ADVERTISEMENT

ഇന്നലെകളിൽ കളഞ്ഞു പോയ സ്വന്തം മുഖങ്ങളെ തിരയുന്ന ചിലർ... അവരുടെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ നടത്തുന്ന ഫൺ റൈഡാണ് മധു വാരിയർ സംവിധാനം ചെയ്ത ലളിതം സുന്ദരം. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ജീവിതത്തിന്റെ തിരക്കുകളിൽ നഷ്ടപ്പെട്ടു പോകുന്ന ഹൃദയബന്ധങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്ന കളർ പടം!

 

ലളിതമായ പ്രമേയം

 

മുംബൈയിൽ സംരംഭകയായ ആനിയിലൂടെയാണ് ലളിതം സുന്ദരത്തിന്റെ കഥ തുടങ്ങുന്നത്. ഭർത്താവ് സന്ദീപിനും രണ്ടു മക്കൾക്കുമൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ തറവാട്ടിലേക്ക് എത്തുകയാണ് ആനി. ഒരുപാടു ഓർമകൾക്കൊപ്പമാണ് ആനിയെപ്പോലെ ആനിയുടെ രണ്ടു സഹോദരങ്ങളും ആ വീട്ടിലെത്തുന്നത്. തെറ്റിദ്ധാരണകളുടെ പേരിൽ പറഞ്ഞു തീർക്കാത്ത ചില സൗന്ദര്യപിണക്കങ്ങളുണ്ട് അവർക്കിടയിൽ. ചടങ്ങിൽ പങ്കെടുത്ത് പെട്ടെന്ന് പിരിയാൻ തീരുമാനിച്ചിരുന്ന അവർ, ഒരാഴ്ച തറവാട്ടിൽ താമസിക്കാൻ തീരുമാനിക്കുന്നതോടെയാണ് പ്രേക്ഷകർ അവരുടെ ജീവിതങ്ങളെ അടുത്തറിയുന്നത്. ഈ ഒരാഴ്ചക്കാലം അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നതെങ്ങനെയെന്ന് രസകരമായി പങ്കുവയ്ക്കുകയാണ് ലളിതം സുന്ദരം എന്ന സിനിമ. 

 

lalitham-sundram-team

സിനിമയുടെ ട്രെയിലറിൽ ബിജു മേനോന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. 'നമുക്ക് ഇഷ്ടമുള്ള വർഷത്തിലേക്ക് പോയി, കാണിച്ച മണ്ടത്തരങ്ങളും എടുത്ത പൊട്ട തീരുമാനങ്ങളും കറക്ട് ചെയ്യാൻ ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ അടിപൊളി ആയേനെ!'- ഈ സംഭവം പ്രായോഗികമല്ലെങ്കിലും ചില തിരുത്തലുകളൊക്കെ വരുത്താൻ എല്ലാവർക്കും അവസരമുണ്ടെന്ന് ഓർമപ്പെടുത്തുന്നുണ്ട് ചിത്രം. 

 

കഥാപാത്രങ്ങൾ കളറാണ്

 

മഞ്ജു വാരിയർ, ബിജു മേനോൻ, സൈജു കുറുപ്പ് എന്നിവരാണ് സിനിമയുടെ നട്ടെല്ല്. ഇവർക്കൊപ്പം അനു മോഹൻ, ദീപ്തി സതി, രഘുനാഥ് പലേരി, സുധീഷ്, രമ്യ നമ്പീശൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്വന്തം സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ ധൈര്യം കാണിക്കുന്ന സ്ത്രീയാണ് മഞ്ജു വാരിയരുടെ ആനി. കുറച്ച് ലൗഡ് ആണ് ആ കഥാപാത്രം. ഒരു ഘട്ടത്തിൽ ബിജു മേനോന്റെ സണ്ണിച്ചൻ ആനിയോടു പറയുന്ന ഒരു ഡയലോഗുണ്ട്, നിനക്ക് ഒടുക്കത്തെ ലക്ക് ആണെന്ന്! തിരക്കേറിയ ബിസിനസ് ജീവിതത്തിനൊപ്പം സംതൃപ്തമായ ദാമ്പത്യ ജീവിതവും ആനിക്കുണ്ട്. പുറമേ നിന്നു നോക്കുമ്പോൾ അതൊരു സൗഭാഗ്യമായി തോന്നുക സ്വാഭാവികം. എന്നാൽ അതിനുള്ളിലെ സമവാക്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. കൂടുമ്പോൾ ഇമ്പമുള്ള ഒരു കുടുംബമുണ്ടാകണമെങ്കിൽ അതിൽ വിട്ടുവീഴ്ച ചെയ്യേണ്ട സ്വാഭാവിക ഉത്തരവാദിത്തം സ്ത്രീകൾക്കു മാത്രമാണെന്ന പൊതു ചിന്തയെ പൊളിച്ചെഴുതുന്നുണ്ട് ആനിയും ഭർത്താവ് സന്ദീപും. 

 

ലളിതം സുന്ദരത്തിലെ സ്ത്രീ–പുരുഷ ബന്ധങ്ങളിലെല്ലാം ഈ പൊളിച്ചെഴുത്ത് കാണാം. പല ഷെയ്ഡിലുള്ള വ്യക്തികളുടെ സങ്കീർണമായ ബന്ധങ്ങളെ ലളിതമായി സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. രഘുനാഥ് പലേരി–സെറീന വഹാബ്, മഞ്ജു വാരിയർ–സൈജു കുറുപ്പ്, ബിജു മേനോൻ–രമ്യ നമ്പീശൻ, അനു മോഹൻ–ദീപ്തി സതി എന്നിങ്ങനെ സിനിമയിൽ കടന്നുവരുന്ന ഓരോ ജോടികൾക്കും ഓരോ കെമിസ്ട്രിയാണ്. അതിൽ ഏറ്റവും മനോഹരം മഞ്ജു വാരിയർ–സൈജു കുറുപ്പ് കോമ്പിനേഷനാണ്. 

 

സൈജു കുറുപ്പിന്റെ ക്ലാസ് പെർഫോമൻസ് പ്രേക്ഷകരുടെ ഹൃദയം കവരും. അത്രയും സൗമ്യവും സൂക്ഷ്മവുമാണ് വീട്ടച്ഛനായുള്ള സൈജു കുറുപ്പിന്റെ പ്രകടനം. ബിജു മേനോൻ തന്റെ പതിവ് ശൈലിയിൽ പ്രേക്ഷകരെ രസിപ്പിച്ചു മുന്നേറുന്നു. അപ്രതീക്ഷിത കടന്നു വരവ് നടത്തി ഞെട്ടിച്ചത് സുധീഷിന്റെ രാജേഷ് എന്ന കഥാപാത്രമാണ്. 'രാജേഷ് ഓസാറില്ല' എന്ന ഡയലോഗും കൃത്യമായ ഗ്രാഫുള്ള കഥാപാത്രസൃഷ്ടിയും സുധീഷിന്റെ കയ്യിൽ ഭദ്രമായിരുന്നു.

 

അണിയറയിലെ താരങ്ങൾ

 

ആദ്യ ചിത്രമെന്ന നിലയിൽ സംവിധായകൻ മധു വാരിയർ തുടക്കം മോശമാക്കിയില്ല. പ്രമോദ് മോഹന്റെ തിരക്കഥയും പ്രമേയാവതരണത്തിൽ കാലത്തിന് യോജിച്ച നിലവാരം പുലർത്തി. വിവാഹബന്ധങ്ങളിലെ സ്ത്രീപുരുഷ പങ്കാളിത്തത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് പ്രമോദ് മോഹന്റെ തിരക്കഥ. അതിനൊപ്പം, ലിവിങ് ടുഗെദറിനെ നോർമൽ ആയി അവതരിപ്പിക്കാനും തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും സിനിമയിലെ ചില മെലോഡ്രമാറ്റിക് രംഗങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നി. കഥാപാത്രസൃഷ്ടിയിൽ തിരക്കഥാകൃത്ത് പാലിച്ച സൂക്ഷ്മത, ഫ്ലാഷ്ബാക്കിലെ പശ്ചാത്തലം തിരഞ്ഞെടുക്കുന്നതിൽ കൂടി പുലർത്തിയിരുന്നെങ്കിൽ സിനിമയിലെ സസ്പെൻസിന് കൂടുതൽ രസം കൈവരുമായിരുന്നു. 

 

സിനിമയുടെ ടൈറ്റിൽ കാർഡിലെപ്പോലെ കളർഫുൾ ആണ് ചിത്രം പങ്കുവയ്ക്കുന്ന കാഴ്ചയും. പി.സുകുമാറിന്റെ ക്യാമറയാണ് ചിത്രത്തെ കളറാക്കിയതെന്ന് പറഞ്ഞാലും തെറ്റില്ല. അവ മനോഹരമായി എഡിറ്റർ ലിജോ പോൾ സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ തുടക്കം മുതൽ നിറയുന്ന നൊസ്റ്റാൾജിയ അക്ഷരാർത്ഥത്തിൽ പ്രേക്ഷകർ അനുഭവിക്കുന്നത് ബിജിപാലിന്റെ സംഗീതത്തിലൂടെയാണ്. മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ചില പാട്ടുകൾ സിനിമയിൽ പുനരാവിഷ്കരിച്ചത് കൗതുകമുണർത്തി. മറ്റു ഗാനങ്ങൾ ശരാശരി നിലവാരം മാത്രമാണ് പുലർത്തിയത്. 

 

ട്വിസ്റ്റോ സസ്പെൻസോ ഒന്നുമില്ലാതെ കുറച്ചു ചിരിച്ചും നൊമ്പരപ്പെട്ടും പ്രിയപ്പെട്ടവരെ ചേർത്തു പിടിച്ചും കാണാവുന്ന ഫാമിലി ഫൺ സിനിമയാണ് ലളിതം സുന്ദരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com