീമന്റെ വഴി’.

 

പ്രമേയം...

 

തൃശൂർ ജില്ലയിൽ കല്ലേറ്റുംകര എന്ന ഗ്രാമത്തിലെ സ്നേഹനഗർ എന്ന കോളനിയിലാണ് കഥനടക്കുന്നത്. റെയിൽവേ പാതയോട് ചേർന്നുകിടക്കുന്ന, നിരവധി വീടുകളുള്ള ഇവിടേക്ക് കഷ്ടിച്ച് ഒരു ബൈക്ക് പോകാൻ മാത്രം വീതിയുള്ള പൊതുവഴിയാണുള്ളത്. ഭീമൻ എന്ന് നാട്ടുകാർ വിളിക്കുന്ന നായകന്, ഒരുദിവസം പെട്ടെന്ന് തന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴാണ് പൊതുവഴിക്ക് വീതിയില്ലാത്തതിന്റെ ദുരിതം അയാൾക്ക് അനുഭവവേദ്യമാകുന്നത്. അങ്ങനെ നാട്ടുകാരെ സംഘടിപ്പിച്ച് സമിതി രൂപീകരിച്ച് പൊതുവഴി വീതികൂട്ടാൻ അയാൾ നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പാരകളും തൊഴുത്തിൽക്കുത്തുകളും പ്രശ്നങ്ങളുമാണ് ഭീമന്റെ വഴി എന്ന സിനിമ പറയുന്നത്.

 

സ്നേഹനഗർ നിവാസികൾക്ക് വീതിയുള്ള വഴി ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ചിത്രം പര്യവസാനിക്കുന്നത്. അതോടൊപ്പം ഒടുവിൽ ജീവിതത്തെക്കുറിച്ചും സ്ത്രീയെക്കുറിച്ചും സെക്സിനെക്കുറിച്ചും വികലമായ കാഴ്ചപ്പാടുകളുള്ള നായകൻ, പുതിയ തിരിച്ചറിവുകൾ സ്വായത്തമാക്കുന്നുമുണ്ട്.

bheemante-vazhy-2

 

അഭിനയം

 

ചിത്രത്തിന്റെ ഒരു സവിശേഷത ഏതാണ്ടെല്ലാ അഭിനേതാക്കൾക്കും അവരുടേതായ സ്‌ക്രീൻ പ്രസൻസ് നൽകിയിട്ടുണ്ട് എന്നതാണ്.  കുഞ്ചാക്കോ ബോബൻ എന്ന നടൻ, വർഷങ്ങളായി ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങൾ ചെയ്തതിലൂടെ  പതിഞ്ഞുപോയ 'നല്ല കുട്ടി' പ്രതിച്ഛായ മാറ്റിയെടുക്കുന്ന പാതയിലാണ്. അടുത്തിടെ അദ്ദേഹം ചെയ്ത സിനിമകൾ തന്നെ ഉദാഹരണം. 'ഭീമന്റെ വഴി'യിൽ, ഒരേസമയം രണ്ടു ഷേഡുകളുള്ള കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ പൊതുവിഷയങ്ങളിൽ ഇടപെടുന്ന, ഉപകാരിയായ പതിവു നായകന്റെ സൽഗുണങ്ങൾ പ്രദർശിപ്പിക്കുമ്പോഴും അയാൾക്ക് രഹസ്യമായി വികലമായ ഒരുവശമുണ്ട്. അവിവാഹിതനായി തുടരുന്ന അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ 'കിക്ക്'  മദ്യവും സെക്സുമാണെന്ന് അയാൾതന്നെ വെളിപ്പെടുത്തുന്നുമുണ്ട്. 

 

ജിനു ജോസഫിന്റെ വില്ലൻ കഥാപാത്രവും ഉടനീളം മികച്ചുനിൽക്കുന്നുണ്ട്. മിക്ക ഗ്രാമങ്ങളിലും ഇതുപോലെ ഒരു കഥാപാത്രത്തെ നമുക്ക് കാണാനാകും. ജിനു ജോസഫ്, ചിന്നു ചാന്ദ്നി, ദിവ്യ എം നായർ, മേഘ തോമസ്, വിൻസി അലോഷ്യസ്, നിർമ്മൽ പാലാഴി, ബിനു പപ്പു, ചെമ്പൻ വിനോദ്, ഭഗത് മാനുവൽ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.

 

സാങ്കേതികവശങ്ങൾ..

 

ഏറെ നിരൂപക പ്രശംസ നേടിയ ‘തമാശ’ എന്ന ചിത്രത്തിനുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു ചെറിയ പ്രമേയത്തെ സരസരമായി എന്നാൽ കാമ്പുള്ള സാരാംശത്തോടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നടന്‍ ചെമ്പൻ വിനോദ് ജോസിന്റേതാണ് തിരക്കഥ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പൻ അവതരിപ്പിക്കുന്നു. ജല്ലിക്കെട്ട്, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവും ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തുന്നുണ്ട് . ചിത്രത്തിൽ മുഹ്സിൻ പരാരി രചിച്ച് വിഷ്ണു വിജയ് ഈണം പകർന്ന് ആലപിച്ച 'കാറ്റൊരുത്തീ’ എന്ന ഗാനം പ്രാസം ഒപ്പിച്ച വരികളും വേറിട്ട ഈണവും കൊണ്ട് മികച്ചുനിൽക്കുന്നുണ്ട്.

 

രത്നച്ചുരുക്കം...

 

'കേരളം' ലോകത്തിന്റെ ഒരു പരിച്ഛേദമാണെന്ന് പറയാറുണ്ട് . കാരണം എല്ലാത്തരം മനുഷ്യരും ഈ ചെറിയ ഭൂമികയിലുണ്ട്. അതുപോലെ ഒരു മിനി കേരളമാണ് ചിത്രത്തിലെ സ്നേഹനഗർ എന്ന കോളനി. 'സദാചാരം' എന്നത് സംസ്കാരം അടിച്ചേൽപ്പിച്ച ഒരു കപടതയാണ് എന്ന് ആ കോളനിയിലെ കഥാപാത്രങ്ങളുടെ രഹസ്യമായ അന്തർധാരകൾ കാണിച്ചുതരുന്നു. ചുരുക്കത്തിൽ ചിരിക്കൊപ്പം ചിന്തകളും ചിത്രം വിനിമയം ചെയ്യുന്നുണ്ട്. കേവലം ഒരു വഴിപ്രശ്നം എന്നതിലപ്പുറം, സംസ്കാരസമ്പന്നർ എന്നവകാശപ്പെടുന്ന നമ്മൾ മലയാളികൾ എത്രത്തോളം കപടത നിറഞ്ഞ സമൂഹമാണെന്നുള്ള ഓർമപ്പെടുത്തലും ചിത്രം നൽകുന്നുണ്ട്.  ചിത്രം കാണുന്ന മിക്ക മലയാളി പ്രേക്ഷകർക്കും, സിനിമയിലെ ഓരോ കഥാപാത്രങ്ങളുമായി താദാത്മ്യപ്പെടാൻ സാധിക്കുമെന്നുറപ്പ്. ജീവിതത്തെ അത്രയും സ്വാഭാവികമായി അവതരിപ്പിക്കുന്നിടത്താണ് 'ഭീമന്റെ വഴി' മികച്ച ഒരു സിനിമയായി മാറുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com