പ്രണയം മാത്രമല്ല ‘ഹൃദയ’ത്തിൽ; റിവ്യു

hridayam-review
SHARE

ഹൃദയം കൈമാറുന്നവരുടെയും അത് പറിച്ചെടുക്കുന്നവരുടെയും അതിനെ കൂടെ കൂട്ടുന്നവരുടെയും ലോകമാണ് കോളജ്. ഹൃദയതാളങ്ങളാൽ ചിട്ടപ്പെടുത്തിയെടുക്കുന്ന ആ മനോഹരനിമിഷങ്ങളാകും പിന്നീടുളള ജീവിതത്തെ തന്നെ അര്‍ഥപൂര്‍ണമാക്കുക. ആ ഉന്മാദമാണ് ‘ഹൃദയം’ എന്ന സിനിമ നൽകുന്നത്. വിനീത് ശ്രീനിവാസൻ തന്റെ ഹൃദയം തൊട്ടെഴുതിയ ‘ഹൃദയ’ത്തെ പ്രണവ് തന്റെ മാറോട് ചേർക്കുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് മനോഹരമായ സിനിമാനുഭവമാണ്.

ചെന്നൈയിൽ എൻജിനിയറിങിനു ചേരുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരനിലൂടെയാണ് ‘ഹൃദയ’ത്തിന്റെ യാത്ര. കോളജിലെ ആദ്യദിനം തന്നെ ദർശന എന്ന പെൺകുട്ടിയിൽ അവന്റെ ഹൃദയമുടക്കുന്നു. പിന്നീടങ്ങോട്ട് നമ്മളൊരു കോളജ് ക്യാംപസിൽ ചെന്നുപെട്ട അവസ്ഥയാകും. പ്രണയവും സൗഹൃദവും ഇഴചേരുന്ന വർണാഭമായ കാഴ്ചകളാണ് ആദ്യപകുതിയിൽ ഒരുക്കിവച്ചിരിക്കുന്നത്. 2006–2010 കാലഘട്ടമാണ് സിനിമയുടെ ആദ്യ പകുതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിദ്യാര്‍ഥിയും കാമുകനും സുഹൃത്തും ഭർത്താവുമായ അരുണിന്റെ ജീവിതത്തെ രണ്ട് അധ്യായങ്ങളിലാക്കുന്നു. ഒന്ന് കോളജ്, അരുൺ നീലകണ്ഠൻ എന്ന വ്യക്തിയുടെ പരിണാമം ഇവിടെ കാണാനാകും. സീനിയേഴ്സിന്റെ കയ്യിൽ നിന്നും തല്ലുകിട്ടിയ ശേഷം കോളജിലേയ്ക്ക് വാശിയോടെ തിരിച്ചെത്തുന്ന രംഗം ഇതിനൊരുദാഹരണം. ഹൃദയത്തോട് ചേർത്തുനിർത്തുന്ന സുഹൃത്തുക്കളാണ് അരുണിന്റെ മറ്റൊരു നിധി. ആന്റണി താടിക്കാരനും സെല്‍വയും കാളിയും ദര്‍ശനയും പ്രതീകും മായയുമൊക്കെ അവന്റെ ജീവിതത്തിലെ നിർണായ കണ്ണികളാണ്.അടുത്തത്, അവന്റെ പ്രൊഫഷൻ. എൻജിനിയറങിനു ശേഷം ഇനി എന്ത്? ആ ചോദ്യവും ചിന്തയും അവനെ കൊണ്ടുചെന്നെത്തിക്കുന്നത് നിത്യയിലേയ്ക്കാണ്. നിത്യയുടെ ഹൃദയത്തിലേയ്ക്കുള്ള അരുണിന്റെ യാത്ര ആരംഭിക്കുന്നിടത്ത് രണ്ടാമത്തെ അധ്യായം തുടങ്ങുകയായി.

പ്രണവിന്റെ ചിരിക്കൊരു പറഞ്ഞറിയിക്കാനാവാത്ത ഭംഗിയുണ്ടെന്നും, അത് അതിന്റെ ഭംഗിയോടെ ഒപ്പിയെടുക്കാനാണ് ഹൃദയത്തിലൂടെ താൻ ശ്രമിച്ചതെന്നും വിനീത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് ‘ഹൃദയം’. അരുൺ നീലകണ്ഠനായി മറ്റൊരു യുവതാരത്തെ സങ്കൽപിക്കാനാകില്ല. ന‍ടനെന്ന നിലയിൽ ഏറെ ദൂരം മുന്നോട്ടുപോയിരിക്കുന്നു പ്രണവ്. അരുൺ നീലകണ്ഠന്റെ ജീവിതയാത്രയെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്കടുപ്പിക്കുന്നതിൽ പ്രണവിന്റെ പങ്ക് ഏറെ വലുതാണ്. പ്രണയവും വിരഹവും ക്രോധവും വിഷാദവും അടങ്ങിയ ഭാവങ്ങളുടെ പൂർണത തിരശീലയിൽ വിരിയിച്ച ദർശനയെ ദർശന രാജേന്ദ്രൻ മനോഹരമാക്കി. നിത്യയെന്ന കുറുമ്പത്തിക്കുട്ടിയെ കല്യാണിയും ഗംഭീരമാക്കി. പ്രണവിന്റെ കല്യാണിയുടെയും കെമിസ്ട്രി ഹൃദയത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ്.

hridayam-trailer

പതിനെട്ടാം പടിയിലൂടെ അഭിനയരംഗത്തെത്തിയ അശ്വത് ലാൽ ആണ് ആന്റണി താടിക്കാരനായി എത്തുന്നത്. കോമഡി ടൈമിങിലും വൈകാരിക രംഗങ്ങളിലും പക്വത നിറഞ്ഞ പ്രകടനമാണ് അശ്വത് കാഴ്ചവച്ചത്. അന്നു ആന്റണി, അജു വർഗീസ്, വിജയരാഘവൻ, ജോണി ആന്റണി, ആൻ സലീം, മേഘ തോമസ്, ജോജോ തോമസ്, ശിവ ഹരിഹരൻ, അജിത് തോമസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വിശ്വജിത്തിന്റെ ഛായാഗ്രഹണവും ഹൃദയത്തിനഴക് കൂട്ടുന്നു. ഹൃദയ ഒരു വടക്കൻ സെൽഫിയില്‍ നിവിൻ പോളിയുടെ കഥാപാത്രമായ ഉമേഷിന് ഹ്രസ്വചിത്രമെടുത്ത് സഹായിക്കാൻ വരുന്ന ക്യാമറാമാനാണ് വിശ്വജിത്ത്. പ്രണവും വിനീതും വിശ്വജിത്തും ഉൾപ്പെടുന്ന ഹൃദയത്തിന്റെ നാലറകളിലെ അവസാന അറയാണ് ഹിഷാം അബ്ദുൽ വഹാബ്. ഹൃദയമിടിക്കുന്ന താളത്തിൽ ഹിഷാം അബ്ദുൽ വഹാബിന്റെ മ്യൂസിക്കൽ മാജിക് കൂടിയാണ് ഈ ചിത്രം. പതിനഞ്ച് പാട്ടുകളും അതിന്റെ സന്ദർഭത്തിനനുസരിച്ച് ഇഴചേർത്ത് വച്ചിരിക്കുന്നു. രഞ്ജൻ എബ്രഹാമിന്റെ ചിത്രസംയോജനവും നീതിപുലർത്തി.

hridayam-teaser

ഹൃദയത്തിൽ പ്രണയമുണ്ട്, വിരഹമുണ്ട്, സൗഹൃദമുണ്ട്, വേദനയുണ്ട്, സങ്കടങ്ങളുണ്ട്, ജീവിതമുണ്ട്, ജീവനുണ്ട്. ഏറ്റവും ചുരുക്കി ഇൗ സിനിമയ്ക്കു കൊടുക്കാവുന്ന നിർവചനം ഇതാണ്. മഹാമാരിയുടെ കാലത്ത് മനസ്സു നിറയ്ക്കുന്ന സിനിമാനുഭവം. ലോക്ഡൗണും നിയന്ത്രണങ്ങളും ഉണ്ടായിട്ടും റിലീസുമായി മുന്നോട്ടു പോയ ഇതിന്റെ അണിയറ പ്രവർത്തകരുടെ കോൺഫിഡൻസ് തെളിയിക്കും ഹൃദയത്തിന്റെ മികവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA