‘റൈറ്റർ’ തങ്കരാജിന്റെ അതിജീവനം

writer-review
SHARE

റൈറ്റർ എന്നൊരു തമിഴ് സിനിമ തിയറ്ററിലിറങ്ങിയിട്ടുണ്ട്. പാ.രഞ്ജിത്ത് നിർമിച്ച് ഫ്രാങ്ക്‌ലിൻ ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ്. പക്ഷേ സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൊന്നും വലിയ ചർച്ചകൾ നടക്കുന്നില്ല. സാംസ്കാരികനായകരും പ്രത്യേകിച്ച് കേരളത്തിലെ ബുദ്ധിജീവികളും സിനിമയുടെ പേര് പോലും എവിടെയും പരാമർശിക്കാനും സാധ്യതയില്ല. ഇനി അഥവാ, അബദ്ധത്തിലെങ്ങാനും പേരു പറഞ്ഞാൽ ‘എന്റെ പിഴ’ എന്ന് ഏറ്റുപറഞ്ഞ് കൈകഴുകാനും സാധ്യതയുണ്ട്. കാരണം ഈ രാഷ്ട്രീയ സിനിമ പറയുന്നത് ദലിതനായ ഗവേഷകവിദ്യാർഥിയെ എങ്ങനെയാണ് പൊലീസ് അകാരണമായി യുഎപിഎ ചുമത്തി ജെയിലിലടയ്ക്കുന്നതെന്നും പിന്നീട് എൻകൗണ്ടറിലൂടെ കൊന്നുതള്ളുന്നതുമെന്നാണ്.

2021ൽ തമിഴ് സിനിമ കണ്ട തീപ്പൊരിയായ കർണനോളം വരില്ല റൈറ്റർ. ഫ്രാങ്ക്‌ലിൻ ജേക്കബിന്റെ ആദ്യസംവിധാന സംരംഭമാണ്. സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം കണക്കിലെടുത്താൽ ആദ്യസംവിധാനസംരംഭത്തിന്റെ പോരായ്മകളെ കണ്ടില്ലെന്നു വയ്ക്കാവുന്നതേയുള്ളു. സാമൂഹികപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതാവണം സിനിമയെന്നു ചിന്തിക്കുന്ന, അത്തരം സിനിമകൾക്ക് പിന്തുണ നൽകുന്ന പാ രഞ്ജിത്തിനെപ്പോലെയൊരു സംവിധായകൻ ചിത്രത്തിന്റെ നിർമാതാവായെത്തിയതുതന്നെ ഈ കഥ പ്രേക്ഷകരിലെത്തേണ്ടതാണ് എന്ന ചിന്ത കൊണ്ടായിരിക്കാം. ക്രിസ്മസ് റിലീസായി തമിഴ്നാട്ടിലെത്തിയ ചിത്രം കഴിഞ്ഞദിവസമാണ് കേരളത്തിൽ വിരലിലെണ്ണാവുന്ന തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

വിരമിക്കാൻ ഏതാനുംമാസങ്ങൾ മാത്രം ബാക്കിയുള്ള തങ്കരാജ് എന്ന പൊലീസുകാരൻ ഒരു പൊലീസ് സ്റ്റേഷനിലെ റൈറ്ററാണ്.  പൊലീസിൽ ഐപിഎസ്സുകാർ മുതൽ താഴെ കോൺസ്റ്റബിൾ വരെയുള്ളവർ ഉയർച്ച താഴ്ച്ചകളുടെ പേരിലും ജാതിയുടെ പേരിലും വിഭാഗീയതയും അടിച്ചമർത്തലും അനുഭവിക്കുന്നതു നേരിട്ടറിഞ്ഞാണ് തങ്കരാജിന്റെ പൊലീസ് ജീവിതം മുന്നോട്ടുപോവുന്നത്. തമിഴ്നാട് പൊലീസിൽ സാദാ പൊലീസുകാർക്ക് ഒരു സംഘടന വേണമെന്ന ആവശ്യവുമായി കോടതിയെ  സമീപിക്കുന്ന തങ്കരാജിനെ പ്രതികാരനടപടിയുടെ ഭാഗമായി ചെന്നൈയിലെക്ക് ട്രാൻസ്ഫറടിക്കുകയും അവിടെ പാറാവുപണിക്ക് നിയോഗിക്കുകയുമാണ്.

നിയമവിരുദ്ധമായി പൊലീസുകാർ പൊക്കിക്കൊണ്ടുവരുന്ന പിഎച്ച്ഡി വിദ്യാർഥിക്ക് കാവൽനിൽക്കാനാണ് തങ്കരാജിനെ ചുമതലപ്പെടുത്തുന്നത്. മദ്രാസ് യൂണിവേഴ്സിറ്റിയിലാണ് ആ വിദ്യാർഥി ഗവേഷണം നടത്തുന്നത്. കാരണമെന്താണെന്നു പറയാതെ പൊലീസുകാർ കൂട്ടിക്കൊണ്ടുവന്ന് ലോഡ്ജുകളിലും മറ്റുമായി ഇയാളെ തടവിലിട്ടിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഒരു ദിവസം ഇയാളെ തുറന്നുവിടുകയും പുറത്തേക്ക് പോവുന്നവഴിക്ക് വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തുകയും ചെയ്യുകയാണ്. വിദ്യാർഥിക്കായി വക്കീലിനെ ഏർപ്പാടാക്കുകയും പത്രക്കാർക്ക് വിവരം നൽകുകയും ചെയ്തത് തങ്കരാജാണെന്ന് കമ്മിഷണറും ഇൻസ്പെക്ടറും കണ്ടെത്തുന്നു. താൻ കൂടി ഭാഗമായ പൊലീസ് സംവിധാനത്തിനെതിരെ ഒറ്റയ്ക്ക് പോരാടി ആ  വിദ്യാർഥിയെ രക്ഷിക്കാൻ വെറുമൊരു റൈറ്ററായ തങ്കരാജിന് കഴിയുമോ എന്നതാണ് ചോദ്യം. 

റൈറ്റർ തങ്കരാജായെത്തുന്ന സമുദ്രക്കനിയുടെ പക്വതയാർന്ന പ്രകടനം എടുത്തുപറയേണ്ടതാണ്. സ്ഥിരം മസാല വേഷങ്ങളിൽനിന്ന് വ്യത്യസ്തമായി കുതിരയോട്ടക്കാരിയായ പൊലീസുകാരിയായെത്തുന്ന ഇനിയ ഏതാനും നിമിഷങ്ങളേ സ്ക്രീനിലുള്ളൂ എങ്കിലും മികച്ചുനിന്നു. ജി.എം.സുന്ദറിന്റെ വക്കീലും കൊള്ളാം. സുബ്രഹ്മണ്യം ശിവ മുതൽ ദിലീപൻ വരെയുള്ളവർ മികച്ച പ്രകടനമാണ് നടത്തുന്നത്.

സിനിമയുടെ പരിണാമഗുപ്തി അഥവാ ടെയിൽഎൻഡിൽ വരുന്ന  ക്ലോസിങ് ഷോട്ടിൽ ചിത്രത്തിലൂടെ പറയാനുദ്ദേശിച്ച ആശയങ്ങളുടെ നട്ടെല്ല് എന്താണെന്ന് സംവിധായകൻ കാണിച്ചുതരുന്നുണ്ട്. തങ്കരാജിനുപകരം വരുന്ന യുവാവായ റൈറ്റർ ന്യായത്തിന്റെ ഭാഗത്തുനിൽക്കാനായി കോടതിയിൽ സാക്ഷിക്കൂട്ടിൽ കയറി നിൽക്കുകയാണ്. പിറകിലെ ചുമരിൽഅംബേദ്കറുടെ ചിത്രമുണ്ട്. ഈ അംബേദ്കറുടെചിത്രത്തിനു താഴെയായി ചുവന്ന അക്ഷരങ്ങളിലാണ് റൈറ്റർ എന്ന പേര് തെളിഞ്ഞുവരുന്നത്. ഒരു രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥകളുടെയും മനുഷ്യാവകാശങ്ങളുടെയും ‘റൈറ്റർ’ ആയി അംബേദ്കറെ ഈ അവസാനഷോട്ടിൽ സംവിധായകൻ കൊണ്ടുവരുന്നുണ്ട്.

ശരാശരി തമിഴ് ആർട് പടങ്ങളിൽ പിന്തുടരുന്ന അതേ ഛായാഗ്രഹണ നിലവാരവും കളർടോണുമാണ് റൈറ്ററിലുള്ളത്. മലയാളിയായ ഗോവിന്ദ് വസന്തയുടെ സംഗീതം കഥാഗതിക്ക് ചേർന്ന പതിഞ്ഞ താളത്തിലാണ് പോവുന്നത്. ഇനിതെല്ലാമുപരിയായി സിനിമയെ ‘മസ്റ്റ് വാച്ച്’ ഗണത്തിലേക്ക് കൊണ്ടുപോവുന്നത് കഥയും അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവുംതന്നെയാണ്. ഇടതുപക്ഷ സർക്കാർ തന്നെ യുഎപിഎ ചുമത്തി യുവാക്കളെ അകത്തിടുന്ന കേരളത്തിലെങ്കിലും ചിത്രം ചർച്ച ചെയ്യപ്പെടേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA