ADVERTISEMENT

സൈക്കോളജിക്കല്‍ ത്രില്ലര്‍ അല്ലെങ്കില്‍ ഹൊറര്‍ സിനിമ എന്നു പറയുമ്പോള്‍ തീര്‍ച്ചയായും അതിലൊരു ആവര്‍ത്തിക്കപ്പെടുന്ന ഫോര്‍മുലയുണ്ടാകും. അത്തരത്തിലൊരു സമവാക്യത്തില്‍ തളച്ചിടാത്ത കാഴ്ചയും അനുഭവവും സമ്മാനിക്കുന്ന സിനിമയാണ് രാഹുല്‍ സദാനന്ദന്‍ സംവിധാനം ചെയ്ത് രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂതകാലം എന്ന സിനിമ. കഥയേക്കാള്‍ കഥ പറയുന്ന രീതിയാണ് കയ്യടി നേടുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്തണോ അതോ ഹൊറര്‍ സിനിമയായി പരിഗണിക്കണോ എന്നത് പ്രേക്ഷകരുടെ കാഴ്ചയ്ക്കും കാഴ്ചപ്പാടിനും വിടുന്നിടത്താണ് സിനിമയുടെ ബ്രില്ല്യന്‍സ്. 

 

രേവതി അവതരിപ്പിക്കുന്ന ആശ ഒരു സ്കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്ന ഒരു സ്ത്രീ. പ്രായമായ സ്വന്തം അമ്മയ്ക്കും മകനും ഒപ്പം നഗരത്തിലെ ഒരു വീട്ടിലാണ് ആശയുടെ ജീവിതം. ആശയുടെ അമ്മയുടെ മരണത്തോടെയാണ് പ്രേക്ഷകര്‍ സിനിമയുടെ കഥാപരിസരത്തേക്ക് കൂടുതല്‍ അടുക്കുന്നത്. ഡി.ഫാം ബിരുദധാരിയാണ് ആശയുടെ മകന്‍ വിനു. വീട്ടിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അകലെ ഒരിടത്തേക്ക് ജോലി തേടി പോകാനുള്ള സ്വാതന്ത്ര്യം വിനുവിനില്ല. ജീവിതസാഹചര്യങ്ങളുടെ യാഥാര്‍ത്ഥ്യം വിനു മനസിലാക്കുന്നുണ്ടെങ്കിലും ആശയുമായുള്ള നിരന്തരമായ കലഹവും വിയോജിപ്പുകളും വിനുവിന്റെ ജീവിതം ദുഷ്കരമാക്കുന്നുണ്ട്. വീടുമായി കെട്ടിയിടപ്പെടുന്ന അവസ്ഥയില്‍ നിന്നു പുറത്തു കടക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വൃഥാവിലാവുന്നത് മാനസികമായി ആ ചെറുപ്പക്കാരനെ തളര്‍ത്തുന്നു. 

 

ആശയുടെയും വിനുവിന്റെയും ജീവിതത്തിലെ ഒറ്റപ്പെടലും നിസഹായവ്സഥയും കാഴ്ചയായും കേള്‍വിയായും പ്രേക്ഷകരെ അനുഭവിപ്പിച്ചുകൊണ്ടാണ് സിനിമയുടെ മുമ്പോട്ടു പോക്ക്. അനാവശ്യമായ ഒരു സംഭാഷണം പോലുമില്ലെന്നത് എടുത്തു പറയേണ്ട ഒന്നാണ്. വളരെ പതിഞ്ഞ ട്രാക്കിലൂടെ മുന്നേറുന്ന സിനിമ ആദ്യപകുതിയുടെ അവസാനമെത്തുമ്പോഴേക്കും പ്രേക്ഷകരുടെ ജിജ്ഞാസയെ കയ്യിലെടുക്കുന്നു. ആശയ്ക്കും വിനുവിനും ഒപ്പം അവരുടെ വീടും ഒരു കഥാപാത്രമായി പ്രേക്ഷകര്‍ക്കു മുമ്പില്‍ വെളിപ്പെടുന്നതോടെ സിനിമ അതിന്റെ ചടുല താളത്തിലേക്ക് ചുവടു മാറും. പിന്നീടുള്ള നിമിഷങ്ങള്‍ ഗംഭീര ത്രില്ലര്‍ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അതില്‍ അവസാന അരമണിക്കൂര്‍ ശരിക്കും ത്രില്ലടിപ്പിക്കും. എഡിറ്റര്‍ ഷഫീക്ക് മുഹമ്മദ് അലിയുടെ മിടുക്ക് മനസിലാക്കാന്‍ കഴിയുക ഈ അരമണിക്കൂറിലാകും. 

 

ഭൂതകാലത്തെ വേറിട്ട കാഴ്ചാനുഭവമാക്കി മാറ്റുന്നതില്‍ സിനിമയുടെ കഥാപാത്രസൃഷ്ടിയും അതിന്റെ വളര്‍ച്ചയും അതിനു പശ്ചാത്തലമായി വരുന്ന ശബ്ദങ്ങളും കഥാപരിസരങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. ആ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ രാഹുല്‍ സദാശിവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രാഹുലും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍, ഹൊററര്‍ എലമെന്റുകള്‍ ഒരുപോലെ സജീവമാക്കിക്കൊണ്ടുള്ള രചനയാണ് സിനിമയ്ക്ക് ഫ്രഷ്നസ് നല്‍കുന്നത്. 

 

അതുപോലെ ശക്തമാണ് സിനിമയിലെ വലുതും ചെറുതുമായ എല്ലാ കഥാപാത്രങ്ങളും. രേവതി, ഷെയ്ന്‍ നിഗം എന്നിവരുടെ ഗംഭീര പ്രകടനം നേരിട്ടനുഭവിക്കാന്‍ പറ്റുന്ന സിനിമയാണ് ഭൂതകാലം. ഏറെ സങ്കീര്‍ണമായ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ സിനിമയിലെ അനുഭവപരിചയം രേവതിക്ക് മുതല്‍ക്കൂട്ടാകുമ്പോള്‍ അമ്പരപ്പിക്കുന്നത് ഷെയ്നാണ്. സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ ആയെത്തുന്ന സൈജു കുറുപ്പിനു മുമ്പില്‍ ഷെയ്ന്‍ നടത്തുന്ന പെര്‍ഫോമന്‍സുണ്ട്. അതുപോലെ കാമുകി പ്രിയയ്ക്കു മുമ്പില്‍ തന്റെ അവസ്ഥകള്‍ തുറന്നു പറയാന്‍ ശ്രമിക്കുന്ന രംഗം. ഷെയ്നിലെ നടനെ പ്രേക്ഷകര്‍ക്കു മുമ്പില്‍ അനാവൃതമാക്കുന്ന നിമിഷങ്ങളാണ് അവ. 

 

അതീന്ദ്രീയാനുഭവം അല്ലെങ്കില്‍ വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മതത്തിന്റെ ചട്ടക്കൂടിലൂടെ ആ പ്രശ്നത്തെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന സ്ഥിരം പരിപാടി ഈ സിനിമയിലില്ല. മറിച്ച്, ശാസ്ത്രീയമായ സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ആശയുടെ ബന്ധുവായെത്തുന്ന ജെയിംസ് ഏലിയയുടെ കഥാപാത്രവും വിനുവിനെ കൗണ്‍സലിങ് ചെയ്യാനെത്തുന്ന സൈജു കുറിപ്പിന്റെ ജോര്‍ജ്ജ് എന്ന കഥാപാത്രവും നടത്തുന്ന ഇടപെടലുകള്‍ വളരെ  യാഥാര്‍ഥ്യബോധ്യത്തില്‍ ഊന്നിയതായിരുന്നു. പ്രത്യേകിച്ചും സൈജു കുറുപ്പ് നടത്തുന്ന അന്വേഷണങ്ങളും അതിലൂടെ അയാള്‍ കണ്ടെത്തുന്ന ഉത്തരങ്ങളും. എന്നാല്‍ അത് പ്രേക്ഷകരിലേക്ക് സംവിധായകന്‍ അടിച്ചേല്‍പ്പിക്കുന്നില്ല. മറിച്ച്, പ്രേക്ഷകര്‍ക്ക് അവരുടേതായ രീതിയിലുള്ള  നിഗമനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഇടം നല്‍കുന്നു. അവിടെയാണ് സിനിമ പ്രേക്ഷകര്‍ക്കൊപ്പം നില്‍ക്കുന്നതും അവരോട് സംവദിക്കുന്നതും. 

 

ഏറ്റവും മികച്ച അഭിനേതാക്കളെ കൃത്യമായി ഉപയോഗപ്പെടുത്തിയതിന്റെ മിടുക്ക് സിനിമയിലുണ്ട്. ഓരോ കഥാപാത്രത്തിനും കൃത്യമായ വളര്‍ച്ചയുണ്ട്. നായികയായെത്തിയ ആതിരാ പട്ടേല്‍ സിനിമ ആവശ്യപ്പെട്ട രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്നു. ജെയിംസ് ഏലിയ, സൈജു കുറുപ്പ്, മഞ്ജു പത്രോസ്, അഭിരാം രാധാകൃഷ്ണന്‍ എന്നിവരുടെ സ്വാഭാവിക അഭിനയവും അഭിനന്ദനം അര്‍ഹിക്കുന്നു. ലഭിച്ച വേഷങ്ങള്‍ ഇവര്‍ ഗംഭീരമാക്കി. 

 

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച മറ്റൊരു വിഭാഗം ചിത്രത്തിന്റെ ശബ്ദമാണ്. സംഗീതസംവിധായകന്‍ ഗോപിസുന്ദറിന്റെ മികച്ച വര്‍ക്കുകളിലൊന്നായി തീര്‍ച്ചയായും ഭൂതകാലത്തെ പരിഗണിക്കാം. സൗണ്ട് ഡിസൈന്‍ ചെയ്ത വിക്കി, കിശന്‍, ഓഡിയോഗ്രഫി നിര്‍വഹിച്ച എ.ആര്‍ രാജകൃഷ്ണന്‍ എന്നിവരും സിനിമയുടെ ശബ്ദാനുഭവത്തെ മികച്ചതാക്കിയതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത്, കമല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹനാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ക്യാമറ. സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പം ഷഹനാദിന്റെ ക്യാമറയും ഒപ്പത്തിനൊപ്പം നിന്നു. ആശയും വിനുവും താമസിക്കുന്ന വീടിനൊരു ആത്മാവുള്ളതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതിന് കാരണം ഷഹനാദിന്റെ ഛായാഗ്രാഹക മികവാണ്. പ്ലാന്‍ ടി ഫിലിംസിന്റെയും ഷെയ്ന്‍ നിഗം ഫിലിംസിന്റെയും ബാനറില്‍ തെരേസ റാണിയും സുനില ഹബീബും ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

 

സിനിമയിലൊരു ഭാഗത്ത് സൈജു കുറുപ്പിനോട് ആശയുടെ വീടിന്റെ ഉടമ പറയുന്ന ഒരു ഡയലോഗുണ്ട്. "എടോ അതൊരു വീടല്ലേ? കല്ലും മണ്ണും മരവും സിമന്റും കൊണ്ടുണ്ടാക്കിയ വീട്?". കേള്‍ക്കുമ്പോള്‍ അതു ശരിയെന്നു തോന്നിക്കുമെങ്കിലും സത്യത്തില്‍ വെറും കല്ലും മണ്ണും സിമന്റും കൊണ്ടുണ്ടാക്കിയത് മാത്രമാണോ നമ്മുടെ വീടുകള്‍? ഒരു കെട്ടിടത്തെ വീടാക്കുന്നത് അതുമായി ബന്ധപ്പെട്ട നമ്മുടെ ഓര്‍മകളാണ്; നമ്മുടെ ഭൂതകാലമാണ്. അതാണ് നമ്മുടെ വര്‍ത്തമാനകാലത്തെ നിര്‍ണയിക്കുന്നതും. ഈയൊരു ചിന്തയിലേക്ക് പ്രേക്ഷകരെ ഭൂതകാലം എന്ന സിനിമ കൊണ്ടുപോകുന്നുണ്ട്. ചുരുക്കത്തില്‍, സോണി ലിവില്‍ റിലീസ് ചെയ്തിരിക്കുന്ന ഭൂതകാലം എന്ന ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ത്രില്ലര്‍ സിനിമകളില്‍ ഒന്നാണെന്നതില്‍ സംശയമില്ല.  

 

English Summary: Bhoothakaalam movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com