ADVERTISEMENT

ടീസറിലും ട്രെയിലറിലും കണ്ടതുപോലെ ദളപതിയുടെ മറ്റൊരു ‘രക്ഷകൻ’ പടമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. തീവ്രവാദികളെ മൃഗങ്ങളെപ്പോലെ വേട്ടയാടി ക്രൂരമായി കൊലപ്പെടുത്തുന്നതാണ് വീരരാഘവന്റെ രീതി. സഹപ്രവർത്തകർ ഇന്ത്യൻ ജയിംസ് ബോണ്ട് എന്നു വിശേഷിപ്പിക്കുന്ന വീരരാഘവന്റെ ഈ സ്വഭാവ സവിശേഷതയാണ് ചിത്രത്തിന്റെ ടൈറ്റിലായി സംവിധായകൻ കാണിച്ചുതരുന്നത്.

നായകന്‍റെ രക്ഷകപരിവേഷത്തിന് ബീസ്റ്റിലും വലിയ വ്യത്യാസമൊന്നും പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും സംവിധായകന്‍റെ ശൈലിക്കൊത്ത് തന്‍റെ പ്രകടനം മാറ്റാൻ വിജയ് ശ്രമിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ആളുകൾക്കിടയിൽ വീരരാഘവന്‍ യാദൃച്ഛികമായി അകപ്പെടുന്നതും തീവ്രവാദികളില്‍നിന്ന് ജനങ്ങളെ അതിസാഹസികമായി മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

കഥയില്‍ പുതുമയൊന്നും ഇല്ലെങ്കിലും രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാനുള്ള ഘടകങ്ങള്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. അത്യുഗ്രന്‍ ആക്‌ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. വളരെ അനായാസം സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നതില്‍ സ്റ്റണ്ട് മാസ്റ്റര്‍ അന്‍പ് അറിവും അവ അവതരിപ്പിക്കുന്നതില്‍ വിജയ്‌യും വിജയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇൻട്രൊ രംഗത്തിലെ ആക്‌ഷന്‍ രംഗങ്ങൾ മികച്ചുനിൽക്കുന്നു. സാഹസികരംഗങ്ങളിലെ വിജയ്‍യുടെ മെയ്‌വഴക്കവും ശരീരചലനങ്ങളും എടുത്തുപറയേണ്ടതാണ്.

ആക്‌ഷനു പുറമെ കോമഡി ട്രാക്കും ചിത്രത്തിൽ സംവിധായകൻ നെൽസൻ ഉപയോഗിക്കുന്നുണ്ട്. ആക്‌ഷനും കോമഡിയും ഇടകലര്‍ത്തിയുള്ള ശൈലിയാണ് ചിത്രത്തില്‍ ഉടനീളം കാണാനാവുക. ‘ഡോക്ടർ’ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട യോഗി ബാബു–റെഡിൻ കിങ്സ്‌ലി കോമ്പോ ചിത്രത്തിൽ ഉണ്ടെങ്കിലും േവണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയി. പാട്ടിലും പ്രണയത്തിലും മാത്രം ഒതുങ്ങാതെ വിജയ്‌ക്കൊപ്പം മുഴുനീള വേഷത്തിൽ നായിക പൂജ ഹെഗ്ഡെയുമുണ്ട്. ഗാന രംഗത്തിൽ വിജയ്‌ക്കൊപ്പം ചടുലമായ ചുവടുകളുമായി പിടിച്ചുനിൽക്കാൻ പൂജ ശ്രമിച്ചിട്ടുണ്ട്.

beast-new-teaser

ചിത്രത്തിൽ വിജയ് ആറാടുകയാണ് എന്നു വേണമെങ്കിൽ പറയാം. ഗംഭീര ആക്‌ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗുകൾ കൊണ്ടും വിജയ് കയ്യടി നേടുന്നു. ‘അൽമതി ഹബീബി’ എന്ന ഗാനത്തിന് അദ്ദേഹം ചുവടു വയ്ക്കുമ്പോൾ സീറ്റിലിരിക്കുന്ന കാണികൾ പോലും അറിയാതെ എഴുന്നേറ്റു പോകും.

മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. വിടിവി ഗണേഷ്, സംവിധായകന്‍ ശെല്‍വരാഘവന്‍ എന്നിവരും അവരവരുടെ വേഷം ഗംഭീരമാക്കി.

നെല്‍സന്‍റെ മുന്‍ ചിത്രമായ ഡോക്ടറിന്‍റേതിന് സമാനമായ ശൈലിയിലാണ് ബീസ്റ്റിന്‍റെയും അവതരണം. വിജയ് എന്ന നടന്റെ സ്റ്റാർഡത്തെ പൂർണമായി അദ്ദേഹം ഉപയോഗപ്പെടുത്തി. ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് വരാറുള്ള പല വിജയ് നമ്പറുകളും മാനറിസങ്ങളുമൊക്കെ ഒഴിവാക്കിയെന്നും പ്രത്യേകതയാണ്. പക്ഷേ ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിൽ പലയിടത്തും നിഴലിക്കുന്നു.

വിജയ് കഴിഞ്ഞാൽ പടത്തിന്റെ രക്ഷകൻ അനിരുദ്ധ് ആണ്. പാട്ടും പശ്ചാത്തല സംഗീതവും എല്ലാം ഗംഭീരം. മനോജ് പരമഹംസയുടെ ക്യാമറയും നിര്‍മലിന്‍റെ എഡിറ്റിങ്ങും സിനിമയുടെ അവതരണത്തില്‍ നിര്‍ണായകമായി. മികച്ച ആദ്യ പകുതിയാണ് ചിത്രത്തിന്റേതെങ്കിലും രണ്ടാം പകുതിയിൽ ചില കല്ലുകടികളുണ്ട്. ക്ലൈമാക്സും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതായില്ല.

പതിവ് മാസ് ഹീറോ ശൈലിയില്‍ വിജയ‌്‌യെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‌ബീസ്റ്റ് ‌ഇഷ്ടപ്പെടും. പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവച്ച്, ആസ്വദിക്കാനുള്ള മനസ്സുമായി തിയറ്ററിലെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com