‘ചിരിമാല’ തീർത്ത് ‘തിരിമാലി’; റിവ്യു

thirimali-review
SHARE

തൃശൂര് ഭാഗത്ത് സാധാരണയായി ആളുകൾ ഉപയോഗിക്കുന്ന വാക്കാണ് ‘തിരുമാലി’. കൗശലക്കാരൻ, വഞ്ചകൻ എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. അങ്ങനെയൊരു ‘തിരിമാലി’ കാരണം കൊച്ചിയിൽ നിന്ന് നേപ്പാള് വരെ എത്തുന്ന ലോട്ടറിക്കച്ചവടക്കാരൻ ബേബിയുടെ കഥയാണ് രാജീവ് ഷെട്ടിയുടെ ‘തിരിമാലി’.

അടിക്കാത്ത ലോട്ടറിപോലെ ഭാഗ്യമില്ലാത്ത ജീവിതമാണ് തന്റേതെന്ന് കരുതുന്ന യുവാവ് ആണ് ബേബി. കടം കയറി കയറി ആകെയുള്ള ജീവിതമാർഗമായ ലോട്ടറിക്കടയും നഷ്ടമാകുന്ന അവസ്ഥയാണ്. കിടപ്പാടം പോലും ബാങ്കുകാര് കൊണ്ടുപോകുന്ന അവസ്ഥ വന്നപ്പോഴാണ് ആ ഭാഗ്യം ബേബിയെ തേടിയെത്തുന്നത്. ഭാഗ്യം കടാക്ഷിച്ചെങ്കിലും അത് അനുഭവിക്കാൻ ബേബിക്ക് യോഗമില്ലായിരുന്നു. കാരണം ആ ‘ഭാഗ്യം’ എടവനക്കാട് വിട്ട് അങ്ങ് നേപ്പാളിൽ എത്തിയിരുന്നു.

ഇനി അത് ലഭിക്കണമെങ്കിൽ ബേബി നേരിട്ട് നേപ്പാളിൽ എത്തേണ്ട അവസ്ഥയായി. ജീവിതം കരകയറാനുള്ള അവസാനശ്രമമെന്ന നിലയിൽ ബേബി നേപ്പാളിന് പോകാൻ തന്നെ തീരുമാനിക്കുന്നു. കൂട്ടിന് കൂട്ടുകാരൻ പീറ്ററും കഴുത്തറപ്പൻ പലിശക്കാരനായ പരിഞ്ഞപ്പനെന്ന് വിളിക്കുന്ന അലക്സാണ്ടറും.

മൂന്ന് പേർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. എന്നാൽ ആ യാത്ര ബേബിയുടെ മാത്രമല്ല പീറ്ററിന്റെയും പരിഞ്ഞപ്പന്റെയും വരെ ജീവിതം മാറ്റിമറിക്കുന്നു. ‘തിരിമാലി’യൊരു ചിരിയാത്രയാണ്. ഇതുവരെ ജീവിച്ചതും കണ്ടതുമൊന്നുമല്ല യഥാർഥ ജീവിതമെന്ന് തിരിച്ചറിയുന്നിടത്താണ് അവരുടെ യാത്ര അവസാനിക്കുന്നത്. നേപ്പാളിന്റെ സംസ്കാരവും പുറംലോകം അറിയാത്ത അവരുടെ ജീവിതരീതികളും വളരെ കൃത്യതയോടെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് സാധിച്ചു.

ബിബിൻ ജോർജ്, ധർമജൻ, ജോണി ആന്റണി എന്നീ ത്രിമൂർത്തികളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡിയിലും വൈകാരിക രംഗങ്ങളിലും മൂവരുടെയും ടൈമിങും അഭിനയവും എടുത്തുപറയേണ്ടതാണ്. പരിഞ്ഞപ്പൻ എന്ന കഥാപാത്രം ജോണി ആന്റണിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകും. ബേബിയായി പക്വതയാർന്ന പ്രകടനമാണ് ബിബിൻ കാഴ്ചവച്ചത്. കോമഡി രംഗങ്ങളിൽ ധര്‍മജൻ കയ്യടി നേടുന്നു. പ്രത്യേകിച്ചും പൊലീസ് സ്റ്റേഷനിലെ ഇൻട്രൊ രംഗം തിയറ്ററുകളിൽ ചിരിയല തീർത്തു.

ഇന്നസെന്റ്, സലീം കുമാർ, ഹരീഷ് കണാരൻ തുടങ്ങി ഹാസ്യരാജാക്കാന്മാരുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി, ഉണ്ണി നായർ, നേപ്പാളി താരങ്ങളായ മൗട്സേ ഗുരുങ്, ഉമേഷ് തമങ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഫൈസൽ അലിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും നേപ്പാളിന്റെ ദൃശ്യഭംഗി മിഴിവോടെ തന്നെ സ്ക്രീനുകളിലെത്തിക്കാൻ ഫൈസലിനു സാധിച്ചു.  സേവ്യര്‍ അലക്‌സും രാജീവ്‌ ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും  സംഭാഷണവും എഴുതിയിരിക്കുന്നത്. രണ്ടാം പകുതിയിൽ ട്രാവൽ മൂഡ് നിലനിർത്തി ചിത്രത്തെ വേറൊരു തലത്തിലേയ്ക്ക് കൊണ്ടുവരാൻ സംവിധായകനും തിരക്കഥാകൃത്തിനു കഴിഞ്ഞു.

ശ്രീജിത്ത് ഇടവനയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തോട് ഇഴചേർന്നു നിൽക്കുന്നു. ഗാനരചന നിർവഹിച്ചിരിക്കുന്നത് വിവേക് മുഴക്കുന്ന്. വിവേകിന്റെ വരികളും മനോഹരം. ബിജിബാൽ ഈണം നൽകിയ രംഗ് ബിരംഗി മറ്റൊരു ദൃശ്യവിരുന്നാണ്.

Thirimali

ഈ കോവിഡ് കാലത്തും അന്യരാജ്യത്തുപോയി ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച്, ആ പ്രയത്നത്തെ മറച്ചുവച്ച് അതിനെ അതിമനോഹരമായ അനുഭവമാക്കി പ്രേക്ഷകർക്കു നൽകിയതിൽ അണിയറപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാത്തരം പ്രേക്ഷകർക്കും രണ്ടരമണിക്കൂർ സ്വയം മറന്ന് ചിരിക്കാനും ചിന്തിക്കാനും ഇടവരുത്തുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ എന്റർടെയ്നർ തന്നെയാണ് ‘തിരിമാലി’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA